ആൽസിഡെസ് എഡ്ഗാഡൊ ജീജിയ ഉറുഗ്വായ്ക്കു വേണ്ടി കളിച്ചത് വെറും 12 തവണ. നാലു തവണയേ സ്‌കോർ ചെയ്തിട്ടുള്ളൂ. പക്ഷേ ആ നാലു ഗോളുകൾ ഉറുഗ്വായ്‌യുടെ ഫുട്‌ബോൾ ചരിത്രത്തിലെ ശുഭ്രനക്ഷത്രങ്ങളാണ്. 1950 ലെ ലോകകപ്പിൽ ഉറുഗ്വായ് നാലു മത്സരങ്ങളാണ് കളിച്ചത്. നാലിലും ജീജിയ സ്‌കോർ ചെയ്തു. നാലാമത്തേത് ചെന്നു കൊണ്ടത് ആതിഥേയരായ ബ്രസീലിന്റെ നെഞ്ചകത്തായിരുന്നു. ആതിഥേയർക്ക് അപ്രതീക്ഷിതമായ തിരിച്ചടിയേകി ഉറുഗ്വായ് ലോകകപ്പുയർത്തി. 1987 ൽ കാറപകടത്തിൽ മരണപ്പെട്ടുവെന്നു കരുതിയെങ്കിലും കളിക്കളത്തിലെ ധീരത ജീവിതത്തിലും പ്രകടിപ്പിച്ച് അദ്ഭുതകരമായി അദ്ദേഹം തിരിച്ചുവന്നു.
ബ്രസീലിനെതിരായ കലാശപ്പോരാട്ടത്തിലെ നിർണായക ഘടകമെന്തായിരുന്നുവെന്ന് ക്യാപ്റ്റൻ ഒബ്ദുലിയൊ വരേലയോട് ചോദിച്ചപ്പോൾ മറുപടി പെട്ടെന്നു വന്നു -ജീജിയ. രണ്ടാം ഗോളിന് ശേഷം അവശേഷിച്ച 11 മിനിറ്റിൽ പ്രതിരോധത്തെ സഹായിക്കാൻ ജീജിയയോട് കോച്ച് നിർദേശിച്ചു. പക്ഷേ മൂന്നാം ഗോളടിക്കാനാണ് ജീജിയ ശ്രമിച്ചത്. പ്രേതമെന്ന് ജീജിയക്ക് പേരു വന്നത് വെറുതെയല്ല.
ഉറുഗ്വായ്ക്ക് വിജയം അനിവാര്യമായ ആ കലാശപ്പോരാട്ടത്തിൽ ആദ്യ പകുതിയിൽ ഗോൾ പിറന്നിരുന്നില്ല. ഇടവേളയിൽ കോച്ച് യുവാൻ ലോപസിനെ സമീപിച്ച് ജീജിയ പറഞ്ഞു, ജൂലിയൊ പെരസിനോട് തന്റെ കാലിലേക്ക് പാസ് തരാൻ നിർദേശിക്കാൻ. അതിന് ഫലമുണ്ടായി. വലതു വിംഗിലൂടെ കുതിച്ച ജീജിയയുടെ പാസാണ് യുവാൻ ഷിയാഫിനോയുടെ ആദ്യ ഗോളിന് കാരണമായത്. മറ്റൊരു കുതിപ്പിൽ ജീജിയ തന്നെ സ്‌കോർ ചെയ്തു. അലറിയിരമ്പിയ മാരക്കാനായെ നിശ്ശബ്ദമാക്കി ഉറുഗ്വായ് ചാമ്പ്യന്മാരായി.
ജീജിയക്ക് അന്ന് പ്രായം 23, ഉറുഗ്വായ് ജഴ്‌സിയിടാൻ തുടങ്ങിയത് വെറും നാലു മാസം മുമ്പ്. എതിർ പ്രതിരോധ നിരക്കാരെ വെള്ളം കുടിപ്പിക്കാനുള്ള ധൈര്യവും ടെക്‌നിക്കും മെയ്‌വഴക്കവുമുണ്ടായിരുന്നു ജീജിയക്ക്. ആ അഗ്നി നാൽപത്തിരണ്ടാം വയസ്സിൽ വിരമിക്കുന്നതു വരെ തുടർന്നു.
തന്റെ ഇഷ്ട താരമായിരുന്ന അഡോൾഫൊ പെഡേർനിയ കളിച്ച അർജന്റീനയിലെ അറ്റ്‌ലാന്റയിൽ ചേരാനായിരുന്നു ജീജിയക്ക് താൽപര്യം. പക്ഷേ ട്രയൽസിനു ശേഷം അവർ ജീജിയയെ നിരസിച്ചു. അമ്മയുടെ ഇഷ്ട ടീമായ ഉറുഗ്വായ്‌യിലെ പേനറോളിലെത്തിയത് അങ്ങനെയാണ്.
ജീജിയയുടെ ധൈര്യം പലപ്പോഴും പരിധി വിട്ടു. 1950 ലെ ലോകകപ്പിന്റെ ആവേശം കെട്ടടങ്ങും മുമ്പെ ബദ്ധവൈരികളായ നാഷനാലുമായുള്ള കളിക്കിടെ റഫറിയെ തല്ലിയതിന് 1952 ൽ ജീജിയക്ക് 15 മാസത്തെ സസ്‌പെൻഷൻ ലഭിച്ചു. ജീജിയ ഇറ്റലിയിലേക്ക് കപ്പൽ കയറി. എ.എസ്. റോമയിൽ ജീജിയയുടെ അരങ്ങേറ്റം കാണാൻ അര ലക്ഷത്തിലേറെ പേർ എത്തി. റോമയിൽ ജീജിയ പറന്നു കളിച്ചു, കളിക്കളത്തിലും പെൺ മനസ്സുകളിലും ആൽഫ റോമിയൊ കാറുകളിലും. എങ്കിലും റോമയുമൊത്ത് കിരീടം നേടാൻ ജീജിയക്കു സാധിച്ചില്ല. അഞ്ചു മത്സരം മാത്രം കളിച്ച എ.സി മിലാനുമൊത്താണ് ഇറ്റാലിയൻ ലീഗ് ചാമ്പ്യനായത്.
അത് ഇറ്റാലിയൻ ടീമിൽ സ്ഥാനം നേടാൻ ജീജിയക്ക് വഴിയൊരുക്കി. 1957 മുതൽ 1959 വരെ ഇറ്റലിക്കു കളിച്ചു. 1958 ലെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മൂന്നു മത്സരങ്ങളിൽ ഇറ്റലിക്കു കളിച്ചു. എന്നാൽ ലോകകപ്പിന് യോഗ്യത നേടാൻ ഇറ്റലിക്കു സാധിച്ചില്ല. ഇറ്റലിക്കു വേണ്ടി അഞ്ചു കളികളിൽ ഒരു ഗോളാണ് സമ്പാദ്യം.
മുപ്പത്തേഴാം വയസ്സിൽ ഉറുഗ്വായ്‌യിൽ തിരിച്ചെത്തുകയും പഴയ കൂട്ടുകാരുമൊത്ത് സൗഹൃദ മത്സരങ്ങൾ കളിച്ച് കുട്ടികളുടെ ആശുപത്രിക്കായി ഫണ്ട് കണ്ടെത്താൻ സഹായിക്കുകയും ചെയ്തു. ജീജിയ ബൂട്ടഴിക്കാനായിട്ടില്ലെന്ന് ആ കളികൾ കണ്ട ദാനൂബിയൊ ക്ലബ് തീരുമാനിച്ചു. അഞ്ചു വർഷത്തോളം അവർക്കു വേണ്ടി കളിച്ചു.
വിരമിച്ച ശേഷം അൽപകാലം കോച്ചായി. പിന്നീട് ഉറുഗ്വായ് ഗവൺമെന്റ് അദ്ദേഹത്തെ മോണ്ടിവിഡിയോയിലെ കാസിനോയിൽ പബ്ലിക് ഇൻസ്‌പെക്ടറായി നിയമിച്ചു. ജോലിക്കിടെ കണ്ടുമുട്ടിയ തന്നേക്കാൾ 45 വയസ്സ് കുറവുള്ള യുവതിയെ ജീവിത സഖിയാക്കി. ഉറുഗ്വായ് പാർലമെന്റിൽ അദ്ദേഹത്തെ ആദരിക്കുകയും പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്തു.
തങ്ങൾക്ക് ഏറ്റവും വലിയ പരാജയം സമ്മാനിച്ച ജീജിയയെ ബ്രസീൽ ഒരിക്കലും വെറുത്തില്ല. അര നൂറ്റാണ്ടിനു ശേഷം ബ്രസീലിൽ തിരിച്ചെത്തിയ ജീജിയയുടെ പാസ്‌പോർട് പരിശോധിച്ച യുവ വനിതാ കസ്റ്റംസ് ഓഫീസർ അതേ ജീജിയയാണോയെന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഞെട്ടി. അത് വളരെക്കാലം മുമ്പല്ലേയെന്നു ചോദിച്ചപ്പോൾ ആ തോൽവി ഇന്നത്തേതു പോലെ ബ്രസീലുകാർ ഓർക്കുന്നു എന്നായിരുന്നു യുവതിയുടെ മറുപടി. 2014 ലെ ലോകകപ്പിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് ചടങ്ങിന് എൺപത്തേഴുകാരനെ ബ്രസീൽ സ്‌നേഹത്തോടെ ക്ഷണിച്ചു കൊണ്ടുവന്നു.
2009 ഡിസംബറിൽ ആ തോൽവിയുടെ വാർഷികത്തിൽ ബ്രസീൽ അദ്ദേഹത്തെ ആദരിച്ചു.