നാഷന്‍സ് കപ്പില്‍ നിന്ന് അള്‍ജീരിയ പുറത്തേക്ക്

ദുവാല - ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ഫുട്‌ബോളിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നില്‍ നിലവിലെ ചാമ്പ്യന്മാരായ അള്‍ജീരിയയെ 1-0 ന് ഇക്വിറ്റോറിയല്‍ ഗ്വിനി തോല്‍പിച്ചു. റിയാദ് മഹ്‌റേസ് ഉള്‍പ്പെടെ സൂപ്പര്‍സ്റ്റാറുകള്‍ കളിക്കുന്ന നിലവിലെ അറബ് കപ്പ് ജേതാക്കള്‍ക്കെതിരെ വിജയ ഗോളടിച്ചത് കഴിഞ്ഞ വര്‍ഷം സ്പാനിഷ് ലീഗിലെ അഞ്ചാം ഡിവിഷനില്‍ കളിച്ച ഡിഫന്റര്‍ എസ്തബാന്‍ ഒബിയാംഗാണ്. എഴുപതാം മിനിറ്റില്‍ കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍.  
നാലു വര്‍ഷത്തിനിടയിലെ ആദ്യ തോല്‍വി വഴങ്ങിയ അള്‍ജീരിയ നോക്കൗട്ട് കാണാതെ പുറത്താവുമെന്ന ഭീഷണിയിലാണ്. ആദ്യ മത്സരത്തില്‍ സിയറാലിയോണിനോട് ഗോള്‍രഹിത സമനില വഴങ്ങിയ അള്‍ജീരിയ ഗ്രൂപ്പ് ഇ-യില്‍ അവസാന സ്ഥാനത്താണ്. മുന്‍ ചാമ്പ്യന്മാരായ ഐവറികോസ്റ്റുമായാണ് അവസാന മത്സരം. 
അള്‍ജീരിയക്കും ഐവറികോസ്റ്റിനും പുറമെ ഘാന, തുനീഷ്യ, ഈജിപ്ത്, സെനഗല്‍ തുടങ്ങിയ മുന്‍നിര ടീമുകളും പുറത്താകല്‍ ഭീഷണിയിലാണ്. 


 

Latest News