യാത്രകൾ എന്നും മലയാളിക്ക് ഊർജദായകങ്ങളാണ്. വെറുമൊരു യാത്രയ്ക്കപ്പുറം അതൊരു ആത്മീയ അന്വേഷണം കൂടിയാണ്. ഈ തിരിച്ചറിവാണ് പ്രീതി മഹേശ്വരി എന്ന വീട്ടമ്മയെ യാത്രകളുടെ പ്രണയിനിയാക്കിയത്. ഹിമാലയത്തിലെ അഞ്ച്് കൈലാസങ്ങളും സന്ദർശിച്ചതിനാൽ പഞ്ചകൈലാസിയായി മാറിയിരിക്കുകയാണ് ഈ കുടുംബിനി.
മൂവാറ്റുപുഴക്കാരിയായ പ്രീതി മഹേശ്വരി എന്ന വീട്ടമ്മ നടത്തിയ ഹിമാലയൻ യാത്രകൾ ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. കഠിനവും സാഹസികത നിറഞ്ഞതുമായ ഈ യാത്രകൾ പലതും അവർ ഒറ്റയ്ക്കാണ് നടത്തിയിരിക്കുന്നത്. മഞ്ഞുമൂടി പുതച്ചുറങ്ങുന്ന ഭൂമിയിലെ മഹാദ്ഭുതങ്ങളായ പർവ്വതശിഖരങ്ങളും പഞ്ചകൈലാസങ്ങളും മാനസസരോവരവുമെല്ലാം ഈ വീട്ടമ്മ സന്ദർശിച്ചുകഴിഞ്ഞു. ഓരോ ഹിമാലയ യാത്രയും ഇവർക്ക് പുതിയ അറിവായിരുന്നു പകർന്നുനൽകിയത്. അറിവിന്റെ മഹാമേരുവായി ആ സത്യം നൂറ്റാണ്ടുകളായി ഭാരതത്തിന്റെ വടക്കുവശത്ത് നിലകൊള്ളുകയാണ്. ഓരോ യാത്രയും ആ സത്യത്തിലേയ്ക്കുള്ള അന്വേഷണമായിരുന്നു.
സ്‌റ്റേറ്റ് ബാങ്ക് ഇന്ത്യയിൽ മാനേജരായിരുന്ന ബാലകൃഷ്ണന്റെയും ഡെപ്യൂട്ടി തഹസിൽദാരായിരുന്ന ജയശ്രീയുടെയും രണ്ടു മക്കളിൽ ഇളയവളായ പ്രീതിയുടെ യാത്രാകമ്പത്തിന് തുടക്കമിട്ടത് 2012ൽ നടത്തിയ ഒരു ഹിമാലയൻ യാത്രയായിരുന്നു. അച്ഛനും അമ്മയും ഭർത്താവും മക്കളുമൊത്തുള്ള ആ യാത്രയാണ് പ്രീതിയുടെ മനസ്സിൽ വഴിത്തിരിവുണ്ടാക്കിയത്. ഹരിദ്വാർ, ഋഷികേശ് തുടങ്ങിയ ദുർഘടങ്ങൾ കുറഞ്ഞ സ്ഥലങ്ങളിലേയ്ക്കായിരുന്നു ആ യാത്രയെങ്കിലും പിന്നീടുള്ള യാത്രകളെല്ലാം ഈ കുടുംബിനി ഒറ്റയ്ക്കാണ് നടത്തിയിരിക്കുന്നത്.

2016 ലായിരുന്നു പ്രീതി ആദ്യമായി മാനസസരോവരം, കൈലാസയാത്ര നടത്തിയത്. പരിചയമുള്ള ആരും കൂട്ടിനില്ലാതെ വിവേകാനന്ദ ട്രാവൽസിലായിരുന്നു യാത്ര. ആ യാത്ര കഴിഞ്ഞപ്പോഴാണ് ഇനിയും ഒറ്റയ്ക്ക് യാത്ര ചെയ്യണമെന്ന ചിന്തയുണ്ടായത്. ശതോപധ്യ യാത്രയും ബദരിനാഥ്, കേദാർനാഥ് യാത്രയും ഏറെ അനുഭവങ്ങൾ സമ്മാനിച്ചവയായിരുന്നു. നിരവധി തവണ ഹിമാലയത്തിലേയ്ക്കു യാത്ര ചെയ്തു.
ഹിമാലയത്തെക്കുറിച്ചും കൈലാസത്തെക്കുറിച്ചും മാനസസരോവരത്തെക്കുറിച്ചും ഏതൊരു വീട്ടമ്മയെയും പോലെ ഗഹനമായ അറിവൊന്നും അവർക്കുണ്ടായിരുന്നില്ല. ചിതറിക്കിടക്കുന്ന ചില വിവരങ്ങൾ ശേഖരിച്ചായിരുന്നു അവരുടെ യാത്ര. യാത്രയെക്കുറിച്ച് അവർതന്നെ പറയട്ടെ:
യാത്രകളിൽ അപരിചിതരോട് സംസാരിക്കുന്ന ശീലമുണ്ടായിരുന്നില്ല. കേരളത്തിൽനിന്നും വിമാനമാർഗ്ഗമായിരുന്നു ലക്‌നൗവിലെത്തിയത്. അവിടെനിന്നും ബസ് മാർഗ്ഗം നേപ്പാളിലെ ഗുഞ്ചിലേയ്ക്കായിരുന്നു യാത്ര. ഗുഞ്ചിൽനിന്നും ചെറിയ വിമാനത്തിൽ സിമികോട്ടിലേയ്ക്ക്. കാതടപ്പിക്കുന്ന ശബ്ദമായിരുന്നു ആ വിമാനയാത്രയിലുണ്ടായിരുന്നത്. ചെറുതും സുന്ദരവുമായ ഒരു ഗ്രാമമായിരുന്നു സിമികോട്ട്. സിമികോട്ടിൽ ഒരു ദിവസം താമസിച്ച് അടുത്ത ദിവസം ഹിൽസയിലെത്തി. ജീവിതത്തിൽ ആദ്യമായി ഹെലികോപ്റ്ററിലായിരുന്നു യാത്ര. ഹിൽസയിലൂടെ ഒഴുകുന്ന നദിയായിരുന്നു കർണാലി. നദിക്കു കുറുകെ ഒരു തൂക്കുപാലം. പാലത്തിനപ്പുറം ചൈന. ചൈനീസ് പെർമിറ്റ് കിട്ടിയാൽ മാത്രമേ മാനസസരോവർ യാത്ര സാധ്യമാകുകയുള്ളു. രണ്ടാഴ്ചയായി ചൈനീസ് പെർമിറ്റ് കിട്ടാതെ കാത്തിരിക്കുന്ന ഒരു ആന്ധ്ര സംഘത്തെ അവിടെ കണ്ടു. എന്നാൽ ഞങ്ങൾക്ക് അടുത്ത ദിവസംതന്നെ പെർമിറ്റ് ലഭിച്ചു. കർണ്ണാലി നദിക്കു കുറുകെയുള്ള തൂക്കുപാലം കടന്ന് ചൈനീസ് അധികൃതരുടെ നടപടികൾക്കുശേഷം ബസിൽ മാനസസരോവർ തടാകം കാണാൻ യാത്രയായി. മഞ്ഞിൽ പൊതിഞ്ഞ മലഞ്ചെരിവാണ് മാനസസരോവര തീരം. ലോകത്ത് ഏറ്റവും ഉയരമേറിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകമാണ് മാനസസേരാവരം. വലിയ ഉരുളൻ കല്ലുകൾ നിറഞ്ഞതായിരുന്നു ആ തടാകം. അരയന്നങ്ങളും പക്ഷികളും നീന്തിത്തുടിക്കുന്ന അടിത്തട്ടുവരെ കാണാവുന്ന തെളിഞ്ഞ വെള്ളമായിരുന്നു സരോവരത്തിലേത്. അവിടെനിന്നാണ് കൈലാസത്തിലേയ്ക്കുള്ള യാത്ര തുടങ്ങിയത്. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന കൽക്കൂമ്പാരങ്ങളിലൂടെ കയറിയും ഇറങ്ങിയും ഗൗരീകുണ്ടും കടന്ന്് നൂറു മീറ്ററോളം പരന്നുകിടക്കുന്ന ഐസുപാളികളിലൂടെ നടന്നുവേണം സരയൂ നദിക്കരയിലെത്താൻ.

കൈലാസയാത്രകളിലാകട്ടെ, ദുർഘടം നിറഞ്ഞ പാതകളായിരുന്നു യാത്രക്കാരെ കാത്തിരുന്നത്. അൻപതു കിലോമീറ്ററോളം ദൂരം തീരെ വഴങ്ങാത്ത പാതയിലൂടെ സഞ്ചരിക്കണം. അഗാധമായ കൊക്കകളുടെ അരികിലൂടെ, കുത്തനെയും കീഴോട്ടുമുള്ള കൽപാതകൾ. മലമുകളിൽനിന്നും ശക്തിയോടെ കുതിച്ചെത്തുന്ന നീർച്ചാലുകളിൽ ചവിട്ടി തെന്നിവീഴാതിരിക്കാൻ ഏറെ ജാഗ്രത വേണം. മാത്രമല്ല, പാതയിലേയ്ക്കു തള്ളിനിൽക്കുന്ന പാറകളിൽ തലയിടിക്കാതെയും ശ്രദ്ധിക്കണം. കാണുന്നിടത്തെല്ലാം മഞ്ഞണിഞ്ഞ കൊടുമുടികളാണ്. പ്രതികൂല കാലാവസ്ഥ കാരണം വർഷത്തിൽ പതിനഞ്ചു ദിവസം മാത്രമേ കൈലാസയാത്ര അനുവദിക്കാറുള്ളു. യാത്രയ്ക്കിടയിൽ പലരും ദൗത്യം പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിക്കുന്നതും കാണാമായിരുന്നു. വർഷത്തിൽ പത്തുപേർക്കെങ്കിലും യാത്രയ്ക്കിടയിൽ അപകടമരണം സംഭവിക്കാറുണ്ടെന്ന് കണക്കുകൾ വെളിവാക്കുന്നു.
അത്രിമുനിയുടെ ഗുഹയിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ ട്രക്കിംഗ് നടത്തിയ അനുഭവവും പ്രീതിക്കുണ്ട്. ഉത്തരാഖണ്ഡിലെ സിരോളി എന്ന ഗ്രാമത്തിൽനിന്നാണ് ട്രക്കിംഗ് തുടങ്ങിയത്. അഞ്ചുകിലോമീറ്റർ ദൂരമുള്ള ട്രക്കിംഗ്്. അതിൽ ഒന്നര കിലോമീറ്റർ കൊടും കാട്ടിലൂടെയുളള ട്രക്കിംഗ് കഴിഞ്ഞുവേണം ഗുഹയിലെത്താൻ. കാട്ടുചോലകളും പാറകളും കടന്ന് കയറ്റം കയറിയാൽ നയനമനോഹരമായ അമൃതധാര കാണാനാകും. എന്നാൽ ഇതിനിടയിൽ ചുവടൊന്നു തെറ്റിയാൽ, കൈ പിടിവിട്ടാൽ ചെന്നുപതിക്കുക അഗാധഗർത്തത്തിലായിരിക്കും. മുകളിലെത്തിയാൽ പാറക്കിടയിലൂടെ കമിഴ്ന്നുകിടന്നു നിരങ്ങിവേണം അപ്പുറത്തെത്താൻ. അവിടെ നിന്നും ഏതാനും ചുവടു നടന്നാൽ ഗുഹയിലെത്താം.

ഹിമാലയൻ യാത്രക്കിടയിൽ അഞ്ച് കൈലാസങ്ങളും പർവതങ്ങളും പ്രയാഗുകളും കേദാരങ്ങളും ശക്തിപീഠങ്ങളുമെല്ലാം അവർ സന്ദർശിച്ചുകഴിഞ്ഞു. കഴിഞ്ഞ ഇരുപത്തിമൂന്നുവർഷമായി ദുബായിൽ കഴിയുകയാണ് പ്രീതിയും കുടുംബവും. മംഗലാപുരം ബസന്റ് വിമൻസ് കോളേജിൽനിന്നും പത്രപ്രവർത്തനത്തിൽ ബിരുദം നേടിയ ഈ വീട്ടമ്മ ബാംഗഌരിലെ സ്യാസയിൽനിന്നും യോഗ തെറാപ്പി കോഴ്‌സും പൂർത്തിയാക്കിയിട്ടുണ്ട്. യാത്ര ചെയ്യണമെന്നു തോന്നിയാൽ ദുബായിൽനിന്നും നാട്ടിലെത്തും. ഭർത്താവിന്റെയും മക്കളുടെയും പൂർണ്ണസഹകരണമാണ് ഈ യാത്രാകുതുകിക്ക് കരുത്തു പകരുന്നത്. തലശ്ശേരി സ്വദേശിയായ ഭർത്താവ് ഷിനോജ് ദുബായ് ഹോൾഡിങ്ങിലാണ് ജോലി നോക്കുന്നത്. മൂത്ത മകൻ നിവേദ് കൃഷ്ണ യു.കെയിൽ പഠിക്കുന്നു. ഇളയ മക്കളായ വേദ കൃഷ്ണയും നിതാന്ത് കൃഷ്ണയും ദുബായിൽ വിദ്യാർഥികളാണ്.
യാത്രകൾ എന്നും മലയാളിക്ക് ഊർജദായകങ്ങളാണ്. വെറുമൊരു യാത്രയ്ക്കപ്പുറം അതൊരു ആത്മീയ അന്വേഷണം കൂടിയാണ്. ഈ തിരിച്ചറിവാണ് പ്രീതി മഹേശ്വരി എന്ന വീട്ടമ്മയെ യാത്രകളുടെ പ്രണയിനിയാക്കിയത്. ഹിമാലയത്തിലെ അഞ്ച്് കൈലാസങ്ങളും സന്ദർശിച്ചതിനാൽ പഞ്ചകൈലാസിയായി മാറിയിരിക്കുകയാണ് ഈ കുടുംബിനി.






