Sorry, you need to enable JavaScript to visit this website.
Friday , May   27, 2022
Friday , May   27, 2022

കട്ടിംഗും ഷേവിംഗുമുണ്ട്, കൊണ്ടു വാ രണ്ടും ഓരോ പ്ലേറ്റ്

മറ്റെല്ലാ തൊഴിലും പോലെ ജോലിയിൽ വൈദഗ്്ധ്യം തെളിയിച്ച വക്കീലന്മാർക്കും തിരക്കേറെയാണ്. പഞ്ചായത്ത് തോറും ലോ കോളേജുകൾ വന്നാലും ഇതിൽ മാറ്റമൊന്നും വരാൻ പോകുന്നില്ല. തട്ടിക്കൂട്ട് എൽഎൽബിയെടുത്ത് ഇംഗ്ലീഷിൽ പ്രസന്റ് ചെയ്യാനും ആർഗ്യു ചെയ്യാനും കഴിയാത്തവരെ വിട്ടേക്കാം. സുപ്രീം കോടതിയിലെ പ്രമുഖരുടെ അപ്പോയിന്റ്‌മെന്റ് ലഭിക്കാൻ തന്നെ കാത്തിരിക്കണം. ഹാജരാവാൻ ലക്ഷങ്ങൾ കൊടുക്കണം. ഇത്രയും ശേഷിയുള്ള ഉന്നത നീതിപീഠത്തിലെ അഭിഭാഷകരോട് നിങ്ങൾക്കൊക്കെ നല്ലൊരു ഡെസ്‌ക് ടോപ്പ്് വാങ്ങിക്കൂടെ എന്ന് ചോദിക്കേണ്ടി വരുന്നത് കഷ്ടമാണ്.  ഓൺലൈൻ ഹിയറിങ് അലങ്കോലമായതിൽ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചത് അടുത്തിടെയാണ്.  അഭിഭാഷകരിൽ കൂടുതൽ പേരും മൊബൈൽ ഫോൺ ഉപയോഗിച്ച് പങ്കെടുത്തതോടെയാണിത്. ഹിയറിങ് തുടർച്ചയായി തടസ്സപ്പെട്ടതിന് പിന്നാലെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് അതൃപ്തി അറിയിച്ചത്. മൊബൈലിലൂടെ വാദത്തിൽ പങ്കെടുക്കുന്നത് നിരോധിക്കേണ്ടി വന്നേക്കുമെന്നും കോടതി പറഞ്ഞു. പത്ത്്  കേസുകളാണ് അഭിഭാഷകരുടെ ഭാഗത്തുനിന്നുള്ള ശബ്ദമോ ദൃശ്യങ്ങളോ തടസ്സപ്പെട്ടതിന് പിന്നാലെ കോടതിക്ക് മാറ്റിവെക്കേണ്ടിവന്നത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, ഹിമ കോലി എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം ചൂണ്ടിക്കാട്ടിയത്. 'അഭിഭാഷകർ മൊബൈൽ ഫോൺ മുഖാന്തരമാണ് ഹാജരാകുന്നത്. പക്ഷെ, കാണാൻ കഴിയുന്നില്ല. മൊബൈൽ ഫോൺ മുഖാന്തരമുള്ള നടപടിക്രമങ്ങൾ നിരോധിക്കേണ്ടി വന്നേക്കും. മിസ്റ്റർ കൗൺസൽ, നിങ്ങൾ ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നത് സുപ്രീം കോടതിയിലാണ്. പതിവായി ഹാജരാകുന്നുമുണ്ട്. വാദത്തിനായി ഒരു ഡെസ്‌ക്ടോപ് താങ്കൾക്ക് വാങ്ങിക്കൂടേ', ഒരു കേസിന്റെ വാദത്തിനിടെ കോടതി ആരാഞ്ഞു. മറ്റൊരു കേസിൽ ബെഞ്ചിനെ വലച്ചത് അഭിഭാഷകന്റെ ഭാഗത്തുനിന്നുള്ള മോശം ഇന്റർനെറ്റ് കണക്ടിവിറ്റി ആയിരുന്നു. ഇത്തരം കേസുകൾ കേൾക്കാനുള്ള ഊർജം തങ്ങൾക്കില്ലെന്ന് ബെഞ്ച് പറഞ്ഞു. കേൾക്കാൻ സാധിക്കുന്ന സംവിധാനം ഉപയോഗപ്പെടുത്താനും കോടതി നിർദേശിച്ചു. ഇതിലും മോശം കാര്യങ്ങളാണ് കേരള ഹൈക്കോടതിയിൽ സംഭവിച്ചത്. വിർച്വൽ ഹിയറിംഗിനിടെയാണ്  കോടതി മര്യാദകൾ ലംഘിക്കുന്ന സംഭവം. കേരള ഹൈക്കോടതിയുടെ വിർച്വൽ ഹിയറിംഗിൽ നടന്നത് മാതൃഭൂമി ന്യൂസ് ബുള്ളറ്റിനിൽ സംപ്രേഷണം ചെയ്തിരുന്നു. കഴിഞ്ഞ  തിങ്കളാഴ്ച മുതൽ കോടതി വിർച്വൽ ആയാണ് പ്രവർത്തിക്കുന്നത്. ചൊവ്വാഴ്ച വിർച്വൽ ഹിയറിംഗിനിടെയാണ് കോടതി മര്യാദകൾ ലംഘിച്ചുകൊണ്ട് ഒരാൾ ക്യാമറയ്ക്ക് മുന്നിൽ പല്ലുതേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്.
ജസ്റ്റിസ് വി.ജി അരുണിന് മുമ്പാകെ വിചാരണ നടക്കുമ്പോഴാണ് സംഭവം. വാഷ്‌റൂമിൽ വാഷ്‌ബേസിന് മുന്നിൽ ക്യാമറ വച്ച് അതിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും പല്ലുതേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്നതുമാണ് വീഡിയോ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വടക്കുനോക്കി യന്ത്രം സിനിമയിൽ പാർവതിയെ ചിരിപ്പിക്കാൻ ശ്രീനിവാസൻ പറഞ്ഞ തമാശ പോലെയായി കാര്യങ്ങൾ.. ഹോട്ടലാണെന്ന് കരുതി ബാർബർ ഷാപ്പിൽ കയറിയ ആളോട് ചോദിച്ച എന്തുണ്ട് കഴിക്കാനെന്ന ചോദ്യവും ഉത്തരവും ആരും ഓർത്തു പോകും. 
*** *** ***
ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീം ചെയ്യുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി'യിൽ നിയമലംഘനമില്ലെന്ന് പോലീസ് റിപ്പോർട്ട്. ഹൈക്കോടതി നിർദേശപ്രകാരം ചിത്രം കണ്ട പോലീസ് സമിതി ഇക്കാര്യം വിശദീകരിച്ച് ഡിജിപിക്കു റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിപി ഹൈക്കോടതിയിൽ പ്രസ്താവന നൽകും. ചിത്രത്തിലെ സംഭാഷണങ്ങൾ കഥയോടും കഥാപാത്രങ്ങളോടും ചേർത്തുവച്ചു വേണം കാണാനെന്നാണ് എഡിജിപി കെ പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ വിലയിരുത്തൽ.തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ ഗോപിനാഥ്, സിറ്റി ഡെപ്യൂട്ടി കമ്മിഷണർ എ നാസിം എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ചിത്രത്തിലെ സംഭാഷണങ്ങളെ കഥയുമായി ചേർത്തുവച്ചു വേണം കാണാനെന്ന് സമിതി അഭിപ്രായപ്പെട്ടു. കഥ ആവശ്യപ്പെടുന്ന ഭാഷയാണ് സംഭാഷണങ്ങളിലുള്ളതെന്നു വ്യക്തമാക്കിയ സമിതി സിനിമയിൽ നിയമ ലംഘനം ഇല്ലെന്നും നടപടി എടുക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു. ചുരുളിയെന്ന സാങ്കൽപ്പിക ഗ്രാമത്തിന്റെ കഥയാണ് സിനിമയിൽ. കഥാ സന്ദർഭത്തിനു യോജിച്ച ഭാഷയാണ് ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ളത്. ഇതിൽ നിയമ ലംഘനം ഉണ്ടെന്നു കാണാനാവില്ല. ഒടിടി പൊതുവിടം അല്ലെന്നും അതുകൊണ്ടുതന്നെ പൊതു സ്ഥലത്ത് അസഭ്യ പ്രയോഗം നടത്തിയെന്നു വിലയിരുത്താനാവില്ലെന്നും സമിതി വിലയിരുത്തി.  സിനിമയിൽ വള്ളുവനാടൻ ഭാഷ മാത്രമേ പറ്റൂ എന്നൊന്നും നിർദേശിക്കാൻ കോടതിക്കാവില്ല. കണ്ണൂർ ഭാഷ വേണം, തിരുവനന്തപുരം ഭാഷ വേണം എന്നൊന്നും പറയാനാവില്ല. സിനിമയുടെ പ്രദർശനം നിലവിലുള്ള ഏതെങ്കിലും നിയമത്തെ ലംഘിക്കുന്നുണ്ടോയെന്നേ കോടതിക്കു പരിശോധിക്കാനാവൂ. അതു പരിശോധിക്കുമ്പോൾ തന്നെ കലാകാരന്റെ സ്വാതന്ത്ര്യവും പരിഗണിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ജോലിഭാരം നിമിത്തം ക്ലേശിക്കുന്ന കേരളാ പോലീസിന് ഓരോരോ പുതിയ അസൈൻമെന്റുകൾ. 
*** *** ***
വിവാഹത്തെ പോലെ സ്‌നേഹത്തെ കൊല്ലുന്ന മറ്റൊന്നുമില്ലെന്ന് ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ. ജയിലിന് സമാനമായ അവസ്ഥയാണ് വിവാഹം നൽകുന്നത്. അതുകൊണ്ടുതന്നെ കഴിയുന്നിടത്തോളം കാലം പ്രണയിച്ച് കൊണ്ടിരിക്കുക അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തമിഴ്‌നടൻ ധനുഷും രജനീകാന്തിന്റെ മകൾ ഐശ്വര്യയും വിവാഹബന്ധം വേർപിരിഞ്ഞതിന് പിന്നാലെയായിരുന്നു വർമ്മയുടെ ട്വീറ്റ്.
വിവാഹത്തിന്റെ അപകടത്തെ കുറിച്ച് യുവാക്കാൾക്ക് നൽകുന്ന നല്ല സന്ദേശങ്ങളാണ് താരങ്ങളുടെ വിവാഹമോചനങ്ങൾ. സ്‌നേഹത്തെ കൊല്ലാക്കൊല ചെയ്യുന്ന സമ്പ്രദായമാണ് വിവാഹം. പ്രണയം വിവാഹത്തിലേക്ക് കടന്നാൽ അത്യന്തം അപകടകരമാണ്. ജയിലിന് സമാനമായ അവസ്ഥയാണ് വിവാഹം നൽകുന്നത്. അതുകൊണ്ടുതന്നെ കഴിയുന്നിടത്തോളം കാലം പ്രണയിച്ച് കൊണ്ടിരിക്കുക എന്നതാണ് സന്തോഷത്തിന്റെ രഹസ്യമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു വിവാഹത്തിൽ പ്രണയം കുറഞ്ഞ ദിവസങ്ങൾ മാത്രമെ നിലനിൽക്കുകയുള്ളു. അതായത് 3 മുതൽ 5 ദിവസം വരെ. മിടുക്കരായ ആളുകൾ സ്‌നേഹിച്ചുകൊണ്ടോയിരിക്കും,  വിവാഹം കഴിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ധനുഷും ഐശ്വര്യയും സോഷ്യൽ മീഡിയയിലൂടെയാണ് വേർപിരിയൽ പ്രഖ്യാപിച്ചത്. സുഹൃത്തുക്കളായും ദമ്പതിമാരായും മാതാപിതാക്കളായും പരസ്പരം അഭ്യുദയകാംക്ഷികളായും 18 വർഷം ഒന്നിച്ചുജീവിച്ചു. ഈ യാത്രയിൽ വളർച്ചയും മനസ്സിലാക്കലും ഇണക്കങ്ങളും പൊരുത്തപ്പെടലുകളും ഉണ്ടായിരുന്നു. ഞങ്ങളുടെ വഴികൾ പിരിയുന്ന സ്ഥലത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്. ദമ്പതിമാർ എന്ന നിലയിൽ ഐശ്വര്യയും ഞാനും പിരിയുന്നതിനും സമയമെടുത്ത് വ്യക്തികളെന്ന നിലയിൽ ഞങ്ങളെ നന്നായി മനസ്സിലാക്കാനും തീരുമാനിച്ചുവെന്ന് ധനുഷ് ട്വിറ്ററിൽ കുറിച്ചു.
*** *** ***
ദാവോസ് ലോക ഇക്കണോമിക് ഉച്ചകോടിയിൽ  പ്രധാനമന്ത്രി നരേന്ദ്ര മോഡി  പ്രസംഗിക്കുന്നതിനിടെ ടെലിപ്രോംപ്റ്റർ  തകരാറിലായതിനെ തുടർന്ന് പ്രസംഗം കുറച്ച് നേരം നിർത്തിവെച്ചതിനെ പരിഹസിച്ച്്  രാഹുൽ ട്വീറ്റ് ചെയ്തു.  പ്രധാനമന്ത്രിയുടെ വീഡിയോ ട്വിറ്ററിൽ ട്രെന്റിങ്ങിൽ ഒന്നാമതെത്തിയിരുന്നു. ലോക ഇക്കണോമിക് ഉച്ചകോടിയുടെ ആദ്യ ദിവസമായ തിങ്കളാഴ്ചയാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രോംപ്റ്റർ പണിമുടക്കിയത്. ഇതേ തുടർന്ന് നരേന്ദ്ര മോഡി അഭിസംബോധന ചെയ്യുന്നതിനിടയിൽ പ്രസംഗം പാതിവഴിയിൽ നിർത്തേണ്ടി വന്നു. ഈ വീഡിയോ സഹിതമാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത്രധികം കള്ളങ്ങൾ പറയാൻ ടെലിപ്രോംപ്റ്ററിന് കഴിയില്ലെന്നായിരുന്നു രാഹുൽ ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.
2009ൽ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കപ്പെട്ട ഐറിഷ് പ്രധാനമന്ത്രി ബ്രയാൻ കോവൻ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചതാണ് ടെലിപ്രോംപ്റ്റർ അബദ്ധങ്ങളിൽ മുൻപരിചയമുള്ള ഒന്ന്. കോവൻ സംസാരിച്ചു തുടങ്ങിയപ്പോൾ സദസ്സിലാകെ ചിരി പൊട്ടി. തൊട്ടുമുമ്പ് ് സംസാരിച്ച ബരാക് ഒബാമയുടെ അതേ പ്രസംഗം തന്നെയാണ് അദ്ദേഹം  ആവർത്തിച്ചത്.  കുറച്ചു സെക്കന്റുകൾ കഴിഞ്ഞപ്പോൾ അയർലന്റ് പ്രധാനമന്ത്രിയ്ക്ക്് കാര്യം പിടികിട്ടി. വേദിയിലുണ്ടായിരുന്ന ഒബാമയെ നോക്കി അദ്ദേഹം പറഞ്ഞു: 'ദാറ്റ്‌സ് യുവർ സ്പീച്ച്...' സദസ്സിന്റെ ചിരി ഒന്നുകൂടി ഉച്ചത്തിലായി. മോഡിജിയ്ക്കും ഇതേ രീതിയിൽ മാനേജ് ചെയ്യാമായിരുന്നു. 
*** *** ***
സീ തമിഴ് ചാനലിലെ ജൂനിയർ സൂപ്പർ സ്റ്റാർ സീസൺ 4ൽ മത്സരാർത്ഥികളായ രണ്ടു കുട്ടികൾ അവതരിപ്പിച്ച പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ആക്ഷേപിക്കുന്നതായിരുന്നു എന്ന പരാതിയെ തുടർന്ന് കേന്ദ്ര വാർത്താ വിനിമയ വിതരണ മന്ത്രാലയം ചാനലിന് നോട്ടീസ് അയച്ചു. ബി.ജെ.പിയുടെ തമിഴ്‌നാട് ഐ.ടി ആൻഡ് സോഷ്യൽ മീഡിയ സെൽ സംസ്ഥാന പ്രസിഡന്റ് സി.ടി.ആർ നിർമൽ കുമാർ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ജനുവരി 15ന് സീ തമിഴ് ചാനലിൽ സംപ്രേഷണം ചെയ്ത ജൂനിയർ സൂപ്പർ സ്റ്റാർ സീസൺ 4 പരിപാടിക്ക് എതിരെയാണ് പരാതി. ഏഴു ദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. അല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. ബിജെപി നേതാവ് നൽകിയ പരാതിയും നോട്ടീസിന്റെ കൂടെ നൽകിയിട്ടുണ്ട്.
നോട്ട് നിരോധനം, പ്രധാനമന്ത്രിയുടെ വസ്ത്രധാരണം, വിദേശ യാത്രകൾ, ഓഹരി വിറ്റഴിക്കൽ തുടങ്ങിയ കാര്യങ്ങൾ പരിപാടിയിൽ പ്രതിപാദിച്ചിരുന്നു. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. തമിഴിലെ ഹാസ്യ താരം വടിവേലുവിന്റെ 'ഇംസൈ അരസൻ 23ാം പുലികേസി' എന്ന   സിനിമയിലെ കഥാപാത്രങ്ങളെ അനുകരിച്ചു കൊണ്ടായിരുന്നു അവതരണം. രണ്ട് മിനുറ്റ് നേരത്തെ ദൈർഘ്യമുള്ള പരിപാടിയാണ് കുട്ടികൾ അവതരിപ്പിച്ചത്.
വിഷയം ചൂണ്ടിക്കാട്ടി നിർമൽ കുമാർ നേരത്തെ ചാനൽ അധികൃതർക്കും കത്തയച്ചിരുന്നു. പരിപാടി വിവാദമായതോടെ സീ തമിഴിന്റെ വെബ്‌സൈറ്റിൽ നിന്ന് ഈ ഭാഗം നീക്കം ചെയ്യാമെന്നും പരിപാടി പുനഃസംപ്രേഷണം ചെയ്യില്ല എന്നും ചാനൽ അധികൃതർ ബിജെപി കേന്ദ്രങ്ങളെ അറിയിച്ചു.
വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ വാഹനാപകടം ഉണ്ടായ  നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വെസ്റ്റ് വിർജീനിയയിൽ ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകടമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. രാവിലെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്ന വനിതാ റിപ്പോർട്ടറെ പിന്നിൽ നിന്നെത്തിയ എസ്.യു.വി ഇടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവം മറു സ്‌ക്രീനിലെ അവതാരകൻ കണ്ട് ഞെട്ടിപ്പോവുകയും ലൈവിൽ വാക്കുകൾ കിട്ടാതാവുകയും ചെയ്തു. അപകടം സംഭവിച്ച് താഴെ വീണിട്ടും അവർ റിപ്പോർട്ടിങ്ങ് വീണ്ടും തുടർന്നു. 
എഴുന്നേറ്റയുടൻ വനിതാ മാധ്യമ പ്രവർത്തക തന്നെ ഒരു കാർ ഇടിച്ചുവെന്നും പക്ഷേ തനിക്ക് കുഴപ്പമില്ലെന്നും വീഡിയോയിൽ പറയുന്നുണ്ട്.  വെസ്റ്റ് വിർജീനിയയിൽനിന്നുള്ള ടോറി യോർജിയായിരുന്നു റിപ്പോർട്ടർ. ജനുവരി 19നാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ക്ലിപ്പ് ട്വിറ്ററിൽ ഉപയോക്താക്കൾ പങ്കിടുകയും പെട്ടെന്ന് വൈറലാകുകയും ചെയ്തു.  നിരവധി പേരാണ് കുറഞ്ഞ സമയത്തിനുള്ളിൽ വീഡിയോ കണ്ടത്. ധാരാളം പേർ ഷെയർ ചെയ്യുകയും ചെയ്തു. റിപ്പോർട്ടിംഗ് അപകടം പിടിച്ച പണിയാണെന്നതിൽ സംശയമില്ല. കായംകുളം നിയമസഭാ തെരഞ്ഞെടുപ്പ്് ഫലം സംബന്ധിച്ച റിപ്പോർട്ടിംഗിൽ മനോരമയ്ക്ക് ഒരു  അബദ്ധം പിണഞ്ഞു. 
തോറ്റ ആൾ ജയിച്ചുവെന്ന രീതിയിൽ അവർ വാർത്ത കൊടുത്തു. ഹോട്ട് ഡോഗ് വിഴുങ്ങിയ സായിപ്പിന്റെ ഫാൻസ് സൈബർ ആക്രമണവും തുടങ്ങി. കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥിയുമായി അഭിമുഖം നടത്തിയ ഏഷ്യാനെറ്റിലെ വനിതാ മാധ്യമ പ്രവർത്തകയ്ക്ക് നേരെയും മിസൈലുകൾ തൊടുത്തു വിട്ട് നിർവൃതി അടയുകയാണ് സൈബർ ഫാൻസ്. ഏതെങ്കിലും ചാനലിലോ പത്രത്തിലോ ജേണലിസ്റ്റിന് സ്വന്തമായി തീരുമാനമെടുത്ത് അഭിമുഖം നടത്താനാവുമോ? കേരളം സാവകാശം വടക്കൻ കൊറിയയായി മാറുകയാണോ? ചാനൽ റേറ്റിംഗ് സംവിധാനം പുനഃസ്ഥാപിച്ച ശേഷം ആദ്യ നേട്ടത്തിന്റെ തിളക്കത്തിലാണ് റിപ്പോർട്ടർ ടി.വി. കാരണഭൂതൻ ദിലീപ് എന്ന ശീർഷകത്തിൽ അവരുടെ ഫേസ്ബുക്ക് പേജിൽ ഇക്കാര്യം വിളംബരം ചെയ്തിട്ടുണ്ട്

Latest News