അപൂർണമായ ഒരു രചനയാണ് നിങ്ങൾ പുറത്തിറക്കാൻ പോകുന്നത്....
തന്റെ കവിതയെക്കുറിച്ച് അത്രയേറെ ആത്മവിശ്വാസത്തോടു കൂടിയാണ് അമൻ മുഹമ്മദെന്ന ചെറുപ്പക്കാരൻ ആ വരികൾ കവറിനു പുറത്തെഴുതി വെച്ചത്. ആ വരികൾ തന്നെയാണ് ഒടുവിൽ ഉഷ്ണം കയറിയ ചെന്നൈയിലെ തെരുവുകളിലും മറീനാ ബീച്ചിലും അയാളെ പ്രണയാർദ്രനാക്കിയതും ആ നഗരത്തെ അയാൾക്ക് പ്രിയപ്പെട്ടതാക്കിയതും...
വർഗീയ ഫാസിസത്തിനെതിരെ ക്രിയേറ്റീവ് ക്വട്ടേഷനെന്ന പേരിലിറങ്ങുന്ന രചനാ സമാഹാരം. എഴുത്തുകാരൻ പറയുന്ന പോലെത്തന്നെ ആ പുസ്തകത്തിന്റെ പേര് തന്നെ ഒരു വിപ്ലവമാണ്. വെട്ടാനും കൊല്ലാനുമുള്ള ക്വട്ടേഷനു പകരം സർഗാത്മകതയുടെ ക്വട്ടേഷൻ. അതിലേക്ക് സമയം തെറ്റി കൊടുക്കുന്ന തീൻമേശയിലെ ഫാസിസത്തിനെതിരെയുള്ള കവിതയിലൂടെയാണ് നോവൽ അതിന്റെ അകക്കാമ്പിലേക്ക് കടക്കുന്നത്.
'ചിലർ തീൻമേശയിലിരുന്ന് ചെയ്യുന്നത് എനിക്ക് തെരുവിലിരുന്ന് ചെയ്യണം 'എന്ന തലക്കെട്ടിൽ തന്നെ ഒരു വെല്ലുവിളി ഉയരുന്നുണ്ട്.
'കുറേ ചുംബിച്ചില്ലേ..ഇനി എനിക്കതു ചെയ്യണം..'
എന്നു തുടങ്ങുന്ന കവിത അവസാനിക്കുന്നത്
'തെരുവിപ്പോൾ കുരച്ചു തുടങ്ങി
റോഡുകൾക്ക്
ഒരു ജനക്കൂട്ടത്തിന്റെ നിഴൽ
ഞാൻ പൊതിയിൽ നിന്ന്
ഒരു കഷ്ണം കൂടിയെടുത്ത്
ശബ്ദത്തോടെ കടിച്ചു
ഇമകൾ മുറുക്കെ അടച്ചു...'
എന്ന വരികളോടെയാണ്..
അനിതാ വയലറ്റ് പറയുന്നുണ്ടല്ലോ പുസ്തകങ്ങളാണ് സ്മാരകങ്ങളെന്ന്..ശരിയാണ് ഫാസിസ്റ്റ് കാലത്ത് ഓരോ തൂലികത്തുമ്പിലൂടെയും ഉതിർന്നു വീഴുന്ന അക്ഷരങ്ങളും അവ കൂട്ടി വെക്കുന്ന താളുകളിലൂടെയും മനോഹരമായ സ്മാരകങ്ങൾ തീർക്കാം.

വി.എച്ച് നിഷാദ്.
ഒരു നിർഭയനും സത്യസന്ധനുമായ പത്രപ്രവർത്തകനാവുക എന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് അമൻ മുഹമ്മദിന്റെ വിചാരങ്ങളിൽ വായിച്ചെടുക്കാം. അതുകൊണ്ടാണല്ലൊ തന്റെ ജോലിയിൽ മികച്ചു നിൽക്കുന്ന സമയത്ത് തന്നെ അയാൾക്ക് ചെന്നൈയിലേക്ക് ട്രാൻസ്ഫർ കിട്ടുന്നത്. ഒരു പക്ഷെ ചെന്നൈ ജീവിതമാണ് അയാളെ ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. രാജിക്കത്തെഴുതിക്കൊടുത്ത് സ്വതന്ത്രനാവുന്ന ദിവസം ഭഗവാനെന്ന മാധ്യമ മേധാവിയെ തോൽപിച്ച സന്തോഷം അയാൾ മറീന തീരത്തിരുന്ന് മണൽതരികളിൽ കിടന്നു മറിഞ്ഞാണ് ആഘോഷിക്കുന്നത്. ഒരാളുടെ കീഴിൽ നിന്നും ജോലിയിൽ സ്വതന്ത്രമായി തീരുക എന്നത് എത്രത്തോളം ആശ്വാസമാണെന്നത് അയാളുടെ സന്തോഷത്തിൽ നിന്നും വായിച്ചെടുക്കാം.
ഫാസിസ്റ്റു കാലത്ത് തങ്ങളെക്കൊണ്ടാവും വിധം പ്രതിരോധം തീർക്കുന്ന മറീനാ ബീച്ചിലെ യുവാക്കളുടെ കൂട്ടം ചെറിയ പ്രതീക്ഷകൾ നൽകുന്നുണ്ട്.അത്തരം കൂട്ടങ്ങളെയാണ് കാലം ഇന്ന് ആവശ്യപ്പെടുന്നത്.
അനിതയുടെ കർമ്മമണ്ഡലം ചെന്നൈയിലെത്തിച്ചേരുന്നതിന്റെ വഴികളിൽ കുഗ്രാമങ്ങളിൽ പിടഞ്ഞു മരിച്ച പെൺകുരുന്നുകളുടെ ആത്മാവുകൾ വലയം ചെയ്യുന്നതാണ്. ഇത്തരം ഗ്രാമീണ സാഹചര്യങ്ങൾ ഇന്നും ഇന്ത്യയുടെ പല ഭാഗങ്ങളിലും നിലനിൽക്കുന്നുണ്ടാവാമെന്നത് ഭീതിപ്പെടുത്തുന്നതാണ്.
ലൈബ്രറിയെയും ഏകാന്തമായ ഇലക്ട്രിക് ട്രെയിനുകളിലെ യാത്രകളെയും ഇഷ്ടപ്പെടുന്ന ഒരു പത്രപ്രവർത്തകന്റെ പുതിയൊരു നഗര ജീവിതത്തെ അടയാളപ്പെടുത്തുന്ന നോവൽ സമകാലിക സംഭവങ്ങളെയടക്കം വിലയിരുത്തിക്കൊണ്ടാണ് മുന്നോട്ട് പോകുന്നത്. ലളിതമായ ഭാഷ വായനയെ സുഗമമാക്കുകയും ഒറ്റയിരുപ്പിൽ തന്നെ നോവൽ പൂർത്തീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൈരളി ബുക്‌സാണ് പ്രസാധകർ. പത്രപ്രവർത്തകനും എഴുത്തുകാരനുമായ വി.എച്ച് നിഷാദാണ് അനിതാ വയലറ്റിന്റെ കർത്താവ്. കഥാനായകനും എഴുത്തുകാരനും പത്രപ്രവർത്തകൻ തന്നെ ആയത് എഴുത്തുകാരന്റെ അനുഭവങ്ങൾ തന്നെയാണൊ നോവലെന്ന സംശയം വായനക്കാരനിലുളവാക്കുന്നത് യാദൃഛികം മാത്രമാവാം.






