Sorry, you need to enable JavaScript to visit this website.

മേപ്പടിയാനെതിരെ വ്യാജപ്രചാരണമെന്ന് ഉണ്ണി മുകുന്ദന്‍, ഇതൊരു കുടുംബ ചിത്രം

'മേപ്പടിയാന്‍' ചിത്രത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിന് മറുപടിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍. 'മേപ്പടിയാന്‍' തീര്‍ത്തും ഒരു കുടുംബ ചിത്രമാണെന്നും ഒരു സാധാരണക്കാരന്റെ നിത്യജീവിതത്തില്‍ സംഭവിക്കുന്ന പ്രശ്നങ്ങളുടെ നേര്‍കാഴ്ചയാണെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. സിനിമക്കെതിരെ വരുന്ന വിദ്വേഷ പ്രചാരണങ്ങളില്‍ വിശ്വസിക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രത്തിനെതിരെ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ റെക്കോര്‍ഡുകള്‍ പങ്കുവച്ചുകൊണ്ടാണ് താരം ഇത് കുറിച്ചത്.

'ഞാന്‍ ഇവിടെ വ്യക്തമാക്കുകയാണ് . മേപ്പടിയാന്‍ തികച്ചും ഒരു കുടുംബ ചിത്രമാണ്. ഒരു സാധാരണ മനുഷ്യന്‍ അയാളുടെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പോരാട്ടങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

എന്നാല്‍ ഇതുപോലുള്ള തിരുത്തലുകളും വിദ്വേഷ പ്രചാരണങ്ങളും തികച്ചും അനാവശ്യമാണ്. ഈ സിനിമ എന്താണ് പറയുന്നതെന്നറിയാന്‍ നിങ്ങളത് കാണുക- ഉണ്ണി മുകുന്ദന്‍ കുറിച്ചു.

മേപ്പടിയാന്റെ വിക്കിപീഡിയ പേജ് എന്ന വ്യാജേനെയാണ് പ്രചരണങ്ങള്‍. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് ചിത്രത്തെക്കുറിച്ച് അതില്‍ കുറിച്ചിരിക്കുന്നത്. ഇതിനെതിരേയാണ് ഉണ്ണി മുകുന്ദന്‍ ശക്തമായി രംഗത്ത് വന്നത്.

നവാഗതനായ വിഷ്ണു മോഹനാണ് 'മേപ്പടിയാന്റെ' സംവിധായകന്‍. ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അഞ്ജു കുര്യന്‍ ആണ് നായികയാകുന്നത്. ഉണ്ണി മുകുന്ദന്റെ ആദ്യ നിര്‍മാണ സംരംഭമാണ് ഈ ചിത്രം.

 

Latest News