Sorry, you need to enable JavaScript to visit this website.

മുഖം

കടൽപോലെ നിറഞ്ഞ മണലിന്റെ കിരുകിരാ ശബ്ദമറിഞ്ഞ് ഞാനാ മരുഭൂമിയിൽ തറഞ്ഞു കിടന്നു. ഓരോ കാറ്റിലും പൊങ്ങിയും താഴ്ന്നും അളവ് തെറ്റിക്കുന്ന മണൽകൂമ്പാരങ്ങൾ വലയം തീർത്തു. തീർത്തും തനിയെ ആകാൻ ആഗ്രഹിക്കുന്ന സമയത്ത് ഒന്നിനെയും ആലോചിക്കാൻ മെനക്കെടാതെ ഞാനിപ്പോഴും ദൂരേയ്ക്ക് നടക്കും. ശരീരവും മനസ്സും മണ്ണിലമർന്ന് കഴിയുമ്പോൾ എന്റെ ബോധത്തിന്റെ അളവു കോലുകൾക്ക് അപ്പുറമുള്ള ലോകത്തെ അദ്ഭുതമെന്നോ അല്ലെങ്കിൽ വിവരക്കേട് എന്നോ സ്വയം നിർവചിച്ച് തൃപ്തിയടയാറുണ്ട്.
വർഷങ്ങൾക്ക് മുൻപ് പഴയ അർബാബുമായി ഇവിടെ വന്നിട്ടുണ്ട്. അന്നെനിക്ക് ഡ്രൈവർ പണി ആയിരുന്നു. അറബിയുടെ ഭാര്യയുടെ ഷോപ്പിങ് ഇഷ്ടങ്ങൾ കൂടുമ്പോൾ കിട്ടുന്ന കിമ്പളത്തിലായിരുന്നു ആ കാലത്തെ സ്വപ്നങ്ങളുടെ നറുക്കെടുപ്പ്. അവർക്കൊപ്പമുള്ള ഷോപ്പിങ് കാത്തിരിപ്പുകൾക്ക് മറ്റൊരു പേരും കൂടിയുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ കിമ്പളത്തോട് അറപ്പ് തോന്നി. പക്ഷെ കാര്യമില്ലല്ലോ. എന്തും വിഴുങ്ങേണ്ടി വരുന്ന  കാലമായിരുന്നു  അതെല്ലാം.

അതിജീവനത്തിന്റെ വേഷം കെട്ടലിൽ ആടിതിമിർത്തുമറിഞ്ഞ കാലങ്ങൾ!
ഏതോ ഒരു ഗ്രാമത്തിൽ ജനിച്ച് വളർന്ന് കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് പ്രവാസിയായിട്ട് മുപ്പത് വർഷത്തിലേറേ ആയിരിക്കുന്നു. ഇടതടവില്ലാതെ വീശുന്ന കാറ്റിൽ തൊലി ചുളിഞ്ഞ് വാർധക്യരൂപവും മുൻപേ എത്തി. നാട്ടിലെ ചേരിയിൽ നിന്നും അകന്ന് ഇവിടുത്തെ കെട്ടിടങ്ങളിലെ മുരളുന്ന മനുഷ്യ ശബ്്്ദങ്ങൾക്ക്  മുന്നിൽ തലകുനിച്ച് നേടിയതെല്ലാം രണ്ടും അഞ്ചും പത്തും റിയാൽ കടകളിലെ അലങ്കാര വസ്തുക്കളായും സുഗന്ധമായും  നാട്ടിൽ എത്തി കൊണ്ടിരുന്നതിനാൽ പരാതികളുടെ ഭാണ്ഡം അഴിച്ചിടൽ കുറവായിരുന്നു,
ഏഴു വർഷങ്ങൾക്ക് മുൻപാണു നാട്ടിലേക്ക്  അവസാനമായി പോയത്. ഒരു വിചിത്ര ജീവിയെ നോക്കും പോലെ എയർപോർട്ടിൽ വെച്ച് ഭാര്യ നോക്കി നിന്നെങ്കിലും രാത്രിയിൽ അവളെന്നെ പൊതിഞ്ഞെടുത്തു. പ്രവേശനം നിഷേധിക്കപ്പെട്ടവളുടെ മെയ്വഴക്കം ആ അറബിപ്പെണ്ണിന്റെ സീൽക്കാരത്തെ ഓർമ്മിപ്പിച്ചെങ്കിലും ദൂരെ പാതിരാകോഴിയുടെ ശബ്ദത്തിൽ അതും ഒലിച്ചുപോയി.
ഒരുപാട് മനുഷ്യ മുഖങ്ങളെ ഓരോ ദിവസവും കാണാറുണ്ട്. അജ്ഞാതമായ അവരുടെ ദുഃഖങ്ങളെ ആലോചിച്ചാകും എന്റെ തിരികെ നടക്കലുകൾ. അവരിലെ തിളക്കമുള്ളവയൊന്നും എന്നെ ആകർഷിക്കാറില്ല. വറ്റി വരണ്ട നാട്ടിൽ നിന്നും ഊർജം ഉണ്ടാക്കിയെടുത്ത് നാട്ടിലേക്ക് കയറ്റി അയച്ചും പകുത്ത് നൽകിയും അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു നടക്കുന്ന ഇരുകാലികൾ.....അതാണു എന്റെ മുന്നിലെ മനുഷ്യർ.
ലേബർക്യാമ്പിൽ തിരികെ എത്തിയതും കയ്യും കാലും കഴുകി ഇട്ട വസ്ത്രവും ബക്കറ്റിലേക്ക്  മുക്കിവെച്ചൂ. സോപ്പ് തീർന്നിരിക്കുന്നു. ഇപ്പോൾ  സോപ്പും മാസ്‌ക്കുമില്ലാതെ ജീവിക്കാനും കഴിയില്ല. ദ്രവിച്ച സോപ്പ് പെട്ടിയുടെ അറ്റത്ത്  പറ്റിപ്പിടിച്ചിരുന്ന ചെറിയ കഷ്ണം കൈകൂട്ടി തിരുമ്മി  നനച്ചു പതയാക്കി ദേഹം മൊത്തം തേച്ചു വെള്ളത്തിൽ ഒഴുക്കി വിട്ടു.
ഓരോന്നായി തീർന്നു തുടങ്ങിയിരിക്കുന്നു, ശമ്പളമിപ്പോൾ പകുതിയായി കുറച്ചിരിക്കുന്നതിനാൽ അറ്റമെത്താതെ പോകുന്നു കാര്യങ്ങൾ. ക്യാമ്പിൽ ആയതിനാൽ ഭക്ഷണത്തിനിതുവരെ മുട്ട് വന്നില്ല. പക്ഷെ എത്ര നാൾ ഇങ്ങനെ?
ബങ്ക് ബെഡിൽ ആസാദും ഉബൈദും ചുരുണ്ട് കൂടി കിടപ്പുണ്ട്. മൊബൈലിൽ കുത്തിക്കളിക്കുകയാകും. മിക്ക കമ്പനികളും പ്രൊജക്റ്റ് നിർത്തി വെച്ചതിനാൽ പണിയില്ലാതെ  ആയിരിക്കുന്നു. കയ്യിലുള്ളതെല്ലാം നുള്ളിപ്പെറുക്കിയും പരസ്പരം പങ്കുവെച്ചും മാസങ്ങളായി ഒറ്റമുറി ജീവിതം തുടങ്ങിയിട്ട്്്. 
തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടുന്ന മനുഷ്യരെ ഈ കാലം ചുമക്കുന്നത് ശ്മശാനത്തിലെ കല്ലറയിൽ അടക്കം ചെയ്തപോലെയാകുന്നു. 
ഇവിടുത്തെ ഭിത്തികളിലും ജനലിലും എഴുതിച്ചേർക്കുന്ന പേരുകളിൽ തിരിച്ചു പോകലിന്റെ വ്യഥയും അവശേഷിച്ചിരുന്നു. മണ്ണിൽ കമിഴ്ന്ന് കിടന്ന് ഭൂതകാലത്തെ തള്ളിക്കളഞ്ഞെങ്കിലും അപ്രത്യക്ഷമാകാത്ത ഒരു അസ്വാസ്ഥ്യം ഉടലിനെ ബാധിച്ചിരിക്കുന്നു. തെരുവു വിളക്കുകൾ പൂർണശോഭയോടെ കത്തിനിൽക്കുന്നുണ്ട്. ആ വെളിച്ചത്തിൽ പുറത്തേക്ക് നോക്കി നിന്നു.
കൂണുപോലെ പൊങ്ങി നിൽക്കുന്ന ഒരേ നിറത്തിലുള്ള ആ കെട്ടിടങ്ങളിൽ ജീവിക്കുന്നവരുടെ നിഴലുകൾ ഈ സാഹചര്യത്തിൽ കൂടുതൽ ഇരുണ്ടതായിട്ടുണ്ടാകില്ലേ?
സല്ലുഭായ്....ആപ് കിഥർ ഹെ? താഴെ നിന്ന് ആസാദ് ഉറക്കെ വിളിക്കുന്നുണ്ട്.
ആപ് ഖാനാ ഖായാ?
നഹി..
എന്റെ തല ചൊറിയൽ മറുപടികൾ അവനു നല്ല ഇഷ്ടമാണ്. കയ്യിലിരുന്ന പൊതി എന്നെ ഏൽപ്പിച്ച് അവനും നേരേ ബാത്ത്്് റൂമിലേക്ക് കയറി.

പൊതിയഴിച്ച് ഓരോന്നും ചൂടു വെള്ളത്തിൽ കഴുകി എടുത്തു.എല്ലാം തുടച്ചെടുത്തിട്ട്  അവന്റെ കട്ടിലിൽ കൊണ്ട് വെച്ചു. കുറച്ചു സോപ്പുകളും  പൗഡറും ക്രീമും മിഠായികളും......
തോർത്തു മുണ്ടിൽനിന്ന് തലയും തോർത്തി അവൻ പറഞ്ഞു തുടങ്ങി...
സല്ലു ഭായ് ........ജോലി തീർന്ന മട്ടാ. പ്രൊജക്റ്റ് എല്ലാം നിർത്തിവെച്ചു. നീണ്ട അവധി എടുക്കാനാണ് കമ്പനി നോട്ടീസ് തന്നിരിക്കുന്നത്. കിട്ടുന്ന ഫ്്‌ളൈറ്റിൽ നാട് പിടിക്കണം. മിക്കവരെയും പിരിച്ചുവിട്ടിട്ടുണ്ട്.
ഞാൻ  പകപ്പോടെ എല്ലാരെയും നോക്കി. ഇവർ പോയാൽ എനിക്കിനി എന്ത് ജോലി? ഇവർക്ക് ഭക്ഷണം ഉണ്ടാക്കിയും ഓഫീസ് ക്ലീൻ ചെയ്യലുമാണു എന്റെ പ്രധാന ജോലി. അതെല്ലാം തീർത്തിട്ട് മുന്നിലെ ഊടുവഴികളിലൂടെ നടക്കും. കുറച്ച് നടന്നാൽ  ഫ്‌ളാറ്റ് സമുച്ചയത്തിനു മുന്നിൽ നിരനിരയായി കിടക്കുന്ന കാറുകളിൽ ചിലത് കഴുകാൻ സമ്മതം കിട്ടിയിട്ടുണ്ട്. അതും മാസക്കൂലിയായി കിട്ടുന്ന വകയാണ്. അവധി ദിവസങ്ങളിൽ മാളുകളുടെ മുന്നിൽ പോയി നിൽക്കും, അവിടെയും പാർക്ക് ചെയ്തിരിക്കുന്ന വണ്ടികളുടെ അഴുക്ക്്് തുടച്ച് കൊടുത്താൽ കിട്ടുന്ന  പത്ത് റിയാലുകൾ നാട്ടിലേക്കുള്ള യാത്രാടിക്കറ്റിന്റെ ശേഖരത്തിലേക്ക് മാറ്റും. ഇപ്പോൾ അതിനൊന്നും  കഴിയില്ല. മാളുകൾ അടഞ്ഞ് കിടക്കുന്നു. കാർ കഴുകാൻ ചെല്ലണ്ടയെന്ന്  അവരും വിളിച്ചു പറഞ്ഞു.
വൈറസിന്റെ കാലം അതിരുകളില്ലാത്ത  ഇരുണ്ടയുഗം നൽകികഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലേക്ക് ഫ്്‌ളൈറ്റ് അനുവദിച്ചിട്ടുണ്ട്. ഞാൻ അതിൽ രജിസ്റ്റർ ചെയ്തു. കയ്യിലൊള്ളതൊക്കെ വെച്ച് ഓരോന്ന് വാങ്ങി. ഇനി തിരികെ വരുമോ എന്നൊന്നും അറിയില്ലല്ലോ.. ആസാദ് പറഞ്ഞ് കൊണ്ടിരുന്നു...
ഞാൻ വീണ്ടും മുകളിലേക്ക് കയറി. ഏതു നിമിഷവും കൊഴിഞ്ഞ് വീഴാവുന്ന ഞെട്ടറ്റ ഇലകളായി മാറിയിരിക്കുന്നു മനുഷ്യർ.
ക്യാമ്പിൽ നിന്നും ഓഫീസ് ബിൽഡിങ്ങിലേക്ക് എന്നെയും പറിച്ചുനട്ടു. ഓരോ ഷിഫ്റ്റിലും ഓഫീസ് മുറികൾ വൃത്തിയാക്കി കൊണ്ടിരിക്കണം. സോപ്പു വെള്ളത്തിൽ വൈറസിനെ തുടച്ചെടുക്കൽ. ജോലി നഷ്ടപ്പെട്ടവർ 
ഇടയ്ക്കിടയ്ക്ക് വന്ന വിമാനങ്ങളിൽ മടങ്ങിത്തുടങ്ങി. ഓഫീസ് രണ്ടാഴ്ചയായി അടഞ്ഞ് കിടക്കുകയാണ്്്. കയ്യിൽ കരുതി വെച്ചവയും ചുരുട്ടിപ്പിടിച്ചതുമെല്ലാം എണ്ണി നോക്കി. നാട്ടിലേക്ക് എനിക്കും പോകാൻ അധികം താമസം വരില്ല. ടിക്കറ്റിനൊഴികെ ഒന്നുമില്ലിനി കയ്യിൽ. സോപ്പു വെള്ളം തൊട്ട് തുടച്ച തറയിൽ കമിഴ്ന്ന് കിടന്നു...ഉള്ളിലെ ആന്തലിനെ ഒതുക്കി പിടിക്കാൻ......
ചുറ്റും നിറയുന്ന ഇരുട്ടിൽ പ്ലാസ്റ്റിക്ക് കവറിലിരുന്ന കുബ്ബൂസ് ഉണങ്ങി വരണ്ട് കിടന്നു. 
വെറുതെ ഇറങ്ങി നടന്നു. കൈ കാലുകളുടെ ചലനമറിയാതെ മുന്നോട്ട്‌പോയി. ഇരുണ്ട വഴികളിലൂടെ നടന്ന് ഏതോ ഫ്‌ളാറ്റിന്റെ മുന്നിലെത്തി. വേസ്റ്റ് പെട്ടിയുടെ അടുത്ത് ചെന്ന് ഒന്നിളക്കി നോക്കി, ഒരു  പൊതി അഴിച്ചതും പൊടിഞ്ഞ ബ്രഡിന്റെ പകുതി പാക്കറ്റ് കിട്ടി. മൊത്തം ഇളക്കിമറിച്ചപ്പോൾ കാൽ ഭാഗമായ ജ്യൂസിന്റെ കുപ്പിയും.
ഇന്നത്തേക്കായി....
തിരികെ നടന്നതും ദൂരെ  പോലീസ് വണ്ടിയുടെ ശബ്ദം. ആരോ വലിച്ചെറിഞ്ഞ മാസ്‌ക്കും വെസ്റ്റ് പെട്ടിയുടെ താഴെ നിന്നും എടുത്ത് മുഖത്ത് ഫിറ്റ് ചെയ്തു, ഇപ്പോൾ എല്ലാം ശരിയായി. ഇനി ഫൈൻ അടക്കേണ്ടി വരില്ലല്ലോ.
തിരികെ നടന്നു, ശങ്കകളേതുമില്ലാതെ.

Latest News