ശ്രീദേവിയുടെ മൃതദേഹം തിങ്കളാഴ്ച മുംബൈയിലെത്തിക്കും

ദുബായ് / മുംബൈ- നിരവധി അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ ജനകോടികളുടെ മനസ്സ് കീഴടക്കിയ നടി ശ്രീദേവിയുടെ ആകസ്മിക വിയോഗം വിശ്വസിക്കാനാവാതെ ഇന്ത്യന്‍ ചലച്ചിത്ര ലോകവും ആരാധകരും തേങ്ങുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെ ദുബായില്‍ മരിച്ച ശ്രീദേവിയുടെ ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെങ്കിലും രാത്രി വൈകിയിട്ടും മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയിട്ടില്ല. തിങ്കളാഴ്ച മുഹൈസ്‌ന സെന്ററില്‍വെച്ച് എംബാം ചെയ്ത ശേഷം മൃതദേഹം സ്വകാര്യ ജെറ്റ് വിമാനത്തില്‍ മുംബൈയില്‍ എത്തിക്കും.
ഞായറാഴ്ച തന്നെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്‍കൈയെടുത്ത് നടപടികള്‍ ഊര്‍ജിതമാക്കിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകി. 54 വയസ്സായ ശ്രീദേവിയുടെ മരണ കാരണം ഹൃദയാഘാതമാണെന്ന് പറയുന്നുണ്ടെങ്കിലും അവര്‍ താമസിച്ചിരുന്ന ഹോട്ടലിലെ ശുചിമുറിയില്‍ തെന്നിവീണ് മരണം സംഭവിച്ചതിനാലാണ് വിശദമായ പരിശോധനകളും പോസ്റ്റ്‌മോര്‍ട്ടവും ആവശ്യമായി വന്നത്.
ദുബായ് ജുമൈറ എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടലിലാണ് ശ്രീദേവി മരിച്ചതെന്ന് കോണ്‍സുലേറ്റ് വൃത്തങ്ങള്‍ പറഞ്ഞു. റാഷിദ് ഹോസ്പിറ്റലില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചുവെന്നാണ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഹോട്ടലിലെ വാഷ് റൂമില്‍ തെന്നി വീണതിനെ കുറിച്ച് ഹോട്ടല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വിശദീകരണമൊന്നും ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണത്തിലായതിനാലണ് ഹോട്ടല്‍ അധികൃതര്‍ വിവരങ്ങള്‍ പുറത്തു വിടാത്തത്. ശ്രീദേവി നേരത്തെ ഹൃദ്രോഗത്തിന് ചികിത്സ തേടിയിരുന്നില്ലെന്ന് ബന്ധുക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ആശുപത്രിക്ക് പുറത്ത് മരിച്ചതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം നീണ്ടത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായതിനു ശേഷവും അവശേഷിക്കുന്ന ലാബ് പരിശോധനകള്‍ക്ക് സമയമെടുത്തു. ദുബായിലെ ഹോസ്പിറ്റലിനു പുറത്തു സംഭവിക്കുന്ന മരണങ്ങളില്‍ പരിശോധനകളും അനന്തര നടപടികളും പൂര്‍ത്തിയാക്കാന്‍ പൊതുവെ 24 മണിക്കൂറെങ്കിലും എടുക്കാറുണ്ട്.
നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും പോലീസിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നുമാണ് ഇന്നലെ വൈകിട്ട് ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചത്. മരിച്ചത് ഉന്നത വ്യക്തിയായതിനാല്‍ ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഇന്നലെ തന്നെ മൃതദേഹം ഏറ്റുവാങ്ങി നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയോടെ കഴിഞ്ഞിരുന്ന ബന്ധുക്കളോട് പറഞ്ഞത്. ഡോ. ഖാലിദ് അല്‍ബുറൈകിയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍.
ഓഫീസുകളുടെ പ്രവര്‍ത്തന സമയം അവസാനിച്ചതും മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള കാലതമാസത്തിനു കാരണമായെങ്കിലും നടിയുടെ മരണത്തെ ചുറ്റിപ്പറ്റി പലവിധത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു. എന്നാല്‍ ഇതിനൊന്നും സ്ഥിരീകരണമില്ല.
പാസ്‌പോര്‍ട്ട് റദ്ദാക്കല്‍, ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കി ബര്‍ദുബായ് പോലീസ് സ്‌റ്റേഷനിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി കൂടി നേടിയ ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക.  
ദുബായ് പോലീസ് ആസ്ഥാനത്തുള്ള മോര്‍ച്ചറിയിലായിരുന്നു മൃതദേഹം.
ബന്ധുവും ബോളിവുഡ് നടനുമായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് ശ്രീദേവിയും കുടുംബവും ദുബായിലെത്തിയത്. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും മരണ സമയത്ത് സമീപത്തുണ്ടായിരുന്നു. ആദ്യ സിനിമയുടെ തിരക്കിലായിരുന്ന മകള്‍ ജാഹ്്‌നവി കുടുംബത്തോടൊപ്പം ദുബായിലേക്ക് വന്നിരുന്നില്ല.  
റാസല്‍ഖൈമയില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്ത ശേഷമാണ് ശ്രീദേവിയും കുടുംബവും ദുബായിലെത്തിയത്. ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂറാണ് മരണ വിവരം പുറത്തു വിട്ടത്.
കുമാര സംഭവം, പൂമ്പാറ്റ, ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍, സത്യവാന്‍ സാവിത്രി, ദേവരാഗം ഉള്‍പ്പെടെ 26  ചിത്രങ്ങളിലൂടെ  മലയാളികളുടെയും പ്രിയ താരമായ ശ്രീദേവിയുടെ ജനനം 1963 ഓഗസ്റ്റ് 13 ന് തമിഴ്‌നാട്ടിലെ ശിവകാശിയിലായിരുന്നു.  അച്ഛന്‍ അയ്യപ്പന്‍ അഭിഭാഷകനായിരുന്നു. അമ്മ രാജേശ്വരി. നാലാം വയസ്സില്‍ തുണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ  ബാലതാരമായാണ് ശ്രീദേവി അഭിനയ രംഗത്തെത്തിയത്. പൂമ്പാറ്റ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
1976 ല്‍ പതിമൂന്നാം വയസ്സില്‍ കമല്‍ ഹാസനും രജനീകാന്തിനുമൊപ്പം  കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത മൂണ്ട്ര് മുടിച്ച് എന്ന ചിത്രത്തില്‍ നായികയായി. പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കള്‍, മൂന്നാം പിറ, മിസ്റ്റര്‍ ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയവ പ്രധാന ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു.  
ബോളിവുഡിലെ ആദ്യ വനിതാ മെഗാ സ്റ്റാറായി അറിയപ്പെട്ട ശ്രീദേവി ഹിന്ദിക്കു പുറമെ, തമിഴ്, തെലുഗ്, മലയാളം, കന്നട  ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ചു. 1981 ല്‍ മൂന്നാം പിറയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ച ശ്രീദേവിയെ 2013 ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന സീറോ ആണ് അവസാന ചിത്രം.
മരണ വിവരമറിഞ്ഞ് ഇന്നലെ രാവിലെ മുതല്‍ തന്നെ ശ്രീദേവിയുടെ ബാന്ദ്രയിലെയും അന്ധേരിയിലെയും വസതികളിലേക്ക് ആരാധക പ്രവാഹം തുടങ്ങിയിരുന്നു.

 

Latest News