Sorry, you need to enable JavaScript to visit this website.

മലപ്പുറം അസീസ്: ഓര്‍മകളില്‍ കറുപ്പും വെളുപ്പും

മലപ്പുറം- കൊല്‍ക്കത്ത മുഹമ്മദന്‍ സ്‌പോര്‍ടിംഗിന്റെ കറുപ്പും വെളുപ്പും ജഴ്‌സിയില്‍ കാണികളുടെ രോമാഞ്ചമായിരുന്ന മുന്‍ ഫുട്‌ബോളര്‍ മലപ്പുറം അസീസ് എന്ന കാവുങ്ങല്‍ അബ്ദുല്‍ അസീസ് (74) ത്രസിപ്പിക്കുന്ന കളിയോര്‍മകള്‍ ബാക്കിയാക്കി കാലത്തിന്റെ ഗോള്‍വര കടന്നു. സന്തോഷ് ട്രോഫിയില്‍ മൈസൂര്‍, സര്‍വീസസ്, ബംഗാള്‍, മഹാരാഷ്ട്ര ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. 1968-69 സന്തോഷ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ബംഗാളിനെ തോല്‍പ്പിച്ചു കിരീടം നേടിയ മൈസൂരു ടീമിലെ അംഗമായിരുന്നു. തിളങ്ങി നില്‍ക്കുന്ന സമയത്ത് ഇന്ത്യന്‍ ടീമിലിടം നേടിയിട്ടും അദ്ദേഹം പോയില്ല. 1974-ല്‍ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് ഹബീബും സെയ്ദ് നഈമുദീനുമാണ് അസീസിനെ കൊല്‍ക്കത്ത മുഹമ്മദന്‍സിലേക്കു കൊണ്ടുപോയത്. അവിടെ നേട്ടങ്ങളും നായകത്വവുമായി അദ്ദേഹം തിളങ്ങി. മധ്യനിരയിലായിരുന്നു കളിച്ചിരുന്നത്. ഡി.സി.എം, കൊല്‍ക്കത്ത ലീഗ്, ശ്രീനാരായണ ട്രോഫി എന്നിങ്ങനെ ഒരുപാട് കിരീടങ്ങള്‍ സ്വന്തമാക്കി. അതിനിടെ ധാക്ക മുഹമ്മദന്‍സ് ടീമിന്റെ ഭാഗമായും കളിച്ചു. 
കൊച്ചിയില്‍ നടന്ന 1977 ലെ പ്രഥമ ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുഹമ്മദന്‍ സ്‌പോര്‍ടിംഗിന്റെ കറുപ്പും വെളുപ്പും ജഴ്‌സിയില്‍ മലപ്പുറം അസീസ് കാണികളെ കൈയിലെടുത്തിരുന്നു. മുഹമ്മദന്‍സിനും ബോംബെ ഓര്‍കെ മില്‍സിനും വേണ്ടി ഏഴു തവണ അസീസ് ഫെഡറേഷന്‍ കപ്പ് കളിച്ചെങ്കിലും ഒരിക്കലും കിരീടം നേടാനായില്ല. 2004 ല്‍ മഞ്ചേരി പയ്യനാട് ഫെഡറേഷന്‍ കപ്പ് അരങ്ങേറിയപ്പോള്‍ അദ്ദേഹം ആവേശത്തോടെ കൂടെയുണ്ടായിരുന്നു. 
1981ല്‍ മുഹമ്മദന്‍സ് വിട്ട അസീസ് ഓര്‍കെ മില്‍സ് ബോംബെയിലെത്തി. അവിടെയും വിഫ ട്രോഫി, ബോംബെ ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കി. ശ്രീലങ്ക ഉള്‍പ്പെടെ പങ്കെടുക്കുന്ന പെന്‍ഡാങ്കുലര്‍ കപ്പില്‍ നായകനായി. 1983 വരെ ഇന്ത്യയിലെ പ്രമുഖ ടീമുകള്‍ക്കായും ഗ്രാമങ്ങളിലെ ചെറിയ ടൂര്‍ണമെന്റുകളിലും കളിച്ചു. ശൈലന്‍ മന്ന, ചുനി ഗോസ്വാമി, പി.കെ ബാനാര്‍ജി തുടങ്ങിയ കൊല്‍ക്കത്തയിലെ പ്രഗത്ഭര്‍ സിലക്ടര്‍മാരായിരുന്ന ഇന്റര്‍ കമാന്‍ഡ് ടൂര്‍ണമെന്റില്‍ നിന്നു ആദ്യമായി സര്‍വീസസ് ടീമിലെത്തി. ഫൈനലില്‍ ബംഗാളിനെ തോല്‍പ്പിച്ച് ആദ്യത്തെ സന്തോഷ് ട്രോഫി വിജയം സ്വന്തമാക്കി. ആന്ധ്രാപ്രദേശ്, മൈസൂര്‍ (കര്‍ണാടക), മദിരാശി (തമിഴ്‌നാട്), കേരളം, സിലോണ്‍ (ശ്രീലങ്ക) ടീമുകള്‍ പങ്കെടുക്കുന്ന സതേണ്‍ പെന്റാങ്കുലറില്‍ കൊല്ലത്തും കൊളംബോയിലും തന്റെ നായകത്വത്തില്‍ കിരീട വിജയം. 
1973-ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോള്‍ ടീമിലുണ്ടായിരുന്ന ചേക്കു സഹോദരനാണ്. 
ഭാര്യ: കെ.പി. സഫിയ. മക്കള്‍ ആഷിദ, ഫാഹിദ. മരുമകന്‍: ഫഹദ്. മറ്റു സഹോദരങ്ങള്‍: കുഞ്ഞിപാത്തുട്ടി, കദീജ. പരേതനായ മുഹമ്മദ്. പിതാവ്: പരേതനായ കാവുങ്ങല്‍ അലവി. മാതാവ്: പരേതയായ പാത്തുട്ടി. 

Latest News