മാഴ്‌സെലോക്ക് റയലില്‍ കിരീടങ്ങളുടെ റെക്കോര്‍ഡ്

റിയാദ്-  റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക് ബില്‍ബാവോയെ റയല്‍ മഡ്രീഡ് മറുപടിയില്ലാത്ത രണ്ടു ഗോളിന് തോല്‍പിച്ചു. മഡ്രീഡ് ജഴ്‌സിയില്‍ ബ്രസീല്‍ ഡിഫന്റര്‍ മാഴ്‌സെലോക്ക് ഇരുപത്തിമൂന്നാം കിരീടമാണ് ഇത്. അമ്പതുകളില്‍ കളിച്ച സ്പാനിഷ് താരം പാക്കൊ ജെന്റൊ മാത്രമേ ഇതുവരെ റയലിനു വേണ്ടി 23 കിരീടം നേടിയിട്ടുള്ളൂ. 2006 ലാണ് മാഴ്‌സെലൊ റയലില്‍ ചേര്‍ന്നത്. മാഴ്‌സെലോയുടെ അഞ്ചാം സ്പാനിഷ് സൂപ്പര്‍ കപ്പാണ് ഇത്. എണ്‍പത്താറാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ മാഴ്‌സെലൊ നായകനെന്ന നിലയില്‍ ട്രോഫി ഏറ്റുവാങ്ങി. 
ഈ സീസണില്‍ ബാഴ്‌സലോണയെ രണ്ടു തവണ തോല്‍പിച്ച റയല്‍ നിലവിലെ ലീഗ് ചാമ്പ്യന്മാരായ അത്‌ലറ്റിക്കൊ മഡ്രീഡിനെയും കീഴടക്കിയിരുന്നു. നിലവിലെ കോപ ഡെല്‍റേ ചാമ്പ്യന്മാരായ ബില്‍ബാവോയെയും മെരുക്കിയതോടെ ലീഗിലെ അപ്രമാദിത്വം അവര്‍ വീണ്ടെടുത്തിരിക്കുകയാണ്. ലീഗില്‍ അത്‌ലറ്റിക്കോയെക്കാള്‍ 15 പോയന്റ് മുന്നിലാണ.
ഒരു പതിറ്റാണ്ടിനിടയിലാദ്യമായാണ് കഴിഞ്ഞ വര്‍ഷം റയലിന് ഒരു ട്രോഫി പോലും ലഭിക്കാതിരുന്നത്.
 

Latest News