നോവക് ദുബായില്‍, പിന്നാലെ ആശ്വാസ വാര്‍ത്ത

സിഡ്‌നി - ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നോവക് ജോകോവിച്ചിനെ നാടു കടത്തിയെങ്കിലും ഭയപ്പെട്ടതു പോലെ മൂന്നു വര്‍ഷ വിലക്ക് താരം അനുഭവിക്കേണ്ടി വരില്ല. കോവിഡിന് വാക്‌സിനേഷന്‍ സ്വീകരിക്കാതെ ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതിന് മതിയായ കാരണം കാണിക്കാനാവാത്തതിനാലാണ് നോവക്കിനെ ഓസ്‌ട്രേലിയ നാടു കടത്തിയത്. സാധാരണഗതിയില്‍ നാടു കടത്തിയാല്‍ മൂന്നു വര്‍ഷത്തേക്ക് പ്രവേശന വിലക്കുണ്ട്. വ്യക്തമായ കാരണങ്ങള്‍ കാണിച്ചാലോ അനുകമ്പ കാരണമോ മാത്രമേ സര്‍ക്കാര്‍ ഇതില്‍ ഇളവ് നല്‍കാറുള്ളൂ. ഉചിതമായ സാഹചര്യങ്ങളില്‍ ഈ കാലയളവിനുള്ളില്‍ ഒരാള്‍ക്ക് ഓസട്രേലിയയില്‍ പ്രവേശിക്കാമെന്നും അതാതു സമയത്ത് അത് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ പ്രഖ്യാപിച്ചു. 
കഴിഞ്ഞ മൂന്നു തവണയുള്‍പ്പെടെ റെക്കോര്‍ഡായ ഒമ്പതു തവണ ചാമ്പ്യനായ നോവക് ഇല്ലാതെയാണ് തിങ്കളാഴ്ച ഓസ്‌ട്രേലിയന്‍ ഓപണ്‍ ആരംഭിച്ചത്. തന്റെ 20 ഗ്രാന്റ്സ്ലാമുകളില്‍ ഏതാണ്ട് പകുതിയും ഓസ്‌ട്രേലിയന്‍ ഓപണിലാണ് നോവക് നേടിയത്. ഞായറാഴ്ച രാത്രി മെല്‍ബണ്‍ സമയം പത്തരക്ക് എമിറേറ്റ്‌സ് വിമാനത്തില്‍ ഓസ്‌ട്രേലിയ വിട്ട മുപ്പത്തിനാലുകാരന്‍ തിങ്കളാഴ്ച പുലര്‍ച്ചെ ദുബായില്‍ എത്തി.
 

Latest News