ബ്രസീൽ, 24 ജൂൺ-16 ജൂലൈ, 1950
1942 ലാണ് നാലാം ലോകകപ്പ് അരങ്ങേറേണ്ടിയിരുന്നത്. ബ്രസീലിനെ ആതിഥേയരായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ടാം ലോക മഹായുദ്ധം കാരണം ഒരു വ്യാഴവട്ടത്തോളം ലോകകപ്പ് മുടങ്ങി. 1950 ൽ പുനരാരംഭിച്ചപ്പോൾ ബ്രസീലിനെ തന്നെ ആതിഥേയരായി അംഗീകരിക്കുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ. ലോകകപ്പിനായി മാരക്കാനാ ഉൾപ്പെടെ പടുകൂറ്റൻ സ്റ്റേഡിയങ്ങൾ പണിയാൻ വൻ തുക ബ്രസീൽ ചെലവിട്ടു. അത് തിരിച്ചുപിടിക്കാനായി പരമാവധി മത്സരങ്ങൾ സംഘടിപ്പിക്കേണ്ടിയിരുന്നു. അതിനാൽ സങ്കീർണമായ രീതിയിലായിരുന്നു 1950 ലെ ലോകകപ്പിന്റെ മത്സരക്രമം. ഫൈനൽ ഇല്ലായിരുന്നു. ആ വാശി സമ്മതിച്ചു കൊടുത്തില്ലെങ്കിൽ ബ്രസീൽ പിന്മാറുമെന്ന ഭീഷണിക്കു മുന്നിൽ ഫിഫ വഴങ്ങി. സംഘടകരുടെയും ഫിഫയുടെയും ഭാഗ്യത്തിന് അവസാന മത്സരം അവിസ്മരണീയമായി.
ലോക മഹായുദ്ധത്തിൽ യൂറോപ്പ് ഛിന്നഭിന്നമായിരുന്നു. യുദ്ധത്തിൽ പരാജയപ്പെട്ട ജർമനിയെയും ജപ്പാനെയും യോഗ്യതാ റൗണ്ടിൽ പോലും പങ്കെടുക്കുന്നതിൽനിന്ന് വിലക്കി. 1934 മുതൽ ചാമ്പ്യന്മാരായ ഇറ്റലിയും ലോക യുദ്ധത്തിലെ പരാജിതരുടെ പക്ഷത്തായിരുന്നു. എന്നാൽ അവരെ പങ്കെടുക്കാൻ അനുവദിച്ചു. അതിനു കാരണം തലേ വർഷം ഇറ്റലിയിലെ ഒന്നാം നമ്പർ ക്ലബ് ടീമായ ടൂറിനോ ടീം വിമാനാപകടത്തിൽ പൂർണമായും തുടച്ചുനീക്കപ്പെട്ടതിലുള്ള അനുകമ്പയായിരുന്നു. നാലു വർഷം മുമ്പ് ഫിഫയിൽ അംഗമായ ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പിൽ പങ്കെടുത്തു. എന്നാൽ 1938 ലെ ഫൈനലിസ്റ്റ് ഹംഗറിയും 1934 ലെ ഫൈനലിസ്റ്റ് ചെക്കൊസ്ലൊവാക്യയും അർജന്റീനയും ഫ്രാൻസുമുൾപ്പെടെ നിരവധി ടീമുകൾ മടിച്ചുനിന്നു.
ഏഷ്യയെ പ്രതിനിധീകരിക്കാൻ അവസരം കിട്ടിയ ഇന്തോനേഷ്യയും ഫിലിപ്പൈൻസും ബർമയും പിന്മാറി. അതോടെ ഇന്ത്യക്ക് ലോകകപ്പിൽ പങ്കെടുക്കാൻ സാധ്യത തെളിഞ്ഞു. ചാമ്പ്യന്മാരായ ഇറ്റലിയും പാരഗ്വായ്‌യും സ്വീഡനുമുൾപ്പെട്ട ഗ്രൂപ്പ് മൂന്നിൽ ഇന്ത്യ കളിക്കേണ്ടതായിരുന്നു. എന്നാൽ പല കാരണങ്ങളാൽ ഇന്ത്യ പിന്മാറി.
തുർക്കിയും സ്‌കോട്‌ലന്റും യോഗ്യത നേടിയ ശേഷം പിന്മാറി. പോർചുഗലും ഫ്രാൻസും യോഗ്യതാ റൗണ്ടിൽ പരാജയപ്പെട്ടെങ്കിലും ഇരു ടീമുകൾക്കും ഫിഫ വീണ്ടും അവസരം നൽകി. എന്നാൽ അവർ സ്വീകരിച്ചില്ല. ഒരു ഔചിത്യബോധവുമില്ലാതെയാണ് മത്സരവേദികൾ നിശ്ചയിച്ചത്. ചില ടീമുകൾക്ക് ഓരോ കളിക്കും ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കണമായിരുന്നു. അതിൽ പ്രതിഷേധിച്ചാണ് ഫ്രാൻസ് പിന്മാറിയത്.
അതോടെ ആകെ അലങ്കോലമായി. 13 ടീമുകൾ നാല് ഗ്രൂപ്പിൽ. രണ്ട് ഗ്രൂപ്പിൽ നാലു വീതം ടീമുകൾ, ഒരു ഗ്രൂപ്പിൽ മൂന്ന്. നാലമത്തേതിൽ രണ്ടെണ്ണം മാത്രം. നാലു ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാർ രണ്ടാം റൗണ്ടിലേക്ക് മുന്നേറും. ഈ ടീമുകൾ പരസ്പരം മത്സരിച്ച് കൂടുതൽ പോയന്റ് കിട്ടുന്നവർ ചാമ്പ്യന്മാർ.
ആതിഥേയരായ ബ്രസീൽ ഉജ്വല ഫോമിലായിരുന്നു. കോപ അമേരിക്ക നേടിയ ആവേശത്തിലായിരുന്നു അവർ. കോപയിൽ ഇക്വഡോറിനെ ഒമ്പത് ഗോളിനും ബൊളീവിയ പത്തു ഗോളിനും പെറുവിനെ ഏഴ് ഗോളിനും മികച്ച ടീമായ ഉറുഗ്വായെ അഞ്ചു ഗോളിനും തോൽപിച്ചിരുന്നു. ഒരു പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂ അവർക്ക്, ആരെ ഒഴിവാക്കുമെന്നത്. സിസിഞ്ഞോയും അഡെമിറും ജയ്‌റുമാണ് ആക്രമണം നയിച്ചത്.
യുഗോസ്ലാവ്യ മികച്ച ടീമായിരുന്നെങ്കിലും ബ്രസീലിന്റെ ഗ്രൂപ്പിൽനിന്ന് രക്ഷപ്പെടാൻ പോകുന്നില്ലായിരുന്നു. അതേസമയം ഉറുഗ്വായും ദുർബലരായ ബൊളീവിയയും മാത്രമായിരുന്നു ഒരു ഗ്രൂപ്പിൽ. ഉറുഗ്വായ് മത്സര പരിശീലനമില്ലാതെ ബുദ്ധിമുട്ടി.
എൺപതിനായിരം പേരാണ് ബ്രസീൽ-മെക്‌സിക്കൊ ഉദ്ഘാടന മത്സരം മാരക്കാനായിൽ വീക്ഷിച്ചത്. അഞ്ചാറു തവണയെങ്കിലും ക്രോസ്ബാർ ബ്രസീലിന് തടസ്സം നിന്നു. എന്നിട്ടും അവർ 4-0 ത്തിന് ജയിച്ചു. പക്ഷേ അമിത ആത്മവിശ്വാസം ബ്രസീലിന് വിനയായി. സിസിഞ്ഞോയും ജയറും വിട്ടുനിന്ന കളിയിൽ സ്വിറ്റ്‌സർലന്റുമായി അവർ സമനില വഴങ്ങി. അവസാന ഗ്രൂപ്പ് മത്സരം യൂഗോസ്ലാവ്യയുമായാണ്. സമനിലയായാൽ ബ്രസീൽ പുറത്താവും. ബ്രസീലിനെതിരായ മത്സരത്തിന് ഇറങ്ങവേ യുഗോസ്ലാവ്യയുടെ റായ്‌കൊ മിറ്റിച്ചിന് ഇരുമ്പു വേലിയിൽ തട്ടി ഗുരുതരമായി മുറിവേറ്റെങ്കിലും റഫറി കളി വൈകിക്കാൻ വിസമ്മതിച്ചു. പത്തു പേരുമായാണ് യുഗോസ്ലാവ്യ കളി തുടങ്ങിയത്. മിറ്റിച് ചികിത്സ തേടവേ ബ്രസീലിന് അഡെമിർ ലീഡ് നൽകി. പിന്നീട് ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതി. ഒടുവിൽ സിസിഞ്ഞോയിലൂടെ ബ്രസീൽ വിജയമുറപ്പിച്ചു. 2-0 ജയത്തോടെ ബ്രസീൽ രണ്ടാം റൗണ്ടിൽ.
16 വർഷത്തോളം ലോക ചാമ്പ്യന്മാരെന്ന പദവി വഹിക്കുകയായിരുന്ന ഇറ്റലിക്ക് ലാറ്റിനമേരിക്കയിലെ പരീക്ഷണം വിജയമായിരുന്നില്ല. 1948 ലെ ഒളിംപിക് ചാമ്പ്യന്മാരായ സ്വീഡനോട് 2-3 ന് തോറ്റ് അവർ പുറത്തായി. മുൻ വർഷം നടന്ന വിമാനാപകടത്തിൽ നിരവധി കളിക്കാർ കൊല്ലപ്പെട്ടത് ഇറ്റാലിയൻ ടീമിനെ ദുർബലമാക്കിയിരുന്നു.
ഇംഗ്ലണ്ട് ഉൾപ്പെട്ട രണ്ടാം ഗ്രൂപ്പിൽ അട്ടിമറികളുടെ പൊടിപൂരമായിരുന്നു. ഇംഗ്ലണ്ട് ആദ്യമായാണ് പങ്കെടുത്തത്. ബ്രിട്ടിഷ് ചാമ്പ്യൻഷിപ്പാണ് ഇംഗ്ലണ്ട്, സ്‌കോട്‌ലന്റ്, വെയ്ൽസ്, അയർലന്റ് ടീമുകളുടെ യോഗ്യതാ റൗണ്ടായി മാറിയത്. ശവവണ്ടി ഉന്തുകാരനും പാത്രം കഴുകുന്നവനുമൊക്കെയുൾപ്പെട്ട അമേരിക്കൻ ടീം ഇംഗ്ലണ്ടിനെ 1-0 ത്തിന് ഞെട്ടിച്ചു. ലോകകപ്പിലെ ആദ്യ അട്ടിമറിയായിരുന്നു അത്. ടെലിപ്രിന്ററിൽ ഫലം വായിച്ച ഇംഗ്ലണ്ടിലെ ചില പത്രങ്ങൾ 10 തെറ്റി 0 എന്ന് പ്രിന്റ് ചെയ്തതാവാമെന്നു കരുതി 10-1 ന് ഇംഗ്ലണ്ട് ജയിച്ചതായി വാർത്ത രചിച്ചു. സ്‌പെയിനിനോടും ഇംഗ്ലണ്ട് തോറ്റു. ഫുട്‌ബോൾ കളിയുടെ ഉപജ്ഞാതാക്കളെന്ന ബ്രിട്ടിഷ് വമ്പുമായി വന്ന ടീം ഒരാഴ്ചക്കകം മടങ്ങി.
ബ്രസീലും സ്വീഡനും സ്‌പെയിനും ഉറുഗ്വായും ഫൈനൽ റൗണ്ടിലെത്തി. ഉറുഗ്വായ് പരീക്ഷണങ്ങൾ അതിജീവിക്കുകയായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ ദുർബലരായ ബൊളീവിയയെ 8-0 ത്തിന് തകർത്ത അവർക്ക് ഫൈനൽ റൗണ്ടിൽ സ്വീഡനും സ്‌പെയിനും കനത്ത വെല്ലുവിളി സമ്മാനിച്ചു. ഇടവേളയിൽ പിന്നിലായ ശേഷം സ്വീഡനെ 2-2 ന് തളച്ചു. സ്‌പെയിനിനെ രണ്ടാം പകുതിയിലെ ഗോളിൽ 3-2 ന് തോൽപിച്ചു. അതേസമയം ബ്രസീൽ അഡെമിറിന്റെ നാലു ഗോളിൽ 7-1 ന് സ്വീഡനെയും 6-1 ന് സ്‌പെയിനിനെയും തകർത്തു.
ബ്രസീലും ഉറുഗ്വായ്‌യും തമ്മിലായിരുന്നു അവസാന മത്സരം. കിരീടം നേടാൻ ബ്രസീലിന് സമനില മതിയായിരുന്നു. ഉറുഗ്വായ്ക്ക് ജയിക്കുക തന്നെ വേണം. ആതിഥേയർ ചാമ്പ്യന്മാരാവുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. രണ്ടു ലക്ഷത്തോളം പേർ മാരക്കാനയിൽ തടിച്ചുകൂടി. നാളെ ഉറുഗ്വായ്‌യെ തോൽപിച്ച് ബ്രസീൽ ചാമ്പ്യന്മാരാവുമെന്ന് ഒരു പത്രം പ്രഖ്യാപിച്ചു. ഏതാനും മണിക്കൂറുകൾക്കകം ചാമ്പ്യന്മാരാവാൻ പോവുന്ന ടീം എന്നാണ് കിക്കോഫിന് മുമ്പ് ബ്രസീലിനെ റിയൊ മേയർ പരിചയപ്പെടുത്തിയത്. പ്രതീക്ഷിച്ചതു പോലെ നാൽപത്തേഴാം മിനിറ്റിൽ ഫ്രയാസയിലൂടെ ബ്രസീൽ മുന്നിലെത്തി. അറുപത്താറാം മിനിറ്റിൽ ഉറുഗ്വായ് തിരിച്ചടിച്ചു. യുവാൻ ഷിയാഫിനോയിലൂടെ അവർ ഗോൾ മടക്കി. കളി തീരാൻ 11 മിനിറ്റ് ശേഷിക്കേ ആൽസിഡെസ് ജീജിയ ഉറുഗ്വായ്‌യുടെ വിജയ ഗോളടിച്ചപ്പോൾ മാരക്കാന ഒന്നടങ്കം ഞെട്ടിത്തരിച്ചു. രണ്ടാം തവണ ലോകകപ്പിൽ പങ്കെടുത്ത ഉറുഗ്വായ് രണ്ടാം തവണ ലോക ചാമ്പ്യന്മാരായി എന്നതിനേക്കാൾ ബ്രസീലുകാരുടെ അടക്കാനാവാത്ത ദുഃഖമായിരുന്നു ആ കലാശപ്പോരാട്ടത്തിന് ചരിത്രത്തിൽ സ്ഥാനം നൽകിയത്.
രണ്ടു ലക്ഷത്തിലേറെ പേരാണ് കലാശപ്പോരാട്ടം വീക്ഷിച്ചത്. ഒരിക്കലും ഈ റെക്കോർഡ് തകർക്കപ്പെടില്ല. ബ്രസീൽ വിജയിക്കുമെന്ന കാര്യത്തിൽ ഫിഫക്ക് പോലും സംശയമില്ലായിരുന്നു. ഫിഫ പ്രസിഡന്റ് യൂൾറിമെ ബ്രസീലിനെ പ്രശംസിക്കുന്ന പ്രസംഗം എഴുതിത്തയാറാക്കി കീശയിൽ കരുതിയിരുന്നു. റിയൊ നഗരം ബ്രസീലിന്റെ വിജയം ആഘോഷിക്കാൻ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.
സമനിലക്കു വേണ്ടി കളിക്കുന്ന ടീമായിരുന്നില്ല ബ്രസീൽ. തിരമാലകൾ കണക്കേ അവർ ആക്രമിച്ചു. മുപ്പതോളം ഷോട്ടുകളാണ് ഉറുഗ്വായ് ഗോൾമുഖത്തെ വിറപ്പിച്ചത്. എങ്കിലും ഗോൾരഹിതമായി ഇടവേളയെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രസീൽ കാത്തിരുന്ന നിമിഷം പിറന്നു. അഡെമിറിന്റെ തന്ത്രപൂർവമായ പാസിൽ ഫ്രയാസ ഗോളടിച്ചു. പ്രഷർ കുക്കറിന്റെ മൂടി തെറിച്ചു. മാരക്കാനാ കിടിലം കൊണ്ടു. അടുത്ത 20 മിനിറ്റ് ആഘോഷമായിരുന്നു. ഉറുഗ്വായ് അതു കണ്ടതായി നടിച്ചില്ല. വരേലയും ആന്ദ്രാദെയും ആക്രമണത്തിന് ചുക്കാൻ പിടിച്ചു. മധ്യനിരയിൽ യുവാൻ ഷിയാഫിനൊ എണ്ണയിട്ട യന്ത്രം പോലെ കളിച്ചു. ഒടുവിൽ ഷിയാഫിനോയുടെ കുതിപ്പിൽ മുആസിർ ബാർബോസയുടെ പ്രതിരോധം പിളർന്നു. മാരക്കാനാ ആ ഒരു നീക്കത്തിൽ മൗനമായി. കിരീടം നേടാൻ സമനില മതിയായിരുന്നു ബ്രസീലിന്. എങ്കിലും മാരക്കാനായിലെ ഭയപ്പെടുത്തുന്ന മൗനത്തിൽ കളിക്കാർ വിറങ്ങലിച്ചു. ഒരു തവണ കൂടി ജീജിയ വിംഗിലൂടെ കുതിച്ചു. ഇത്തവണ പാസ് നൽകുന്നതിനു പകരം നേരെ വലയിലേക്ക് ഷോട്ട് തൊടുത്തു. ഉറുഗ്വായ് 2-ബ്രസീൽ 1. മാരക്കാനായിലെ മൗനം വിതുമ്പലായി മാറി. ബ്രസീൽ കണ്ണീർക്കടലായി. ആ സങ്കടം കണ്ട് ഉറുഗ്വായ് കളിക്കാർക്കു പോലും സഹിക്കാൻ സാധിച്ചില്ല. ഉറുഗ്വായ് നായകൻ ഒബ്ദുലിയൊ വരേല ആ രാത്രി ബാറുകളിൽ സങ്കടപ്പെടുന്നവരെ സാന്ത്വനിപ്പിച്ചു. അദ്ദേഹം പറഞ്ഞു: 'എങ്ങനെയാണ് ഞങ്ങൾ ജയിച്ചത്, ജയിച്ചു അത്ര തന്നെ. 100 തവണ ഈ ബ്രസീൽ ടീമിനെ നേരിട്ടാൽ ഒരിക്കൽ പോലും ഇനി ജയിക്കാനാവണമെന്നില്ല'.
അതൊരു ദുഃസ്വപ്‌നമായിരുന്നു. ഒരു തലമുറയുടെ അന്ത്യമായിരുന്നു. ആ ബ്രസീൽ സ്റ്റാർടിംഗ് ഇലവനിൽ നിന്ന് ഒരു കളിക്കാരന് മാത്രമാണ് അടുത്ത ടൂർണമെന്റിൽ സ്ഥാനം ലഭിച്ചത് -ബ്യൂയറിന്. വെള്ളയും നീലക്കരയുമുള്ള ജഴ്‌സി എന്നെന്നേക്കുമായി ബ്രസീൽ ഉപേക്ഷിച്ചു.
തോൽവിയുടെ ഭാരം ബ്രസീൽ മാധ്യമങ്ങൾ കറുത്ത വർഗക്കാരായ കളിക്കാർക്കു മേൽ ചാരിവെച്ചു. പ്രത്യേകിച്ചും ഗോളി ബർബോസ അപശകുനമായി വിലയിരുത്തപ്പെട്ടു.
പിൽക്കാലത്ത് ബ്രസീൽ ക്യാമ്പുകളിൽ പോലും ബർബോസയെ പ്രവേശിപ്പിച്ചില്ല. കറുത്ത വർഗക്കാർക്കെതിരായ ആ ധാരണ തിരുത്താൻ എട്ടു വർഷത്തിനു ശേഷം മറ്റൊരു കളിക്കാരൻ മഞ്ഞക്കുപ്പായത്തിൽ ഇറങ്ങേണ്ടി വന്നു -അഡ്‌സൻ അരാന്റസ് ഡൊ നാസിമെന്റൊ, പെലെ എന്നു പറഞ്ഞാൽ അറിയും.
ആതിഥേയർ: ബ്രസീൽ, ചാമ്പ്യന്മാർ: ഉറുഗ്വായ്
ടീമുകൾ: 13, കളികൾ 22
യോഗ്യതാ റൗണ്ടിൽ കളിച്ച ടീമുകൾ: 34
പ്രധാന അസാന്നിധ്യം: ഫ്രാൻസ്, ജർമനി, ഹംഗറി
അപ്രതീക്ഷിതമായി യോഗ്യത നേടിയ ടീം: ബൊളീവിയ
ടോപ്‌സ്‌കോറർ; അഡെമിർ (ബ്രസീൽ -9)
കണക്ക്: ആകെ 88 ഗോൾ (ശരാശരി -4), കൂടുതൽ ഗോൾ -ബ്രസീൽ (22)
മത്സരക്രമം: നാലു ഗ്രൂപ്പുകൾ, ഗ്രൂപ്പിലെ വിജയികൾ നാലും റൗണ്ട് റോബിൻ ലീഗടിസ്ഥാനത്തിൽ അവസാന റൗണ്ടിൽ. കൂടുതൽ പോയന്റ് കിട്ടുന്ന ടീം ചാമ്പ്യന്മാർ. എന്നാൽ ചില രാജ്യങ്ങൾ പിന്മാറിയതോടെ രണ്ട് ഗ്രൂപ്പുകളിലേ നാലു ടീമുകളുണ്ടായുള്ളൂ, ഒന്നിൽ മൂന്നും ഒന്നിൽ രണ്ടും ടീമുകളായിച്ചുരുങ്ങി.
കപ്പിലെ
കൗതുകം
■ ആ ലോകകപ്പ് ഫൈനലിൽ കളിച്ചവരിൽ അവസാനം മരണപ്പെട്ടത് ഉറുഗ്വായുടെ വിജയശിൽപി ആൽസിഡസ് ജീജിയയാണ്. 2015 ജൂലൈ 16 ന്. 2012 ൽ എൺപത്താറാം വയസ്സിൽ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റിട്ടും ജീജിയയെ കീഴടക്കാൻ മരണത്തിന് സാധിച്ചില്ല. 2014 ൽ ബ്രസീൽ വീണ്ടും ലോകകപ്പ് നടത്തിയപ്പോൾ അദ്ദേഹം അതിഥിയായി എത്തി. ജീജിയ ഇറ്റലിക്കു വേണ്ടിയും അഞ്ചു മത്സരം കളിച്ചിരുന്നു. ഒരൊറ്റ ആംഗ്യത്തിൽ മൂന്നു പേർക്കേ മാരക്കാനായെ നിശ്ശബ്ദമാക്കാൻ സാധിച്ചിട്ടുള്ളൂ എന്ന് ജീജിയ പറയാറുണ്ട് -ഫ്രാങ്ക് സിനാത്രയുടെ സംഗീതത്തിന്, പോപ്പിന്റെ ഉപദേശത്തിന്, ജീജിയയുടെ ഗോളിന്.
■ അമേരിക്കയോട് നാണംകെട്ട തോൽവി വാങ്ങിയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്ന ആൽഫ്രെഡ് റാംസെയുടെ പരിശീലനത്തിലാണ് 1966 ൽ ഇംഗ്ലണ്ട് ആദ്യമായും അവസാനമായും ലോകകപ്പ് ചാമ്പ്യന്മാരായത്.
■ ശരാശരി 61,000 പേരാണ് ബ്രസീൽ ലോകകപ്പിലെ ഓരോ കളിയും കണ്ടത്. 1994 വരെ ഈ റെക്കോർഡ് നിലനിന്നു. മാരക്കാനാ സ്‌റ്റേഡിയത്തിന്റെ വലിപ്പവും ആ റെക്കോർഡിന് കാരണമായിരുന്നു. മാരക്കാനായിലെ മത്സരങ്ങൾ മാറ്റിനിർത്തിയാലും ശരാശരി 37,500 പേർ വീതം കളി കണ്ടു.
■ ലോക യുദ്ധത്തിനു മുമ്പ് ലോകകപ്പിൽ കളിച്ച രണ്ടു പേർ മാത്രേമ യുദ്ധത്തിനു ശേഷമുള്ള ഈ ലോകകപ്പിൽ മുഖം കാണിച്ചുള്ളൂ. സ്വീഡന്റെ എറിക് നീൽസനും സ്വിറ്റ്‌സർലന്റിന്റെ ആൽഫ്രഡ് ബിക്കലും.
■ ഫിഫ പ്രസിഡന്റിനോടുള്ള ബഹുമാനാർഥം ലോകകപ്പിന് യൂൾറിമെ ട്രോഫി എന്ന് നാമകരണം ചെയ്തു. 1940 ൽ യുദ്ധം കൊടുമ്പിരിക്കൊള്ളവേ ബാങ്ക് ഓഫ് റോമിൽനിന്ന് ട്രോഫി തട്ടിയെടുത്ത ഇറ്റാലിയൻ സ്‌പോർട്‌സ് ഒഫീഷ്യൽ ഡോ. ഒട്ടോറിനൊ ബരാസി പത്തു വർഷത്തോളം അത് തന്റെ കിടക്കക്കടിയിൽ സൂക്ഷിച്ചു.
■ ആ കലാശക്കളിയുടെ കമന്ററി കേട്ട് അച്ഛൻ കരയുന്നത് മൈലുകൾക്കകലെ ഒരു ഒമ്പതു വയസ്സുകാരൻ കണ്ടു. കരയേണ്ട അച്ഛാ, ഞാൻ ലോകകപ്പ് നേടിത്തരും എന്ന് അവൻ പിതാവിനോട് പറഞ്ഞു. ഒരു തവണയല്ല, പെലെ മൂന്നു തവണ ലോകകപ്പ് നേടി.
■ 1950 ലോകകപ്പിൽ ഒരു കളിക്കാരനും ചുവപ്പ് കാർഡ് കണ്ടില്ല. സ്വന്തം നാടിനു പുറത്ത് ക്ലബ് ഫുട്‌ബോൾ കളിക്കുന്ന ഒരു കളിക്കാരനേ ആ ലോകകപ്പിലുണ്ടായിരുന്നുള്ളൂ -ചിലെയുടെ ജോർജ് റോബൽഡൊ. റോബൽഡോയുടെ മാതാവ് ഇംഗ്ലിഷുകാരിയായിരുന്നു.
■ ഇംഗ്ലണ്ട്-അമേരിക്ക മത്സരം റിപ്പോർട്ട് ചെയ്യാൻ അമേരിക്കയിൽ നിന്ന് ഒരു റിപ്പോർട്ടറേ എത്തിയിരുന്നുള്ളൂ. അഞ്ച് കളിക്കാരുടെ നാടായ സെയ്ന്റ് ലൂയിയിൽ നിന്ന്. ആവേശത്തോടെ അയാൾ അമേരിക്കയുടെ വിജയം റിപ്പോർട്ട് ചെയ്‌തെങ്കിലും ഒരു പത്രവും അത് ഗൗനിച്ചില്ല. അതേസമയം ഇംഗ്ലണ്ടിന്റെ തോൽവി ബ്രിട്ടനിലെ ഡെയിലി ടെലഗ്രാഫ് പ്രസിദ്ധീകരിച്ചത് ഒറ്റക്കോളത്തിലാണ്. വെസ്റ്റിൻഡീസ് ലോഡ്‌സ് ക്രിക്കറ്റ് ടെസ്റ്റ് ജയിച്ചതായിരുന്നു അന്നത്തെ ലീഡ്.
■ അമേരിക്കിൻ ടീമിൽ അംഗമായ ഗെയ്റ്റിയൻസ് ഹെയ്തിക്കാരനായിരുന്നു. അമേരിക്കൻ പൗരത്വത്തിനായി കാത്തുനിൽക്കുന്ന സമയത്താണ് ലോകകപ്പ് കളിച്ചത്. ഹെയ്തിയിൽ തിരിച്ചെത്തിയ ശേഷം അയാൾ അപ്രത്യക്ഷനായി. പാപ ഡോക് ഡുവാലിയർ ഭരണകൂടം കൊന്നതാണെന്ന് ആരോപണമുയർന്നെങ്കിലും തെളിയിക്കപ്പെട്ടില്ല.
■ ഇംഗ്ലണ്ട് ടീമംഗമായ വില്ലി വാട്‌സൻ 23 ക്രിക്കറ്റ് ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിരുന്നു. ആഷസ് പരമ്പരയിൽ ലോഡ്‌സിൽ സെഞ്ചുറിയടിച്ചിട്ടുണ്ട്.
■ 1950 ലെ ലോകകപ്പ് കലാശപ്പോരാട്ടത്തിൽ ഉറുഗ്വായ്‌യുടെ ഗോളടിച്ചത് ആൽസിഡെസ് ജീജിയയും യുവാൻ ഷിയാഫിനോയുമായിരുന്നു. ഇരുവരും പിന്നീട് ഇറ്റലിക്കു കളിച്ചു.