കെ പി എല്‍: കേരള യുണൈറ്റഡിനും  കേരള പോലീസിനും ജയം

കൊച്ചി- കേരള പ്രീമിയര്‍ ലീഗില്‍ കേരള യുണൈറ്റഡിനും കേരള പൊലീസിനും ജയം. ഞായറാഴ്ച മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കൊല്ലം സായിയെ  എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് കേരള യുണൈറ്റഡ് തോല്‍പ്പിച്ചത്. ലീഗില്‍ യുണൈറ്റഡിന്റെ ആദ്യ ജയം.  മൂന്നാം മിനിറ്റില്‍ ക്യാപ്റ്റന്‍ അര്‍ജുന്‍ ജയരാജിലൂടെ ലീഡെടുത്ത ടീം മത്സരത്തിന്റെ അവസാന 15 മിനിറ്റുകളിലാണ് രണ്ടു ഗോളുകള്‍ നേടിയത്.  75ാം മിനിറ്റില്‍  ആദര്‍ശ് മട്ടുമ്മലും, 86ാം മിനിറ്റില്‍ മുഹമ്മദ് സഫ്നാനും വലകുലുക്കി.  ഇതോടെ കേരള യുണൈറ്റഡിന് രണ്ട് മത്സരങ്ങളില്‍ നിന്ന് 4 പോയിന്റായി. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പറപ്പൂര്‍ എഫ്സിക്കെതിരെ കേരള പൊലീസ് അഞ്ചുഗോള്‍ അടിച്ചുകൂട്ടി. ഒരുഗോള്‍ വഴങ്ങി.  പൊലീസിനായി ജംഷീദ് ടി.പി, അനീഷ് ടി.പി, ബിജേഷ് ടി ബാലന്‍, ഫിറോസ്.കെ  എന്നിവര്‍ ഒരോ ഗോള്‍ വീതം നേടി. ദാനഗോളായിരുന്നു ഒരെണ്ണം. മുഹമ്മദ് മിഷാല്‍ ആണ് പറപ്പൂര്‍ എഫ്സിയുടെ ആശ്വാസ ഗോള്‍ നേടിയത്. ബിജേഷ് ബാലന്‍ കളിയിലെതാരമായി.  21ന് കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സ് കേരള യുണൈറ്റഡിനെ നേരിടും. സാറ്റ് തിരൂരും വയനാട് യുണൈറ്റഡ് എഫ്സിയും തമ്മിലാണ് കോഴിക്കോട്ടെ മത്സരം.

Latest News