Sorry, you need to enable JavaScript to visit this website.

വീട്ടുജോലിക്കാർ അവധിക്കാല ശമ്പളത്തിന് അർഹരാണോ? 

വീട്ടുജോലിക്കാർ അവധിക്കാല ശമ്പളത്തിന് അർഹരാണോ? 

ചോദ്യം: വീട്ടു ഡ്രൈവർമാർക്കും വീടുകളിൽ സേവനം അനുഷ്ഠിക്കുന്ന നഴ്‌സുമാർക്കും അവധിക്കാലത്തെ ശമ്പളം ലഭിക്കാൻ സാധ്യതയുണ്ടോ? സൗദി സർക്കാരിൽനിന്ന് തൊഴിലാളികൾക്കുള്ള ആനുകൂല്യത്തിന് അവർ അർഹരാണോ?

ഉത്തരം: വിദേശിയായ ഏതൊരു തൊഴിലാളിയും സൗദിയിലേക്ക് തൊഴിൽ തേടി വരുമ്പോൾ സൗദി തൊഴിൽ നിയമം അനുസരിച്ച തൊഴിൽ കരാർ ഒപ്പിടുകയും അതനുസരിച്ച നിയമം പാലിക്കുകയും വേണം. എങ്കിൽ സൗദി തൊഴിൽ നിയമം അനുസരിച്ച ആനുകൂല്യങ്ങൾക്ക് അവർ അർഹരായിരിക്കും. തൊഴിൽ കരാർ പ്രകാരം ഏതു തൊഴിലാളിക്കും ആഴ്ചയിൽ ഒരു അവധിയും രണ്ടു പെരുന്നാൾ ദിനങ്ങൾ അടക്കമുള്ള സർക്കാർ അംഗീകൃത അവധിക്കും അവർ അർഹരാണ്. ഇതിനു പുറമെ അഞ്ചു വർഷം വരെയുള്ള കാലയളവിൽ ഓരോ വർഷവും ശമ്പളത്തോടെയുള്ള 15 ദിവസ വാർഷിക അവധിക്കും അവർ അർഹരായിരിക്കും. അഞ്ചു വർഷത്തിനു ശേഷമാണെങ്കിൽ വാർഷിക അവധി 30 ദിവസമായിരിക്കും. ഒരേ സ്‌പോൺസർക്കു കീഴിൽ ജോലി ചെയ്യുന്നവർക്കാണെങ്കിലാണ്  ഈ ആനുകൂല്യം ലഭിക്കുക. 
അഞ്ചു വർഷം വരെയാണെങ്കിൽ സർവീസ് ആനുകൂല്യമായി ഓരോ വർഷത്തിനും ശമ്പളത്തിന്റെ പകുതിയും അഞ്ചു വർഷത്തിനു ശേഷമാണെങ്കിൽ ഓരോ വർഷത്തിനും ഒരു മാസത്തെ ശമ്പളത്തിനും തൊഴിലാളി അർഹനായിരിക്കും. 

സ്‌പോൺസർഷിപ് മാറ്റം

ചോദ്യം: എന്റെ സ്‌പോൺസർ ഒരു മാൻപവർ കമ്പനിയാണ്. അവരുമായുള്ള രണ്ടു വർഷത്തെ തൊഴിൽ കരാർ കാലാവധി അവസാനിക്കാറായി. ഇനി പുതുക്കി കിട്ടാനുള്ള സാധ്യത കാണുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ എനിക്ക് മറ്റൊരു മാൻപവർ കമ്പനിക്കു കീഴിലേക്ക് സ്‌പോൺസർഷിപ് മാറ്റാൻ കഴിയുമോ?

ഉത്തരം: സൗദി അറേബ്യയിലെ പുതിയ തൊഴിൽ നിയമം തൊഴിലാൡകൾക്ക് ഏറെ ഗുണകരമായതാണ്. അതു പ്രകാരം ഏതു വിദേശ തൊഴിലാളികൾക്കും അവരുടെ സ്‌പോൺസർഷിപ് മാറ്റാനാവും. നിങ്ങളുടെ കേസിൽ വളരെ ഏളുപ്പം പുതിയ സ്‌പോൺസറുടെ കീഴിലേക്ക് സ്‌പോൺസർഷിപ് മാറ്റാം. സ്‌പോൺസർഷിപ് മാറ്റുന്നതിന് ആദ്യം പുതിയ കമ്പനിയെ കണ്ടെത്തണം. അതിനുശേഷം ഇലക്ട്രോണിക് തൊഴിൽ കരാർ പഴയ സ്‌പോൺസർക്ക് അയച്ചുകൊടുക്കുകയും അവർ അതു അംഗീകരിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി പുതിയ സ്‌പോൺസർക്ക്് അയക്കുന്നതോടെ സ്‌പോൺസർമാറ്റം പൂർത്തിയായി. 

ചോദ്യം: എന്റെ മകന്റെ വിരലടയാളം എടുത്തത് അവന് അഞ്ചു വയസുള്ളപ്പോഴാണ്. ഇപ്പോൾ അവന് വയസ് 16 ആയി. ഇനി വീണ്ടും വിരലടയാളം കൊടുക്കേണ്ടതുണ്ടോ?

ഉത്തരം: ജവാസാത്ത് നിയമപ്രകാരം വിരലടയാളം കൊടുക്കുന്നതിനുള്ള മിനിമം പ്രായം ആറു വയസാണ്. നിങ്ങൾ മകന്റെ വിരലടയാളം ഇതിനകം കൊടുത്തിട്ടുണ്ടെങ്കിൽ ഇനി അതു ആവർത്തിക്കേണ്ടതില്ല. അബ്ശിർ വഴി മകന്റെ വിരലടയാളം നിങ്ങൾക്കു പരിശോധിക്കാനാവും. അതിനുള്ള ഓപ്ഷൻ അബ്ശിറിലുണ്ട്. അബ്ശിറിൽ അതുണ്ടെങ്കിൽ വീണ്ടും വിരലടയാളം രേഖപ്പെടുത്തേണ്ടതില്ല. 


 

Latest News