മുഹ്‌സിൻ തളിക്കുളം: കലയുടെ കൈവഴികളിലൂടെ....

മുഹ്‌സിൻ തളിക്കുളം പാടുന്നു. 
മുഹ്‌സിൻ പിതാവിനൊപ്പം ഒരു അവാർഡ് ചടങ്ങിൽ
മുഹ്‌സിൻ പഠിച്ച സ്‌കൂളിലെ ഒരു ചടങ്ങിൽ 

ഖത്തറിലെ മാപ്പിള കലാ അക്കാദമി സ്ഥാപക ചെയർമാനും സംഘാടകനുമായ മുഹ്‌സിൻ തളിക്കുളം മാപ്പിള കലകളുടെ ഉപാസകനാണ്.  ജീവിതത്തിലെ അനർഘ നിമിഷങ്ങളെ പാട്ടുകളാക്കിയും പാട്ടുകൾക്ക് സംഗീതം നൽകിയും വേണ്ടിവന്നാൽ അവ ആലപിച്ചുമാക്കെ സഹൃദയ മനം കവരുന്ന ഈ കലാകാരന്റെ ഏറ്റവും വലിയ പ്രത്യേകത കഴിവുള്ള കലാകാരന്മാരെ കണ്ടെത്തുകയും അവർക്ക് വളരാനുള്ള അവസരമൊരുക്കുകയും ചെയ്യുന്നതിൽ ശ്രദ്ധിക്കുന്നുവെന്നതാണ്. 

സന്ദേശ പ്രധാനമായ നിരവധി പരിപാടികൾക്ക് നേതൃത്വം നൽകിയ മുഹ്‌സിൻ തളിക്കുളത്തിന്റെ മേൽനോട്ടത്തിൽ കലാരംഗത്ത് ശോഭിച്ച നിരവധി പേരാണ് ഗൾഫിലുള്ളത്. ഒഴിവ് വേളകളിലൊക്കെ സംഗീതവും സംഘാടനവുമായി പ്രവാസ ജീവിതം ധന്യമാക്കുന്ന അദ്ദേഹത്തിന്റെ കലാസപര്യകൾ വൈവിധ്യ മനോഹരമാണ്. തൃശൂർ ജില്ലയിലെ തളിക്കുളത്ത് മുഹമ്മദ്, സഫിയ ദമ്പതികളുടെ സീമന്ത പുത്രനായാണ് മുഹ്‌സിന്റെ ജനനം. പ്രവാസിയായിരുന്ന പിതാവ് നല്ലൊരു സഹൃദയനും കലാകാരന്മാരെ പ്രോൽസാഹിപ്പിക്കുന്ന വ്യക്തിയുമായിരുന്നു. 

ചെറുപ്പം മുതലേ മുഹ്‌സിന് മാപ്പിള കലകളോട് വല്ലാത്ത അഭിനിവേശമായിരുന്നു. അറബന മുട്ടും കോൽകളിയും ദഫും  മാപ്പിളപ്പാട്ടുമൊക്കെ മുഹ്‌സിന്റെ കുട്ടിക്കാലത്തെ മറക്കാനാവാത്ത ഓർമകളാണ്.    

സ്‌നേഹ തീരം നമ്പിക്കടവ് തളിക്കുളം ബീച്ചിൽ  ബലിപെരുന്നാളിന്റെ രണ്ടാം ദിവസം സംഘടിപ്പിക്കുന്ന മാപ്പിള കലോൽസവത്തിന്റെ വേദിയിലും വേദിക്ക് പിറകിലുമൊക്കെ സജീവമായി പ്രവർത്തിച്ചത് മുഹ്‌സിൻ ഇന്നും ഓർക്കുന്നു.   ആഘോഷത്തിലെ ജനകീയ പങ്കാളിത്തം ഉറപ്പു വരുത്താൻ അറബന മുട്ടി നടന്നും ഗ്രാമീണോൽസവത്തിന്റെ നിഷ്‌കളങ്ക ഭാവങ്ങൾ ആസ്വദിച്ചുമൊക്കെയാണ് ബാല്യം കടന്നുപോയത്.   

രണ്ടാം കഌസിൽ പഠിച്ചുകൊണ്ടിരിക്കേ ഒരു നബിദിനത്തിന് മദ്രസ അധ്യാപകനും എഴുത്തുകാരനുമായ അലി അക്ബർ തങ്ങളുടെ അംബവാ എന്നു തുടങ്ങുന്ന ഗാനമാലപിച്ചുകൊണ്ടാണ് സംഗീത വഴിയിൽ മുഹ്‌സിൻ അരങ്ങേറ്റം കുറിച്ചത്.  ഉസ്താദിന്റെ പാട്ടുകൾ ഇപ്പോഴും പാടാറുണ്ടെന്നും അദ്ദേഹവുമായി ഊഷ്മളമായ ബന്ധമാണുള്ളതെന്നും മുഹ്‌സിൻ പറയുമ്പോൾ സംഗീത വഴിയിലെ അദ്ദേഹത്തിന്റെ യാത്ര നമ്മെ അത്ഭുതപ്പെടുത്തും. 

നാട്ടിക, ഇടശ്ശേരി, ചെമ്മാപ്പള്ളി തുടങ്ങിയ ഗ്രാമങ്ങളിലൊക്കെ അറവന മുട്ടിയും പരിശീലിപ്പിച്ചും ഈ കലാരൂപവുമായി ഹൃദയബന്ധം സ്ഥാപിച്ചു. യാസീൻ അറവന സംഘത്തിലെ പ്രധാന അംഗമായിരുന്നു.  നാട്ടിൽ രാഷ്ട്രീയ പാരഡികളും തെരഞ്ഞെടുപ്പ് പാട്ടുകളുമൊക്കെ രചിക്കുകയും പാടുകയും ചെയ്ത മുഹ്‌സിൻ ഹർത്താലിനെതിരെ ചെയ്ത സംഗീത സമരവും ശ്രദ്ധിക്കപ്പെട്ടിരുന്നു. 
 
2000 ത്തിലാണ് ഖത്തറിലെത്തിയത്. ഖത്തറിലെ ചെറുതും വലുതുമായ സൗഹൃദ കൂട്ടായ്മകളിലും കലാവേദികളിലും മാപ്പിള കലകളവതരിപ്പിക്കാൻ ലഭിക്കുന്ന അവസരങ്ങളൊക്കെ പ്രയോജനപ്പെടുത്തിയ മുഹ്‌സിൻ യു.എ.ഇയിൽ ഏഷ്യൻ വിഷൻ, കൈരളി, ദർശന  തുടങ്ങിയ ചാനലുകളുടെ റിയാലിറ്റി ഷോകളിലും മാപ്പിള കലകൾ അണിയിച്ചൊരുക്കിയിട്ടുണ്ട്. 

ഒരു യു.എ.ഇ പരിപാടിക്കിടെ പരിചയപ്പെട്ട റഫീഖ് തലശ്ശേരി എന്ന കലാകാരനാണ് ഖത്തർ മാപ്പിള കലാ അക്കാദമി സ്ഥാപിക്കുന്നത് സംബന്ധിച്ച് സംസാരിച്ചത്. കേരളത്തിൽ മാപ്പിള കലാ രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ പ്രേരണയാലാണ് ഖത്തർ മാപ്പിള കലാ അക്കാദമി രൂപീകരിച്ചത്. 

2016 മുതലാണ് മുഹ്‌സിൻ മാപ്പിള കലകളുടെ മുൻനിര സംഘാടന രംഗത്തേക്ക് കടന്നുവന്നത്. ഓണവും പെരുന്നാളും ഒരുമിച്ചു വന്ന സമയത്ത് സാമൂഹ്യ സൗഹാർദത്തിന്റെ സന്ദേശവുമായി മുഹ്‌സിന്റെ രചനയിൽ പുറത്തിറങ്ങിയ മർഹബ മാവേലി ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. സാമൂഹ്യ മാധ്യമങ്ങളും വാർത്താ ചാനലുകളുമൊക്കെ ആഘോഷമാക്കിയ മർഹബ മാവേലി ഇന്നും ജനഹൃദയങ്ങളിൽ ഓളങ്ങൾ സൃഷ്ടിക്കാൻ പോന്നതാണ്. 

ഏറെ ജനകീയമായ കലാരൂപമാണ് മാപ്പിള ഗാനശാഖ. പരമ്പരാഗത മാപ്പിള കലകളെ കോർത്തിണക്കി സഹൃദയ മനസ്സുകളിലേക്കെത്തിക്കാനാണ് മുഹ്‌സിൻ ശ്രമിക്കുന്നത്. കേരളത്തിന്റെ തനത് കലകളുമായി ബന്ധപ്പെടുത്തി മാപ്പിളപ്പാട്ടുകളെയും കലാരൂപങ്ങളെയും ആസ്വാദകർക്ക് പരിചയപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചെണ്ടയുടെ അകമ്പടിയോടെ മാപ്പിളപ്പാട്ട്  അവതരിപ്പിക്കാൻ മുഹ്‌സിൻ മുന്നോട്ട്  വന്നത്.  നൂറ്റാണ്ടുകളോളം നമ്മുടെ നാട് കൈമാറി വന്ന സൗഹൃദങ്ങളെ, രണ്ടു സംസ്‌കാരങ്ങളെ സംഗീതത്തിലൂടെ ഒരുമിപ്പിക്കാൻ നടത്തിയ ശ്രമമാണ്  മിഡിൽ ഈസ്റ്റിൽ ആദ്യമായി  പന്ത്രണ്ടോളം ഗായകരെ ഉൾപ്പെടുത്തി  അഞ്ചു മിനിറ്റ് മാത്രം ദൈർഘ്യം ഉള്ള ഒരു മാപ്പിള-ഓണ ഗാനമായി  പുറത്തിറങ്ങിയത്. 
കൊലപാതക രാഷ്ടീയത്തിനെതിരെയുള്ള കൊലക്കളി, കീഴ്പ്പുളിക്കര ഗ്രാമം, മരുഭൂവിലെ യാത്ര തുടങ്ങി പല പാട്ടുകളും എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത മുഹ്‌സിൻ മൊത്തം എഴുപതോളം പാട്ടുകൾ ഇതിനകം ചിട്ടപ്പെടുത്തിയിട്ടുണ്ട്. സ്വന്തം ഗ്രാമത്തിന്റെ ഓർമകളെ ഓമനിക്കുന്ന തളിക്കുളം താളുകളും പഠിച്ച സ്‌കൂളിനെക്കുറിച്ച ഗാനം എന്നിവയും മുഹ്‌സിന്റെ വർക്കുകളാണ്. ചെയ്ത എല്ലാ വർക്കുകളും വൈവിധ്യങ്ങളാലും നിർവഹണ ചാതുരിയാലും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. 
ഗായകരെയും രചയിതാക്കളെയുമടക്കം നിരവധി പ്രതിഭകളെ വേദിയിലേക്ക് കൊണ്ടുവരുവാൻ ശ്രദ്ധിക്കുന്നുവെന്നതാണ് മുഹ്‌സിൻ ചെയ്തുവരുന്ന മറ്റൊരു പ്രധാന ദൗത്യം.  ഈ രംഗത്ത് സക്കീർ സരിഗയുടെ പിന്തുണ ഏറെ നന്ദിയോടെ മാത്രമേ അനുസ്മരിക്കാനാകൂ. ആത്മസുഹൃത്തുക്കളായ ഫാസിൽ ഷാജഹാൻ, കെ.സി. ആരിഫ്, യൂസുഫ് ലെൻസ്മാൻ,  കമറുദ്ദീൻ ഇബ്രാഹീം, ശംസുദ്ദീൻ സ്‌കൈ വേ, മുത്തലിബ്  മട്ടന്നൂർ, അലവി വയനാട്, ബഷീർ വട്ടേക്കാട്, നവാസ് ഗുരുവായൂർ, അനീസ് ഗുരുവായൂർ, ഷഫീർ വാടാനപ്പള്ളി, അബൂബക്കർ, ഷാഫി പി.സി പാലം, റഫീഖ് വാടാനപ്പള്ളി, അലി, അജ്മൽ ലിമോസിൻ, അനുജൻ ഹിഷാം, ആർ.ജെ. റിജാസ്, ആർ.ജെ.ആഷ്യ അൽതാഫ്, അക്ബർ തളിക്കുളം, എം.എച്ച്. ഹാറൂൺ, അബ്ദുൽ റഊഫ് കൊണ്ടോട്ടി   തുടങ്ങിയവരുടെ പിന്തുണയും വിസ്മരിക്കാനാവില്ല.  ധന്യമായ സുഹൃദ്‌വലയമാണ് മുഹ്‌സിനുളളത്. അവരുടെ പിന്തുണയും പ്രോൽസാഹനവും എന്നും ഹൃദയത്തിൽ സൂക്ഷിച്ചാണ് മുഹ്‌സിൻ തന്റെ സംഗീത യാത്ര ആഘോഷമാക്കുന്നത്. 2022 ൽ മുഹ്‌സിൻ പാടിയ പുതിയ പല പാട്ടുകളും  ഇറങ്ങാനിരിക്കുന്നു. ഷരീഫ് നരിപ്പറ്റയെഴുതിയ മകളേ എന്നതാണ് ആദ്യത്തേത്.  അലവി വയനാടൻ, ഷാജു തളിക്കുളം, ഷാഫി പി.സി പാലം, സാദിഖ് തളിക്കുളം എന്നിവർ എഴുതിയ പാട്ടുകളും ഈ വർഷം മുഹ്‌സിൻ പാടാനിരിക്കുകയാണ്. സജ്‌നയാണ് മുഹ്‌സിന്റെ സഹധർമിണി. റൂബീന, സന സൈനബ്, മിസ്‌ന, സിയാന എന്നിവർ മക്കളാണ് 

 

Latest News