ദോഹ- ഖത്തര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കുള്ള ഫീസുകള്‍ കൂട്ടുന്നു. പുതുക്കിയ പുതിയ ഫീസ് നിരക്കുകള്‍ ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. എയര്‍പോര്‍ട്ട് ഡവലപ്മെന്റ് ഫീസ്, പാസഞ്ചര്‍ ഫെസിലിറ്റീസ്, പാസഞ്ചര്‍ സേഫ്റ്റി-സെക്യൂരിറ്റി, എയര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ ഫീസുകളാണ് മാറുക.
ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എല്ലാ എയര്‍ലൈന്‍ മാനേജര്‍മാര്‍ക്കും യാത്രാ ഏജന്റുമാര്‍ക്കും അയച്ചിട്ടുണ്ട്.
എയര്‍പോര്‍ട്ട് ഡവലപ്മെന്റ് ഫീസ് 60 റിയാല്‍ ആകും. പാസഞ്ചര്‍ ഫെസിലിറ്റീസ് ഫീസും 60 റിയാല്‍ ആകും. പാസഞ്ചര്‍ സേഫ്റ്റി-സെക്യൂരിറ്റി ഫീസ് 10 റിയാല്‍. എയര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ ഫീസും 10 റിയാലാണ്.
2 വയസ്സില്‍ താഴെയുള്ള കുട്ടികള്‍, ഒരേ വിമാനത്തില്‍ ട്രാന്‍സിറ്റ് യാത്ര നടത്തുന്നവര്‍, വിമാനത്തില്‍ ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ എന്നിവര്‍ക്ക് ഫീസ് ബാധകമല്ല.






