Sorry, you need to enable JavaScript to visit this website.

കൃഷിയിലെ വിജയപാഠങ്ങൾ


കാർഷികരംഗത്തെ നവീന പരീക്ഷണങ്ങൾക്കായി എന്നും കാതോർത്തിരുന്ന സ്‌കറിയയെ തേടി 2004 ൽ സംസ്ഥാന സർക്കാരിന്റെ കർഷകശ്രീ പുരസ്‌കാരം തേടിയെത്തി. കൂടാതെ ചെറുതും വലുതുമായ ഒട്ടേറെ അംഗീകാരങ്ങളും. കൃഷിരീതിയിലെ കണിശത മക്കളുടെ വിദ്യാഭ്യാസകാര്യത്തിലും സ്‌കറിയ കാണിച്ചിട്ടുണ്ട്. ചിറ്റൂർ ഗവൺമെന്റ് കോളേജ് പ്രൊഫസറായ ഡോ. റിച്ചാർഡാണ് മൂത്ത മകൻ. രണ്ടാമെത്ത മകനായ റെയ്‌നോൾഡ് അമേരിക്കയിലെ ഒരു മെഡിക്കൽ ഉപകരണ നിർമ്മാണ കമ്പനിയുടെ മാനേജരാണ്. മൂന്നാമൻ ഹരോൾഡ് തനിമ പഌസ്റ്റിക്‌സിന്റെ മാനേജിംഗ് ഡയറക്ടറും. ഫാം ടൂറിസത്തിലും പുത്തൻ കൃഷിരീതികളിലുമെല്ലാം സുഹൃത്തും വഴികാട്ടിയുമായി മാനേജർ എഡിസൺ ജോർജും ഇവർക്കൊപ്പമുണ്ട്.

പ്രാർഥിക്കുക, പ്രവർത്തിക്കുക... സ്‌കറിയാ പിള്ളയുടെ വിജയമന്ത്രമാണിത്. പാലക്കാട് നിന്നും പൊള്ളാച്ചി റൂട്ടിലൂടെ ചെന്ന് ഇരട്ടക്കുളവും കഴിഞ്ഞ് നല്ലേപ്പിള്ളിയിലെത്തുമ്പോൾ സ്‌കറിയയും മക്കളും ചേർന്നൊരുക്കിയിരിക്കുന്ന കാർഷിക സമൃദ്ധി ആരേയും അമ്പരപ്പിക്കും. നിറഞ്ഞ ചിരിയോടെ ആരേയും എതിരേൽക്കുന്ന ഈ കൃഷിക്കാരൻ മണ്ണിൽ വിയർപ്പൊഴുക്കിയാണ് ഈ നേട്ടങ്ങളത്രയും കൊയ്‌തെടുത്തത്. ആറു മുതൽ പത്തേക്കർ വരെയുള്ള അഞ്ച് പ്‌ളോട്ടുകളായി തിരിച്ച മുപ്പത്തിരണ്ട് ഏക്കറുകളിലായി നിറഞ്ഞുനിൽക്കുന്ന ഹരിതാഭ. തെങ്ങും കവുങ്ങും ജാതിയും പേരയും വാഴയും പ്ലാവും മാവും ചേനയും തുടങ്ങി ഈ കൃഷിഭൂമിയിൽ ഇല്ലാത്തതായി ഒന്നുമില്ല. ഒരിഞ്ചു ഭൂമിപോലും തരിശിടാതെ മണ്ണറിഞ്ഞു വിളവിറക്കിയിരിക്കുകയാണ് ഈ കർഷകശ്രേഷ്ഠൻ.


സ്‌കറിയയുടെ പേരിനൊപ്പം പിള്ള ചേർന്നതിനുപിന്നിലുമുണ്ട് കഥ. കൂത്താട്ടുകുളം ഭാഗത്ത് ഇളയമക്കളെ പുള്ളെ എന്നാണ് വിളിച്ചിരുന്നത്. വീട്ടിൽ എട്ടാമനായ സ്‌കറിയ എല്ലാവരുടെയും പുള്ളയായിരുന്നു. സ്‌കൂളിൽ ചേർത്തപ്പോൾ പേരിനൊപ്പം പിള്ളയും ചേർത്തുകൊടുത്തു സഹോദരൻ.
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തുനിന്നും നാലുപതിറ്റാണ്ടുമുൻപാണ് സ്‌കറിയയും കുടുംബവും പാലക്കാട്ടേക്ക് ചേക്കേറിയത്. വിശ്രമമെന്തെന്നറിയാത്ത അധ്വാനത്തിലൂടെ ജീവിതം കെട്ടിപ്പടുത്ത ഈ കൃശഗാത്രനെ ഒരിക്കലും മണ്ണ് ചതിച്ചില്ല. തന്നോടൊപ്പം തോളോടുചേർന്ന് അധ്വാനിച്ച ഭാര്യ മിനിയും ഒപ്പംചേർന്നതോടെയാണ് ഈ കൃഷിയിടങ്ങളും ജീവിതവും കെട്ടിപ്പടുത്തതെന്ന് അഭിമാനത്തോടെ അദ്ദേഹം പറയുന്നു. മക്കളെല്ലാം വളർന്നപ്പോൾ അവരും സഹായികളായി കൂടെക്കൂടി.


തെങ്ങുകൾക്കിടയിൽ ഇടതൂർന്നു വളരുന്ന ഫാബ് ഇനത്തിലുള്ള ജാതിമരങ്ങളാണ് നമ്മെ സ്വാഗതം ചെയ്യുക. തെങ്ങുകളാകട്ടെ കുറ്റിയാടിയും ടിം ഡിയും ഗംഗാബോണ്ടവും പതിനെട്ടാം പട്ടയുമെല്ലാമുണ്ട്. കവുങ്ങുകളാകട്ടെ കൈയെത്തും ഉയരത്തിൽ തിളങ്ങിനിൽക്കുന്ന അടക്കാകുലകളെക്കൊണ്ട് സമ്പന്നമായിരിക്കുന്നു. നിരനിരയായി കുലച്ചുനിൽക്കുന്ന വാഴത്തോപ്പും ചേനയും കായ്ച്ചുനിൽക്കുന്ന പ്ലാവും മാവും പേരയും. അൻപതിലേറെ വിദേശ പഴങ്ങളും ഇവിടെ വിളയുന്നു. ഇവയ്ക്കിടയിലൂടെ വെട്ടിയൊരുക്കിയ ചാലുകളിലൂടെ നിറഞ്ഞൊഴുകുന്ന ജലസമൃദ്ധി.
വീടിനോടു ചേർന്നു നിർമ്മിച്ച തൊഴുത്തിലാകട്ടെ അപൂർവ്വ ഇനത്തിൽപ്പെട്ട എഴുപതോളം പശുക്കളും എരുമകളും. എച്ച്.എഫും ജേഴ്‌സിയും ഗീറും കാസർകോട് കുള്ളനും വെച്ചൂർ പശുവുമെല്ലാം അക്കൂട്ടത്തിലുണ്ട്.  അഞ്ഞൂറ് ലിറ്റർ പാലാണ് ദിവസവും ലഭിക്കുന്നത്. പശുക്കൾക്ക് തണുപ്പ് ലഭിക്കാനായി തൊഴുത്തിന്റെ നടുക്കായി നിറയെ വെള്ളമുള്ള ചെറിയൊരു കുളവും നിർമ്മിച്ചിട്ടുണ്ട്.


കാലിത്തീറ്റയുടെ വിലവർദ്ധനവാണ് ക്ഷീരകർഷകരുടെ നട്ടെല്ലൊടിക്കുന്നതെന്ന തിരിച്ചറിവിൽ സ്വന്തമായുണ്ടാക്കിയ കാലിത്തീറ്റയാണ് അദ്ദേഹം കാലികൾക്കു നൽകുന്നത്. വിദഗ്ദ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് കാലിത്തീറ്റയൊരുക്കിയത്. ബിയറിന്റെ ഉൽപാദനത്തിൽനിന്നുമുണ്ടാകുന്ന വേസ്റ്റ്, മരച്ചീനിയിൽനിന്നുള്ള സ്റ്റാർച്ച് വേസ്റ്റ്, ചോളത്തിന്റെ ഉമി, മഞ്ഞപ്പൊടി, ഉപ്പ് എന്നിവ കൃത്യമായ അളവിൽ ചേർത്താണ് മിശ്രിതമൊരുക്കുന്നത്. ഈ മിശ്രിതം നിർമ്മിക്കാനായി ഒരു യൂണിറ്റുതന്നെ വീടിനടുത്ത് അദ്ദേഹം രൂപകൽപന ചെയ്തു. തന്റെ ആവശ്യത്തിൽനിന്നും മിച്ചമുള്ളവ വിൽക്കുകയും ചെയ്യുന്നു. 45 കിലോ ചാക്കിന് 290 രൂപയാണ് വിലയിട്ടിരിക്കുന്നത്. ചെലവുകുറഞ്ഞ രീതിയിൽ കാലിത്തീറ്റ ഒരുക്കിയതിന് പഞ്ചായത്തിന്റെ മികച്ച ക്ഷീര കർഷകനുള്ള അംഗീകാരത്തിനും അദ്ദേഹം അർഹനായിരുന്നു. 
തനിമ പ്ലാസ്റ്റിക്‌സ് എന്ന് നാമകരണം ചെയ്ത രണ്ട് പ്ലാസ്റ്റിക് ഷീറ്റ് നിർമ്മാണ യൂണിറ്റുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. നൂറിലേറെ തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നു. 
സമ്മിശ്ര കൃഷിരീതിയാണ് സ്‌കറിയയുടെ വിജയമന്ത്രം. രാസവളത്തോടൊപ്പം ജൈവവളവും പ്രയോഗിച്ചാണ് മികച്ച വിളവുണ്ടാക്കുന്നത്. ഫാമിൽനിന്നും കിട്ടുന്ന വളത്തിനുപുറമെ കോഴിവളവും ആട്ടിൻകാഷ്ഠവും ഉപയോഗിക്കുന്നുണ്ട്. കൃഷിയിടങ്ങൾ നനയ്ക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ല.

 


ഓരോ പ്ലോട്ടുകളിലും ഒരുക്കിയിരിക്കുന്ന കുളങ്ങളാണ് മറ്റൊരു ആകർഷണം. ഗൗരയും ഗ്രാസ് കാർപ്പും ഹൈബ്രിഡ് തിലാപ്പിയയും അസം വാളയും ബ്രാലും മുഷിയുമെല്ലാം കുളങ്ങളിൽ നീന്തിത്തുടിക്കുന്നു. കൃഷിയിടങ്ങൾ ഒരുക്കുന്നതിനു മുൻപ് കുളങ്ങൾ നിർമ്മിക്കുക എന്നതാണ് സ്‌കറിയയുടെ ശീലം. കൃഷിയിടങ്ങളിൽ വെള്ളം ലഭിക്കുന്നതോടൊപ്പം മത്സ്യം വളർത്തുകയുമാവാം. ജമ്‌നാ പ്യാരി തുടങ്ങിയ ആടുകളും വിവിധതരം കോഴികളും അപൂർവ്വ ഇനത്തിൽപ്പെട്ട നായകളും സ്‌കറിയയുടെ ഫാമിനെ അലങ്കരിക്കുന്നു.
ഫാമിലെ ശ്രദ്ധാകേന്ദ്രം ഒരു പോത്തുകുട്ടിയാണ്. രണ്ടുമാസം മുൻപ് പഞ്ചാബിൽനിന്നും മോഹവിലയ്ക്ക് സ്വന്തമാക്കിയ നീലിരവി ഇനത്തിൽപ്പെട്ട നീലാണ്ടൻ എന്ന പോത്തുകുട്ടനെ കാണാൻ സന്ദർശകരേറെയാണ്. കാഴ്ചയിൽ ഭീമനാണെങ്കിലും ശാന്തസ്വഭാവിയായ നീലാണ്ടനെ കൊച്ചുകുട്ടികൾക്കുപോലും പരിചരിക്കാം. ഇരുപത്തിരണ്ട് വയസ്സുവരെ ആയുസ്സുള്ള ഇനത്തിൽപ്പെട്ട നീലാണ്ടന് നാലു വയസ്സേ പ്രായമുള്ളു. രണ്ടായിരം കിലോ വരെ ഭാരംവയ്ക്കുന്ന ഈ പോത്തിന്റെ ഇപ്പോഴത്തെ ഭാരം 1500 കിലോയാണ്. ബംഗഌദേശിലും ചൈനയിലും പാക്കിസ്ഥാനിലുമെല്ലാം കണ്ടുവരുന്ന ഇവയ്ക്ക് തീറ്റപ്പുല്ലും വെള്ളവുമാണ് ഇഷ്ടഭക്ഷണം.


കൃഷിക്കൊപ്പം ടൂറിസത്തിന്റെ സാധ്യതയും പരീക്ഷിക്കുകയാണ് ഈ കർഷകനിപ്പോൾ. ടൂറിസം മേഖലയിൽ ഒട്ടേറെ അവസരങ്ങൾക്കാണ് സർക്കാർ തുടക്കമിട്ടിരിക്കുന്നത്. അതിന്റെ ചുവടുപിടിച്ച് ഫാം ടൂറിസം രംഗത്ത് സജീവമാകാനാണ് സ്‌കറിയ ശ്രമിക്കുന്നത്. കൃഷിയിടങ്ങൾ കാണാനും കൃഷിരീതികൾ പഠിക്കാനും പലരും എത്തിയതോടെയാണ് ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞത്. തന്റെ ആശയത്തിന് മക്കളുടെ പിന്തുണകൂടി ലഭിച്ചതോടെ ഫാം കൺസൾട്ടന്റുമാരുമായി കൂടിയാലോചിച്ചുളള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. തിരക്കിന്റെ ലോകത്തുനിന്നും വഴിമാറി ശാന്തസുന്ദരമായ ഗ്രാമാന്തരങ്ങളിലേയ്ക്കും അവിടത്തെ കൃഷിയിടങ്ങളിലേയ്ക്കും ചേക്കേറാൻ ആഗ്രഹിക്കുന്നവർക്ക് നല്ലേപ്പിള്ളിയിലെത്താം. ഇവിടെ താമസിച്ച് കൃഷിരീതികൾ പഠിക്കാനും കൃഷി ചെയ്യാനുമുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. വിളകൾക്കിടയിലൂടെ നടപ്പാതയൊരുക്കി അവയുടെ ഇരുവശങ്ങളിലും അപൂർവ്വസസ്യങ്ങൾ വച്ചുപിടിപ്പിച്ചും മനോഹരമാക്കി.

 


വിശ്രമിക്കാനായി കോട്ടേജുകളും ഏറുമാടങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുളത്തിനുമുകളിൽ ഒരുക്കിയ മിനി കോൺഫറൻസ് ഹാളും കൃഷിയിടങ്ങളിൽ സഞ്ചരിക്കാനായി കാളവണ്ടിയും കുതിരവണ്ടിയും ഇവിടെയുണ്ട്. കുളങ്ങളിൽ ചൂണ്ടയിട്ട് മീൻ പിടിക്കാനും അവ പാകപ്പെടുത്തി അവർക്കുതന്നെ വിളമ്പാനുമുള്ള സൗകര്യമൊരുക്കിയിരിക്കുന്നു. കുളക്കരയിലിരുന്ന് മത്സ്യങ്ങൾക്ക് തീറ്റ നൽകുമ്പോഴുള്ള സന്തോഷവും അദ്ദേഹം സന്ദർശകർക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. കുളങ്ങളിൽ നീന്താനും വിശ്രമിക്കാനുമുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. കൂടാതെ വാട്ടർ പോളോയും മഡ് ഫുട്‌ബോളും ഇവിടെ ഒരുക്കുന്നു. കുളത്തിനുമീതെയുള്ള സ്‌കൈ സൈക്കിളിങ്ങാണ് മറ്റൊരു ആകർഷണം. അഡ്‌വഞ്ചർ ടൂറിസത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന  ആകാശ സൈക്കിളിംഗ് ഒരു ടവറിൽനിന്നും മറ്റൊരു ടവറിലേയ്ക്കുള്ള സഞ്ചാരം സാധ്യമാക്കുന്നു. കൂടാതെ റിവർ ക്രോസിംഗും ഷിപ്പ് ലൈൻ യാത്രയുമുണ്ട്. ഒരു മാസത്തിനകം ഫാം ടൂറിസം രംഗത്ത് പകരംവയ്ക്കാനില്ലാത്ത ഒരിടമായി ഇവിടം മാറുമെന്ന് അദ്ദേഹം പറയുന്നു.
കാർഷികരംഗത്തെ നവീന പരീക്ഷണങ്ങൾക്കായി എന്നും കാതോർത്തിരുന്ന സ്‌കറിയയെ തേടി 2004 ൽ സംസ്ഥാന സർക്കാരിന്റെ കർഷകശ്രീ പുരസ്‌കാരം തേടിയെത്തി.
കൂടാതെ ചെറുതും വലുതുമായ ഒട്ടേറെ അംഗീകാരങ്ങളും. കൃഷിരീതിയിലെ കണിശത മക്കളുടെ വിദ്യാഭ്യാസകാര്യത്തിലും സ്‌കറിയ കാണിച്ചിട്ടുണ്ട്. ചിറ്റൂർ ഗവൺമെന്റ് കോളേജ് പ്രൊഫസറായ ഡോ. റിച്ചാർഡാണ് മൂത്ത മകൻ. രണ്ടാമെത്ത മകനായ റെയ്‌നോൾഡ് അമേരിക്കയിലെ ഒരു മെഡിക്കൽ ഉപകരണ നിർമ്മാണ കമ്പനിയുടെ മാനേജരാണ്. മൂന്നാമൻ ഹരോൾഡ് തനിമ പഌസ്റ്റിക്‌സിന്റെ മാനേജിംഗ് ഡയറക്ടറും. ഫാം ടൂറിസത്തിലും പുത്തൻ കൃഷിരീതികളിലുമെല്ലാം സുഹൃത്തും വഴികാട്ടിയുമായി മാനേജർ എഡിസൺ ജോർജും ഇവർക്കൊപ്പമുണ്ട്.

Latest News