റിയാദില്‍ റയലിന് ആഹ്ലാദവര്‍ഷം

റിയാദ്- കിരീടമില്ലാത്ത 2021 നു ശേഷം പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ റയല്‍ മഡ്രീഡിന് ട്രോഫി. റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക് ബില്‍ബാവോയെ അവര്‍ മറുപടിയില്ലാത്ത രണ്ടു ഗോളിന് തോല്‍പിച്ചു. ഇരുപകുതികളിലായി ലീക് മോദ്‌റിച്ചും കരീം ബെന്‍സീമയും നേടിയ ഗോളുകളില്‍ അനായാസം അവര്‍ കിരീടത്തിലേക്ക് ചുവടു വെച്ചു. 
ഒരു പതിറ്റാണ്ടിനിടയിലാദ്യമായാണ് കഴിഞ്ഞ വര്‍ഷം റയലിന് ഒരു ട്രോഫി പോലും ലഭിക്കാതിരുന്നത്. തുടര്‍ന്ന് സിനദിന്‍ സിദാന്‍ പരിശീലക പദവി വിട്ടു. റയലിന്റെ പന്ത്രണ്ടാം സൂപ്പര്‍ കപ്പാണ് ഇത്. ബാഴ്‌സലോണ 13 തവണ ചാമ്പ്യന്മാരായിട്ടുണ്ട്. ബില്‍ബാവൊ മൂന്നു തവണയും. 
മുപ്പത്തെട്ടാം മിനിറ്റിലായിരുന്നു റയലിന്റെ ആദ്യ ഗോള്‍. റോഡ്രിഗൊ ഒരുക്കിയ അവസരത്തില്‍ മോദ്‌റിച് പറത്തിയ ഷോട്ട് വളഞ്ഞു ചെന്ന് വലയുടെ മേല്‍ക്കൂര ഇളക്കി. വീഡിയൊ റിവ്യൂവിലൂടെ ഹാന്റ്‌ബോളിന് കിട്ടിയ പെനാല്‍ട്ടി അമ്പത്തൊന്നാം മിനിറ്റില്‍ ബെന്‍സീമ ലക്ഷ്യത്തിലെത്തിച്ചു. അവസാന വേളയില്‍ ബില്‍ബാവോക്കും പെനാല്‍ട്ടി ലഭിച്ചെങ്കിലും  റൗള്‍ ഗാര്‍സിയയുടെ കിക്ക് ഗോളി തിബൊ കോര്‍ടവ രക്ഷിച്ചു. പെനാല്‍ട്ടിക്ക് കാരണമായ ഹാന്റ്‌ബോളിന്റെ പേരില്‍ ഡിഫന്റര്‍ എഡര്‍ മിലിറ്റാവൊ ചുവപ്പ് കാര്‍ഡ് കണ്ടു. 


 

Latest News