Sorry, you need to enable JavaScript to visit this website.

കുട്ടികളെ എങ്ങനെ തൊട്ടറിഞ്ഞ് ഇടപെടാം?

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോവുന്നത് കുട്ടികളിലെ നമ്മൾ കാണാതെ പോവുന്ന ആവശ്യങ്ങളെ കുറിച്ചാണ്. നമ്മൾ കുട്ടികളോട് പറയുന്ന കാര്യങ്ങളും നിർദേശിക്കുന്ന കാര്യങ്ങളും നൂറു ശതമാനം ഫലവത്തായി കാണണമെങ്കിൽ അവരുമായി തൊട്ടറിഞ്ഞുള്ള ഇടപെടൽ നടത്തേണ്ടിയിരിക്കുന്നു. തോളിൽ മെല്ലെയൊന്നു തട്ടി അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ഒരു ചെറിയ തട്ടൽ പോലും അവരിലെ വ്യക്തിത്വത്തെ ഉണർത്തി നമുക്ക് പറയുന്ന കാര്യങ്ങൾ ചെയ്യാൻ അവരെ പ്രാപ്തരാക്കി മാറ്റാൻ കഴിയും.
ലോകത്ത് 90% ആളുകളും കാര്യങ്ങളെ മനസ്സിലാക്കുന്നത് ശരീര ഭാഷ കൊണ്ടും അംഗ വിക്രയം കൊണ്ടുമുള്ള പഠന രീതികൾ അവലംബിച്ചാണ്. കേട്ട് മനസ്സിലാക്കുന്നതും വായിച്ചു മനസ്സിലാക്കുന്നതും എല്ലാം നോക്കിയാൽ കൂടുതൽ ആളുകളും കൃത്യമായി കാര്യങ്ങൾ ഗ്രഹിക്കുന്നത് ശരിയായ ശരീര ഭാഷയും ചലനങ്ങളും കൊണ്ട് അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുമ്പോഴാണ്. മനഃശാസ്ത്ര പ്രകാരം (ലിംഗ / പ്രായ വ്യത്യാസം അനുസരിച്ച്) ആളുകൾക്ക് നൽകുന്ന ഒരു തലോടൽ അവരിൽ കൂടുതൽ പരിഗണന ലഭിക്കുന്നതായും അവരിലെ പ്രശ്‌നങ്ങളെ നമ്മൾ യഥാവിധം തിരിച്ചറിഞ്ഞതായും പ്രശ്‌നങ്ങൾ പരിഹരിക്കാൻ എളുപ്പമാണെന്നും താൻ മാത്രമല്ല, കൂടെ സഹായിക്കാൻ മറ്റാളുകൾ ഉണ്ടെന്നുമുള്ള തിരിച്ചറിവ് അവരിൽ വളരെ പോസിറ്റിവ് എനർജി ഉണ്ടാക്കുകയും തന്മൂലം നമ്മൾ പ്രദീക്ഷിച്ചതിലും വേഗത്തിൽ അവർ പ്രശ്‌നത്തിൽ നിന്നും കരകേറി വരുന്നതായും നമ്മൾക്ക് കാണാൻ കഴിയും.
കുട്ടികളുമായി ഇടപെടുമ്പോൾ കൂടുതലും അവരെ പ്രശ്‌ന ബാധിതരായി നമ്മൾ കാണുകയും അവരുമായി  അത് പ്രകാരം ഇടപെടുകയും ചെയ്യും. കുട്ടികളെ കേൾക്കാനും അവരിലെ ആശയത്തെ അല്ലെങ്കിൽ പ്രശ്‌നത്തെ നമ്മൾ എങ്ങനെ എടുക്കുന്നു എന്ന തോത് നോക്കിയാണ് അവരുമായി നമ്മുടെ ബന്ധങ്ങൾ അളക്കപ്പെടുന്നത്. വീട്ടിലെ വല്യച്ചൻ, അമ്മൂമ്മ എന്നിവരെല്ലാം കുട്ടികളെ വളരെ നല്ല മാനസികാവസ്ഥയിൽ ഇടെപെടുന്നതുകൊണ്ട് കുട്ടികൾക്ക് അവരുമായി കൂടുതൽ വ്യക്തിബന്ധം വളർന്നു വരുന്നതായി നമുക്ക് കാണാൻ കഴിയും. ഇത്തരം ആളുകളെ അവരുടെ ജീവിത ചക്രത്തിന്റെ നെടുംതൂൺ ആയി അവർ ജീവിതകാലം മുഴുവൻ പരിഗണിക്കുന്നതായി നമുക്ക് കാണാൻ കഴിയും. കുടുംബത്തിലെ മുതിർന്ന ആളുകൾ പലപ്പോഴും ഉയർന്ന മാനസിക നിലവാരം ഉള്ളവരും ജീവിത പരിചയം ഉള്ളവരും ആയതുകൊണ്ടാണ് അവർക്ക് കുട്ടികളിൽ കൂടുതൽ സ്വാധീനം ഉണ്ടാവാൻ കാരണം.
ഇന്ന് ലോകത്ത് ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു വലിയ പ്രശ്‌നം തന്റെ മനസ്സിനെ കാണുവാനോ വാക്കുകൾ കേൾക്കുവാനോ അവർക്ക് ഒരാളില്ല എന്നതാണ്. ഈ പ്രശ്‌നം എല്ലാ വിഭാഗം ആളുകളിലും ഉണ്ട്. അത് കച്ചവടക്കാർ ആയാലും ഉദ്യോഗസ്ഥർ ആയാലും വീട്ടിലെ മുതിർന്ന അംഗങ്ങൾ ആയാലും എല്ലാവരിലും ഈ പ്രശ്‌നം നിലനിൽക്കുന്നു. ഇത്തരം ആളുകളെ വെറുതെ കൂടെ ഇരുന്നു ഒന്ന് തുറന്ന മനസ്സോടെ അവരെ കേൾക്കുക മാത്രം ചെയ്താൽ മതി, അതുമൂലം പറയുന്ന ആളുകളുടെ പ്രശ്‌ന ഭാരം വളരെ കുറയുകയും അവർക്ക് കൂടുതൽ സമാധാനം ലഭിക്കുകയും ചെയ്യും. ഈ സംവിധാനം നമ്മൾ കുട്ടികളിലും നടപ്പിലാക്കി അവരിലെ മാനസിക സമ്മർദങ്ങൾ കുറക്കാൻ ശ്രമിക്കണം.

Latest News