കോവിഡ് കാലത്ത് നാലു മരണങ്ങളാണ് കുടുംബത്തിൽ നടന്നത്. പ്രതിസന്ധിയുടെ നടുക്കടലിലകപ്പെട്ട ജീവിതം. എന്നിട്ടും തളരാതെ റാബിയ പോരാട്ടം തുടരുന്നു.
തിരൂരങ്ങാടിയിൽ കടലുണ്ടിപ്പുഴയുടെ തീരത്തു വെള്ളിലക്കാട് ഗ്രാമത്തിൽ കെ.വി. റാബിയയെ പത്മശ്രീ നൽകി രാജ്യം ആദരിച്ചിരിക്കുന്നു. വെള്ളിലക്കാട് ഗ്രാമത്തിൽ കരിവേപ്പിൽ മൂസക്കുട്ടി ഹാജി - ബിയ്യാച്ചുട്ടി ദമ്പതികളുടെ മകൾ ജീവിതത്തിൽ നല്ല കാലവും ചെലവഴിച്ചത് വീൽചെയറിലായിരുന്നു. പ്രതിസന്ധികളുടെ കടലിലൂടെയായിരുന്നു റാബിയയുടെ ജീവിതം . കോവിഡ് കാലത്തു നാലു മരണങ്ങളാണ് വീട്ടിൽ സംഭവിച്ചത്. താങ്ങും തണലുമായിരുന്ന രണ്ടു സഹോദരിമാരും ഒരു സഹോദരീ ഭർത്താവും അമ്മായിയും മരണമടഞ്ഞു. നേരെത്തെ അർബുദത്തിന്റെയും സുഷുമ്‌ന നാഡിക്കേറ്റ പരിക്കിന്റെയും രൂപത്തിൽ ജീവിതത്തിൽ വെല്ലുവിളി നേരിട്ടപ്പോൾ ചുറ്റപ്പെട്ട വെള്ളത്തിനു കീഴടങ്ങാൻ മനസ്സില്ലാത്ത ദ്വീപിനെ പോലെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ അവർ ദൃഢനിശ്ചയം ചെയ്യുകയായിരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അവർ കൂടുതൽ തളരുന്നത്. ഒട്ടേറെ ജീവിത പ്രയാസങ്ങൾ അനുഭവിച്ച റാബിയയുടെ ഉമ്മാക്ക് ആറു പെണ്മക്കൾ ആയിരുന്നു. റാബിയക്ക് അർബുദം ബാധിച്ചു ശരീരം തളർന്നതോടെ പഠനം വെല്ലുവിളിയായി പ്രീഡിഗ്രി പഠനത്തിനായി തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ചേർന്നെങ്കിലും പരീക്ഷക്ക് ആറ് മാസം മുൻപ് അരക്കു താഴെ തളർന്നു ചലന ശേഷി പൂർണമായി നഷ്ടപ്പെട്ടു. വിദ്യാഭ്യാസം ഒരു സ്വപ്നമായി മാത്രം നിലനിൽക്കേ വെറുതെ ഇരിക്കുമ്പോഴുള്ള പുസ്തക വായന അവർക്കു പുതിയ അറിവും കരുത്തും നൽകി. വീട്ടിൽ നിന്നും പഠനം പുനരാരംഭിച്ച റാബിയ അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി . ഗ്രാമത്തിലുള്ളവരെ അക്ഷരം പഠിപ്പിക്കാൻ സാക്ഷരതാ പ്രവർത്തനത്തിൽ മുഴുകി. ആ പ്രവർത്തനത്തിൽ ദൈവം റബിയോടൊപ്പമായിരുന്നു. 1993 ൽ ലഭിച്ച നാഷണൽ യൂത്ത#് അവാർഡ് അടക്കം ഒട്ടേറെ അംഗീകാരങ്ങൾ തേടിയെത്തി. യു.എൻ ഇന്റർനാഷണൽ അവാർഡ്, കണ്ണകി ശ്രീ ശക്തിപുരസ്‌കാരം, മുരിമഠത്തിൽ ബാവ അവാർഡ്, സംസ്ഥാന സർക്കാരിന്റെ വനിതാ രത്നം അവാർഡ്, സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡ്, സീതി സാഹിബ് അവാർഡ് തുടങ്ങിയവ അംഗീകാരങ്ങളിൽ ചിലതു മാത്രമാണ്. ചലനം സാക്ഷരതാ വികസന സംഘത്തിന്റെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകാരണം, ദാരിദ്ര്യ ലഘൂകരണം, ട്യൂഷൻ സെന്റർ , സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴിൽ സംരംഭങ്ങൾ ബോധവൽക്കരണ ശാക്തീകരണ പരിപാടികൾ എന്നിങ്ങനെ
സമൂഹത്തിൽ റാബിയ നടത്തിയ പ്രവർത്തനങ്ങൾ വളരെയധികം ശ്രദ്ധേയമാണ്. ശാരീരിക വൈകല്യങ്ങളെ മനക്കരുത്തു കൊണ്ടു തോൽപിച്ച റാബിയ എഴുത്തകാരനായ മേഗൻ മാർക്കിളിന്റെ സ്ത്രീകളെ കുറിച്ചുള്ള പ്രശസ്തമായ വരികളെ ഓർമപ്പെടുത്തുന്നു . 'സ്വപ്നങ്ങളുള്ള പെൺകുട്ടികൾ ദർശനമുള്ള സ്ത്രീകളാകുമെന്നാണ് പറയാറുള്ളത്. അത്തരം ദർശനങ്ങളെ നടപ്പിലാക്കാൻ നമുക്ക് മുന്നേറാം, സ്വയം ശാക്തീകരിക്കാം'.
മാർക്കിളിന്റെ ഈ വാക്കുകളെ തിരൂരങ്ങാടിയുടെ പദ്മശ്രീ റാബിയ എല്ലാ അർത്ഥത്തിലും അന്വർത്ഥമാക്കുന്നു






