അകക്കണ്ണുകളിൽ വെളിച്ചം കൊളുത്തിയ അബ്ദുല്ല ആമിർ നഹ്ദിക്ക് നന്ദി
കോഴിക്കോട് നഗരപ്രദേശമായ കൊളത്തറയിലെ ഹയർസെക്കണ്ടറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി ആയിശാ സമീഹയുടെ ജീവിതം ബാല്യം തൊട്ടേ ഇരുട്ടിലാണ്. കാഴ്ചയില്ലാത്ത ലോകത്ത് നിന്ന് അവളെത്തിപ്പെട്ടത് മലപ്പുറം പുളിക്കലിലെ ഗ്ലോബൽ ഇസ്ലാമിക് ഫൗണ്ടേഷൻ ഫോർ ബ്ലൈൻഡ് (ജിഫ്ബി) എന്ന സ്ഥാപനത്തിൽ. അവിടെ വിശുദ്ധ ഖുർആന്റേയും ഹദീസുകളുടേയും ബ്രെയിൽ ലിപിയിലുള്ള കോപ്പികളുണ്ട്. പുള്ളിക്കുത്തുകളിലൂടെ വിരൽപായിച്ച് തിരുവചനങ്ങളുടെ പൊരുളറിഞ്ഞ ആയിശക്ക് മാപ്പിളപ്പാട്ടിനോടും ഏറെ പ്രിയമുണ്ട്. മഹാകവി മോയിൻകുട്ടി വൈദ്യരുടെ രചനകൾക്ക് ബ്രെയിൽഭാഷ്യം ചമയ്ക്കാനുള്ള സൗകര്യം കൂടി 'ജിഫ്ബി' യിലുണ്ടെന്നറിഞ്ഞപ്പോൾ അവളുടെ ജിജ്ഞാസ ഇരട്ടിച്ചു. മലയാളം, തമിഴ്, സംസ്കൃതം എന്നിവ കൂടിക്കലർന്നുള്ള മോയിൻകുട്ടി വൈദ്യരുടെ പാട്ടുകൾ, ബ്രെയിലിയിലൂടെ തൊട്ടറിഞ്ഞ ആയിശ, അറിവിന്റെ പുതിയ ലോകത്തെത്തിയ അമ്പരപ്പിലാണ്.
പതിനേഴാമത്തെ വയസ്സിൽ കണ്ണുകളിലെ വെളിച്ചം മാഞ്ഞുപോയ ഹംസ, കസേര മെടഞ്ഞ് ഉപജീവനം കഴിക്കുന്നതിനിടെയാണ് പുളിക്കലിലെത്തിയത്. ബ്രെയിൽ ലിപിയിൽ വിശുദ്ധ ഖുർആൻ ഓതുക മാത്രമല്ല, കാണാപ്പാഠം പഠിക്കുകയും ചെയ്തു, ഏറെക്കാലമായി തന്റെ ഗ്രാമത്തിലെ മസ്ജിദിൽ ഇമാമായി നിൽക്കുന്ന ഹംസ. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമായാണ് ഈ പഠനസൗഭാഗ്യത്തെ കാണുന്നതെന്ന് പറഞ്ഞ ഈ ചെറുപ്പക്കാരൻ, ബ്രെയിൽ ലിപിയിലുള്ള ഹദീസുകളുടെ പഠനത്തിൽ മുഴുകിയിരിക്കുകയാണിപ്പോൾ.

കാഴ്ചാ പരിമിതിയുടെ കാണാക്കുരുക്കുകൾ അഴിച്ചെടുക്കാൻ സഹായിക്കുന്ന കോഴിക്കോട് മീഞ്ചന്തയിലെ മുസ്തഫ മാഷിനേയും അബ്ദുൽകരീം, കെ.എം. ഹക്കീം, പി.പി ഗഫൂർ എന്നീ സുഹൃത്തുക്കളേയും ഇവിടെ ഓർക്കേണ്ടതുണ്ട്. അന്ധതയുടെ ലോകത്ത് പ്രകാശം പരത്തുന്നതിന് വേണ്ടി, റിട്ടയേഡ് അധ്യാപകൻ കരീം മാസ്റ്ററുടെ സഹായത്തോടെ വിജ്ഞാനപ്രദമായ പുസ്തകങ്ങൾ അച്ചടിച്ച് പ്രസാധനം ചെയ്യുന്നതിനുള്ള ആലോചനയിലാണിപ്പോൾ സമർപ്പിതമനസ്കരായ ഈ കൂട്ടുകാർ.
ഇരുപത് വനിതകളുൾപ്പെടെ നാൽപതിലധികം അന്തേവാസികളുടെ അകക്കണ്ണിൽ വിജ്ഞാനത്തിന്റേയും വിനോദത്തിന്റേയും വെട്ടംപരത്തി നിൽക്കുന്ന ഈ സ്ഥാപനത്തിൽ, ബ്രെയിൽ ലിപിയിലുള്ള ഖുർആൻ അച്ചടിശാലയെന്ന വലിയൊരു സ്വപ്നമാണ് അടുത്ത കാലത്ത് സാക്ഷാൽക്കരിക്കപ്പെട്ടത്. പ്രദേശവാസികളായ രണ്ടു സഹോദരന്മാർ - വി.പി ബഷീറും പി.വി സലീമും - സംഭാവന ചെയ്ത സ്ഥലത്ത് നിർമിച്ച മൂന്നുനിലക്കെട്ടിടത്തിൽ സൗദി അറേബ്യയിലെ മികച്ച പരോപകാരിയും മനുഷ്യസ്നേഹിയുമായ അബ്ദുല്ല ആമിർ അൽ നഹ്ദിയുടെ (അബൂ ആമിർ) വറ്റാത്ത കാരുണ്യം കൊണ്ടാണ് അത്യാധുനിക രീതിയിലുള്ള ബ്രെയിൽ പ്രിന്റിംഗ് പ്രസ്സ് സ്ഥാപിക്കാൻ കഴിഞ്ഞത്. കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററുൾപ്പെടെ നിരവധി സംരംഭങ്ങൾക്ക് കൈയയച്ച് സഹായം നൽകിയിട്ടുള്ള നഹ്ദി ഫാർമസി ശൃംഖലയുടെ ഉടമ കൂടിയായ അബ്ദുല്ല ആമിർ അൽ നഹ്ദി, സ്വീഡനിൽ നിന്ന് ബ്രെയിൽ പ്രിന്റിംഗ് മെഷീൻ മുംബൈ വഴി മലപ്പുറം പുളിക്കലിലിലേക്കെത്തിക്കാൻ വേണ്ട സൗകര്യമൊരുക്കുകയായിരുന്നു.

ബ്രെയിൽ ലിപിയിലുള്ള ഖുർആൻ ഇന്ത്യയിലെവിടേയും ലഭ്യമല്ലാത്തതിനാൽ ജോർദാനിൽ നിന്നാണ് ആറു വോള്യങ്ങളോട് കൂടിയ 25 പ്രതികൾ കേരളത്തിലെത്തിച്ചത്. അബ്ദുല്ല ആമിർ നഹ്ദിയുടെ ശ്രദ്ധയിൽ ബ്രെയിൽ ലിപിയുടെ അനിവാര്യത ബോധ്യപ്പെടുത്തിയതും ജീവകാരുണ്യത്തിന്റെ മറുവാക്കായ അദ്ദേഹത്തിന്റെ അകമഴിഞ്ഞ സഹായം ലഭ്യമാക്കാൻ നിസ്വാർഥമായി മുന്നിട്ടിറങ്ങിയതും കെ.എം.സി.സി നേതാവ് കൂടിയായ കൊണ്ടോട്ടി കൊട്ടപ്പുറത്തെ പി.വി ഹസൻ സിദ്ദീഖ് എന്ന ബാബുവാണ്. വി.പി മുഹമ്മദ് ബഷീർ, ഉമ്മർകോയ തുറക്കൽ, റുക്സാന സക്കീർ, സുബൈർ, നൗഫൽ വളപ്പൻ, പി.വി മുഹമ്മദലി, ഫൈസൽ കെ.കെ, അൻവർ നഹ, ബഷീർ പൂവന്നൂർ എന്നിവരുടെ മഹത്തായ സേവനം കൂടി ഇവിടെ സ്മരിക്കപ്പെടേണ്ടതുണ്ട്. ബ്രെയിൽ ലിപിയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഖുർആൻ പ്രിന്റിംഗ് കോംപ്ലക്സാണ് ഏറനാടിന്റെ ഹൃദയഭാഗത്ത് തലയുയർത്തി നിൽക്കുന്നത്.

അബ്ദുല്ല ആമിർ അൽ നഹ്ദി
അന്ധരുടെ ലോകത്ത് അച്ചടിയുടെ മുഴക്കം
പ്രൊഫ. വി. മുഹമ്മദ് ഉപദേശകസമിതി ചെയർമാനായി മലപ്പുറത്തിനടുത്ത മോങ്ങത്ത് കണ്ണില്ലാത്ത അധ്യാപകർക്കായി ആദ്യത്തെ കൂട്ടായ്മയൊരുക്കിയതാണ് ജിഫ്ബി എന്ന പ്രസ്ഥാനത്തിലേക്ക് വളരാൻ നിമിത്തമായത്. അസ്സബാഹ് (സുപ്രഭാതം) എന്ന സംഘടനയുടെ ഈ രംഗത്തുള്ള പരിശ്രമങ്ങളുടെ ക്രമാനുഗതമായ വികാസമായിരുന്നു, ഗ്ലോബൽ ഇസ്ലാമിക് ഫൗണ്ടേഷൻ ഫോർ ബ്ലൈൻഡ് അഥവാ ജിഫ്ബി. പ്രൊഫ. വി. മുഹമ്മദിന്റെ വിയോഗത്തിനു ശേഷം ഇ.ടി മുഹമ്മദ് ബഷീർ എം.പിയാണ് കമ്മിറ്റിയുടെ ചെയർമാൻ. 2002 മെയ് രണ്ടിന് കൊളത്തറ അന്ധവിദ്യാലയത്തിലെ അധ്യാപകൻ അബ്ദുൽകരീം മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് അസ്സബാഹ് സൊസൈറ്റി ഫോർ ദ ബ്ലൈൻഡിന് രൂപം നൽകിയത്. സ്വപ്നത്തിൽ മാത്രമുണ്ടായിരുന്ന അതിവിശാലമായൊരു അച്ചടിശാല കൂടി വന്നതോടെ ഖുർആൻ ബ്രെയിൽ ലിപിയിൽ അച്ചടിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യാനും ഹദീസുകളും ഒപ്പം മോയിൻകുട്ടി വൈദ്യരുടെ മാപ്പിളപ്പാട്ടുകളുൾപ്പെടെ മറ്റു ചില പ്രധാനപ്പെട്ട ഗ്രന്ഥങ്ങൾ അച്ചടിച്ച് കണ്ണില്ലാത്തവർക്ക് വായനയുടെ വാൽസല്യം ചൊരിയാനും സാധിക്കുന്നുവെന്നത്, കേരളത്തിലെ പുസ്തക പ്രസാധനരംഗത്തെ പുതിയൊരു ചരിത്രമാണ്. കൂടുതൽ അന്തേവാസികളെ ബ്രെയിൽ അച്ചടിയുടെ അദ്ഭുതവിദ്യ പഠിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. ( അടുത്ത് വിവാഹിതരാകുന്ന ഇവിടത്തെ രണ്ട് അന്തേവാസികളുടെ വിവാഹക്ഷണപത്രം അവർ തന്നെ രൂപകൽപന ചെയ്ത് ഇവിടത്തെ പ്രസ്സിൽ അച്ചടിക്കുകയുണ്ടായി).
വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളും കുമാരനാശാന്റെ വീണപൂവ്, പി.എസ്.സി ഗൈഡുകൾ എന്നിവയും ഇവിടെ നിന്ന് ബ്രെയിൽ ലിപിയിൽ അച്ചടിച്ച് വിതരണം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. കേരള സാംസ്കാരിക വകുപ്പിനു വേണ്ടി യാണ് മോയിൻകുട്ടി വൈദ്യരുടെ കാവ്യം അച്ചടിച്ചത്. എ.പി.ജെ അബ്ദുൽകലാമിന്റെ ആത്മകഥയായ അഗ്നിച്ചിറകുകളും ബ്രെയിലിൽ അച്ചടിച്ചു നൽകി. ബ്രെയിൽ ലിപിയിൽ വൈദഗ്ധ്യം നേടിയ റുഖ്സാന എന്ന അധ്യാപികയാണ് പ്രസ് ഓപ്പറേറ്റ് ചെയ്യുന്നത്. മദ്രസാ പാഠപുസ്തകങ്ങളും സമ്പൂർണ ബ്രെയിൽ ലിപിയിലുള്ള കലണ്ടറുകളും ഇവിടെ നിന്ന് അച്ചടിച്ചു. അസ്സബാഹ് നടത്തുന്ന മദ്രസാ വിദ്യാർഥികളായ 150 പേർക്കുള്ള പാഠപുസ്തകങ്ങളും ഇവിടെ നിന്ന് അച്ചടിക്കുന്നു.
മണിക്കൂറിൽ ആയിരം ബ്രെയിൽ പ്രിന്റുകൾ
നൂറു ശതമാനം സാക്ഷരതയുള്ള കേരളത്തിൽ അന്ധരുടെ സാക്ഷരത താരതമ്യേന വളരെ കുറവാണ്. അവരെ സാക്ഷരതയിലേക്ക് നയിക്കുന്നതിനായി
അന്ധവിദ്യാർഥികൾക്കായുള്ള പാഠപുസ്തകങ്ങളും ഇവിടെ നിന്ന് അച്ചടിക്കാനുള്ള സൗകര്യമുണ്ട്. ഒരു മണിക്കൂറിൽ ആയിരം ബ്രെയിൽ പ്രിന്റുകളെടുക്കാവുന്ന അത്യാധുനിക പ്രിന്റർ സൗകര്യവുമുണ്ട്. ഇന്ത്യയിലേയും വിദേശങ്ങളിലേയും നാൽപത്തഞ്ച് ഭാഷകളിലേക്ക് തൽസമയ പരിഭാഷയിലൂടെ അച്ചടിസൗകര്യം വിപുലമാക്കുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണിവിടത്തെ പ്രസിനുള്ളത്.

ഇ.ടി. മുഹമ്മദ് ബഷീർ
ഡോട്ടുകളിൽ വിരൽ പായിച്ച് ഭാഷ പഠിക്കുമ്പോൾത്തന്നെ വ്യത്യസ്ത ഭാഷകളിൽ ഇത് പഠിച്ചെടുക്കുയെന്നത് ഏറെ ക്ലേശകരമാണ്. പക്ഷേ, പലരും ചുരുങ്ങിയ സമയം കൊണ്ട് അനായാസമായാണ്, ഹ്രസ്വകാലകോഴ്സുകളിലൂടെ ബ്രെയിൽ ഭാഷയുടെ വൈവിധ്യമത്രയും സ്വായത്തമാക്കുന്നത്.
പരിഭാഷയുടെ കാര്യത്തിലും വേഗത, മറുഭാഷക്കാർക്ക് അനുഗ്രഹമായി മാറുന്നു. ജാതിമതപരിഗണനയൊന്നുമില്ലാതെ അന്ധരുടെ ലോകത്ത് വെളിച്ചം പരത്തുന്ന ജിഫ്ബിയുടെ സേവനം കേരളത്തിലെ അർഹരായ എല്ലാ വിഭാഗത്തിനും ലഭ്യമാക്കുമെന്ന് സാരഥികളിലൊരാളായ ഹസൻ സിദ്ദീഖ് എന്ന ബാബു അറിയിച്ചു.
കൈത്തൊഴിലുകളിലേർപ്പെട്ട അന്ധരായ അന്തേവാസികൾക്ക് സ്റ്റൈപന്റ് നൽകി വരുന്നുണ്ട്. കംപ്യൂട്ടർ പഠനത്തിനും സൈക്കിൾ നന്നാക്കുക, കുട നിർമിക്കുക തുടങ്ങിയ ജോലികളറിയുന്നവർക്ക് അവ വിപണനത്തിനുള്ള സൗകര്യവും നൽകി വരുന്നു. ഹോം മാനേജ്മെന്റ്, പാചകം എന്നിവയിൽ പരിശീലനം നൽകി വരുന്നു. ഇരുട്ടിന്റെ ലോകത്ത് ഒറ്റപ്പെട്ടുപോയവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനും സാമൂഹിക ജീവിതത്തിലെ വെല്ലുവിളികളെ സുധീരം നേരിടുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനുമുള്ള വിവിധ പദ്ധതികളാണ് ഇവിടെ നടപ്പിലാക്കി വരുന്നത്. റോഡ് മുറിച്ചുകടക്കുക, ബസിൽ കയറുക തുടങ്ങിയ നിസ്സാരമെന്ന് നമുക്ക് തോന്നാവുന്ന കാര്യങ്ങളിൽ കണ്ണില്ലാത്തവരെ സ്വയം പര്യാപ്തമാക്കാനും അവരെ ധൈര്യശാലികളാക്കുന്നതിനും സന്നദ്ധപ്രവർത്തകർ ഇവിടെ കൈയ്മെയ് മറന്ന് പ്രവർത്തിക്കുന്നു.

ഹസൻ സിദ്ദീഖ് (ബാബു)
കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള കാഴ്ചാപരിമിതിയുള്ള സ്ത്രീപുരുഷന്മാരുടെ പുനരധിവാസത്തിന് ഏറ്റവും അനുയോജ്യമായ ഇടമായി ജിഫ്ബിയുടെ ഈ കേന്ദ്രത്തെ മാറ്റിയെടുക്കുന്നതിൽ നാട്ടുകാരായ സാമൂഹിക - രാഷ്ട്രീയ പ്രവർത്തകരുടെ സേവനം ഏറെ അമൂല്യമാണ്. തമസ്സിന്റെ ലോകത്ത് നിന്ന് ജ്യോതിസ്സിന്റെ ലോകത്തേക്ക് കൂടുതൽ പേരെ കൈപിടിച്ചുയർത്തുന്നതിനും തൊഴിലധിഷ്ഠിത കോഴ്സുകളിലൂടെ അവരെ ജീവിതത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിനും ജിഫ്ബി ആസൂത്രണം ചെയ്ത പദ്ധതികൾ നിരവധിയാണ്. പ്രവാസികളുടേയും നാട്ടുകാരുടേയും സഹായത്തോടെ, ഊന്നുവടികളില്ലാതെ കാലത്തിനൊപ്പം നടക്കാൻ അന്ധരായ സഹോദരീസഹോദരന്മാരെ പ്രാപ്തരാക്കുകയെന്നതാണ് നന്മയുടെ നറുമലർ ചൊരിയുന്ന ഈ കൂട്ടായ്മയുടെ മുഖ്യലക്ഷ്യം.






