Sorry, you need to enable JavaScript to visit this website.

മനുഷ്യപക്ഷത്തിന്റെ കഥകൾ

 

ഈ പുതിയ കാലത്തും  ചെറുകഥയും നോവലുമൊക്കെ അതിന്റെ പണിപ്പുരയിൽ ആഖ്യാനത്തിലും ഭാഷയിലും സജീവമായ പരീക്ഷണങ്ങൾക്കും പരിണാമങ്ങൾക്കും വിധേയമാക്കപ്പെടുമ്പോൾ അതിലൊന്നും എത്തി നോക്കാതെ അതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്ന മട്ടിൽ സാധാരണ മനുഷ്യന്റെ പ്രശ്‌നങ്ങളെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ മനുഷ്യൻ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ചെറിയ ചെറിയ വാക്കുകളിൽ കോറിയിടുന്ന കഥകളാണ് ബഷീർ പെരുവളത്ത് പറമ്പ് എന്ന കഥാകൃത്തിന്റെ
ഇരുട്ട് വെട്ടം എന്ന കഥാസമാഹാരം. പെയിന്ററായ ഒരു കൂലിപ്പണിക്കാരനെന്ന നിലയിൽ  ബഷീർ നിരന്തരം കാണുന്നതും കേൾക്കുന്നതും അറിയുന്നതും ഇടപെടുന്നതും ജീവിക്കാനായി പടപൊരുതുന്ന സാധാരണ മനുഷ്യരുടെ നെട്ടോട്ടങ്ങളാണ്.
ഇതിനിടയിലാണ് ബഷീർ താൻ കണ്ടതും കേട്ടതുമെല്ലാം അക്ഷരങ്ങൾക്ക് അനുഭവങ്ങളുടെ മഷി പുരട്ടി കഥകളാക്കുന്നത്. ഈ സാഹചര്യങ്ങളിൽ നിന്നു വേണം ബഷീറിന്റെ ഇരുട്ട് വെട്ടം എന്ന കഥാസമാഹാരത്തെ വായിക്കാൻ. 
എലികളുടെ കാര്യം, ഉൽപ്പലാക്ഷൻ, ബർക്കത്ത്, ശേഷിപ്പ്, ഗ്രാമമിത്രം, ഈ മനുഷ്യരുടെ ഒരു കാര്യം തുടങ്ങിയ കഥകൾ തീർത്തും ജീവസന്ധാരണത്തിനും നിലനിൽപ്പിനും വേണ്ടി പൊരുതുന്ന  സാധാരണ മനുഷ്യരുടെ പങ്കപ്പാടുകളും ആകുലതകളും സ്‌നേഹവായ്പ്പുകളുമാണ്. ഇതിലെ കഥാപാത്രങ്ങളെല്ലാം തികച്ചും ഗ്രാമ നിഷ്‌ക്കളങ്കതയാർന്നതാണ്.
തെരുവിൽ കച്ചവടം നടത്തിക്കൊണ്ടിരുന്ന പിതാവിനെ സാമൂഹ്യ പ്രവർത്തകനെന്ന തണ്ടിൽ, വഴിയാത്രക്കാർക്ക് തടസ്സം ഉണ്ടാക്കുന്നു എന്ന പേരിൽ   നിരന്തരം ദ്രോഹിച്ചിരുന്ന ഉൽപ്പലാക്ഷൻ എന്ന മനുഷ്യൻ കോവിഡ് കാലത്ത് ആരാലും തിരിഞ്ഞു നോക്കപ്പെടാതെ നിരാലംബനും നിസ്സഹായനുമായി കിടന്നപ്പോൾ സന്നദ്ധ പ്രവർത്തകനായി സഹായിക്കാനെത്തുന്ന തെരുവുകച്ചവടക്കാരന്റെ മകന്റെ രൂപത്തിലാണ് ഉൽപ്പലാക്ഷന്റെ മുന്നിൽ കാരുണ്യമായെത്തിയതെങ്കിൽ  എലികളുടെ കാര്യം എന്ന കഥയിൽ വീട്ടുകാരന്റെ നല്ല കാലത്ത്  സുഭിക്ഷമായി തിന്ന് ജീവിച്ച മൂഷിക കുടുംബം, പൊടുന്നനെയുണ്ടായ വീട്ടുകാരന്റെ തകർച്ചയിൽ അടുക്കളയിലെ വിഭവങ്ങൾ കുറയുകയും ക്ഷയിക്കുകയും ചെയ്യുന്നത് കണ്ട് അവിടുത്തെ കുഞ്ഞുങ്ങൾക്ക് വല്ലപ്പോഴും മാത്രം  തിന്നാൻ കിട്ടുന്ന അരിസാമനങ്ങളിൽനിന്ന് മോഷ്ടിക്കാൻ മനസ്സ് വരാതെ അത് കൊണ്ട്  ആ കുട്ടികളെങ്കിലും ജീവൻ  നിലനിർത്തട്ടെയെന്ന് കരുതി വീടുവിട്ടിറങ്ങി മറ്റൊരു കൂടാരം തേടിപ്പോകുന്ന മൂഷികന്റെ രൂപത്തിലാണ് കാരുണ്യത്തെ സൃഷ്ടിച്ചത്.
ഗ്രാമമിത്രവും ഇത്തരത്തിൽ ഇണപിരിയാത്ത ഗ്രാമവാസികളായ രണ്ട് സുഹൃത്തുക്കളുടെ കഥയാണ്. ബർക്കത്ത്, ശേഷിപ്പ് എന്നീ കഥകൾ നാട്ടുനൻമകളുടെ പച്ചപ്പുകളുടെ പകർപ്പാണ്. നന്മ ചെയ്യുന്നവരെ ദൈവം കൈവിടില്ലെന്ന നിഷ്‌ക്കളങ്കതയെ വിശ്വാസവുമായി ബന്ധിപ്പിക്കുന്ന ഇത്തരം കഥകൾ വേറെയുമുണ്ട് ഈ സമാഹാരത്തിൽ.

ഈ സമാഹാരത്തിലെ ഏറ്റവും നല്ല രണ്ട് രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങളാണ് ലെഫ്റ്റ്, ക്വട്ടേഷൻ എന്നീ കഥകൾ. ഭരിക്കുന്ന പാർട്ടിയുടെ( ലെഫ്റ്റ്) നേതാക്കൻമാരുടെ  നിയന്ത്രണത്തിലുള്ള വികസനം എന്ന വാട്ട്‌സപ്പ് ഗ്രൂപ്പിൽ പാർട്ടിയുടെ
പഴയകാല പ്രവർത്തകനും സഹയാത്രികനുമായ കണാരേട്ടൻ എന്ന വയോധികനായ സാമൂഹ്യ പ്രവർത്തകൻ വർഷങ്ങളായി കുത്തിപ്പൊളിച്ച് വികൃതമാക്കിയിട്ടിരിക്കുന്ന റോഡ് മൂലം സാധാരണക്കാരായ ജനങ്ങൾക്കും കാൽനടക്കാർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും തകർന്ന സ്ലാബ് വീണ് ഒരാൾ മരിച്ചതുമടക്കമുള്ള പിടിപ്പുകേടുകളെ ചൂണ്ടിക്കാട്ടി പ്രതികരിച്ച് കുറിപ്പിടുകയും വിമർശിക്കുകയും ചെയ്തതിന് അദ്ദേഹത്തെ പാർട്ടി വിരുദ്ധനും വികസന വിരുദ്ധനുമാക്കി ചിത്രീകരിച്ച്  ക്രൂശിക്കുകയും അദ്ദേഹം പാർട്ടിയിൽ നിന്നു പോലും പുറത്ത് പോകണമെന്ന നിലയിൽ അഭിപ്രായം ഉയരുകയും ചെയ്തതിൽ മനംനൊന്ത് ലെഫ്റ്റ് സഹയാത്രികനായ സഖാവ് കണാരേട്ടൻ വികസന ഗ്രൂപ്പിൽനിന്ന് ലെഫ്റ്റടിച്ച് പുറത്ത് പോകുന്ന കഥ സമകാലീന സംഭവങ്ങളുടെ നേർക്കാഴ്ചയാണ്.
ക്വട്ടേഷൻ എന്ന കഥയും പാർട്ടിയിലെ ഗുണ്ടാരാജിനെ തുറന്നു കാട്ടുന്നു. ആദർശങ്ങൾ ആൾരൂപങ്ങൾക്കും സമ്പന്നതയ്ക്കും വഴിമാറുകയും പാർട്ടിയിൽ ഗുണ്ടകൾ സ്വീകാര്യ രാവുകയും ചെയ്യുന്ന ദയനീയ കാഴ്ചകൾ ആദർശ രാഷ്ട്രീയത്തെ വിഴുങ്ങുന്നുവെന്ന അപകട സൂചനയും ഈ കഥ നൽകുന്നു. കുപ്പി സുര എന്ന  കഥാപാത്രനിർമ്മിതി പോലും ആക്ഷേപഹാസ്യത്തിന്റെ മുനയേറ്റ് തിളങ്ങുന്നു.
ആദ്യ കഥ തന്നെ പുതിയ  എഴുത്തുകാരുടെ വായനാ പരിമിതിയെക്കുറിച്ചും മുൻകാല എഴുത്തുകാരോ മഹത്തായ കൃതികളോ വിദൂരമായിപ്പോലും അവർക്ക് അജ്ഞാതരാണ് എന്ന ഇരുട്ടിനെയാണ് പ്രകാശിപ്പിക്കുന്നത്. 

ആട് വിശേഷം, പുത്തൻ, അസ്വസ്ഥൻ, തലച്ചോറ്, വെറുതെ ചില കാര്യങ്ങൾ.. തുടങ്ങിയ കഥകളെല്ലാം ശക്തമായ പരിഹാസങ്ങൾ കൊണ്ട് കീറിയിട്ടതാണ്.
ആട് വിശേഷം എന്ന കഥ പേരിൽ ഹാസ്യമുണ്ടെങ്കിലും ഉള്ളിലെത്തുമ്പോൾ കണ്ണീരാണ്. ഗൾഫിൽ ആട് ജീവിതം നയിച്ച അക്ഷര സ്‌നേഹിയായ ഒരു മനുഷ്യൻ പല കാലങ്ങളായി താൻ കുത്തിക്കുറിച്ച വരികളുടെ എന്നത്തേയും സന്തോഷമുഹൂർത്തമായ പുസ്തക പ്രകാശനത്തിലെത്തിയപ്പോഴേക്കും  ജീവിതമാർഗ്ഗത്തിന് ആടിനെയും കോഴിയേയും പോറ്റേണ്ട അവസ്ഥയിലെത്തിയിരുന്ന സുദേവൻ  മറുമൊഴിക്കായി സ്റ്റേജിൽനിന്ന് വിളി വരുമ്പോൾ  ലക്ഷ്മി എന്ന തന്റെ ആടിനെ നായ കടിച്ചെന്ന ഭാര്യയുടെ ഫോൺ വിളിയാൽ ഉള്ളം കലങ്ങി തരിച്ചിരിക്കുകയായിരുന്നു. ഇങ്ങനെ കഥകളിൽ ഹാസ്യവും വിമർശവും പുരട്ടി ബഷീർ  കഥകളെഴുതുമ്പോഴും അതിന്റെ ഏതോ അജ്ഞാത കോണിൽ ജീവിതത്തിന്റെ  കണ്ണീരുപ്പു നനഞ്ഞിരിക്കുന്നത് കാണാം.

Latest News