1938 ഫ്രാൻസ്, ജൂൺ 4-19, 1938
രണ്ടാം ലോക മഹായുദ്ധത്തിലേക്ക് ലോകം നടന്നടുക്കുന്ന ആശങ്കാകുലമായ നാളുകളിലാണ് മൂന്നാം ലോകകപ്പ് അരങ്ങേറുന്നത്. വെളുപ്പിന്റെ വിശുദ്ധി വിളിച്ചോതാൻ ബെർലിൻ ഒളിംപിക്‌സിനെ വേദിയാക്കാൻ ശ്രമിച്ച അഡോൾഫ് ഹിറ്റ്‌ലർ കറുപ്പിന്റെ കരുത്തുമായി വന്ന ജെസി ഓവൻസിനു മുന്നിൽ പരാജയപ്പെട്ട് രണ്ടു വർഷം പിന്നിടും മുമ്പായിരുന്നു ഫ്രാൻസിൽ ലോകകപ്പിന് തിരശ്ശീല ഉയർന്നത്. ബെർലിൻ ഒളിംപിക്‌സിനിടെയാണ് ഫ്രാൻസിൽ ലോകകപ്പ് നടത്താൻ ഫിഫ തീരുമാനിച്ചത്. ജർമനിക്കും ഇറ്റലിക്കുമെതിരെ ഫ്രാൻസിൽ രോഷം അലയടിക്കുകയായിരുന്നു. ഇറ്റാലിയൻ ടീം എത്തിയപ്പോൾ ജനക്കൂട്ടത്തിൽ നിന്ന് അവരെ രക്ഷിക്കാൻ റയട് പോലീസിന് ഇറങ്ങേണ്ടി വന്നു.
എല്ലാ കളികളിലും കാണികൾ ഇറ്റലിക്കെതിരായിരുന്നു. നിരന്തരമായ പ്രതിഷേധങ്ങൾക്കിടയിലാണ് അവർ ജയിച്ചു കയറിയത്. ഹംഗറിയായിരുന്നു അക്കാലത്തെ മികച്ച ടീം. ബ്രസീൽ ബ്രസീലായിക്കഴിഞ്ഞിരുന്നു. അനർഗളമായി ഒഴുകുന്ന ആക്രമണ ശൈലി പുറത്തെടുത്ത അവരെ തടുത്തു നിർത്താനാവില്ലെന്നു തോന്നി. ആദ്യ രണ്ട് ലോകകപ്പുകളുടെ കാലത്ത് ദുർബലമായിരുന്ന ജർമനി കരുത്തു കാട്ടിത്തുടങ്ങിയിരുന്നു. ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ഫ്രാൻസിനെയും സെമി ഫൈനലിൽ ബ്രസീലിനെയും ഫൈനലിൽ ഹംഗറിയെയും തോൽപിച്ചാണ് ഇറ്റലി കിരീടം നേടിയതെങ്കിൽ അത് അവർ അർഹിച്ചതു തന്നെയായിരുന്നു.
മുപ്പതുകളുടെ തുടക്കത്തിൽ ഏറ്റവും മികച്ച ടീം ഓസ്ട്രിയയായിരുന്നു. വണ്ടർ ടീം എന്നാണ് അവർ അറിയപ്പെട്ടത്. എന്നാൽ 1938 ലെ ലോകകപ്പാവുമ്പോഴേക്കും ഓസ്ട്രിയ എന്ന രാജ്യം തന്നെ ഇല്ലാതായി. ഹിറ്റ്‌ലറുടെ ജർമനി അവരെ വിഴുങ്ങിക്കഴിഞ്ഞിരുന്നു. ഹിറ്റ്‌ലർ ജനിച്ചത് ഓസ്ട്രിയയിലായിരുന്നുവല്ലോ? വണ്ടർ ടീമിനെ പിരിച്ചുവിടും മുമ്പ് ഓസ്ട്രിയയും ജർമനിയുമായി ഒരു മത്സരം നടത്തി. മതിയാസ് സിൻഡ്‌ലർ ആ കളിയിൽ ഓസ്ട്രിയയെ 2-0 ത്തിന് വിജയത്തിലേക്ക് നയിച്ചു.
16 ടീമുകളാണ് പങ്കെടുക്കേണ്ടിയിരുന്നത്. ജർമനിയുടെ സൈനിക ബൂട്ടുകൾ ഓസ്ട്രിയയെ ചവിട്ടിയരച്ചതോടെ അവരുടെ 'വണ്ടർ ടീം' ഇല്ലാതായി. അതോടെ ടീമുകളുടെ എണ്ണം പതിനഞ്ചായി ചുരുങ്ങി. ഓസ്ട്രിയൻ കളിക്കാരിൽ ചിലരെ ജർമൻ ടീമിലുൾപ്പെടുത്തി. ആഭ്യന്തര യുദ്ധത്തിന്റെ തീക്കനലിലെരിഞ്ഞ സ്‌പെയിനിനും കളിക്കാനുള്ള സമയമായിരുന്നില്ല അത്. ഫാസിസ്റ്റുകളുടെ കറുത്ത കുപ്പായമിട്ടാണ് ഇറ്റലി കളിച്ചത്. ഇംഗ്ലണ്ട് പതിവുപോലെ ഫിഫയുമായി വഴക്കിലായിരുന്നു. 1934 ൽ യൂറോപ്പിന്റെ ഊഴം കഴിഞ്ഞ് തങ്ങളെ പരിഗണിക്കാതിരുന്നതിൽ ലാറ്റിനമേരിക്ക കോപിച്ചു. ബ്രസീലാണ് മേഖലയിൽനിന്ന് പങ്കെടുത്ത ഏക ടീം.
എന്നാൽ ആദ്യമായി ഏഷ്യയിൽനിന്ന് ഒരു പ്രതിനിധി ഉണ്ടായി. ഡച്ച് ഈസ്റ്റിൻഡീസാണ് പങ്കെടുത്തത്, ഇന്നത്തെ ഇന്തോനേഷ്യ. ആദ്യ റൗണ്ടിൽ ഹംഗറിയോട് 6-0 ത്തിന് തോറ്റ് അവർ വന്ന വഴി മടങ്ങി.
ബ്രസീൽ-പോളണ്ട് ആദ്യ റൗണ്ട് പോരാട്ടം മികച്ച ലോകകപ്പ് മത്സരങ്ങളിലൊന്നായി. 1-3 ന് പിന്നിലായ പോളണ്ടിനെ ഏണസ്റ്റ് വിലിമോവ്‌സ്‌കി 3-3 ലെത്തിക്കുകയും വീണ്ടും ഗോളടിച്ച് കളി എക്‌സ്ട്രാ ടൈമിലേക്ക് നീട്ടുകയും ചെയ്തു. പക്ഷേ പോളണ്ട് 5-6 ന് തോറ്റു. ഒരു കളിയിൽ നാലു ഗോളടിക്കുന്ന ആദ്യ കളിക്കാരനായി എന്ന ലോകകപ്പ് ചരിത്രത്തിന്റെ അടിക്കുറിപ്പ് മാത്രമായി വിലിമോവ്‌സ്‌കിയുടെ നേട്ടം.
ആതിഥേയ ടീമിനും നിലവിലെ ചാമ്പ്യന്മാർക്കും നേരിട്ട് ഫൈനൽ റൗണ്ട് സ്ഥാനം ലഭിച്ച ആദ്യ ലോകകപ്പായിരുന്നു ഇത്. അക്കമുള്ള ജഴ്‌സികളുടെ രംഗപ്രവേശവും ഈ ലോകകപ്പിലായിരുന്നു. നോർവേയോട് ആദ്യ റൗണ്ടിൽ തലനാരിഴക്ക് എക്‌സ്ട്രാ ടൈമിൽ രക്ഷപ്പെടേണ്ടി വന്നെങ്കിലും വീണ്ടും ഇറ്റലിയുടെ കുതിപ്പാണ് കണ്ടത്. ബ്രസീലിനെ അവർ സെമിയിൽ 2-1 ന് തോൽപിച്ചു. ഫൈനലിൽ ഹംഗറിയെ 4-2 ന് തകർത്ത് തുടർച്ചയായ രണ്ടാം തവണയും കിരീടമുയർത്തി. വിറ്റോറിയൊ പോസൊ തുടർച്ചയായി രണ്ടു തവണ ഒരു ടീമിന് ലോകകപ്പ് നേടിക്കൊടുക്കുന്ന ഏക കോച്ചായി.
ഇറ്റലിയെ ജയിക്കാൻ അനുവദിക്കുകയായിരുന്നുവെന്നാണ് ഹംഗറിക്കാർ, പ്രത്യേകിച്ച് ഗോളി അന്റാൽ സാബൊ പറഞ്ഞത്. ജയിക്കുക, അല്ലെങ്കിൽ മരിക്കുക എന്ന് ഫൈനലിനു മുമ്പ് മുസോളിനിയിൽനിന്ന് ഇറ്റാലിയൻ ടീമിന് സന്ദേശമുണ്ടായിരുന്നു. 'ഞാൻ നാലു ഗോൾ വിട്ടിട്ടുണ്ടാവാം, പക്ഷേ ഇറ്റാലിയൻ കളിക്കാരുടെ ജീവൻ രക്ഷിച്ചു' -സാബൊ പറഞ്ഞു. എന്നാൽ മുസോളിനിയുടേത് പതിവ് ആശംസ മാത്രമായിരുന്നുവെന്നും അത് ഭീഷണിയായി ഹംഗറിക്കാർ പരാജയത്തിന് ന്യായീകരണമായി ഉന്നയിക്കുകയായിരുന്നുവെന്നും കരുതുന്നതാണ് ബുദ്ധി.
ഇറ്റാലിയൻ നായകൻ ഗ്വിസപ്പ് മിയാസയായിരുന്നു ടൂർണമെന്റിന്റെ താരം. ബൈസിക്കിൾ കിക്കുകളുടെ ഉപജ്ഞാതാവായി അറിയപ്പെടുന്ന ബ്രസീലിന്റെ കറുത്ത രത്‌നം ലിയനിഡാസ് ഡാസിൽവ ഏഴു ഗോളടിച്ച് ടോപ്‌സ്‌കോററായി. അതിൽ മൂന്നും പോളണ്ടിനെതിരായ ത്രസിപ്പിക്കുന്ന 6-5 വിജയത്തിലായിരുന്നു. പല ബ്രസീലുകാരും ലിയനിഡാസിനെ പെലെയോടൊപ്പമാണ് കാണുന്നത്. ബൈസികിൾ കിക്കിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്ന ലിയനിഡാസ് റബർ മനുഷ്യൻ എന്നാണ് അറിയപ്പെട്ടിരുന്നത്.
ആതിഥേയരും നിലവിലെ ചാമ്പ്യന്മാരും യോഗ്യതാ റൗണ്ട് കളിക്കാതെ ഫൈനൽ റൗണ്ടിനെത്തിയ ആദ്യ ലോകകപ്പായിരുന്നു ഫ്രാൻസിലേത്. 2006 വരെ ഈ പതിവ് തുടർന്നു. 2010 മുതൽ നിലവിലെ ചാമ്പ്യന്മാരും യോഗ്യതാ റൗണ്ട് കളിക്കണമെന്ന് ഫിഫ തീരുമാനിച്ചു.
ഗ്രൂപ്പ് ഘട്ടമില്ലാത്ത അവസാന ലോകകപ്പായിരുന്നു അത്. നോക്കൗട്ടിലൂടെ ക്വാർട്ടർ ഫൈനലിസ്റ്റുകളെ നിർണയിക്കുകയായിരുന്നു. ക്വാർട്ടർ ഫൈനലിസ്റ്റുകളെ നിർണയിക്കാനുള്ള അഞ്ചു മത്സരങ്ങളും എക്‌സ്ട്രാ ടൈമിലാണ് വിധിയായത്. ജർമനിയെ സ്വിറ്റ്‌സർലന്റ് അട്ടിമറിച്ചു, റുമാനിയയെ ക്യൂബയും. ഓസ്ട്രിയയുമായി മത്സരിക്കേണ്ടിയിരുന്ന സ്വീഡൻ നേരിട്ട് ക്വാർട്ടറിലെത്തി. ക്വാർട്ടറിൽ ഫ്രാൻസിനെ ഇറ്റലി കീഴടക്കി. ചെക്കൊസ്ലൊവാക്യ-ബ്രസീൽ മത്സരം കൈയാങ്കളിയുടെ പൊടിപൂരമായിരുന്നു. മൂന്നുപേർ ചുവപ്പ് കാർഡ് കണ്ടു. എക്‌സ്ട്രാ ടൈമിലും വിധിയായില്ല. പരിക്കേറ്റ ഓൽഡ്രിച് നെജദ്‌ലിയും ഫ്രാന്റിസെക് പ്ലാനിക്കയുമില്ലാതെ കളിച്ച ചെക്കുകാർ റീപ്ലേയിൽ തോറ്റു. സെമിയിൽ സ്വീഡനെ 5-1 ന് ഹംഗറി നിലംപരിശാക്കി. ബ്രസീൽ ലിയനിഡാസിനും സഹ സ്‌ട്രൈക്കർ ടിമ്മിനും വിശ്രമം നൽകിയാണ് സെമിയിൽ ഇറ്റലിയെ നേരിട്ടത്. പക്ഷേ ഇറ്റലി 2-1 ന് അട്ടിമറി ജയം നേടി. സ്വീഡനെ 4-2 ന് തോൽപിച്ച് ബ്രസീലിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ടീമുകൾ: 15, മത്സരങ്ങൾ: 18
ആതിഥേയർ: ഫ്രാൻസ്,
ചാമ്പ്യന്മാർ: ഇറ്റലി
ടോപ്‌സ്‌കോറർ: ലിയനിഡാസ് (ബ്രസീൽ, 7)
യോഗ്യതാ റൗണ്ടിൽ പങ്കെടുത്ത ടീമുകൾ: 37
പ്രധാന അസാന്നിധ്യം: അർജന്റീന, ഇംഗ്ലണ്ട്, സ്‌പെയിൻ, ഉറുഗ്വായ്
അമ്പരപ്പിച്ച ടീമുകൾ: ഡച്ച് ഈസ്റ്റിൻഡീസ് (ഇന്തോനേഷ്യ), ക്യൂബ
കണക്ക്: ആകെ 84 ഗോളുകൾ (ശരാശരി 4.67), കൂടുതൽ ഗോളടിച്ചത് ഹംഗറി (15).
മത്സര രീതി: നോക്കൗട്ട്, സമനിലയായാൽ വീണ്ടും കളി.
കപ്പിലെ കൗതുകം
-1938 നു ശേഷം 12 വർഷത്തോളം ലോകകപ്പ് നടന്നില്ല. രണ്ടാം ലോക യുദ്ധത്തിനിടെ ലോകകപ്പ് എതിർ സൈന്യത്തിന്റെ കൈയിലെത്താതിരിക്കാൻ ഫിഫയുടെ ഇറ്റലിക്കാരനായ വൈസ് പ്രസിഡന്റ് ഡോ. ഒറ്റോറിനൊ ബരാസി തന്റെ കിടക്കക്കടിയിൽ ഷൂ ബോക്‌സിൽ അത് ഒളിച്ചുവെക്കുകയായിരുന്നു.
-പശ്ചിമ ജർമനിക്കെതിരായ കളിയിൽ സ്വന്തം പോസ്റ്റിൽ നിറയൊഴിച്ച സ്വിറ്റ്‌സർലന്റിന്റെ ഏൺസ്റ്റ് ലോർഷർ സെൽഫ് ഗോളടിച്ച ആദ്യ കളിക്കാരനായി.
-ഓസ്ട്രിയയുടെ മതിയാസ് സിൻഡ്‌ലർ അറിയപ്പെട്ടത് പെയ്പ്പർ മാൻ എന്നാണ്. പേപ്പർ പോലെ നേർത്തതായിരുന്നു അദ്ദേഹത്തിന്റെ കാലുകൾ. ലോകകപ്പിനു മുമ്പ് സംഘടിപ്പിച്ച ഓസ്ട്രിയ-ജർമനി സൗഹൃദ മത്സരത്തിൽ ഗോളടിച്ച സിൻഡ്‌ലർ നാസി പ്രതിനിധികൾക്കു മുന്നിൽ ഭ്രാന്തമായി വിജയം ആഘോഷിച്ചു. ലോകകപ്പിൽ ജർമനിക്കു വേണ്ടി കളിക്കാനും സിൻഡ്‌ലർ വിസമ്മതിച്ചു. അടുത്ത വർഷം സിൻഡ്‌ലറും കാമുകിയും മരിച്ചു കിടക്കുന്നതായി കാണപ്പെട്ടു. നാസികൾ കൊലപ്പെടുത്തിയതാണെന്ന് ആരോപണമുയർന്നെങ്കിലും അത് സ്ഥിരീകരിക്കാനായില്ല.
-1938 ലെ ലോകകപ്പിൽ കളിച്ച 15 ടീമുകളിൽ മൂന്നു പേർ മാത്രമാണ് സ്വന്തം നാടിനു പുറത്ത് ക്ലബ് ഫുട്‌ബോൾ കളിച്ചിരുന്നത്. അതിലൊരാൾ സ്വിറ്റ്‌സർലന്റിന്റെ ട്രെലൊ അബഗ്‌ലനാണ്. 1937 വരെ സ്വിറ്റ്‌സർലന്റിനു കളിച്ച മാക്‌സ് അബഗ്‌ലന്റെ സഹോദരനാണ് ട്രെലൊ. ട്രെലൊ 1944 ൽ മുപ്പത്തഞ്ചാം വയസ്സിൽ ട്രെയിനപകടത്തിൽ മരിക്കുകയായിരുന്നു.
-ക്യൂബക്കെതിരായ മത്സരത്തിൽ സ്വീഡൻ 8-0 ത്തിന് ജയിച്ചു. ഗുസ്താവ് വെറ്റർസ്‌ട്രോമും അരങ്ങേറ്റത്തിൽ ഹാരി ആൻഡേഴ്‌സനും ഹാട്രിക് നേടി. ആദ്യമായാണ് ഒരു ലോകകപ്പ് മത്സരത്തിൽ രണ്ടു പേർ ഹാട്രിക് അടിച്ചത്.
-ഫ്രാൻസിന്റെ ടീമിൽ ഓസ്‌കർ ഹെയ്‌സറർ എന്ന കളിക്കാരനുണ്ടായിരുന്നു. ജർമൻ ടീമിൽ ചേരാൻ ഹെയ്‌സറർക്കു മേൽ കനത്ത സമ്മർദമുണ്ടായി. അദ്ദേഹം ചെറുത്തു നിന്നു. പിൽക്കാലത്ത് ഫ്രഞ്ച് നായകനായി. അതേസമയം 1930 ലെ ലോകകപ്പിൽ ഫ്രഞ്ച് നായകനായിരുന്ന അലക്‌സ് വില്ലാപ്ലെയ്ൻ നാസികളുമായി സഹകരിച്ചിരുന്നു. 10 പേരുടെ മരണത്തിലെങ്കിലും നേരിട്ട് പങ്കുണ്ടായിരുന്ന വില്ലാപ്ലെയ്‌നിനെ രണ്ടാം ലോക യുദ്ധകാലത്ത് വെടിവെച്ചു കൊല്ലുകയായിരുന്നു.
-മുപ്പതുകളിൽ ബെൽജിയത്തിന്റെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു റെയ്മണ്ട് ബ്രെയ്ൻ. അക്കാലത്ത് കഫെ ഉടമകളെ ബെൽജിയൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. അദ്ദേഹം ചെക്കോസ്ലൊവാക്യയിൽ ക്ലബ് ഫുട്‌ബോളറായി പേരെടുത്തു. അവരുടെ ദേശീയ ടീമിൽ ചേരാനുള്ള ക്ഷണം നിരസിച്ച് ബെൽജിയത്തിൽ തിരിച്ചെത്തുകയും 1938 ലെ ലോകകപ്പിൽ കളിക്കുകയും ചെയ്തു.
-ബ്രസീൽ ഗോൾകീപ്പറുടെ പേര് അൽഗിസ്റ്റൊ ലോറൻസാറ്റൊ എന്നായിരുന്നു. എന്നാൽ അറിയപ്പെട്ടത് ബടാട്ടായിസ് എന്നാണ് -ഉരുളക്കിഴങ്ങ് എന്നർഥം.
-ലോകകപ്പ് ഫൈനൽ റൗണ്ടിലെ ഒരു കളിയിൽ നാലു ഗോളടിച്ച ആദ്യ കളിക്കാരൻ പോളണ്ടിന്റെ ഏണസ്റ്റ് വിലിമോവ്‌സ്‌കിയാണ്. നാലു ഗോളടിച്ചിട്ടും തോൽവി രുചിച്ച ഏക കളിക്കാരൻ കൂടിയാണ് അദ്ദേഹം.
-ഇറ്റലിക്കെതിരായ സെമി ഫൈനലിൽ ബ്രസീൽ ലിയനിഡാസിനെ കളിപ്പിച്ചിരുന്നില്ല. പകരം നിഗിഞ്ഞോയാണ് കളിക്കേണ്ടിയിരുന്നത്. നിഗിഞ്ഞോക്ക് ഇറ്റലിയുടെയും പൗരത്വമുണ്ടായിരുന്നു. സൈനിക സേവനത്തിൽ നിന്ന് രക്ഷപ്പെടാനാണ് ഇറ്റലി വിട്ട് ബ്രസീലിൽ തിരിച്ചെത്തിയത്. അതിനാൽ അദ്ദേഹത്തെ ഇറ്റലിക്കെതിരെ കളിപ്പിക്കാനായില്ല.
-രണ്ട് തവണ ലോകകപ്പ് നേടിയ ഒരു കോച്ചേയുള്ളൂ-ഇറ്റലിയുടെ വിറ്റോറിയൊ പോസൊ. പഴയ ജേണലിസ്റ്റായ പോസൊ ഇൽ വേചിയൊ മേസ്‌ട്രൊ (വയസ്സൻ മാസ്റ്റർ) എന്നാണ് അറിയപ്പെട്ടത്.
-1934 ലെ ക്വാർട്ടർ ഫൈനൽ മുതൽ തുടർച്ചയായി ഏഴ് ലോകകപ്പ് മത്സരങ്ങൾ ഇറ്റലി ജയിച്ചു. 68 വർഷത്തിനു ശേഷം തുടരെ 11 വിജയങ്ങളുമായി ബ്രസീൽ ഈ റെക്കോർഡ് തിരുത്തി. മറ്റൊരു രാജ്യവും തുടർച്ചയായി ആറു കളികളിലേറെ ജയിച്ചിട്ടില്ല.
-1934 ൽ കിരീടം നേടിയ ഇറ്റലി ടീമിലെ നാലു പേർ മാത്രമാണ് 1938 ൽ ചാമ്പ്യന്മാരായ ടീമിലുണ്ടായിരുന്നത്. 1958 ൽ കിരീടം നേടിയ ബ്രസീൽ നാലു വർഷത്തിനു ശേഷം വീണ്ടും ചാമ്പ്യന്മാരായത് പഴയ ടീമിലെ 14 പേരുമായാണ്.
-ഇറ്റലിക്ക് ഒരു മോശം റെക്കോർഡ് കൂടിയുണ്ട്. ആ ലോകകപ്പിൽ എല്ലാ കളിയിലും അവർ ഗോൾ വഴങ്ങി. എല്ലാ കളിയിലും ഗോൾ വഴങ്ങിയ ഏക ലോകകപ്പ് ചാമ്പ്യന്മാരാണ് 1938 ലെ ഇറ്റലി ടീം.