Sorry, you need to enable JavaScript to visit this website.

നാട്ടുകാരുടെ കയ്യക്ഷരം പരിശോധിക്കുന്ന ഉത്തരകൊറിയ

1988ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്നത്. ശ്രീനിവാസന്റേതായിരുന്നു തിരക്കഥ. മദിരാശി നഗരത്തിലാണ് കഥ നടക്കുന്നത്. ജഗതിയുടെ ഭാര്യയ്ക്ക് അബദ്ധ വശാൽ പ്രണയലേഖനം ലഭിക്കുന്ന ഒരു സീനുണ്ട് സിനിമയിൽ. ഇതെഴുതിയവന്റെ കൈയക്ഷരം നോക്കി കണ്ടു പിടിക്കാൻ നടത്തുന്ന വെരിഫിക്കേഷൻ പരേഡ് രസകരമായ രംഗങ്ങളുൾപ്പെടുന്നതാണ്. ഉത്തര കൊറിയയിലെ ജനങ്ങൾ ഇതു പോലൊരു പരീക്ഷണ ഘട്ടത്തെയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. 
ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിനെതിരെ ചുമരെഴുത്ത് നടത്തിയവരെ കണ്ടുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ്  ഭരണകൂടം. ഉത്തരകൊറിയൻ നഗരത്തിൽ കിം ജോങ് ഉന്നിന് എതിരെ അസഭ്യ ഭാഷയിലാണ് ചുമരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ഇത് എഴുതിയവരെ കണ്ടെത്താൻ ആളുകളുടെ കയ്യക്ഷരം പരിശോധിച്ചു വരികയാണ്. പ്യൊങ്ചൻ ജില്ലയിലെ ഒരു അപ്പാർട്ട്‌മെന്റിന്റെ  ചുമരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തിൽ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. പിന്നാലെ അധികൃതർ ഇത് മായ്ച്ചു കളഞ്ഞു. എങ്കിലും ഇത് എഴുതിയാളെ കണ്ടുപിടിക്കാൻ നഗരവാസികളുടെ മുഴുവൻ കൈയ്യക്ഷരം പരിശോധിക്കുകയാണ്.  വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെയും വിദ്യാർഥികളുടെയും ഉൾപ്പെടെ ആയിരക്കണക്കിനു പേരുടെ കയ്യക്ഷരം പരിശോധിക്കുമെന്നാണ് റിപ്പോർട്ട്. 2020ലും ഇത്തരത്തിൽ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ കണ്ടെത്താൻ കയ്യക്ഷര പരിശോധന നടത്തിയിരുന്നു.  ആണവായുധവും അമേരിക്കയുമല്ല പ്രാഥമിക പരിഗണന പട്ടികയിൽ വരിക എന്ന് ഉത്തരകൊറിയൻ കിം ജോങ് ഉൻ അടുത്തിടെ പ്രസ്താവിച്ചിരുന്നു. രാജ്യം ഇനി ശ്രദ്ധയൂന്നുക ജനങ്ങൾക്ക് ഭക്ഷണവും ജീവിതനിലവാരവും ഉറപ്പുവരുത്താനാകുമെന്നും അധികാരമേറ്റതിന്റെ പത്താം വാർഷികത്തിൽ രാഷ്ട്രത്തോട് നടത്തിയ പ്രഭാഷണത്തിൽ കിം പറഞ്ഞു. ഇതും നല്ല തിരിച്ചറിവാണ്. 
*** *** *** 
പൊതുവെ സമാധാനപരമായി കഴിയുന്ന ലക്ഷദ്വീപ് നിവാസികളെ ആശങ്കയുടേയും പ്രതിഷേധങ്ങളുടേയും നടുവിലേക്ക് തളളിവിട്ട വർഷമായിരുന്നു 2021. അഡ്മിനിസ്‌ട്രേറ്ററുടെ ചുമതലയിലേക്ക് പുതുതായി എത്തിയ പ്രഫുൽ പട്ടേൽ നടത്തിയ ഭരണ പരിഷ്‌കാരങ്ങളായിരുന്നു ലക്ഷദ്വീപ് നിവാസികളുടെ സമര രംഗത്തേക്ക് ഇറക്കിയത്. പുതിയ വർഷം പിറന്നപ്പോഴും സമാധാനത്തിന്റെ തുരുത്തുകളിൽ അശാന്തിയുടെ ദിനങ്ങളാണ്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയെ കുറിച്ചും ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളും ഓർത്തെടുത്ത് രംഗത്ത് വന്നിരിക്കുകയാണ് ഐഷ സുൽത്താന.  പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. വർഷങ്ങൾക്ക് മുൻപ് ഹാർട്ട് അറ്റാക്ക് വന്ന ഉപ്പയെ ദ്വീപ് ആശുപത്രിയിൽ എത്തിച്ച സംഭവും അഭിമുഖത്തിൽ ഐഷ സുൽത്താന ഓർത്തെടുക്കുന്നു.
ഹാർട്ട് അറ്റാക്ക് ആയിരുന്നുവെങ്കിലും യൂറിനറി ഇൻഫക്ഷൻ എന്ന് പറഞ്ഞായിരുന്നു ദ്വീപിലെ ആശുപത്രി ചികിത്സിച്ചത്. കൊച്ചിയിലേക്ക് ഇവാക്വേഷൻ നടത്തണമെന്ന് ഞാനും ഉമ്മയും അനിയൻമാരും കരഞ്ഞ് പറഞ്ഞെങ്കിലും ആദ്യം അവർ തയ്യാറായില്ല. പിന്നീട് 14ാം ദിവസമാണ് ഇവാക്വേഷൻ നടത്തുന്നത്. അപ്പോഴേക്കും രോഗം വളരെ ഗുരുതരമായി മാറിയിരുന്നു. രണ്ട് മാസത്തിന് ശേഷം അനിയനേയും ഇതുപോലെ നഷ്ടമായി. ഈ രണ്ട് മരണങ്ങളുടെ ദുഃഖമുണ്ട് എന്റെ പോരാട്ടത്തിന് പിന്നിൽ. ഇത്തരം വിഷയങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചാളാണ് താനെന്നും ഐഷ സുൽത്താന വ്യക്തമാക്കി.  ഉപ്പ കുഞ്ഞിക്കോയ മിനിക്കോയി ദ്വീപിൽ സർക്കാർ ജോലിക്കാരനായിരുന്നു. സ്‌കൂൾ പഠനത്തിന് ശേഷം ബിഎ പഠിക്കാനാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെത്തിയത്. അതോടെയാണ് സിനിമാ സ്വപ്നങ്ങൾക്കും നിറം വെക്കുന്നത്. പഠനകാലത്താണ് മോഡലിങും അഭിനയവും തുടങ്ങുന്നത്. ഡിഗ്രിക്ക് ശേഷം കൊച്ചിയിൽ പരസ്യ ഏജൻസി തുടങ്ങി. ലാൽ ജോസ് സർ സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകത്തിൽ അസിസ്റ്റന്റ് ആയതാണ് സിനിമയിലേക്ക് വഴി തുറന്നത്.
കുറച്ച് സിനിമകളിൽ അസിസ്റ്റന്റായതിന് ശേഷം ആസിഫലി നായകനായ കെട്ട്യോളാണെന്റെ മാലാഖയിൽ അസോസിയേറ്റ് ആയത്. പിന്നീടാണ് സ്വന്തം സിനിമയിലേക്ക് തിരിയുന്നത്. ഫ്‌ളഷിന്റെ ഷൂട്ടിനായി ദ്വീപിലെത്തിയ സമയത്താണ് പുതിയ പരിഷ്‌കാരങ്ങൾ വരുന്നത്. കോവിഡ് നിയന്ത്രണവും 144 ഉം ഒക്കെയായി ദ്വീപിലെ അവസ്ഥ വളരെ മോശമായ സാഹചര്യമായിരുന്നു അത്. അനുഭവിച്ച വേദനകൾ പുറം ലോകത്ത് പറയുന്നതിനിടെയുണ്ടായ നാക്ക് പിഴയാണ് ജീവിതം മാറ്റിമറിച്ചത്. അതോടെ രാജ്യദ്രോഹിയായി. മുൻകൂർ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിച്ചു. എന്നെ പിന്തുണയ്ക്കുന്നത് ആരാണ് എന്നായിരുന്നു ചോദ്യം ചെയ്ത ഉദ്യോഗസ്ഥർക്ക് അറിയേണ്ടിയിരുന്നത്. അവർ അന്വേഷിക്കുന്ന തെളിവുകൾ കണ്ടെത്താനായി ഫോണുകൾ പോലും പിടിച്ചെടുത്തു. താൻ ദ്വീപുകാരിയല്ലെന്ന് വരുത്തി തീർക്കാനായിരുന്നു ചിലരുടെ ശ്രമം. ബംഗ്ലാദേശ് സ്വദേശിയാണെന്ന തരത്തിൽ വരെ പ്രചാരണം നടന്നു. ഹൈക്കോടതിയിൽനിന്ന് ജാമ്യം നേടി നിൽക്കുകയാണ്.
*** *** *** 
മൊബൈൽ ഫോൺ കൈവശമുള്ളവരെല്ലാം ദൃശ്യ മാധ്യമ പ്രവർത്തകരാവുന്ന കാലമാണിത്. അച്ചടി മാധ്യമം മാത്രമുള്ളപ്പോൾ അതെല്ലാം പത്രക്കാർ വളച്ചൊടിക്കുന്നതാണെന്ന് പറഞ്ഞ് രക്ഷപ്പെടാമായിരുന്നു. മസ്‌കത്തിലെ സുഹൃത്ത് ഫേസ്ബുക്കിലിട്ട മുൻ മന്ത്രി കെ.ടി ജലീലിന്റെ രണ്ട് പ്രസംഗ ദൃശ്യങ്ങൾ അടിപൊളി. യുഡിഎഫ് സർക്കാറിന്റെ എക്‌സ്പ്രസ് ഹൈവേക്കെതിരെ ജലീൽ  നടത്തിയ പ്രസംഗമാണ് ആദ്യത്തേത്. നൂറു മീറ്റർ വീതിയിൽ പാടങ്ങളും തണ്ണീർ തടങ്ങളും മണ്ണിട്ട് നികത്തി കുടിയിറക്കപ്പെടുന്ന ജനനങ്ങളുടെ ആശങ്കകളുടെ കൂടെനിന്ന് അന്ന് നടത്തിയ പ്രസംഗം. കൂടെ പിണറായി സർക്കാരിന്റെ അർധ അതിവേഗ പാതയായ കെ റെയിലിന്  വേണ്ടി ഏഷ്യാനെറ്റിൽ വന്ന വാചക കസർത്തും. പല പാർട്ടികൾ മാറിവരുന്ന നേതാക്കളുടെ ഈ കാലത്ത് ഇതിലൊക്കെ എന്ത് പുതുമ? 
*** *** *** 
മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജുവാര്യർ. മലയാളത്തിന് പുറമെ അന്യഭാഷകളിലും മഞ്ജുവിന് മികച്ച വേഷങ്ങൾ ലഭിക്കുന്നുണ്ട്.അഭിനയത്തിന് പുറമെ നിർമാണ രംഗത്തും താരം എത്തിയിട്ടുണ്ട്. സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം മനോഹരം, സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത അഹർ തുടങ്ങിയവയാണ് മഞ്ജുവിന്റെ നിർമാണത്തിൽ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങൾ.ഇപ്പോഴിതാ സംവിധായികയാവുമോയെന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് മഞ്ജു വാര്യർ. ഗീതുമോഹൻദാസിന്റെയും അഞ്ജലി മേനോന്റെയും സുഹൃത്താണ് മഞ്ജു. സിനിമ സംവിധാനം എന്നത് എപ്പോഴെങ്കിലും മഞ്ജുവിനെ പ്രലോഭിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മഞ്ജു ഉത്തരം പറഞ്ഞത്. തനിക്ക് സംവിധാനം ചെയ്യാൻ മതിയായ വൈദഗ്ധ്യം ഇപ്പോൾ ഇല്ലെന്നാണ് തോന്നുന്നത് എന്നായിരുന്നു മഞ്ജു പറഞ്ഞത്. ഇതുവരെയുള്ള എന്റെ തീരുമാനങ്ങളെല്ലാം സ്വതഃസിദ്ധമായിരുന്നു. നാളെ ഞാൻ എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. ഇപ്പോൾ എനിക്ക് പ്ലാനുകളൊന്നുമില്ല.-ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ മഞ്ജു പറഞ്ഞു.
എപ്പോഴെങ്കിലും സിനിമ സംവിധാനം ചെയ്യാൻ ആലോചിച്ചാൽ ഏത് വിഭാഗത്തിലായിരിക്കുമെന്ന ചോദ്യത്തിന് തന്റെ അഭിരുചികൾ എപ്പോഴും മാറിക്കൊണ്ടേയിരിക്കുന്നുവെന്നാണ് മഞ്ജു പറഞ്ഞത്. തനിക്ക് ലൗ സ്‌റ്റോറികൾ അഭിനയിക്കാൻ താൽപ്പര്യമുണ്ട്. പക്ഷേ മുൻകാലങ്ങളിൽ ചെയ്ത ശക്തമായ സ്ത്രീപക്ഷ സിനിമകൾ കാരണം, സമൂഹത്തിനെതിരെ പോരാടുന്ന ഒരു സ്ത്രീയുടെ കഥകളിലേക്കോ അത്തരത്തിലുള്ള മറ്റെന്തെങ്കിലുമോ കഥകളോ ആയിരിക്കും തനിക്ക് ഇഷ്ടമെന്നാണ് ആളുകൾ വിചാരിക്കുന്നത്. അതെല്ലാം പലതവണ ചെയ്തിട്ടുണ്ട്. മറ്റ് ഭാഷകളിൽ നിന്നുള്ള ഓഫറുകളുടെ കാര്യവും ഇങ്ങനെ തന്നെയാണെന്ന് അവർ പറഞ്ഞു. സംവിധായകൻ വെട്രിമാരന്റെ അസുരനിലെ അഭിനയത്തിന് ശേഷം അതേ പശ്ചാത്തലത്തിലോ സമാനമായ പാറ്റേണിലോ ഉള്ള കൂടുതൽ സിനിമകൾ തന്റെ അടുത്തേക്ക് വരുന്നെന്നും മഞ്ജു പറഞ്ഞു.
*** *** *** 
ലോഹിതദാസിന്റെ നിവേദ്യത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഭാമ. വിവാഹശേഷം സിനിമയിൽ നിന്നും താരം ഇടവേള എടുത്തിരുന്നു. നല്ല അവസരങ്ങൾ കിട്ടിയാൽ സിനിമയിലേക്ക് തന്നെ തിരിച്ചെത്തുമെന്നും ഭാമ നേരത്തെ വ്യക്തമാക്കിയിരുന്നു.താൻ അഭിനയിച്ച ചില സിനിമകൾ ഇപ്പോൾ കാണുമ്പോൾ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നുന്നാറുണ്ട് എന്നാണ് ഭാമ പറയുന്നത്. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. നല്ല അവസരങ്ങൾ വരാത്തത് കൊണ്ടാണ് താൻ സിനിമയിൽ നിന്നും മാറി നിന്നതെന്നും ഭാമ പറയുന്നു. ഭർത്താവ് അരുൺ തന്നോട് അഭിനയിക്കരുതെന്ന് പറഞ്ഞിട്ടില്ല. മടങ്ങിവരവ് എന്ന് പറഞ്ഞാൽ അത് സംഭവിക്കേണ്ടതാണ്. കല്യാണത്തിന് മുമ്പ് മൂന്നു വർഷം അഭിനയിച്ചിട്ടില്ല. നല്ല അവസരങ്ങൾ വരാത്തത് കൊണ്ട് മാറി നിന്നതാണ്. ഇപ്പോഴും അത് തന്നെയാണ് പറയാനുള്ളത്. നല്ല അവസരങ്ങൾ വന്നാൽ അഭിനയിക്കും. കുടുംബത്തെ ബാധിക്കാത്ത രീതിയിലാണെങ്കിൽ തിരിച്ചു വരും. ഇപ്പോഴാണ് തന്റെ തുടക്കമെങ്കിൽ കരിയർ മറ്റൊരു രീതിയിൽ ഡിസൈൻ ചെയ്യാമായിരുന്നുവെന്നു തോന്നിയിട്ടുണ്ട്. വർഷങ്ങൾ മുന്നോട്ടു പോകുമ്പോൾ നമ്മുടെ ചിന്തകളിൽ മാറ്റങ്ങൾ വരുമല്ലോ. അതാകാം പണ്ട് അഭിനയിച്ച ചില സിനിമകൾ കാണുമ്പോൾ തനിക്ക് ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നാറുള്ളത്. കന്നഡ ചിത്രം രാഗ, കണ്ണീരിനും മധുരം എന്ന മലയാള ചിത്രത്തിലുമാണ് താരം ഒടുവിൽ വേഷമിട്ടത്. 2020ൽ ആണ് താരം വിവാഹിതയായത്.
*** *** *** 
ബിബിസിയുടെ ഇയർഎൻഡ് വൈറൽ വീഡിയോയിൽ ഇടംപിടിച്ച് ജാനകിയുടേയും നവീനിന്റേയും റാസ്പുടിൻ വീഡിയോ. 2021 ൽ വൈറലായ വീഡിയോകളുടെ പട്ടികയിലാണ് തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ ജാനകി ഓംകുമാറിന്റേയും നവീൻ റസാഖിന്റേയും റാസ്പുടിൻ വീഡിയോയും ഉൾപ്പെട്ടത്. ദേശീയ ചാനലായ ടൈംസ് നൗ ഇതു സംബന്ധിച്ച് വാർത്ത നൽകിയിട്ടുണ്ട്. ഏപ്രിൽ മാസത്തിലായിരുന്നു വൈറലായ വീഡിയോ പുറത്തിറങ്ങിയത്. വീഡിയോയ്‌ക്കെതിരെ അന്ന് വലിയ വിദ്വേഷ പ്രചാരണം നടത്തിയിരുന്നു. 
ജാനകിയുടേയും നവീനിന്റേയും മതത്തെ പരാമർശിച്ചാണ് സംഘപരിവാർ പ്രൊഫൈലുകളിൽ നിന്ന് വിദ്വേഷ പ്രചാരണം അഴിച്ചുവിട്ടത്. വിഷയം വിവാദമായതോടെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യമറിയിച്ച് വിവിധ മേഖലകളിലെ പ്രമുഖർ രംഗത്തെത്തിയിരുന്നു. എന്നാൽ വിമർശനങ്ങൾക്ക് മറുപടിയായി മറ്റൊരു ഡാൻസ് വീഡിയോയുമായാണ് നവീനും ജാനകിയും പ്രതികരിച്ചത്. ക്ലബ് എഫ്എം സെറ്റിലായിരുന്നു ഇരുവരും ഡാൻസ് ചെയ്തത്. ആറാം തമ്പുരാനിലെ പാടി തൊടിയിലേതോ എന്ന പാട്ടിന്റെ റിമിക്‌സിനാണ് ഇരുവരും ചുവട് വെച്ചത്. സംഭവം നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. റാസ്പുടിൻ വീഡിയോക്ക് പുറമേ കേന്ദ്ര ആരോഗ്യമന്ത്രി ആദ്യ കോവിഡ്19 വാക്‌സിൻ സ്വീകരിക്കുന്നതും ഒളിമ്പിക്‌സിൽ സ്വർണം നേടിയ നീരജ് ചോപ്രയുടെ പ്രകടനവുമൊക്കെയാണ് പട്ടികയിലുള്ള മറ്റ് വീഡിയോകൾ.

Latest News