Sorry, you need to enable JavaScript to visit this website.
Friday , January   28, 2022
Friday , January   28, 2022

എഴുത്തുവഴിയിലെ വേറിട്ട പ്രതിഭ

പത്രപ്രവർത്തനത്തിലും നാടക നിരൂപണരംഗത്തും ബാലസാഹിത്യരംഗത്തുമെല്ലാം സ്വന്തമായ കയ്യൊപ്പ് ചാർത്തിയ എഴുത്തുകാരനാണ് ഡോ. കെ. ശ്രീകുമാർ. എഴുത്തുജീവിതത്തോടൊപ്പം പൂർണ്ണ പബ്ലിക്കേഷൻസിന്റെ എഡിറ്ററായും തിരൂർ തുഞ്ചൻ ട്രസ്റ്റിന്റെ കോ ഓർഡിനേറ്ററായുമെല്ലാം കർമ്മപഥത്തിൽ തിരക്കിന്റെ ലോകത്താണ് ഈ മനീഷി. ഇരുനൂറോളം പുസ്തകങ്ങളുടെ  രചയിതാവ്. അവയിൽ നൂറ്റി എഴുപതോളം ബാലസാഹിത്യകൃതികൾ. ഒടുവിലായി മലയാള ബാലസാഹിത്യചരിത്രം രണ്ടു വാള്യങ്ങളായാണ് പുറത്തിറക്കിയത്. ബാലസാഹിത്യരംഗത്ത് പകരംവയ്ക്കാനില്ലാത്ത ഈ പ്രതിഭ അരങ്ങിനായി ജീവിതം പകുത്തുനൽകിയ ഒട്ടേറെ പ്രതിഭകളെയും മലയാളികൾക്ക് പരിചയപ്പെടുത്തി. മലയാള സംഗീത നാടക ചരിത്രത്തെ തന്റെ തൂലികയിലൂടെ വരഞ്ഞുവച്ചപ്പോൾ അതൊരു അപൂർവ്വകൃതിയായി മാറുകയും ചെയ്തു.
പൂർണ്ണ പബ്ലിക്കേഷൻസിന്റെ നാലാം നിലയിലുള്ള ഓഫീസിൽവച്ച് തന്റെ സാഹിത്യയാത്രയെക്കുറിച്ച് മലയാളം ന്യൂസിനോടു മനസ്സു തുറക്കുകയായിരുന്നു ഈ സാഹിത്യകാരൻ. പിന്നിട്ട വഴികളെക്കുറിച്ചും ഒട്ടേറെ കാര്യങ്ങൾ മനസ്സിലുണ്ടെന്നും അവയെല്ലാം പുസ്തകത്താളുകളിലേയ്ക്കു പകർത്തണമെന്നും ഇദ്ദേഹം പറഞ്ഞുവയ്ക്കുന്നു.
ചോറ്റാനിക്കരക്കടുത്ത് കണയന്നൂരാണ് ജനിച്ചുവളർന്നത്. ബിരുദപഠനത്തിനായാണ്് മഹാരാജാസിലെത്തിയത്. എഴുത്തുകാർക്ക് വളരാനുള്ള വളക്കൂറുള്ള മണ്ണായിരുന്നു മഹാരാജാസിലേത്്. മലയാളം ഐഛികമായി ബി.എയും എം.എയും അവിടെ പഠിച്ചു. ജോർജ് ഇരുമ്പയമായിരുന്നു മലയാള വിഭാഗം മേധാവി. കൂടാതെ എൻ.സുഗതൻ, സി. അയ്യപ്പൻ, തുറവൂർ വിശ്വംഭരൻ, കെ.ജി. ശങ്കരപ്പിള്ള... തുടങ്ങി ഒട്ടേറെ പ്രമുഖർ അന്നവിടെ ഉണ്ടായിരുന്നു. കവിയരങ്ങുകളും സെമിനാറുകളും പ്രഭാഷണങ്ങളുമെല്ലാമായി സാഹിത്യ സമ്പന്നമായിരുന്നു കാമ്പസ്.
മഹാരാജാസിൽ എം.എയ്്ക്കു പഠിക്കുമ്പോൾ തന്നെ കാക്കനാട് പ്രസ് അക്കാദമിയിൽ ജേണലിസം ഈവനിംഗ് കോഴ്‌സിനു ചേർന്നിരുന്നു. തുടർന്ന് എം.ഫിൽ പഠനത്തിനായി മദ്രാസ് സർവ്വകലാശാലയിൽ ചേർന്നു. മാധവിക്കുട്ടിയുടെ കൃതികളിലെ ആത്മരതി എന്നതായിരുന്നു വിഷയം. വീട്ടുകാരുടെ പാത പിന്തുടർന്ന് ഒരു അധ്യാപകനാകാനായിരുന്നു മോഹം. എന്നാൽ ഇക്കാലത്തായിരുന്നു മാതൃഭൂമിയുടെ മദ്രാസ് ലേഖകനായിരുന്ന കെ.സി.നാരായണൻ കണ്ണൂരിലേയ്ക്ക് സ്ഥലം മാറിപ്പോയത്. അദ്ദേഹത്തിന്റെ ഒഴിവിലേയ്ക്ക് ഒരാളെ വേണമെന്നറിഞ്ഞപ്പോൾ കോഴിക്കോട്ടുവന്ന്  ഇന്റർവ്യുവിൽ പങ്കെടുത്തു. പാർട്ട് ടൈം ലേഖകനായി ജോലിയും ലഭിച്ചു. കാവേരി നദീജലതർക്കവും ജയലളിതയുടെ നിരാഹാരവും തുടങ്ങി ഒട്ടേറെ സംഭവങ്ങൾ റിപ്പോർട്ടു ചെയ്തു. കൂടാതെ മദിരാശിക്കത്ത് എന്ന ഒരു കോളവും എഴുതിയിരുന്നു. ഒരുവർഷം ചെന്നൈയിൽ ജോലി ചെയ്തു. തുടർന്ന് ടെസ്റ്റ് എഴുതി പാസായി മാതൃഭൂമിയുടെ കോഴിക്കോട് ഓഫീസിൽ ട്രെയിനിയായി ജോലി തുടങ്ങി. രണ്ടു വർഷത്തിനുശേഷം ആഴ്ചപ്പതിപ്പിലേയ്ക്കു മാറി. എം.ടിയായിരുന്നു അന്ന് പിരീയോഡിക്കൽസ് എഡിറ്റർ. കൂടാതെ ശത്രുഘ്‌നനുമുണ്ടായിരുന്നു. എം.ടി.യെ ആദ്യമായി കണ്ടത് അവിടെവച്ചായിരുന്നു. ഏഴുവർഷത്തോളം അദ്ദേഹത്തോടൊപ്പം ജോലി ചെയ്തു. പിന്നീട് കണ്ണൂരും കാസർകോട്ടും ജോലി നോക്കി. തിരിച്ചെത്തിയപ്പോൾ വീക്കെൻഡിന്റെ ചാർജായിരുന്നു. ഏഴുവർഷത്തിലേറെ അവിടെയും ജോലി ചെയ്തു. ഒടുവിൽ ന്യൂസ് എഡിറ്ററായി ഒന്നരവർഷം. മുഴുവൻസമയം എഴുത്തുകാരനാകണമെന്ന ചിന്ത കലശലായപ്പോൾ 2016 ഏപ്രിൽ 13ന്് മാതൃഭൂമിയുടെ പടിയിറങ്ങി.
കൗമാരകാലംതൊട്ടേ ബാലമാസികകളിൽ കഥയും കവിതയും എഴുതിയിരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലത്തായിരുന്നു ലാലുലീലയിൽ ആദ്യത്തെ ചിത്രകഥ അച്ചടിച്ചുവന്നത്. പ്രീഡിഗ്രി പഠനകാലത്ത് ബാലമാസികകളിൽ കഥയും കവിതകളുമെഴുതി ചെറിയ പ്രതിഫലം ലഭിക്കാറുണ്ടായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ബാലപംക്തിയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇക്കാലത്തായിരുന്നു ഉണ്യായേം പൊന്നുമുത്തശ്ശീം എന്ന ആദ്യകൃതി പുറത്തിറങ്ങുന്നത്. തുടർന്ന് നൂറ്റി എഴുപതോളം ബാലസാഹിത്യകൃതികൾ എഴുതി. ബാലപംക്തി കൈകാര്യം ചെയ്തതുകൊണ്ട് കുട്ടികളുടെ മനസ്സറിയാൻ കഴിഞ്ഞു. കുട്ടിയാകാതെ കുട്ടിക്കഥകളെഴുതാനാവില്ലെന്ന തിരിച്ചറിവ് ലഭിച്ചത്് അവിടെനിന്നാണ്. പുറമേയ്ക്ക് വളരെ ലളിതമെന്നു തോന്നുമെങ്കിലും ഏറെ ശ്രദ്ധ ആവശ്യപ്പെടുന്ന മേഖലയാണത്.
കോഴിക്കോട്ട് എത്തിയശേഷമാണ് നാടകത്തെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചത്. അവിടെ വച്ച് പരിചയപ്പെട്ട എവിടെയും രേഖപ്പെടുത്താത്ത ഒട്ടേറെ നാടകപ്രവർത്തകരെ കണ്ടു. ഇവരൊക്കെ ഈ കേരളത്തിൽ ജീവിച്ചിരുന്നുവെന്നും അവർ നാടകപ്രസ്ഥാനത്തിനുവേണ്ടി എന്തു ചെയ്തുവെന്നും അടുത്ത തലമുറ അറിയുന്നതിനായാണ് 301 നാടക പ്രവർത്തകരുടെ ജീവിതകഥയായ അരങ്ങ് 301 നാടകപ്രതിഭകളുടെ ജീവചരിത്രം എന്ന പുസ്തകമെഴുതിയത്. ഓച്ചിറ വേലുക്കുട്ടി, സെബാസ്റ്റിയൻ കുഞ്ഞ് കുഞ്ഞ് ഭാഗവതർ, ആൻഡ്രൂസ് മാസ്റ്റർ എന്നിവരുടെ ജീവിതകഥയും എഴുതി. 

ഈയിടെ പുറത്തിറങ്ങിയ ബാലസാഹിത്യചരിത്രത്തെക്കുറിച്ച്
മലയാളത്തിൽ ഒട്ടേറെ സാഹിത്യചരിത്രങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. എന്നാൽ ബാലസാഹിത്യചരിത്രത്തെക്കുറിച്ച് വിശദമായ പഠനങ്ങളൊന്നുമില്ല. പലരും ശ്രമിച്ചിരുന്നെങ്കിലും സമഗ്രമായ ഒരു പുസ്തകവും പുറത്തിറക്കാനായില്ല. അങ്ങനെയാണ് ഈയൊരു ഉദ്യമത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. കോവിഡ് കാലവും ലോക് ഡൗണുമെല്ലാം ഉപയോഗപ്പെടുത്തി മൂന്നര വർഷത്തെ അധ്വാനത്തിന്റെ ഫലമാണ് മലയാള ബാല സാഹിത്യ ചരിത്രം. ബാലസാഹിത്യത്തിന്റെ തുടക്കം മുതൽ 2020 വരെയുള്ള കാലഘട്ടങ്ങളിലെ ചരിത്രമാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. 
എഴുതാൻ ഏറെയുണ്ടെങ്കിലും പുതിയ പ്രോജക്ടുകളെക്കുറിച്ച് ആലോചിച്ചുതുടങ്ങിയിട്ടില്ല. പൂർണ്ണയുടെ ബാലേട്ടൻ വിളിച്ചേൽപ്പിച്ച ഉത്തരവാദിത്തങ്ങൾ ചെയ്യുന്നു. എം.ടി സാർ നൽകിയ തുഞ്ചൻ ട്രസ്റ്റിന്റെ കോ ഓർഡിനേറ്റർ പദവിയിലും സഹകരിക്കുന്നു. കഴിഞ്ഞ മൂന്നുവർഷമായി തുഞ്ചൻ പറമ്പിലെ ഉത്സവങ്ങൾക്കും കലോത്‌സവങ്ങൾക്കും എഴുത്തിനിരുത്തലുകൾക്കും രാമായണ പാരായണത്തിനുമെല്ലാം എം.ടിയോടൊപ്പമുണ്ട്. തുഞ്ചൻപറമ്പിൽ ഇപ്പോൾ നാടക ക്യാമ്പ് നടന്നുവരികയാണ്.
ബാലസാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ അംഗീകാരം, കേരള സാഹിത്യ അക്കാദമി അവാർഡ്, മൂന്നു തവണ കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ്, ഭീമ അവാർഡ്, ചെറുകാട് അവാർഡ്, അബുദാബി ശക്തി അവാർഡ്, ഉറൂബ് അവാർഡ്, കൽക്കത്ത ഭാരതീയ ഭാഷാ പരിഷത്തിന്റെ അവാർഡ്, ഒമാനിലെ ഇന്ത്യൻ സോഷ്യൽ അവാർഡ്... തുടങ്ങി എഴുപതോളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മാധ്യമരംഗത്ത് മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡ് അടക്കം ഇരുപത്തഞ്ചോളം പുരസ്‌കാരങ്ങൾ ലഭിച്ചു. ശ്രദ്ധേയമായ ഒട്ടേറെ പരമ്പരകൾ മാതൃഭൂമിയിൽ എഴുതിയിട്ടുണ്ട്. ഭാര്യ ഇന്ദു ബാലുശ്ശേരി ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പലാണ്. മകൻ വൈശാഖൻ സോഫ്റ്റ്‌വേർ എൻജിനീയർ. മകൾ നയനതാര പൂനെ ഡെക്കാൻ കോളേജിൽ എം.എ ആർക്കിയോളജി വിദ്യാർഥിയാണ്.

Latest News