വനിതാ ഏഷ്യന്‍ കപ്പ്:  ഇന്ത്യന്‍ ടീം മുംബൈയില്‍

മുംബൈ - മഹാരാഷ്ട്രയിലെ മൂന്നു വേദികളിലായി 20 ന് ആരംഭിക്കുന്ന വനിതാ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് ടീമുകള്‍ എത്തിത്തുടങ്ങി. കൊച്ചിയില്‍ പരിശീലനം നടത്തുകയായിരുന്ന ഇന്ത്യന്‍ ടീം മുംബൈയില്‍ ജൈവകവചത്തില്‍ പ്രവേശിച്ചു.  ആറു മാസത്തെ കഠിനാധ്വാനത്തിലൂടെ തയാറാക്കിയ പദ്ധതികള്‍ നടപ്പാക്കുകയാണ് ഇനി ചെയ്യേണ്ടതെന്ന് കോച്ച് തോമസ് ഡാനര്‍ബി പറഞ്ഞു. 
ഇരുനൂറിലധികം പരിശീലന സെഷനുകളാണ് നടത്തിയത്. നാല് രാജ്യങ്ങളിലായി നിരവധി പരിശീലന മത്സരങ്ങള്‍ കളിച്ചു. മുംബൈയിലേക്ക് പുറപ്പെടും മുമ്പ് നല്‍കിയ അവസാന ഉപദേശം ശരിയായ മനോഭാവത്തോടെ ടൂര്‍ണമെന്റിനെ സമീപിക്കാന്‍ കളിക്കാര്‍ക്ക് സഹായകമാവുമെന്നും അറുപത്തിരണ്ടുകാരന്‍ പറഞ്ഞു. നേരത്തെ സ്വീഡന്‍, നൈജീരിയ ടീമുകളുടെ കോച്ചായിരുന്നു ഡാനര്‍ബി. 
ഇന്ത്യന്‍ കളിക്കാരില്‍ 15 പേര്‍ 25 വയസ്സിന് താഴെയുള്ളവരാണ്. അണ്ടര്‍-19 ടീമിലെ നാലു പേര്‍ ഇന്ത്യന്‍ നിരയിലുണ്ട്. 20 ന് മുംബൈ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഇറാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 23 ന് ഇതേ വേദിയില്‍ ചൈനീസ് തായ്‌പെയെ നേരിടും. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ ചൈനയുമായാണ് മൂന്നാമത്തെ ഗ്രൂപ്പ് മത്സരം. 

Latest News