Sorry, you need to enable JavaScript to visit this website.
Friday , May   20, 2022
Friday , May   20, 2022

ദേബു ബിശ്വാസിന്റെ വിയോഗം

കിംഗ് സർക്കിളിലെ ശശിയേട്ടന്റെ ഫ്‌ളാറ്റിൽ വെച്ചാണ് ദേബു ബിശ്വാസിനെ പരിചയപ്പെടുന്നത്.
തൊണ്ണൂറുകളുടെ തുടക്കമാണ്. ഇന്ത്യൻ രാഷ്ട്രീയം കലുഷിതമായ അന്തരീക്ഷത്തിലൂടെയും രാമജന്മഭൂമി-ബാബരി മസ്ജിദ് വിവാദങ്ങളിലൂടെയും കടന്നുപോകുന്ന കാലം. ശശിയേട്ടനും ദേബു ബിശ്വാസും
തമ്മിലുള്ള ചൂടേറിയ രാഷ്ട്രീയ വാഗ്വാദത്തിനു നടുവിലേക്കു ഒരുച്ചനേരത്ത് ഞാൻ കയറിച്ചെല്ലുന്നു. ദേശീയ വിഷയങ്ങളിലൂടെ കടന്നുപോകുന്ന അവരുടെ സംസാരം സാകൂതം
ശ്രവിച്ചു
ഞാനൊരു മൂലയിൽ ഒതുങ്ങി ഇരുന്നു.
വിഷയം അന്താരാഷ്ട്ര തലത്തിലേക്ക് കടന്നു. ഗോർബച്ചേവിന്റെ ഗ്ലാസ്‌നോസ്തും പെരിസ്‌ത്രോയിക്കയും തൊട്ടു. 
കമ്യൂണിസ്റ്റ് സാമ്രാജ്യത്തിന്റെ അന്തകനാണ് ഗോർബച്ചേവ് എന്നും ഗോർബച്ചേവ് കൊണ്ടുവന്ന പെരിസ്‌ട്രോയിക്ക പരിഷ്‌കരണം അദ്ദേഹത്തിന് തന്നെ വിനയാകുന്നതാണ് ഒടുവിൽ കണ്ടതെന്നും പറഞ്ഞ് ദേബു ബിശ്വാസ് വാചാലനായ ശശിയേട്ടന്റെ വായ അടപ്പിച്ചു. 
'ഭക്ഷണത്തിനു പോലും ഗതിയില്ലാതെ ലോകത്തിന്റെ വിവിധ നഗരങ്ങളിൽ മാനം വിൽക്കാൻ നിർബന്ധിതരാക്കപ്പെട്ട റഷ്യൻ പെൺകുട്ടികൾ പെരിസ്‌ട്രോയിക്കയുടെ ഇരകളാണെന്ന് ' ഇടക്ക് കയറി ഞാനും തട്ടി.
ചൂടേറിയ ചർച്ചക്ക് വിരാമമായത് മാലതിചേച്ചി കൊണ്ടുവെച്ച ചൂടുള്ള ചോറും അയല കറിയും മുന്നിൽ വന്നപ്പോഴാണ്.

അന്നുമുതലാണ് ദേബു ബിശ്വാസുമായുള്ള എന്റെ സൗഹൃദം തുടങ്ങുന്നത്.
തനിക്കു ശരിയെന്ന് തോന്നുന്ന ഏതു കാര്യത്തിനും സധൈര്യം പ്രതികരിക്കുന്ന യുവാവ്. പശ്ചിമബംഗാൾ സ്വദേശി. ചരിത്രാധ്യാപകൻ.

ആ സൗഹൃദം പിന്നീടെന്റെ വ്യക്തിത്വ വളർച്ചയ്ക്ക് ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്. ചുറ്റും കൊട്ടിയടച്ച ഇരുളിനു മധ്യേ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന എനിക്ക് 'മുന്നിലുള്ളതിലേക്ക് മാത്രം തുറന്നിടുന്ന ജാലകമല്ല മനുഷ്യനേത്രങ്ങളെന്നും ഇടയ്ക്കിടെ തിരിച്ചു സ്വന്തത്തിലേക്കും അവ തുറന്നു വെക്കണമെന്നു'മുള്ള വലിയ സന്ദേശം തന്നത് അദ്ദേഹമാണ്.

അന്നു ശശിയേട്ടന്റെ ഫ്‌ളാറ്റിൽ നിന്നും പിരിയുമ്പോൾ കൊൽക്കത്തയിലെ വിലാസവും ഫോൺ നമ്പറും ദേബു ബിശ്വാസ് കുറിച്ചുതന്നു. 
വാർത്താവിനിമയവും യഥേഷ്ട സഞ്ചാര സാധ്യതകളും ഇന്നത്തെപോലെ വ്യാപകമല്ലാതിരുന്നിട്ടും വല്ലപ്പോഴും വിളിച്ചു സൗഹൃദം നഷ്ടപ്പെടാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. വാർത്താവിനിമയ സംവിധാനങ്ങൾ വ്യാപകമായതോടെ ഞങ്ങളുടെ സൗഹൃദവും വളർന്നു.
പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചു പ്രാദേശിക പ്രസിദ്ധീകരണങ്ങളിൽ നിരന്തരം എഴുതി.
സമുദായങ്ങൾക്കിടയിൽ സഹവർത്തിത്വത്തിന്റെ സീമകൾ തകർത്തു വൈരം ആളിക്കത്തിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികളിൽ പലപ്പോഴുമയാൾ ആശങ്കപ്പെട്ടു. വരേണ്യ ഫ്യൂഡൽ അധികാര രാഷ്ട്രീയത്തോടും മുതലാളിത്ത വികസന അജണ്ടകളോടും നിരന്തരം കലഹിച്ചു.ഇന്ത്യൻ മുഖ്യധാരാ രാഷ്ട്രീയ പ്രത്യശാസ്ത്രങ്ങളും അതിന്റെ പ്രതിനിധികളും ആദർശ കാപട്യത്തിന്റെ ആൾരൂപങ്ങളാണെന്ന് തുറന്നു പറയാൻ അയാൾ ഭയപ്പെട്ടില്ല. ചരിത്രവും രാഷ്ട്രീയവും ഒരുപോലെ ഹൃദിസ്ഥമാക്കിയ ദേബു ബിശ്വാസുമായുള്ള സൗഹൃദം പരിമിതമായ എന്റെ അറിവിന് ഒരു മുതൽക്കൂട്ടായിരുന്നു. 
പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയത്
അയാളുടെ ഓർമശക്തിയാണ്. 
2008 - ലാണ് ദേബു ബിശ്വാസിന്റെ ക്ഷണം സ്വീകരിച്ച് ഞാൻ കൊൽക്കത്തയിൽ എത്തുന്നത്. വെറും അഞ്ചു ദിവസത്തെ സഹവാസം കഴിഞ്ഞു ഒരു കുന്നോളം ചരിത്ര പാഠങ്ങളും കൊണ്ടാണ് ഞാൻ തിരിച്ചുപോന്നത്.
മ്യൂസിയങ്ങൾ സന്ദർശിക്കുമ്പോൾ കൊൽക്കത്ത നഗരത്തിന്റെ ചരിത്രപാഠം അയാൾ എനിക്ക് വേണ്ടി തുറന്നുവെച്ചു തന്നു.
കൊൽക്കത്തയിൽ തുടക്കംകുറിച്ച ഇന്ത്യൻ കോഫി ഹൗസിന്റെയും
ബ്രിഗേഡ് മൈതാനത്ത് ഇ.എം.എസ് അടക്കമുള്ള നേതാക്കൾ 1984 ൽ സമരകാഹളത്തിന് തുടക്കം കുറിച്ച സംഭവത്തെയും ആവേശത്തോടെ സ്മരിച്ചു. ചരിത്രബോധവും വ്യക്തമായ രാഷ്ട്രീയ ബോധവും ഉണ്ടായിട്ടും ഒരിക്കലും അദ്ദേഹം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാവാൻ ആഗ്രഹിച്ചില്ല. എന്നിട്ടും പലർക്കും അയാൾ കണ്ണിലെ കരടായി. 2014 ൽ ഒരു കൂട്ടം രാഷ്ട്രീയ പ്രതിയോഗികളാൽ ദേബു ബിശ്വാസ് കൊല്ലപ്പെട്ട വാർത്ത ഏറെ നാളുകൾക്ക് ശേഷമാണ് ഞാൻ അറിയുന്നത്. ഓഫീസിൽ നിന്നും മടങ്ങും വഴി പതിയിരുന്ന അക്രമികൾ വെട്ടിയും കുത്തിയും ആ മനുഷ്യസ്‌നേഹിയുടെ വിലപ്പെട്ട ജീവൻ കവരുകയായിരുന്നു.
താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിന്നു ഒട്ടും ഭയമില്ലാതെ തന്റെ നിലപാടുകൾ തുറന്നു പറഞ്ഞു എന്നത് മാത്രമാണ് അയാൾ ചെയ്ത തെറ്റ്. ദേബു ബിശ്വാസ് എന്ന ആ നല്ല സുഹൃത്തിന്റെ അകാലവിയോഗം വല്ലാതെ വേദന തോന്നിയിട്ടുണ്ട്. ഇന്നും അയാളെക്കുറിച്ച് ഒരു വിങ്ങലോടെ മാത്രമേ ഓർക്കാനാവുന്നുള്ളൂ.

Latest News