1984 ജൂലൈ 7 ദൂരദർശന്റെ ചരിത്രത്തിലെ സുപ്രധാനമായ ദിവസമാണ്. അന്നാണ് പ്രൈം ടൈമിൽ ദൂരദർശന്റെ ദേശീയ ശൃംഖലയിൽ 'ഹംലോഗ്' എന്ന ഹിന്ദി പരമ്പര, ഒരു കുടുംബനാടകം, പ്രക്ഷേപണമാരംഭിക്കുന്നത്. മനോഹർ ശ്യാം ജോഷി തിരക്കഥയെഴുതി, വിനോദ് നാഗ്പാൽ, ജയശ്രീ അറോറ എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ച വിനോദവും വിജ്ഞാനവുംപകരുന്ന, മെക്‌സിക്കൻ ടെലിവിഷൻ സോപ്പ് ഓപെറയായ, അവർ 1975ൽ പ്രക്ഷേപണം ചെയ്ത, വെൻകോമിൻഗോവിന്റെ ചുവടുപിടിച്ചാണ്, അക്കാലത്തെ വാർത്താവിതരണപ്രക്ഷേപണമന്ത്രി കാര്യാലയത്തിന്റെ സെക്രട്ടറിയും 1997 ൽ പ്രസാർ ഭാരതി നിലവിൽ വന്നപ്പോൾ അതിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്ന സുരേന്ദർ സിംഗ് ഗിൽ നേരിട്ട് മേൽനോട്ടം വഹിച്ചാണ് ഹംലോഗ,് കുമാർ വാസുദേവിന്റെ സംവിധാനത്തിൽ നിർമ്മിക്കപ്പെട്ടത്; ദൂരദർശൻ സ്വന്തം ചെലവിൽ നിർമ്മിച്ച് പരസ്യവിപണിയിലിറക്കിയ അശോക് കുമാർ ഹിന്ദിയിലും തമിഴിൽ ജെമിനി ഗണേശനും ഓരോ ആഴ്ചയും സംക്ഷിപ്തമായി കഥാസംഗ്രഹവും സന്ദേശവും അവതരിപ്പിച്ച പരമ്പര വമ്പിച്ച പ്രേക്ഷകപ്രീതി നേടി. അതേവരെ 10 സെക്കൻഡുകളോ അവയുടെ ഗുണിതങ്ങളോ മാത്രമായിരുന്ന പരസ്യങ്ങൾ-സ്‌പോട്ടുകൾ-മാറി, അത് വലിയ മാറ്റമായിരുന്നു.
ഹംലോഗിന് ശേഷം ദേശീയ ശൃംഖലയിൽ പരമ്പരകളുടെ മഹാപ്രളയം തന്നെ വന്നു. ഇവയെല്ലാം നിർമ്മിച്ചിരുന്നത് ബോംബെയിലെ വൻകിട കമ്പനികളായിരുന്നു; ഏതാണ്ടെല്ലാവരും സിനിമാരംഗത്തുനിന്ന് വന്നവർ. പരമ്പരകൾക്ക് ഒരു പുതിയ വിപണനരീതി പരസ്യങ്ങളിൽ വന്നു: പരമ്പരകളുടെ തുടക്കത്തിലും ഒടുവിലും, പിന്നീട് നടുവിലും പതിനഞ്ച് മിനിട്ട് കഴിഞ്ഞാൽ പരസ്യങ്ങൾ എന്ന നില വന്നു. ഈ പരമ്പരകൾ സ്‌പോൺസർ ചെയ്യപ്പെട്ട പരമ്പരകളായി. പരസ്യങ്ങളിൽ കിട്ടുന്ന വരുമാനം കൊണ്ട് അതിന്റെ നിർമ്മാണം, ദൂരദർശന് നൽകേണ്ട ടെലികാസ്റ്റ് ഫീസ് എന്നിവയും നിർമ്മാതാവിന്റെ ലാഭവും നേടണം. ആദ്യകാലങ്ങളിൽ, 90കളുടെ ആദ്യവർഷങ്ങൾ വരെ, ദൂരദർശൻ ടെലിവിഷൻ രംഗത്ത് കുത്തകയായിരുന്നതിനാൽ നിർമ്മാതാക്കൾ വമ്പിച്ച ലാഭം കൊയ്തു.
മുൻപ് പരസ്യങ്ങൾ നൽകിയിരുന്നത് പരസ്യ ഏജൻസികളായിരുന്നു. പതിനഞ്ച് ശതമാനം കമ്മീഷൻ വ്യവസ്ഥയിൽ. ഇതൊഴിവാക്കാൻ പല വൻകിട പരമ്പര നിർമ്മാതാക്കളും സ്വന്തമായി മാർക്കറ്റിംഗ് ഏജൻസികളും തുടങ്ങി. ലോകത്തിലെ മറ്റ് ചാനലുകളിൽ നിന്ന് വിഭിന്നമായി, ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്ന, വലിയ പ്രേക്ഷകപ്രീതി നേടിയ പരമ്പരകളുടെ അവകാശങ്ങൾ നിർമാതാക്കൾക്ക് മാത്രമായി സാധാരണയായി മുപ്പത് മിനുട്ട് ദൈർഘ്യമുളള പരമ്പരകളിൽ രണ്ടര മിനുട്ട് പരസ്യസമയം, ഇരുപത്തിരണ്ടര മുതൽ 25 മിനുട്ട് വരെ പരിപാടി, ബാക്കിയുളള സമയം ദൂരദർശൻ പരിപാടികളുടെ പ്രമോഷൻ എന്നിങ്ങനെയായിരുന്നു വ്യവസ്ഥ. പരസ്യങ്ങൾ കൂടിയപ്പോൾ വരുമാനം ലക്ഷ്യമാക്കി, അനുവദിക്കപ്പെട്ടതിനപ്പുറമുളള സമയത്തിന് പലവിധ കിഴിവുകളും നൽകി, മാറ്റിക്കൊണ്ടിരുന്നു. പരസ്യവരുമാനത്തിന്റെ പരസ്യനിരക്കുകൾ ഒരുഭാഗം ഗവണ്മെന്റ് പ്രത്യേകപരിപാടികൾക്കായി. ദൂരദർശന് തിരികെ നൽകിയിരുന്നു. സാമ്പത്തികവർഷത്തിൽ ലാപ്‌സാകാത്ത ആ ഫണ്ട് മികച്ച പ്രത്യേകപരിപാടികളുടെ നിർമ്മാണത്തിനായി ഉപയോഗിച്ചുകൊണ്ടിരുന്നു.
പരസ്യവരുമാനം ആകാശവാണിയിലും ദൂരദർശനിലും എങ്ങനെ വർദ്ധിപ്പിക്കാമെന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഭാസ്‌കർഘോഷ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സെക്രട്ടറിയായിരുന്നപ്പോൾ ഒരു ഉന്നതാധികാരസമിതിയെ നിയമിച്ചു. പരേതരായ ഷുനു സെൻ (സിദ്ധാർത്ഥ്), അല്യുക് പദംസി, ഈയിടെ 89-ാം പിറന്നാളാഘോഷിച്ച അമീൻ സയാനി എന്നിവരായിരുന്നു ഈ കമ്മിറ്റിയിലെ അംഗങ്ങൾ. കമ്മിറ്റിയുടെ മെമ്പർ സെക്രട്ടറിയായി എന്നെയാണ് നിയോഗിച്ചിരുന്നത് ബിനാക്ക ഗീത് മാല പരിപാടി.
കമ്മിറ്റിയിലെ മൂന്ന് പേരും പരസ്യരംഗത്ത് അതിപ്രഗത്ഭരായ വ്യക്തികളായിരുന്നു അവരോരുത്തരും ഇന്ത്യയുടെ പരസ്യ, വിപണനമേഖലകളിൽ അതികായന്മാർ. ഇന്ത്യയിലെ ഏറ്റവും വലിയ നിത്യോപയോഗസാധനങ്ങളുടെ നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ ലീവറിന്റെ വിപണനവിഭാഗം മേധാവിയായിരുന്ന സിദ്ധാർത്ഥ് ഷുനുസെൻ ആ രംഗത്തെ 'ഗുരു'വായിട്ടാണ് കരുതപ്പെട്ടിരുന്നത്. ലിറിൽ സോപ്പിന്റെയും മറ്റും പരസ്യങ്ങൾ അക്കാലത്ത് ഹിറ്റുകളായിരുന്നു. ലിൻടാസ് എന്ന ഏറ്റവും വലിയ പരസ്യകമ്പനിയുടെ തലവനായിരുന്നു ബഹുമുഖ വ്യക്തിത്വമുളള അല്യുക് പദംസി. ആറ്റൻബറോവിന്റെ ഗാന്ധി സിനിമയിൽ ജിന്നയുടെ വേഷം അഭിനയിച്ച വ്യക്തി. ബോംബെയിലെ തിയേറ്റർ രംഗത്തും അതിപ്രഗത്ഭൻ. ഷുനുസെന്നും പദംസിയും ചേർന്നാണ് ഇന്ത്യയിലെ പരസ്യചിത്രങ്ങളിൽ തന്നെ ഇതിഹാസമായിരുന്ന പലതും നിർമ്മിച്ചത്. റേഡിയോ സിലോണിലൂടെയും പിന്നീട് വിവിധ് ഭാരതിയിലൂടെയും ബിനാക്ക ഗീത് മാലയും പിന്നീട് കോൾഗേറ്റ് ബിനാക്ക ഗീത് മാലയും അവതരിപ്പിച്ചുകൊണ്ടിരുന്ന (എന്റെ കൗമാരപ്രായത്തിൽ റേഡിയോയിൽ കേട്ട ഏറ്റവും നല്ല ഹിന്ദി സിനിമാഗാനങ്ങൾ ഇപ്പോഴും ഗൃഹാതുരത്വമുണർത്തുന്നു!) അമീൻ സയാനിയായിരുന്നു മറ്റൊരംഗം. കമ്മിറ്റിയുടെ ആദ്യയോഗത്തിൽ തന്നെ, നിക്ഷിപ്തമായ അധികാരമുപയോഗിച്ച് ഒഗിൾവി & മേത്തറിലെ (ഒ&എം) റോഡ മേത്തയെ കൂടി കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
കമ്മിറ്റി അംഗങ്ങളെല്ലാം ബോംബെയിൽ നിന്നുളളവരായിരുന്നു; അതിന്റെ പ്രവർത്തനത്തിനുവേണ്ട, ഗവണ്മെന്റ് സംവിധാനത്തിനുളള സൗകര്യങ്ങളൊരുക്കുക എന്റെ മുഖ്യജോലി ആറ് മാസമായിരുന്നു കമ്മിറ്റിയുടെ കാലാവധി. ഈ സമയത്തിനുളളിൽ ഞങ്ങൾ ബന്ധപ്പെട്ട എല്ലാവരുമായും ചർച്ചകൾ നടത്തി, വലിയ പരസ്യദാതാക്കളുമായി സംഘടനാതലത്തിലും വ്യക്തിപരമായും. പല തവണ ഞങ്ങൾ ബോംബെയിലും ഡൽഹിയിലും ഒരിക്കൽ മദിരാശിയിലും യോഗം ചേർന്നു. അക്കാലത്തെ വാർത്താവിതരണപ്രക്ഷേപണമന്ത്രിക്ക് നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട് യഥാസമയം സമർപ്പിച്ചു.
ആകാശവാണിയും ദൂരദർശനും പ്രക്ഷേപണം ചെയ്യുന്ന പരിപാടികളുടെ അവകാശം പൂർണമായും അവയ്ക്ക് തന്നെയായിരിക്കണമെന്നും എങ്കിലേ അവ ഫലപ്രദമായി വിപണനം ചെയ്യാനാവൂ എന്നായിരുന്നു എറ്റവും പ്രധാനമായ ശിപാർശ. വിപണനസംവിധാനം ഫലപ്രദമായി നടപ്പാക്കുന്നതിന് പ്രത്യേകമായ ഒരു മാർക്കറ്റിംഗ് വിഭാഗം തന്നെ ഉണ്ടാവണമെന്നും അതിൽ തൽപരരായ ഉദ്യോഗസ്ഥന്മാരെ അതിന്നായി തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്കണമെന്നും ദൂരദർശൻ-ആകാശവാണി പരസ്യങ്ങളുടെ വിപണനത്തിനായി, വാണിജ്യ-പ്രധാന്യമുളള നഗരങ്ങളിൽ പ്രത്യേകമായി ഓഫീസുകൾ തുടങ്ങണമെന്നും ശിപാർശ ചെയ്തു.
ടെലിവിഷൻ റേറ്റിംഗ് പോയിന്റുകൾ (ടിആർപി) അടിസ്ഥാനമാക്കിയാണ് പരസ്യങ്ങളുടെ മൂല്യം പരസ്യദാതാക്കൾ നിശ്ചയിക്കുന്നതെന്നതിനാൽ, ടിആർപി കണക്കാക്കുന്ന കമ്പനിയിൽ വിവരങ്ങൾക്കായി വില നൽകി പങ്കാളികളാവണമെന്നും കമ്മിറ്റി ഗവണ്മെന്റിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ദൂരദർശനിലെ പരസ്യവിപണനവിഭാഗത്തിന്റെ ചുമതല എനിക്കായപ്പോൾ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനുളള കാര്യങ്ങൾ ചെയ്തുതുടങ്ങി. ആദ്യമായി മാർക്കറ്റിംഗിൽ അഭിരുചിയും താൽപര്യവുമുളള ഉദ്യോഗസ്ഥന്മാരുടെ പട്ടിക എല്ലാ വിഭാഗങ്ങളിൽ നിന്നുമായി ശേഖരിച്ചു; പുതുതായി വരുന്ന ഒന്നായതുകൊണ്ട് താൽപര്യമുളളവർ ഏറെയുണ്ടായിരുന്നു. ബംഗളൂരിലെയും അഹമ്മദാബാദിലെയും മാനേജ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ടുകളിൽ പ്രത്യേകമായ ഹ്രസ്വകാലപരിശീലനത്തിന് ഏർപ്പാടുകൾ ചെയ്തു.
അപ്പോഴേക്കും ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് രതികാന്ത് ബാസു ഇലക്ട്രോണിക്‌സ്-ഐടി വകുപ്പുകളുടെ സെക്രട്ടറിയായി മാറി. പിന്നീട് വന്ന വ്യക്തിക്ക് അതിൽ താൽപര്യമുണ്ടായിരുന്നില്ല; 1997 നവംബറിൽ പ്രസാർഭാരതി നിലവിൽ വന്നു.
ആദ്യത്തെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന എസ്.എസ്.ഗില്ലിനെ ബിജെപി ഗവണ്മെന്റ് ഒരു ഓർഡിനൻസിലൂടെ പുറത്താക്കി. താൽക്കാലികാടിസ്ഥാനത്തിൽ സിഇഒ ആയിരുന്ന ആകാശവാണിയുടെ ഡയറക്ടർ ജനറലായിരുന്ന വ്യക്തിക്കും മാർക്കറ്റിംഗിൽ അഭിരുചിയോ താൽപര്യമോ ഉണ്ടായിരുന്നില്ല. പിന്നീട് ചീഫ് എക്‌സിക്യൂട്ടീസ് ഓഫീസറായിരുന്ന രാജീവ് രത്‌ന ഷാ ആണ് മാർക്കറ്റിംഗിന്റെ പ്രാധാന്യം മനസ്സിലാക്കി, തുടർനടപടികളെടുത്തത്.
വർലിയിൽ ബോംബെ ദൂരദർശൻ കേന്ദ്രത്തോടനുബന്ധിച്ച് പണിതിരുന്ന ബഹുനിലക്കെട്ടിടത്തിന്റെ ഒരു നില മുഴുവൻ മാർക്കറ്റിംഗ് വിഭാഗത്തിന്റെ ാേഫീസാക്കി അദ്ദേഹം മാറ്റി. വിജയലക്ഷ്മി ഛാബ്രയെ ആകാശവാണിയിൽ നിന്ന് മാറ്റി പ്രസാർ ഭാരതിയുടെ മാർക്കറ്റിംഗ് കൺട്രോളറായി നിയമിച്ചു: അവരെ സഹായിക്കാൻ മിടുക്കരായ മറ്റ് ഉദ്യോഗസ്ഥന്മാരെയും നിയമിച്ചു. ബോംബെയിലെ ഓഫീസ് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞ ശേഷമാണ് ഷാ ഇലക്ട്രോണിക്‌സ് സെക്രട്ടറിയായി മാറിയത്.
തുടർന്നുവന്ന അനിൽ ബൈജാൽ (ഇപ്പോഴത്തെ ഡൽഹി ലഫ്.ഗവർണർ) മാർക്കറ്റിംഗിന് ഊന്നൽ നൽകി. ബാംഗളൂർ, ചെന്നൈ, ഹൈദരാബാദ്, തിരുവനന്തപുരം, ഡൽഹി എന്നിവിടങ്ങളിൽ അടിയന്തരമായി മാർക്കറ്റിംഗ് ഓഫീസുകൾ തുടങ്ങാൻ എന്നോട് നിർദ്ദേശിച്ചു. മദിരാശിയിൽ മൈലാപ്പൂരിലെ ആകാശവാണിനിലയത്തിന്റെ ഭാഗമായി തുടങ്ങിയ മാർക്കറ്റിംഗ് ഓഫീസ് അദ്ദേഹം തന്നെ ഉദ്ഘാടനം ചെയ്തു. മദിരാശിയിൽ ആകാശവാണിയിൽ തന്നെ ഓഫീസ് തുടങ്ങാൻ അക്കാലത്തെ ചീഫ് എൻജിനീയർ പി.മോഹൻദാസ് നൽകിയ സേവനം എക്കാലവും ഓർമിക്കും ദൂരദർശനിൽ എന്റെ മുൻ സഹപ്രവർത്തകരായിരുന്ന അനന്തപത്മനാഭൻ, വി.വി.സുബ്രഹ്മണ്യം എന്നീ മിടുക്കരായ ഉദ്യോഗസ്ഥരായിരുന്നു അവിടെ ചുമതലക്കാർ. ബൈജാൽ ആഭ്യന്തരവകുപ്പിന്റെ സെക്രട്ടറിയായി മാറിയതിന് ശേഷം സിഇഒ ആയ കെ.എസ്.ശർമ്മ ബംഗളൂരിലും ഹൈദരാബാദിലും (ദൂരദർശനിലെ ശൈലജ സുമൻ ആയിരുന്നു ഹൈദരാബാദിൽ മാർക്കറ്റിംഗ് ഓഫീസർ). ഡൽഹിയിലെ മാർക്കറ്റിംഗ് ഓഫീസറായത് ആകാശവാണിയിൽ നിന്നുളള സുഖ്‌വിന്ദർ കൌർ ആയിരുന്നു.
തിരുവനന്തപുരം മാർക്കറ്റിംഗ് ഓഫീസ് തുടങ്ങാൻ വേണ്ട നടപടികളെല്ലാം സ്റ്റേഷൻ എൻജിനീയർ രാധാകൃഷ്ണൻ നായരുടെ സഹായത്തോടെ എടുക്കുകയും സതീഷ് ചന്ദ്രനെയും സന്ധ്യാറാണിയെയും മാർക്കറ്റിംഗ് ഓഫീസിൽ നിയമിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
അപ്പോഴേക്കും എന്നെ മാർക്കറ്റിംഗിന്റെ ചുമതലയിൽ നിന്ന് മാറ്റിയിരുന്നു. അതിന്റെ പിന്നിൽ ഒരു കഥയുണ്ട്.
മാർക്കറ്റിംഗ് ഓഫീസുകളും അതിലെ ഉദ്യോഗസ്ഥരും സർക്കാർ നിയമങ്ങളുടെ പരിമിതികൾക്കുളളിലും വളരെ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു. പക്ഷേ, ഈയടുത്ത കാലത്ത് മാർക്കറ്റിംഗ് ഓഫീസുകളെല്ലാം അടച്ചുപൂട്ടാനാണ് പ്രസാർ ഭാരതി തീരുമാനിച്ചത്. പ്രക്ഷേപണത്തിൽ മാർക്കറ്റിംഗ് ഓഫീസുകൾ ആവശ്യമില്ലെന്ന് കരുതിയതിനാലാവാം വളരെയേറെ ഫലപ്രദമായ ആധുനിക സംവിധാനം വേണ്ടെന്നുവയ്ക്കാനുളള തീരുമാനം!






