ഉപാധികളില്ലാത്ത സ്നേഹവും പ്രണയവും അതിരുകൾക്കതീതമായ മനുഷ്യബന്ധങ്ങളും എങ്ങനെ ആഭ്യന്തര - ആഗോള യുദ്ധങ്ങളും പലായനങ്ങളും വ്യാപകമായിത്തീർന്ന വികലവും വിഷലിപ്തവുമായ മാനവികതക്ക് സാന്ത്വനസ്പർശം നൽകുമെന്ന പ്രതീക്ഷ പ്രദാനം ചെയ്ത് അനുവാചകനെ വായനയുടെ നവ്യാനുഭൂതിയിലേക്ക് നയിക്കുന്ന അപൂർവ്വ നോവലാണ് ശലഭങ്ങളുടെ അഗ്നിസൽക്കാരം. പ്രവാസ ഭൂമികയിൽനിന്ന് വ്യതിരിക്തമായ ആഖ്യാനശൈലികൊണ്ടും മൗലികമായ ഇതിവൃത്തം തീർത്തും വഹീദ് സമാൻ തന്റെ പ്രഥമ കൃതിയിൽത്തന്നെ തനതായ ഒരു ഇടം അടയാളപ്പെടുത്തുന്നുണ്ട്. ഒരു തുറന്ന പ്രഖ്യാപനം നോവലിസ്റ്റ് ഉറക്കെ പറയുന്നുണ്ട് - തെറ്റുന്ന വഴികളെല്ലാം ശരിയാകുന്ന ഒരു ഇന്ദ്രജാലമുണ്ട്- സ്നേഹം! ഒരുവേള സൂഫി പ്രണയസൗന്ദര്യത്തിന്റെ അവാച്യമായ മാനങ്ങളിലേക്കുയരുന്ന വ്യക്തിഗത ജീവിതങ്ങളുടെ ആഖ്യാനംകൂടിയാണ് ഈ കൃതി.
യുവത്വത്തിന്റെ നിറവിൽ മസ്ഹറും ഖലീലയും സൗദി അറേബ്യയിലെ ജിദ്ദയിൽ ഒരു പ്രമുഖ പത്രത്തിൽ ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്. രണ്ടു രാഷ്ട്രങ്ങളുടെ പൗരത്വം അവർക്കിടയിൽ ഭേദങ്ങൾ ഒന്നും തന്നെ തീർക്കുന്നില്ല. നിറയൗവ്വനത്തിലെ കൗതുകങ്ങളും കുതൂഹലങ്ങളും അവരെ സഹപാഠികളെപ്പോലെ അല്ലെങ്കിൽ സഹോദരങ്ങളെപ്പോലെ ഇണങ്ങിയും കലഹിച്ചും എല്ലാം പങ്കുവെച്ചും കഴിയുന്ന ഉത്തമ സുഹൃത്തുക്കളാക്കുന്നു. ഒരു സാധാരണ ബദവിയായ ഖലീലയുടെ പിതാവ് ഒമറിന് എത്ര പ്രസിദ്ധയാണെങ്കിലും തന്റെ മകളെ വേഗം നല്ലൊരു മഹർ കൈപ്പറ്റി വിവാഹം കഴിപ്പിക്കണമെന്ന് ഒരേ ധൃതി. വലിയ ഔദ്യോഗിക ഉയരങ്ങളും വെല്ലുവിളികളും കാംക്ഷിക്കുന്ന ഖലീലക്ക് ഒരിക്കലും തൽക്കാലം ഒരു വിവാഹം സമ്മതമല്ല. ഇക്കാരണത്താൽ പിതൃ - പുത്രീ ബന്ധം നന്നേ വഷളാണ് താനും. സിറിയൻ യുദ്ധപശ്ചാത്തലത്തിൽ അതിക്രൂരമായ ബോംബിങ്ങുകൾക്കിരയായി കൈക്കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അഭയാർത്ഥികളാകാൻ വിധിക്കപ്പെട്ട അമേന - ഫയാസ് ദമ്പതികളുടെ ദുരന്തം വാർത്തയാക്കിയതിലൂടെ ഖലീല അതിവേഗം പത്രപ്രവർത്തനത്തിൽ ഭാവിയുടെ വാഗ്ദാനമാകാനുള്ള പക്വതയും പ്രശസ്തിയും നേടുന്നു. യൂറോപ്പിലെ പരിശീലനവും ഉയർന്ന മൂല്യബോധത്തോടെയുള്ള ധീരവും ആത്മാർത്ഥവുമായ പത്രപ്രവർത്തനം സ്വപ്നം പോലെ ഒരു അറബി വനിതയുടെ സാമ്പ്രദായിക പരിധികൾക്കപ്പുറം അവൾക്ക് ഒരു വെല്ലുവിളിയായി സ്വീകാര്യവുമാണ്.
കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട വൈകാരിക ആഘാതത്തിൽ ഫയാസിന്റെ ശിഷ്ടജീവിതം രോഗിയായി വീൽചെയറിലേക്ക് ഒതുങ്ങുന്നു. പക്ഷെ ഖലീലക്കും മസ്ഹറിനും ഒരു റിപ്പോർട്ടിലെ കഥാപാത്രങ്ങൾ എന്നതിലപ്പുറത്തേക്ക് ആ കുടുംബം അവരുടെ ജീവിതത്തിന്റെ ഭാഗവും ഉത്തരവാദിത്തവുമായി മാറുന്നു. അചിരേണ അതൊരു ആത്മബന്ധത്തിലേക്കുയരുന്നു. കഥകളുടെ റാണിയായ അമേനയുടെയും നിതാന്ത ശ്രോതാവായ മസ്ഹറിന്റെയും കൂടെക്കൂടെയുള്ള അടുത്തിടപ്പഴകലുകൾ ഒരു തീഷ്ണ ജൈവികമുഹൂർത്തത്തിൽ ശാരീരിക നിർവൃതിയിൽ കലാശിക്കുന്നു. മസ്ഹറിന്റെ ഭാര്യ ജിറൗദ്, നാട്ടിൽ, ഇന്ത്യയിൽ അവരുടെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകുന്നു. നാട്ടിലേക്ക് പോകുന്ന മസ്ഹറിന്റെ ഭാര്യക്ക് അമേനയും ഖലീലയും സമ്മാനങ്ങൾ നൽകി യാത്രയയക്കുന്നുണ്ട്. നാട്ടിൽ നിന്ന് മടങ്ങിവന്ന മസ്ഹർ എന്നെന്നേക്കുമായി ജിദ്ദയിൽ നിന്ന് അഭയാർത്ഥി ആനുകൂല്യങ്ങൾ നഷ്ടമായി അപ്രത്യക്ഷമായ ഫയാസ് - അമേന ദമ്പതികളുടെ അഭാവത്തിൽ ഏറെ ദുഃഖിതനാവുന്നു. ഖലീലയിലൂടെ ഫയാസിന്റെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും അമേന ഗർഭിണിയാണെന്നും അറിയുന്ന മസ്ഹറിന് എങ്ങനെയെങ്കിലും ഒരിക്കലെങ്കിലും അമേനയെ കണ്ടേ മതിയാകൂ. അമേനക്കും മസ്ഹറിനും മാത്രം അറിയുന്ന ആ രഹസ്യം ഒരു മരുമരീചികയായി മസ്ഹറിനെ വേട്ടയാടുന്നുണ്ട്.
ഒരു പക്ഷെ കുട്ടികളുടെ ഖബർ സന്ദർശനത്തിനായി അമേനയും ഫയാസും സിറിയയിൽ ഉണ്ടാവുമെന്ന് ഊഹിച്ച് ഖലീലയും മസ്ഹറും സ്വന്തം ജീവൻ അപായപ്പെടുത്തിക്കൊണ്ട്, ഇദ്ലിബും ദാർകുഷും വരെ അന്വേഷണം തുടരുന്നുണ്ട്. അവിടെവെച്ചാണ് ആദ്യമായി ഖലീല മാക്സ് എന്ന തന്റെ പ്രിയനെയും പ്രണയത്തെയും ഭാവി ജീവിതത്തെയും വ്യക്തമാക്കിക്കൊണ്ട് ഒരു തുറന്നുപറച്ചിൽ മസ്ഹറുമായി നടത്താനാഗ്രഹിച്ചത്. അമേനയെ ഏതുവിധേനയും കണ്ടെത്തുന്നതിന്റെ തീക്ഷ്ണതയിൽ, പൂർണ വിഭ്രാന്തിയിൽ മസ്ഹറും വിധിവൈപരീത്യമെന്നോണം ആശുപത്രിയിലെ തീവ്രപരിചരണശേഷം വീൽചെയറിലേക്കൊതുങ്ങാൻ നിയതി നിർണ്ണയിക്കുന്നു.
ഒരു സ്വപ്ന സാക്ഷാത്കാരമെന്നപോലെ നോവൽ ശുഭമായി പരിസമാപ്തിയിലെത്തുമ്പോൾ ജീവിതത്തിന്റെ മൂന്ന് കോണുകളിലേക്കായ് യാത്രക്ക് തയ്യാറായി വിമാനം കാത്ത് എയർപോർട്ടിൽ വെച്ച്, യാദൃച്ഛികതയുടെ നിറവിൽ മസ്ഹർ - ജറൗദ് ദമ്പതികളുടെ മകൾ രസാന കളിയുടെ ഇടയിൽ കുറച്ചുനേരത്തേക്ക് കാണാതായി വീണ്ടും തിരികെക്കിട്ടുമ്പോൾ ആലിംഗനബദ്ധരായി കൂടെകൊണ്ടുവരുന്ന ഫത്തി എന്ന കൂട്ടുകാരി..
എല്ലാ നിഗൂഢതകളും നീക്കി, ഖലീലക്കും, അമേനക്കും, ഫയാസിനും, മസ്ഹറിനും, ജറൗദിനും ആത്മനിർവൃതി നൽകിക്കൊണ്ട് ദുരൂഹതകൾക്കും കാത്തിരിപ്പിനും വിരാമം നൽകി സ്നേഹത്തിന്റെ വാതായനങ്ങൾ തുറന്ന് ജീവിതത്തിന് പുതിയ നിറങ്ങളും ഭാവങ്ങളും പകരുന്നു.
ഉദ്ദേശ്യശുദ്ധിയും ചില നിമിത്തങ്ങളും തീർക്കുന്ന അഭൗമമായ പാരസ്പര്യങ്ങൾക്കുള്ള അദൃശ്യതയുടെ ഒരു പിടി മനുഷ്യ ജീവിതത്തെ പുൽകിനിൽക്കുന്ന വശ്യമനോഹരബിംബം തീർത്ത് വഹീദ് സമാൻ എന്ന നോവലിസ്റ്റ് അറേബ്യൻ പ്രവാസ പരിപ്രേക്ഷ്യത്തിൽ നോവൽ ആഖ്യാനത്തിന് പുതിയ അർത്ഥങ്ങളും ആസ്വാദനവും നൽകുന്നു. വേദനകൾക്കും, മുറിവുകൾക്കും, വേർപാടുകൾക്കും, പ്രണയത്തിനും ആത്മാവിൽ കൃത്യമായ അടയാളങ്ങൾ അവശേഷിപ്പിച്ചേ നിലനിൽപ്പുള്ളൂ എന്ന സന്ദേശം ഒരു പ്രകാശപ്രതീക്ഷയാണ്.
ശലഭങ്ങളുടെ അഗ്നിസൽക്കാരം
നോവൽ - വഹീദ് സമാൻ.






