Sorry, you need to enable JavaScript to visit this website.

കേരളത്തിലും നേപ്പാളിലും ചിരിപ്പൂരമായി തിരിമാലി 

കേരളീയ ഗ്രാമവും നേപ്പാളുമായി പ്രേക്ഷകരെ എപ്പോഴും ചിരിപ്പിക്കുന്ന ചിത്രമാണ് മോഹൻലാലും ജഗതി ശ്രീകുമാറും തകർത്തഭിനയിച്ച യോദ്ധ. ഇപ്പോഴിതാ കേരളവും നേപ്പാളും പശ്ചാത്തലമായ മറ്റൊരു ഹ്യൂമർ എന്റർടെയ്‌നറായ തിരിമാലി റിലീസിനൊരുങ്ങുന്നു. ബിബിൻ ജോർജ്, ധർമജൻ, ജോണി ആന്റണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ചില നേപ്പാളി സിനിമാ താരങ്ങളും അഭിനയിക്കുന്നു. റാഫിയുടെ ശിഷ്യനായ രാജീവ് ഷെട്ടിയാണ് സംവിധാനം. ചിത്രത്തിന്റെ ട്രെയിലർ വ്യാഴാഴ്ച പുറത്തുവിടും.
ചിരിയുടെ പശ്ചാത്തലത്തിലാണ് തിരിമാലിയുടെ കഥയെന്ന് തിരക്കഥാകൃത്ത് സേവ്യർ അലക്‌സ് പറഞ്ഞു. അന്ന രേഷ്മ രാജൻ ആണ് നായിക. ഇന്നസെന്റ്, സലീംകുമാർ, ഹരീഷ് കാണാരൻ, അസീസ്, നസീർ സംക്രാന്തി, പൗളി വത്സൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.
ഇവർക്കു പുറമെ നേപ്പാളി സിനിമയിലെ സൂപ്പർ നായിക സ്വസ്തിമാ കട്ക ഒരു ഗാനരംഗത്തിൽ എത്തുന്നു. കൂടാതെ നേപ്പാളി നടന്മാരായ ഉമേഷ് തമാങ്, മാവോത്സെ ഗുരുങ് എന്നിവരും അഭിനയിക്കുന്നു. 
നാലു പാട്ടുകളുള്ള തിരിമാലിയിൽ ഒരു ഗാനം പാടിയിരിക്കുന്നത് ബോളിവുഡ് ഗായിക സുനീതി ചൗഹാനാണ്. ബിജിബാലാണ് ഈ പാട്ടിന്റെ സംഗീത സംവിധായകൻ. ശ്രീജിത്ത് എടവനയാണ് മറ്റു മൂന്നു പാട്ടുകൾക്ക് ഈണം പകർന്നത്. 
കാട്മണ്ഡുവിന് പുറമെ ഹിമാലയൻ താഴ്‌വരയിലെ ലുക്ലയിലും പൊക്കാറയിലുമാണ് സിനിമയിലെ ചില നിർണായക രംഗങ്ങൾ ചിത്രീകരിച്ചത്. രണ്ടാംഘട്ട ചിത്രീകരണം മണാലിയിലായിരുന്നു. 
എയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ എസ്.കെ. ലോറൻസ് നിർമിക്കുന്ന തിരിമാലിയുടെ ക്യാമറ ഫൈസൽ അലിയും എഡിറ്റിംഗ് വി. സാജനും നിർവഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നിഷാദ് കാസർകോട്. ബാദുഷയാണ് പ്രോജക്റ്റ് ഡിസൈനർ. 
 

Latest News