Sorry, you need to enable JavaScript to visit this website.
Wednesday , July   06, 2022
Wednesday , July   06, 2022

ആർദ്രമീ ധനുമാസ രാവിലെത്തിയ ആതിര 

തണുപ്പു കാലത്ത് വന്നെത്തുന്ന രണ്ട് ആഘോഷങ്ങളാണ് ക്രിസ്മസും തിരുവാതിരയും. ജനുവരി രാവിന്റെ കുളിരിനൊപ്പമെത്തുന്ന തിരുവാതിര കോഴിക്കോട് നഗരത്തിൽ വലിയ തോതിൽ ആഘോഷിക്കപ്പെടുന്നു. ഇന്റർനെറ്റിന്റേയും ടിവിയുടേയും അതിപ്രസരത്തിന് മുമ്പ് മൂന്ന് നാല് ദശകങ്ങൾക്കപ്പുറം, മാവൂർ റോഡിലെ അമ്പലങ്ങളിൽ ഉറക്കമിളച്ചിരിക്കുന്നവർക്ക് നേരം പോക്കിനായി അർധരാത്രി 12നും പുലർച്ച മൂന്നിനും പ്രത്യേക ഷോ വെച്ച സിനിമാ ശാലകളുണ്ടായിരുന്നു നഗരത്തിൽ.  ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ ഒപ്പനയ്‌ക്കെന്ന പോലെ തിരുവാതിര നൃത്തത്തിലും സാമൂതിരിയുടെ നാട്ടിലെ കുമാരിമാർ ട്രോഫി ചൂടുന്നതിനും കാരണം ഈ സ്വാധീനമാവാം.  കാര്യങ്ങൾ ഇങ്ങനെയൊക്കെയെങ്കിലും ഇപ്പോഴത്തെ ബഹളത്തിൽ തിരുവാതിരയൊക്കെ ഓർക്കാൻ ആർക്ക് നേരം?  ആനാവൂർ നാഗപ്പനെന്ന തിരുവനന്തപുരത്തെ സഖാവിനോട് നന്ദി പറയാം.

കോവിഡും സാമൂഹിക അകലവുമെല്ലാം വിസ്മരിച്ച് അഞ്ഞൂറിലേറെ മങ്കമാരെ അണി നിരത്തി തിരുവാതിര ചുവടുകൾ വെപ്പിച്ചത്. സോഷ്യൽ മീഡിയയിലും ന്യൂസ് ചാനുലകളിലെ കോമഡി ഷോകളിലും ചർച്ചയായി. പലർക്കും ആക്ഷേപം ഇതിലെ ഈരടികളെ കുറിച്ചായിരുന്നു. ഇതെഴുതിയതാരെന്ന അന്വേഷണം ശനിയാഴ്ച രാവിലെ അവസാനിപ്പിച്ചത് ഏഷ്യാനെറ്റ് ന്യൂസാണ്. പൂവരണി കെ.വി.പി നമ്പൂതിരി എന്ന കവിയെ അവർ പരിചയപ്പെടുത്തി. വയലാറും യൂസഫലിയും പി. ഭാസ്‌കരനും ഒരുമിച്ചിരുന്നാൽ ഒരു പക്ഷേ, ഇതു പോലെ ഒരു ഗാനം ചിട്ടപ്പെടുത്താൻ കഴിയണമെന്നില്ല. ഇതിനൊരു മറുവശമുണ്ട്. ഒന്നാമത്തെ ടേമിൽ പിണറായി നല്ല ഭരണാധികാരിയായിരുന്നു.

പ്രളയത്തേയും നിപ്പയേയും കോവിഡിനേയും എല്ലാം നേരിട്ടു. പ്രതിസന്ധി ഘട്ടത്തിൽ നയിക്കാൻ ഇതുപോലൊരു കരുത്തനെ തന്നെ വേണമെന്ന് ജനം തീരുമാനിച്ചതോടെ കേരളത്തിൽ ആദ്യമായി തുടർ ഭരണവും ലഭിച്ചു. രണ്ടാമതും ഭരണം കിട്ടിയപ്പോൾ പാറശാലയിലെ വാഴ്ത്തുപാട്ടുകാരേക്കാൾ ഭീകരന്മാർ അടുത്തുകൂടി വഴി തെറ്റിക്കാനും തുടങ്ങി. അതിന്റെ ദുരന്തമാണ് തീർത്തും ജനവിരുദ്ധവും പ്രയോജനരഹിതവും പ്രകൃതിയെ നശിപ്പിക്കുന്നതുമായ അർധ അതിവേഗ പാതയ്ക്കായി മുഖ്യൻ സദാ വാചാലനായി തുടങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസ് കവർ സ്റ്റോറിയിൽ അവതാരക ചൂണ്ടിക്കാട്ടിയത് പോലെ രാജാവ് നഗ്്‌നനാണെന്ന് വിളിച്ചു പറയാൻ ആരുമില്ലാത്ത അവസ്ഥ. കവർ സ്റ്റോറിയിൽ സി.പി.ഐയുടെ പഴയകാല ഇടപെടലുകൾ വിഷ്വൽ സഹിതം ഉൾപ്പെടുത്തി. മുനീർ മന്ത്രിയായപ്പോൾ നടപ്പാക്കാനുദ്ദേശിച്ച എക്‌സ്പ്രസ് ഹൈേവയ്‌ക്കെതിരെ സി.പി.ഐ സെക്രട്ടറി വെളിയം ഭാർഗവൻ വാർത്താ സമ്മേളനം നടത്തുന്നതായിരുന്നു വീഡിയോയിൽ. വ്യാഴാഴ്ച സന്ധ്യയ്ക്ക് ജനം ടിവിയിൽ  ചർച്ചയിൽ സർക്കാർ പക്ഷത്ത് ന്യായീകരിക്കാനെത്തിയ ഇടതുപക്ഷക്കാരൻ പറഞ്ഞത് പ്രധാനമന്ത്രി മോഡിയെ പോലെ നിശ്ചയദാർഢ്യത്തോടെ വേണം ഇത്തരം കാര്യങ്ങൾ നടപ്പാക്കാനെന്നാണ്.. അഥാണ്. എല്ലാവരും രംഗം കൊഴുപ്പിക്കുമ്പോൾ കമ്യൂണിസ്റ്റ് പ്രമുഖനായ ഇ.പി ജയരാജനും സാന്നിധ്യമറിയിച്ചു.

കെ-റെയിൽ വന്നാൽ കേരളത്തിലെ ആകാശം വിമാനങ്ങൾ കൊണ്ടു നിറയുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ യൂസ്ലസ് പദ്ധതിയ്‌ക്കെതിരെ നേരിട്ടു വിമർശിക്കുന്നതിന് പകരം അേേമരിക്കയിലെ പോലെ ചെറു  നഗരങ്ങളിലും കൊച്ചു വിമാനത്താവളങ്ങളുണ്ടാക്കി പറക്കാൻ സൗകര്യമുണ്ടാക്കുകയാണ് വേണ്ടതെന്നാവുമോ കവി ഉദ്ദേശിച്ചിരിക്കുക? കെ റെയിൽ പദ്ധതിയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനമുയർന്നപ്പോൾ സൈബർ പോരാളികൾ ഏറെക്കുറെ നിശ്ബദരായിരുന്നു. എന്നാൽ പാർട്ടി സമ്മേളനങ്ങളിൽ പ്രാർഥനാ ഗാനം പോലെ ഇതിന്റെ മഹത്വം വിളംബരം ചെയ്യുന്നത് ആവർത്തിക്കപ്പെട്ടപ്പോൾ പോരാളികൾ കയറും പൊട്ടിച്ചിറങ്ങി. കഴിഞ്ഞ ഞായറാഴ്ച നടൻ ശ്രീനിവാസൻ പറഞ്ഞു: കെ-റെയിൽ വന്നില്ലെങ്കിൽ ആരും ചത്തു പോകില്ലെന്ന്. നല്ല കുറിക്കു കൊള്ളുന്ന പ്രയോഗം. വൈകുന്നേരത്തിനിടയ്ക്ക് ശ്രീനിവാസന് വയറു നിറയെ കിട്ടി. ശ്രീനിവാസൻ അലോപ്പതി ചികിത്സയ്‌ക്കെതിെര പറഞ്ഞത് മുതൽ മോൺസൻ മാവുങ്കലിനെ കാണാൻ ചെന്നത് വരെ എടുത്തിട്ട് അലക്കി. അതേ ദിവസം വൈകുന്നേരം പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധ പട്്കർ കേരളത്തിലെ ഇടതുപക്ഷ മുഖ്യമന്ത്രി പിണറായി വിജയനോട് കൈകൂപ്പി ഈ പദ്ധതി നടപ്പാക്കരുതെന്ന് അപേക്ഷിച്ചു. 44 നദികളാൽ സമ്പന്നമായ കേരളത്തെ തകർക്കരുതേയെന്നും അവർ അഭ്യർഥിച്ചു. മേധയ്‌ക്കെതിരെ ഇലയനക്കം പോലുമുണ്ടായില്ല. ദേശീയ പ്രതിഛായ എല്ലാവർക്കും പ്രധാനമാണല്ലോ. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഒരുമിച്ച് തടയേണ്ടതല്ലേ. 

***

ഹരിദ്വാർ മുസ്്‌ലിം  വിദ്വേഷ പ്രസംഗം സംബന്ധിച്ചുള്ള ചോദ്യത്തിൽ പ്രതിഷേധിച്ച് ബിബിസി അഭിമുഖം പകുതി വെച്ച് നിർത്തി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ കേശവ് പ്രസാദ് മൗര്യ. അമർഷം പൂണ്ട മന്ത്രി റിപ്പോർട്ടറുടെ മാസ്‌ക് പിടിച്ച് വലിച്ചതായും വീഡിയോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു. അഭിമുഖത്തിനിടെ വിവാദമായ ഹരിദ്വാർ ഹിന്ദുസമ്മേളനത്തിലെ മുസ്‌ലിം വംശഹത്യാ ആഹ്വാനത്തെ കുറിച്ചും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള പാർട്ടിയുടെ ഉന്നത നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ചുമായിരുന്നു ബിബിസി റിപ്പോർട്ടറുടെ ചോദ്യം. എന്നാൽ നിങ്ങൾ എന്താണ് ചോദിക്കുന്നത് എന്ന് ചോദിച്ച് മന്ത്രി ഇടയുകയായിരുന്നു.  ഞങ്ങൾക്ക് സ്വയം തെളിയിക്കേണ്ട ആവശ്യമില്ല. സബ് കാ സാത്ത് സബ്കാ വികാസ് എന്നതാണ് ഞങ്ങളുടെ നയം. മതനേതാക്കൾക്ക് അവരുടെ നിലപാടുകൾ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.  

വിവാദമായ മതസമ്മേളനത്തിൽ ഉയർന്നുവന്ന വംശഹത്യ ആഹ്വാനങ്ങളെക്കുറിച്ച് റിപ്പോർട്ടർ ചോദിച്ചതോടെ നിങ്ങൾ ഏത് വീഡിയോയെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്കറിയില്ല. തെരഞ്ഞെടുപ്പിനെക്കുറിച്ചാണോ നിങ്ങൾ ചോദിക്കുന്നത്? നിങ്ങൾ ഒരു പത്രപ്രവർത്തകനെപ്പോലെയല്ല സംസാരിക്കുന്നത്. നിങ്ങൾ ഒരു പ്രത്യേക ഗ്രൂപ്പിന്റെ ഏജന്റിനെപ്പോലെയാണ് സംസാരിക്കുന്നത്. ഞാൻ നിങ്ങളോട് സംസാരിക്കാൻ തയ്യാറല്ലെന്നും മൗര്യ പറഞ്ഞു. തുടർന്ന് മന്ത്രി മൈക്ക് ഊരി നൽകുകയായിരുന്നു.

 

***


2020ൽ മുംബൈയിൽ ടിആർപി വിവാദത്തോടെയാണ് വാർത്താ ചാനലുകളുടെ ബാർക്ക് റേറ്റിങ് മൂന്നു മാസത്തേക്ക് സർക്കാർ നിരോധിച്ചത്. ടിആർപി എന്നാൽ ടെലിവിഷൻ റേറ്റിംഗ് പോയിന്റുകൾ. വാർത്താ ചാനലുകൾ ഉൾപ്പെടെ ടിവി ചാനലുകൾ എത്ര പേർ കാണുന്നു എന്ന് കണക്കാക്കുന്ന ഓട്ടോമേറ്റഡ് സർവേ സംവിധാനമാണിത്. രാജ്യത്തെ പല നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും സെറ്റ് ടോപ്പ് ബോക്‌സുള്ള തെരഞ്ഞെടുത്ത ഏതാനും വീടുകളിലാണ് ടിആർപി മീറ്ററുകൾ രഹസ്യമായി സ്ഥാപിക്കുന്നത്. ഈ മീറ്ററുകൾ ഉണ്ടെന്ന് പോലും ആ വീടുകൾക്കറിയില്ല. ആ വീടുകളിലുള്ളവർ ഏതൊക്കെ ചാനലുകളും ഏതൊക്കെ പരിപാടികളുമാണ് കാണുന്നതെന്ന് ബാർക്ക് രേഖപ്പെടുത്തും. ഇതിന്റെ  അടിസ്ഥാനത്തിലാണ് ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്നത്.വാർത്താ ചാനലുകൾക്കുള്ള ബാർക്ക് റേറ്റിങ് പുനരാരംഭിക്കുന്നു. ഉടൻ തന്നെ ഏറ്റവും പുതിയ റേറ്റിങ് പ്രസിദ്ധീകരിക്കുമെന്ന് ബാർക്ക് വ്യക്തമാക്കി.

ആരോപണങ്ങളെ തുടർന്ന് വാർത്താ ചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് ബാർക്ക് നിർത്തിവെച്ചിരിക്കുകയാണ്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്നാണ് വാർത്താ ചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് ബാർക്ക് പുനരാരംഭിക്കുന്നത്. ബാർക്ക് റേറ്റിങ് സംബന്ധിച്ച സ്വകാര്യമായി സൂക്ഷിക്കേണ്ട വിവരങ്ങൾ ചോർന്നുപോകാതിരിക്കാൻ ആവശ്യമായ നടപടികൾ ശക്തമാക്കും. കഴിഞ്ഞ മൂന്നു മാസത്തെ വാർത്താ ചാനലുകളുടെ റേറ്റിങ് ഉടൻ പ്രസിദ്ധീകരിക്കാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ബാർക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതുക്കിയ രീതി അനുസരിച്ച്, നാലാഴ്ചത്തെ ശരാശരി റേറ്റിങ് കണക്കിലെടുത്താകും പുതിയത് പ്രസിദ്ധീകരിക്കുക.

***


കേന്ദ്ര സർക്കാരിനെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് -കോടിയേരി, പാർട്ടി ചാനലിൽ കഴിഞ്ഞ ദിവസം വന്ന വാർത്തയുടെ ശീർഷകമാണിത്. 
കേട്ട മാത്രയിൽ യുറീക്ക എന്നു വിളിച്ചു കൂവി വസ്ത്രവും ഊരി ഓടാൻ പ്രേരിപ്പിക്കുന്ന വാർത്ത. കഴിഞ്ഞ ഏഴ് വർഷമായി ആർ.എസ്.എസ് പ്രമരുഖരാണ് ഇന്ത്യയുടെ ഭരണം കൈയാളുന്നതെന്ന് കൊച്ചു കുട്ടികൾക്ക്് പോലുമറിയാം. വെറുതെയല്ല മലയാളത്തിൽ രണ്ടാമത് ആരംഭിച്ച ന്യൂസ് ചാനൽ റേറ്റിംഗ് ചാർട്ടിൽ ദയനീയ സ്ഥാനവുമായി നിൽക്കുന്നത്. 

***


മലയാളി ശാസ്ത്രജ്ഞൻ ഡോ: എസ്. സോമനാഥിനെ  ഐഎസ്ആർഒ ചെയർമാനായി നിയമിച്ചു. ഡോ: കെ. ശിവൻ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് സോമനാഥ് സ്ഥാനം ഏറ്റെടുക്കുന്നത്. എം. ജി. കെ മേനോൻ, കെ. കസ്തൂരിരംഗൻ, മാധവൻ നായർ, കെ. രാധാകൃഷ്ണൻ എന്നിവരാണ് നേരത്തെ ഈ സ്ഥാനത്തെത്തിയ മലയാളികൾ. റോക്കറ്റ് സാങ്കേതികവിദ്യയിലും റോക്കറ്റ് രൂപകൽപനയിലും ഇന്ധനം വികസിപ്പിക്കുന്നതിലും അദ്ദേഹം മികവ് പുലർത്തിയിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്ത് എത്തിയ മലയാളി സോമനാഥുമായുള്ള എക്‌സ്‌ക്ലൂസീവ് അഭിമുഖം ഏഷ്യാനെറ്റ് ന്യൂസ് വ്യാഴാഴ്ച കാലത്ത് സംപ്രേഷണം ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്റർ മനോജ് കെ. ദാസാണ് ഇന്റർവ്യൂ ചെയ്തത്. കാലിക പ്രസ്‌ക്തമായ ചോദ്യങ്ങളും ഉത്തരങ്ങളും. അതിലേറെ ശ്രദ്ധേയമായത് ചോദ്യകർത്താവും സോമനാഥും ഐ.എസ്.ആർ.ഒ എന്ന് പറഞ്ഞ് കഷ്ടപ്പെടുന്നില്ല. ഇസ്രോ എന്നു മാത്രം. മലയാള പത്രങ്ങൾക്കും ഇത് പിന്തുടരാമല്ലോ. ദൽഹി എ.ഐ.ഐ.എം.എസ് എന്നൊന്നും നമ്മളാരും പറയാറില്ലല്ലോ. എയിംസ് എന്നത് പോലെ ഇസ്രോ. ഏതായാലും മാതൃഭൂമി പത്രത്തിന്റെ മുഖപ്രസംഗത്തിൽ ഇസ്രോ എന്ന പ്രയോഗം ഉപയോഗിച്ചു കാണുന്നുണ്ട്.  

Latest News