വിരലുകൾ തൊട്ടറിഞ്ഞു, ഹൃദയം കൊണ്ട് വായിച്ചു

കണ്ണില്ലാത്തവർക്ക് വായിക്കാനൊരു ലിപി. ഫ്രഞ്ചുകാരനായ ലൂയി ബ്രെയിൽ ഈ ലിപി കണ്ടെത്തുമ്പോൾ പ്രായം വെറും 15. ഇക്കഴിഞ്ഞ ജനുവരി നാലിന് ലൂയി ബ്രെയിലിന്റെ ജന്മവാർഷികമായിരുന്നു. കണ്ണില്ലാത്തവർക്കേ കണ്ണിന്റെ വിലയറിയൂ. എഴുതാനും വായിക്കാനുമറിയുന്നവർക്കിടയിൽ അതിന്റെ സൗകര്യവും സൗന്ദര്യവും തീർത്തും അജ്ഞാതമായ ഒരു ജനതയ്ക്ക് നിശ്ചിതമായ
പുള്ളിക്കുത്തുകളിലൂടെ വായിക്കാൻ പഠിപ്പിച്ച ലൂയി ബ്രെയിലിന്റെ പേരിൽത്തന്നെയാണ് ഈ ലിപി പിന്നീടറിയപ്പെട്ടത്. ലൂയി ബ്രെയിൽ തന്നെക്കുറിച്ചല്ല, കാഴ്ച നഷ്ടപ്പെട്ടതിന്റെ പേരിൽ അറിവിന്റെ ലോകത്ത് നിന്ന് അകറ്റി നിർത്തപ്പെട്ട വലിയൊരു ജനവിഭാഗത്തെക്കുറിച്ച് ചിന്തിച്ചാണ് പുതിയൊരു ലിപിക്ക് രൂപം നൽകിയതും അതിന് വ്യാപകമായ പ്രചാരം നൽകിയതും.
പാരീസിലെ നാഷനൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ബ്ലൈൻഡ് ചിൽഡ്രൻ എന്ന സ്‌കൂളിൽ വിദ്യാർഥിയായിരിക്കെ 1824 ലാണ് പുതിയൊരു ലിപി കണ്ടെത്തിയത്. 63 ക്യാരക്ടറുകളുള്ള, ആറു പൊസിഷനുകളിലായി കുത്തുകളിട്ട് ഈ ലിപി അച്ചടിക്കാനുള്ള കട്ടിയുള്ള കടലാസ് പ്രതലം കണ്ടെത്തിയത് വാലന്റൈൻ ഹെയ് എന്നയാളായിരുന്നു. വിരലുകളിലൂടെ അക്ഷരങ്ങളെ തൊട്ടറിയാനും വിനിമയത്തിന്റെ വിശാലതയിലേക്ക് മനസ്സിനെ നയിക്കാനുമാവുന്ന അപൂർവവും അദ്ഭുതകരവുമായൊരു ഭാഷയായി, ബ്രെയിൽ മാറുകയായിരുന്നു. കണ്ണില്ലാത്തവർ മാത്രമല്ല, കണ്ണുള്ളവർ പോലും ലൂയി ബ്രെയിലിന്റെ ചരിത്രം കേട്ടാൽ ആ പ്രതിഭാവിലാസത്തിൽ വിസ്മയിച്ചുപോകും. നാൽപത്തിമൂന്നാമത്തെ വയസ്സിൽ അന്തരിക്കുമ്പോൾ ലൂയി ബ്രെയിൽ, കണ്ണും കാതുമില്ലാത്ത ഹെലൻ കെല്ലറെപ്പോലെ, മാനവരാശിയ്ക്കു മുമ്പാകെ കെടാദീപമായി പ്രശോഭിച്ചു നിൽക്കുന്നു. ബ്രെയിലിന്റെ അവസാനവാക്കുകൾ: ഞങ്ങൾക്ക് ഈ ലോകം കാണാനാവുന്നില്ല. പക്ഷേ ആരുടേയും സഹതാപമല്ല ഞങ്ങൾക്ക് വേണ്ടത്. കണ്ണുള്ളവരേ, നിങ്ങളുമായി വിനിമയം നടത്താനുള്ള ഒരു ഭാഷയാണ്. ആ ഭാഷയാണ് ഞങ്ങളുടെ ഉൾക്കണ്ണുകളുടെയാകെ കരുത്ത്.
ബ്രെയിൽലിപി, കാലത്തേയും അതിജീവിക്കുന്ന അച്ചടിസംസ്‌കാരമായി, കാലാതിശായിയായ പ്രതിഭാസമായി വികസിക്കുന്നതറിഞ്ഞ് പാരീസിൽ നിന്ന് 33 കിലോമീറ്ററകലെ കൂപ്പ്‌വെറെ മ്യൂസിയത്തിൽ  കുടികൊള്ളുന്ന ലൂയി ബ്രെയിലിന്റെ ആത്മാവ് നിർവൃതി കൊള്ളുന്നുണ്ടാവും.

Latest News