കാലാവധി കഴിഞ്ഞ ഇഖാമയുടെ ഫൈൻ

ചോദ്യം: എന്റെ ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട് എട്ടു മാസമായി. ഇനി പുതുക്കുന്നതിന് ഫൈൻ ഉണ്ടോ. ഉണ്ടെങ്കിൽ അതെത്രയാവും?

ഉത്തരം: സൗദി ഇമിഗ്രേഷൻ നിയമ പ്രകാരം ഇഖാമയുടെ കാലാവധി കഴിഞ്ഞാൽ 500 റിയാൽ ആണ് ഫൈൻ. കാലാവധി കഴിഞ്ഞ് മൂന്നു ദിവസത്തിനകം പുതുക്കിയാൽ പിഴ ഒടുക്കേണ്ടതില്ല. കാലാവധി കഴിഞ്ഞും മൂന്നു ദിവസം വരെ പിഴ കൂടാതെ പുതുക്കാനുള്ള അനുമതിയുണ്ട്. അതിനു ശേഷമാണെങ്കിൽ എത്ര ദിവസവും മാസവും കഴിഞ്ഞാലും 500 റിയാൽ ആണ് ഫൈൻ. ഇത് ആദ്യ തവണയാണെങ്കിൽ മാത്രം. രണ്ടാമതും ഇതാവർത്തിക്കപ്പെട്ടാൽ പിഴ ഇരട്ടിയായി വർധിക്കും. ഇഖാമ പുതുക്കുന്നതിൽ ഒരു തവണ കാലാവധി തെറ്റിക്കുകയും 500 റിയാൽ പിഴ അടക്കുകയും ചെയ്തയാൾ പിന്നീടും നിശ്ചിത സമയത്തിനകം ഇഖാമ പുതുക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ ആയിരം റിയാൽ ആയി ഉയരും. അതിനാൽ നിശ്ചിത സമയത്തിനകം സ്‌പോൺസറെ കൊണ്ട് ഇഖാമ പുതുക്കാൻ പ്രവാസികൾ ശ്രമിക്കണം. 

ഹുറൂബുകാരന്റെ മടക്കം

ചോദ്യം: ഹുറൂബ് ആക്കപ്പെട്ട വിദേശി നാടുകടത്തപ്പെട്ടാൽ മറ്റൊരു വിസയിൽ അദ്ദേഹത്തിന് സൗദിയിലേക്ക് മടങ്ങി വരാൻ സാധിക്കുമോ?

ഉത്തരം: ഒളിച്ചോട്ടക്കാരനായി മുദ്ര കുത്തി (ഹുറൂബ്) നാടു കടത്തപ്പെട്ടയാൾക്ക് പിന്നീട് ആജീവാനന്തം തൊഴിൽ വിസയിൽ സൗദിയിൽ എത്താൻ കഴിയില്ല. അതേ സമയം ഉംറ, ഹജ് വിസയിൽ തീർഥാടനത്തിന് വരുന്നതിന് ഇവർക്ക് തടസ്സമില്ല. 

വിസിറ്റ് വിസക്കാരന് ഇഖാമ

ചോദ്യം: വിസിറ്റ് വിസയിലെത്തിയവരുടെ വിസ റസിഡൻഷ്യൽ വിസ (ഇഖാമ) ആക്കി മാറ്റാൻ സാധിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടല്ലോ?  ഇതു ശരിയാണോ?

ഉത്തരം: നിലവിൽ സൗദിയിൽ അങ്ങനെ ഒരു നിയമമില്ല. വിസിറ്റ് വിസയിൽ സൗദിയിൽ എത്തുന്ന വിദേശി സൗദി ഇമിഗ്രേഷൻ നിയമ പ്രകാരം നിശ്ചിത കാലാവധിക്കുള്ളിലായി സന്ദർശനം നടത്തി മടങ്ങണം. കാലാവധി കഴിഞ്ഞും തുടരണമെങ്കിൽ വിസിറ്റിംഗ് വിസ നീട്ടാം. അതും നിശ്ചിത ദിവസത്തേക്കു മാത്രമായിരിക്കും ലഭിക്കുക. ഒരിക്കലും റസിഡൻഷ്യൽ വിസയാക്കി വിസിറ്റ് വിസയെ മാറ്റാൻ കഴിയില്ല. 

എക്‌സിറ്റ് റീ എൻട്രിക്ക് പാസ്‌പോർട്ട് കാലാവധി

ചോദ്യം: എന്റെ പാസ്‌പോർട്ടിന് ആറു മാസത്തെ കാലാധിയാണ് ഇനി അവശേഷിക്കുന്നത്. നാലു മാസത്തെ എക്‌സിറ്റ് റീ എൻട്രിയിൽ ഞാൻ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നു. അതു സാധ്യമാവുമോ?

ഉത്തരം: എക്‌സിറ്റ് റീ എൻട്രിയിൽ പോകാൻ ആഗ്രഹിക്കുന്നവരുടെ പാസ്‌പോർട്ടിന് കുറഞ്ഞത് ആറുമാസ കാലാവധി ഉണ്ടായിരിക്കണം. എങ്കിൽ മത്രമേ എക്‌സിറ്റ് റീ എൻട്രി ലഭിക്കുകയുള്ളൂ. അതേ സമയം ഫൈനൽ എക്‌സിറ്റിൽ ആണ് പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ പാസോപോർട്ടിന് ആറു മാസ കാലാവധി വേണെന്നില്ല. കുറഞ്ഞത് 60 ദിവസത്തെ കാലാവധി ഉണ്ടായാൽ ഫൈനൽ എക്‌സിറ്റ് ലഭിക്കും. 

Latest News