റിയാദ് - ഗാർഹിക തൊഴിലാളികളുടെയും ആശ്രിതരുടെയും പാസ്‌പോർട്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴി അപ്‌ഡേറ്റ് ചെയ്യാൻ സൗകര്യമൊരുക്കുന്ന പുതിയ സേവനം ആരംഭിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഗാർഹിക തൊഴിലാളികളുടെ പാസ്‌പോർട്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ അബ്ശിറിൽ തൊഴിലാളി സേവനങ്ങൾ, സേവനങ്ങൾ, പാസ്‌പോർട്ട് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യൽ എന്നീ ഐക്കണുകൾ യഥാക്രമം തെരഞ്ഞെടുത്താണ് നടപടികൾ പൂർത്തിയാക്കേണ്ടത്.
ആശ്രിതരുടെ പാസ്‌പോർട്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ഫാമിലി മെംബേഴ്‌സ് സർവീസ്, സർവീസ്, പാസ്‌പോർട്ട് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യൽ എന്നീ ഐക്കണുകൾ യഥാക്രമം തെരഞ്ഞെടുത്ത് നടപടികൾ പൂർത്തിയാക്കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.






