Sorry, you need to enable JavaScript to visit this website.
Saturday , May   21, 2022
Saturday , May   21, 2022

അക്ഷരപുണ്യം

കൈയെഴുത്തിലൂടെ അക്ഷരങ്ങൾക്ക് ജീവൻ പകരുകയാണ് ആർട്ടിസ്റ്റ് നാരായണ ഭട്ടതിരി. വെറും വാക്കും വരയും മാത്രമല്ല, ലക്ഷണമൊത്ത കലാരൂപങ്ങളാക്കി അവയ്ക്ക് വികാരവിചാരങ്ങൾ കൂടി പകർന്നുനൽകുകയാണ് അദ്ദേഹം. കലിഗ്രഫി എന്ന വാക്കിന്റെ അർഥം ഭംഗിയുള്ള കൈപ്പട എന്നാണ്. മലയാളത്തിൽ അപൂർവ്വമായ കലിഗ്രഫി എന്ന കലയിലൂടെ ലോകപ്രശസ്തനായ കലാകാരനാണ് ഭട്ടതിരി. മലയാളത്തിൽ ആദ്യമായി സ്വന്തം പേരിനൊപ്പം കലിഗ്രാഫർ എന്നു ചേർക്കുന്നതും ഇദ്ദേഹമാണ്.

കഴിഞ്ഞ നാലു പതിറ്റാണ്ടുകാലമായി കയ്യെഴുത്തിന്റെ വിശാലമായ ലോകത്ത് തന്റെ തൂലിക ചലിപ്പിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. നോവലുകൾക്കും കഥകൾക്കും കവിതകൾക്കും സിനിമകൾക്കുമെല്ലാം തലക്കെട്ടുകളായി അവ രൂപം പ്രാപിക്കുന്നു. അക്ഷരങ്ങളെ സ്വന്തം മക്കളെപ്പോലെയാണ് അദ്ദേഹം കാണുന്നത്. ആ സ്‌നേഹവും കരുതലുമാണ് അദ്ദേഹത്തിന്റെ ഓരോ രചനയും വ്യത്യസ്തമാക്കുന്നത്. ദേശീയ കയ്യെഴുത്തുദിനമാണ്് ജനുവരി ഇരുപത്തിമൂന്ന്. ആ ദിനത്തിന്റെ പ്രത്യേകത ഉൾക്കൊണ്ടാണ് അദ്ദേഹവുമായി സംസാരിച്ചത്.

കലിഗ്രഫിയിലേക്കുള്ള ചുവടുവയ്പ്
സ്‌കൂൾ പഠനകാലംതൊട്ടേ വൃത്തിയായി എഴുതുമായിരുന്നു. അന്നൊന്നും കലിഗ്രഫിയെക്കുറിച്ച് അറിയുമായിരുന്നില്ല. എങ്കിലും എഴുത്ത് തുടർന്നു. സുഹൃത്തുക്കൾപോലും അവരുടെ പേരുകൾ എന്നെക്കൊണ്ട് എഴുതിക്കുമായിരുന്നു. കോളേജ് പഠനത്തിനുശേഷം തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജിൽ ചേർന്നതോടെയാണ് ചിത്രരചനയ്‌ക്കൊപ്പം എഴുത്തിലും ശ്രദ്ധ പതിപ്പിച്ചുതുടങ്ങിയത്. 
പഠനാനന്തരം കലാകൗമുദി ആഴ്ചപ്പതിപ്പിൽ ജോലി ലഭിച്ചതിനുശേഷമാണ് എഴുത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുതുടങ്ങിയത്. കലിഗ്രാഫറായിട്ടായിരുന്നു അവിടെ ജോയിൻ ചെയ്തത്. വ്യത്യസ്ത രീതിയിൽ നിരന്തരമെഴുതിത്തുടങ്ങിയപ്പോൾ കൂടുതൽ താല്പര്യം തോന്നിത്തുടങ്ങി. ആഴ്ചതോറും പലതരത്തിലുള്ള തലക്കെട്ടുകൾ ആവർത്തനവിരസതയില്ലാത്ത രീതിയിൽ എഴുതിക്കൊണ്ടിരുന്നു. വളരെ ഇഷ്ടത്തോടെയായിരുന്നു അങ്ങനെ ചെയ്തത്. 
അന്നൊന്നും ആരുമത് ശ്രദ്ധിക്കുന്നതായി തോന്നിയില്ല. വർഷങ്ങൾക്കുശേഷം ഒരു എക്‌സിബിഷൻ സംഘടിപ്പിച്ചപ്പോൾ ഈ തലക്കെട്ടുകൾകണ്ട് പലരും പറഞ്ഞത് ഞങ്ങൾ അന്നേ ശ്രദ്ധിച്ചിരുന്നു എന്നാണ്. ചിലരെല്ലാം അത് വെട്ടിയെടുത്ത് സൂക്ഷിച്ചുവെച്ചിരുന്നു. ഏറെ സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. ഇത്തരം പരിഗണനകളാണ് വീണ്ടും ഇത്തരം പ്രവൃത്തികൾ ചെയ്യാൻ പ്രോത്സാഹനം നൽകുന്നത്. പിന്നീട് മലയാളം വാരികയിലും ഒട്ടേറെ കഥകൾക്കും നോവലുകൾക്കും വ്യത്യസ്തമായ തലക്കെട്ടുകളൊരുക്കി.

കലിഗ്രഫിയുടെ പ്രസക്തി
കലിഗ്രഫി എന്നും പ്രസക്തിയുള്ള കലയാണ്. സാങ്കേതികമായി പുരോഗമിച്ചതുകൊണ്ട് കലിഗ്രഫിക്ക് ഗുണമേറെയാണ്. കേവലം കൈപ്പട എന്നതിൽനിന്നും കലിഗ്രഫി വളരെയേറെ വളർന്ന് ഒരു കലാരൂപമായി മാറിക്കഴിഞ്ഞിരിക്കുന്നു. മലയാളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യയിൽ ആകെത്തന്നെ കലിഗ്രഫി വളരെ ശുഷ്‌കമാണ്. എങ്കിലും പുതുതലമുറ ഇതിലേയ്ക്ക് ആകൃഷ്ടരായി വരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്നും ഈ കലാരൂപത്തിന് പ്രസക്തിയുണ്ട്.

ഈ രംഗത്തെ നേട്ടങ്ങൾ
നിരവധി കവിതകളും കഥകളും മാത്രമല്ല, നോവലുകളും കലിഗ്രഫി പരമ്പരയാക്കിയിട്ടുണ്ട്. ആദ്യമായി കലിഗ്രഫി പരമ്പരയാക്കിയ നോവൽ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസമായിരുന്നു. ചലച്ചിത്ര സംവിധായകനായ വിനോദ് മങ്കരയും തസറാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിന്റെ ചുമതലക്കാരനായ ടി.ആർ. അജയനുമാണ് അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചത്. പരമ്പര പൂർത്തിയായപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. പൂന്താനത്തിന്റെ ജ്ഞാനപ്പാനയും കലിഗ്രഫി പരമ്പരയാക്കിയിട്ടുണ്ട്.

കലിഗ്രഫിയുടെ ശക്തി
കേരളത്തിൽ സംസാരഭാഷയിൽ വ്യത്യാസമുള്ളതുപോലെ കയ്യെഴുത്തിലും വ്യത്യാസമുണ്ട്. പ്രത്യക്ഷമായ വ്യത്യാസമുള്ളത് വടക്കൻ കേരളത്തിലാണ്. ഓരോ സ്ഥലത്തെയും ആളുകളുടെ കൈയക്ഷരം കണ്ടാൽ അത് ഇന്ന സ്ഥലത്തെ കൈയക്ഷരമാണെന്നു മനസ്സിലാക്കാനാവും. എന്നാൽ കമ്പ്യൂട്ടറിന്റെ വരവോടെ അതില്ലാതായിരിക്കുകയാണ്. 
ഒരേ ഫോണ്ടിലുള്ള അക്ഷരമാണ് കണ്ണൂരും തിരുവനന്തപുരത്തും ഉപയോഗിക്കുന്നത്. ഭാഷയ്ക്ക് പ്രാദേശികമായ സൗന്ദര്യം നഷ്ടപ്പെടുകയാണവിടെ. അവിടെയാണ് കലിഗ്രഫിയുടെ പ്രസക്തിയേറുന്നത്. ആ സൗന്ദര്യം തിരിച്ചുകൊണ്ടുവരണം. പരമ്പരാഗത രീതികൾ അതേപോലെ നിലനിർത്താൻ നമുക്ക് കഴിയണം.
നാഷണൽ കലിഗ്രഫി ഫെസ്റ്റിവൽ രണ്ടുവർഷം മുൻപ് നടന്നിരുന്നു. പിന്നീട്  കോവിഡിന്റെ അതിപ്രസരംമൂലം മുടങ്ങിപ്പോവുകയായിരുന്നു. അടുത്തവർഷം വീണ്ടും ആരംഭിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പുതിയ തലമുറ വളരെ താൽപര്യപൂർവ്വം ഈ രംഗത്തേയ്ക്ക് കടന്നുവരുന്നുണ്ട് എന്നത് ശുഭസൂചകമാണ്. പത്രദൃശ്യമാധ്യമങ്ങളും മികച്ച പിന്തുണയാണ് നൽകുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളിലേയ്ക്കിറങ്ങിച്ചെല്ലാൻ ഈ കലാരൂപത്തിന് കഴിയുന്നുണ്ട്. 
ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ കേരളത്തിൽ നടന്ന കലിഗ്രഫി ഫെസ്റ്റിവലിലും നല്ല സ്വീകാര്യതയാണ് ലഭിച്ചത്. കൂടാതെ കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ വർക്ക് ഷോപ്പുകളും നടത്തിയിട്ടുണ്ട്. ഓൺലൈൻ മാധ്യമങ്ങളിലൂടെയുള്ള ശിൽപശാലകളോട്് വലിയ താൽപര്യമില്ലെങ്കിലും കലിഗ്രഫിയുടെ പ്രചാരണത്തിനായി എന്നാലാവുന്നതു ചെയ്യുക എന്നതാണ് ലക്ഷ്യം.


 
കലിഗ്രഫി രംഗത്തെ വെല്ലുവിളികൾ
നൂറു ശതമാനം സാക്ഷരതയുള്ള കേരളത്തിൽ കലിഗ്രഫിക്ക് വേണ്ടത്ര പ്രചാരം ലഭിക്കുന്നില്ല എന്നതാണ് വിഷമിപ്പിക്കുന്ന കാര്യം. അധികാരികൾക്കുപോലും ഇതിനെക്കുറിച്ചുള്ള ധാരണ കുറവാണ് എന്നതാണ് സത്യം. വളരെ ന്യൂനപക്ഷം മാത്രമേ കലിഗ്രഫി എന്ന വാക്കു പോലും കേട്ടിട്ടുള്ളു. കൊച്ചുകുട്ടികൾ പോലും ചോദിക്കുന്നത് ഭാവിയിൽ കലിഗ്രഫിക്ക് എന്തു സ്‌കോപ്പാണുള്ളത് എന്നാണ്. പുതുതലമുറ എന്തു പഠനത്തിലൂടെയും ലക്ഷ്യം വയ്ക്കുന്നത് ജോലി നേടുക എന്നതിനാണ്.
കേരളത്തിലെ നാല്് ഫൈൻ ആർട്‌സ് കോളേജുകളിലും ഇംഗ്ലീഷിലാണ് കലിഗ്രഫി പഠിപ്പിക്കുന്നത്. കലിഗ്രഫി വായിക്കാനുള്ളതല്ല. അത്് കാണാനുള്ളതാണ്. ഇന്ത്യയിലെ എല്ലാ കോളേജുകളിലും ഇംഗ്ലീഷ് കലിഗ്രഫിയാണ് അഭ്യസിപ്പിക്കുന്നത്. എന്നാൽ അറബി നാട്ടിൽ അറബി കലിഗ്രഫിയും ചൈനയിൽ ചൈനീസ് കലിഗ്രഫിയുമാണ് പഠിപ്പിക്കുന്നത്. ഇവിടെ എന്തിനാണ് ഇംഗ്ലീഷ്  കലിഗ്രഫി പഠിപ്പിക്കുന്നതെന്ന് എനിക്കറിയില്ല. ഓരോ നാട്ടിലും ആ നാട്ടിലെ ഭാഷയിലല്ലേ കലിഗ്രഫി പഠിപ്പിക്കേണ്ടത്.
പുതിയ കലാകാരന്മാർ ഈ രംഗത്തേയ്ക്കു കൂടി കടന്നുവരണമെന്നാണ് ആഗ്രഹിക്കുന്നത്. കമ്പ്യൂട്ടറിനെ ആശ്രയിക്കാതെ പേനയും മഷിയും ഉപയോഗിച്ച് കലിഗ്രഫി ചെയ്യണം. കൈയക്ഷരം നന്നാകുന്നതിന് ഫൗണ്ടൻ പേനയും മഷിയും ഉപയോഗിച്ച് എഴുതുകയാണ് അഭികാമ്യം.

അംഗീകാരങ്ങൾ
കലിഗ്രഫിയിൽ ജീവിതം സമർപ്പിച്ചതിലൂടെ ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. പലതും അന്യനാട്ടിൽനിന്നാണെന്നു മാത്രം. ഈയിടെ സൗത്ത് കൊറിയയിലെ കൊറിയൻ ആർട്ട് മ്യൂസിയത്തിൽ നടന്ന പതിനെട്ടാമത് ചിയോങ്ജു ജിക്ജി അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലിലും പുരസ്‌കാരം ലഭിച്ചിരുന്നു. കലിഗ്രഫിയുടെ സാംസ്‌കാരികവും കലാപരവുമായ പൈതൃകത്തെക്കുറിച്ച് പുതിയ തലമുറയെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കലിഗ്രഫി ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. വിദേശീയരായ കലിഗ്രഫർമാർക്കുപുറമെ നാൽപതോളം ഇന്ത്യൻ കലിഗ്രാഫർമാരുടെ എഴുപത്തൊന്ന് രചനകളാണ് മത്സരത്തിൽ മാറ്റുരയ്ക്കാനുണ്ടായിരുന്നത്. ക്യാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. ശാന്തി, ഐക്യം, സ്‌നേഹം എന്നീ വിഷയങ്ങളായിരുന്നു മത്സരത്തിന് അടിസ്്ഥാനമാക്കിയിരുന്നത്.

കുടുംബത്തിന്റെ പിന്തുണ
ഭാര്യ മിനി ഭട്ടതിരിയുടെയും മക്കളായ അപ്പു ഭട്ടതിരിയുടെയും രാമു ഭട്ടതിരിയുടെയും പിന്തുണയാണ്  ഈ രംഗത്തു നിലനിർത്തുന്നത്.  നിഴൽ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ അപ്പു ഭട്ടതിരി പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. രാമു ഭട്ടതിരി ലണ്ടനിൽ ഐ.ടി. കമ്പനിയിൽ ജോലി നോക്കുന്നു.

Latest News