എന്റെ പൊന്നേ

പുരാണത്തിലെ മിഡാസ് രാജാവിന്റെ കഥ കേട്ടിട്ടില്ലേ? തൊട്ടതെല്ലാം പൊന്നാകാൻ തപസിരുന്ന് വരം നേടിയ രാജാവിന്റെ? വരപ്രാപ്തി കിട്ടിയ രാജാവ് തൊടുന്നതെല്ലാം പൊന്നാകാൻ തുടങ്ങി. കിരീടവും ചെങ്കോലും തുടങ്ങി ഭക്ഷണവും ദാഹജലവും വരെ. ഒടുവിൽ സ്വന്തം മകളെ ആശ്ലേഷിച്ചപ്പോൾ അവളും പൊന്നായി മാറി. അപ്പോഴാണ് നേടിയ വരത്തിന്റെ ഭവിഷ്യത്ത് രാജാവിന് തിരിച്ചറിയാനായത് എന്നാണ് കഥ. പൊന്നിനോട് മനുഷ്യനുള്ള ആർത്തി ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും അതിന് പുരാണത്തോളം പഴക്കമുണ്ടെന്നുമാണ് അതിന്റെ സാരം.
പൊന്നിനോട് മനുഷ്യർക്കുള്ള അതിരുവിട്ട ആകർഷണീയതയാണ് നമ്മുടെ നാട്ടിൽ അതിന്റെ വില വാണം പോലെ കുതിച്ചു കയറുന്നതിന്റെ പ്ര ധാന കാരണങ്ങളിലൊന്ന്. അതിനൊപ്പം അന്ധംവിട്ടുയരുന്നത് മാതാപിതാക്കളുടെ ആധിയാണ്; പിന്നെ വ്യാധിയും! പ്രത്യേകിച്ചും പെൺമക്കളുള്ളവരു ടേത്. അത്യാവശ്യം പൊന്നില്ലെങ്കിൽ പിന്നെ പെൺമക്കളെ കെട്ടിച്ചു വിടുന്നതെങ്ങനെ? അതും അണിയുന്ന പൊന്നിന്റെ തൂക്കത്തിനൊപ്പിച്ച് പെണ്ണിന്റെ നിലയും വിലയും നിശ്ചയിക്കുന്ന ഇന്നത്തെ സാമൂഹ്യ ചുറ്റുപാടിൽ! അതുകൊണ്ടു തന്നെ പൊന്നിന് അനിയന്ത്രിതമായി വിലയേറുമ്പോൾ അവരിൽ പലരും സഹികെട്ട് 'എന്റെ പൊന്നേ...'എന്ന് തലയിൽ കൈവെച്ച് നിലവിളിക്കുന്നതും കേൾക്കാം.


പെൺകുട്ടികൾക്ക് ആഭരണ ഭ്രമം കുറഞ്ഞു വരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത് എന്ന് അങ്ങിങ്ങായി ചിലരെല്ലാം പറഞ്ഞു കേൾക്കുന്നുണ്ട്. നല്ലതു തന്നെ. കൈയിലും കാതിലും കഴുത്തിലും ആഭരണങ്ങൾ അണിയാതെ നടക്കാനാണ് ഇപ്പോഴത്തെ പെൺകുട്ടികളിൽ അധികവും ഇഷ്ടപ്പെടുന്നത് എന്നതും നേര്. അതാണ് ഇപ്പോഴത്തെ ഫാഷനും. അങ്ങനെ നടക്കുന്നവരെ നമുക്കു ചുറ്റും ധാരാളമായി നാം കാണുന്നുമുണ്ട്. എല്ലാം ശരി ത ന്നെ. പക്ഷെ, കല്യാണ സമയത്ത് പൊന്നണിയാത്ത, പൊന്നണിയാൻ ഇഷ്ടപ്പെടാത്ത പെണ്ണിനെ കണികാണാൻ കിട്ടുമോ? ഒരു പൊന്നാഭരണക്കട മുഴുവനായും അണിഞ്ഞാലേ അപ്പോൾ പെണ്ണിന്റെ മുഖം തെളിയൂ. അവളെ അങ്ങനെ ഇറക്കി വിട്ടാലേ മാതാപിതാക്കൾക്ക് തൃപ്തിയാകൂ. പെണ്ണിനെ അങ്ങനെ കണ്ടാലേ സ്വന്തം കുടുംബക്കാർക്കും ഭർതൃവീട്ടുകാർക്കും എന്തിന് നാട്ടുകാർക്കു പോലും സന്തോഷമാകൂ. സത്യമല്ലേ...?
'പെണ്ണ് നന്നെങ്കിൽ പൊന്നെന്തിന്?' 'പെണ്ണ് തന്നെ പൊന്നല്ലേ...'എന്നിങ്ങനെ ആദർശങ്ങൾ ആയിരം പറയാം. പക്ഷെ, പൊന്നില്ലെങ്കിൽ പിന്നെ പെണ്ണു വേണ്ട എന്നതാണ് നമ്മുടെ സമൂഹം കൽപ്പിക്കുന്ന അലിഖിത നിയമം. പെൺമക്കൾ ജനിച്ചാലുടനെ പൊന്നു സ്വരുക്കൂട്ടാൻ മാതാപിതാക്കൾ നെട്ടോട്ടമോടുന്നതിന്റെ പൊരുൾ മറ്റൊന്നല്ല. അതിന് കഴിയില്ലെന്ന് ഉറപ്പുള്ളവരാണ് പെൺമക്കളെ ചിലയിടങ്ങളിലെങ്കിലും ജനിച്ച ഉടനെ അന്നനാളത്തിൽ നെല്ലുകളിട്ടും മണ്ണെണ്ണ കുടിപ്പിച്ചും അല്ലെങ്കിൽ കഴുത്തു തന്നെ ഞെരിച്ചും ഇല്ലാതാക്കുന്നത്. പൊന്ന് മനുഷ്യന്റെ അടങ്ങാത്ത ദുരയുടെ മറുവാക്കായി ഇങ്ങനെ ചിലയിടങ്ങളിലൊക്കെ രൂപാന്തരപ്പെട്ടു വരുന്നതായും നാം പത്രങ്ങളിൽ വായിക്കാറുണ്ട്.
ഇതൊക്കെയാണെങ്കിലും ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ഇന്ന് പൊന്നിന്റെ പ്രാധാന്യം ഏറിവരികയാണ്. ഇക്കാര്യത്തിൽ മറ്റൊരു ലോ ഹത്തിനും ഉറപ്പു നൽകാനാകാത്ത ഒരു മൂല്യമുണ്ട് പൊന്നിന്. പൊന്നു കൈ യിലുള്ളവന് പെട്ടെന്ന് ഒരു സാമ്പത്തിക ബുദ്ധിമുട്ടു വന്നാൽ ആരുടെ മുന്നി ലും നാണം കെട്ട് കൈനീട്ടാതെ അത് പണയം വച്ചോ വിറ്റോ ആവശ്യത്തിനുള്ള പണം കണ്ടെത്താം എന്നൊരു വലിയ നേട്ടവുമുണ്ട്. പൊന്നിന് വില കുറയുമ്പോൾ ധാരളമായി വാങ്ങുകയും കൂടുമ്പോൾ വിൽക്കുകയും ചെയ്യുക വഴി ഊഹക്കച്ചവടത്തിലൂടെ വലിയ ലാഭം കൊയ്യുന്നവർ ഇന്നു ധാരാളമാണ്. അങ്ങനെ നോക്കുമ്പോൾ നമ്മുടെ സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നതിൽ പൊന്നിന് വളരെ വലിയൊരു പങ്കുണ്ട് എന്നു കാണാം. ചുരുക്കത്തിൽ പൊന്നില്ലെങ്കിൽ നമ്മുടെ പണി പലതും പാളും! അത് പൊന്നിനും അറി യാം(അഥവാ പൊന്നിന്റെ വില നിയന്ത്രിക്കുന്നവർക്ക്) അതു തന്നെയാണ് പൊന്നിന്റെ വില അടിക്കടി കയറുന്നതിന്റെ മറ്റൊരു മനഃശാസ്ത്രവും.
ഇനി ഇന്ത്യയിലെ പൊന്നിനെ കുറിച്ച് ചില കണക്കുകൾ പറയാം. ഞെട്ടാൻ തയ്യാറുണ്ടെങ്കിൽ കേട്ടോളൂ! 


നമ്മുടെ റിസർവ് ബാങ്കിന്റെ രഹസ്യ ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന പൊന്നിന്റെ കരുതൽ ശേഖരത്തിന്റെ അളവ് 558 ടൺ ആണ്. അമേരിക്കയിലാകട്ടെ അത് 9,000 ടണ്ണും. അതുമായി തട്ടിച്ചു നോക്കുമ്പോൾ ഇന്ത്യക്കാരുടെ കൈയിലുള്ള പൊന്നിന്റെ അളവ് എത്ര നിസ്സാരം എന്നു തോന്നുന്നി ല്ലേ. പാവം ഇന്ത്യക്കാർ! എന്നാൽ അങ്ങനെ തോന്നാൻ വരട്ടെ. അതിനു മുമ്പ് ഈ കണക്കുകൾ കൂടി അറിയുക.
നമ്മുടെയൊക്കെ വീടുകളിലും ലോക്കറുകളിലും പൊന്ന് ആഭരണങ്ങളായി കിടക്കുന്നുണ്ട് എന്നറിയാമല്ലൊ. അതിന്റെ ഒരു ഏകദേശ കണക്ക് എടുത്താൽ 22,500 ടൺ വരും. ഇത് സ്വകാര്യ വ്യക്തികളുടെ കൈവശമിരിക്കുന്ന പൊന്നിന്റെ കണക്കാണ്. വിവിധ മതക്കാരുടെ ആരാധനാലയങ്ങളിലിരിക്കുന്ന പൊന്നിന്റെ കാര്യമോ? അത് ഏകദേശം 4,000 ടണ്ണോളം വരും എന്നാണ് കരുതുന്നത്.
നമ്മുടെ സ്വർണക്കടകളിൽ ഇരിക്കുന്ന പൊന്നിന്റെ കാര്യമോ? ശോ! അങ്ങനെയുമുണ്ടല്ലൊ പൊന്ന്! ഇന്ത്യയിലാകെ 4,25,000 പൊന്നിന്റെ കടകൾ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്(അനൗദ്യോഗിക കണക്ക് അതിലും എ ത്രയോ കൂടുതലാണ് കെട്ടോ!) അവർക്കെല്ലാം കൂടി പൊന്നിന്റെ ആസ്തി 8,000 ടണ്ണോളം വരും. ഇന്ത്യയിലെ ആളുകൾ കാതിലും കാലിലും കഴുത്തി ലും പോരാത്തതിന് അരയിലും അലമാരയിലും ലോക്കറിലും റിസർവ് ബാ ങ്കിന്റെ രഹസ്യ അറയിലും ആരാധനാലയങ്ങളിലും കടകളിലും ഒക്കെയായി കിടക്കുന്ന പൊന്നിന്റെ കാര്യമെടുത്താൽ അത് 35,000 ടണ്ണിൽ കൂടുതൽ വരും എന്നു നമുക്കൂഹിക്കാം.
ഒരു കിലോ പൊന്ന് എന്നാൽ 125 പവനാണ്. അതായത് ഒരു ടൺ പൊന്ന് എന്നു പറഞ്ഞാൽ 1,25,000 പവൻ. അപ്പോൾ 35,000 ടൺ പൊന്ന് എന്നു പറഞ്ഞാലോ? 4,375,000,000 പവൻ! എന്റമ്മച്ചിയേ!!!! എന്നു നിലവിളിക്കാൻ തോന്നുന്നില്ലേ? വരട്ടെ. ഇത്രയും പൊന്ന് കൈയിൽ വെച്ചിട്ടാണ് ഇന്ത്യക്കാരായ നമ്മൾ ഒളിമ്പിക്‌സിൽ നമുക്ക് 'സ്വർണം കിട്ടിയില്ല....സ്വർണം കിട്ടിയില്ല' എന്നെപ്പോഴും കരഞ്ഞ്, കണ്ണീർ വാർക്കുന്നത്. കഷ്ടം!
പൊന്നിനേക്കാൾ ഏറെ വിലയുള്ള പഌറ്റിനം പോലുള്ള ലോഹങ്ങൾ വേറെയുണ്ട് ലോകത്ത്. പക്ഷെ, നാമെപ്പൊഴും വിലയുള്ളതിനേയും വിലമതിക്കാനാവാത്തതിനെയും പൊന്നുമായാണ് താരതമ്യപ്പെടുത്തുക. വർഷങ്ങളാ യി പൊന്ന് നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കിയെടുത്ത സ്വാധീന ശക്തിയുടെ ഫലമാണിത്. പൊള്ളുന്ന വിലകൊടുത്ത് മീൻ, അല്ലെങ്കിൽ പച്ചക്കറികൾ അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും അവശ്യസാധനങ്ങൾ വാങ്ങുമ്പോൾ നാമെപ്പൊ ഴും പറയും-'അമ്പോ...പൊന്നിന്റെ വിലയാണല്ലോ...!'
ഇനി ഒരു കഥ പറയാം; പൊന്നിനെ കുറിച്ചാണ്. കല്യാണം കഴിഞ്ഞ് കുറേ വർഷങ്ങളായ ദമ്പതികളാണ് കഥാപാത്രങ്ങൾ. ഒരു ദിവസം പരിഭവത്തോടെ ഭാര്യ, ഭർത്താവിനോട് ചോദിക്കുകയാണ്-
'കല്യാണം കഴിഞ്ഞ ആദ്യകാലത്തൊക്കെ നിങ്ങളെന്നെ 'പൊന്നേന്നല്ലേ വിളിച്ചിരുന്നുള്ളു'
'അതെ' - ഭർത്താവിന്റെ മറുപടി.
'എന്നിട്ട് ഇപ്പൊഴെന്താ അങ്ങനെ വിളിക്കാത്തത്?'
ഭാര്യയെ ആപാദചൂഡം ഒന്ന് ഉഴിഞ്ഞു നോക്കിയിട്ട് ഭർത്താവ് പറഞ്ഞു:
'എടീ...പൊന്നിനൊക്കെ ഇപ്പൊ എന്താ വില?'


മലയാള സിനിമാ ഗാനങ്ങളിൽ നിരവധി പരാമർശങ്ങളുണ്ട് പൊന്നിനെ കുറിച്ച്. സന്ദർഭങ്ങളെ ആവശ്യാനുസരണം കൊഴുപ്പിച്ച് പൊലിപ്പിക്കാൻ ഗാ നരചയിതാക്കൾ വരികളിൽ പൊന്നു ചേർത്ത് അതിനെ പത്തരമാറ്റാക്കി തീർ ക്കുന്നു. അങ്ങനെ പൊന്നു ചേർത്ത് അവർ വിളക്കി, തിളക്കിയെടുത്ത ഗാനങ്ങൾ ആസ്വാദക മനസുകളിൽ എക്കാലവും പച്ചപിടിച്ച് നിറഞ്ഞു നിൽക്കുന്നവയാണ്. ഇതാ അവയിൽ ചിലത്:-
ആകാശപൊയ്കയിലുണ്ടൊരു പൊന്നും തോണി(പട്ടുതൂവാല) ആനയ്‌ക്കെടുപ്പത് പൊന്നുണ്ടേ...(ധനം) പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം(സല്ലാപം) പൊൻമുരളിയിലൂതും കാറ്റെ(ആര്യൻ) മുത്തേ പൊന്നേ പിണങ്ങല്ലേ...(ആക്ഷൻ ഹീറോ ബിജു)എന്നിങ്ങനെ പൊന്നിന്റെ തിളക്കമുള്ള ഒരു പാട് ഗാനങ്ങൾ ഉദാഹരണമായി എടുത്തുകാണിക്കാനാകും.
ചില സന്ദർഭങ്ങളെ അതർഹിക്കുന്ന വശ്യതയും ചാരുതയും ഒട്ടും ചോർന്നു പോകാതെ ഗാംഭീര്യത്തോടെ അവതരിപ്പിക്കാൻ പൊതുവെ പൊന്നിനെ നാം കൂട്ടു പിടിക്കാറുണ്ട്. പൊന്നു ചേർത്തില്ലെങ്കിൽ ആ സന്ദർഭങ്ങൾ മുക്കുപണ്ടം കണക്കെ തിളക്കം കെട്ട് പോകുന്നതായും കാണാം.
ഇതാ ചില ഉദാഹരണങ്ങൾ:-
പൊന്നിൻ ചിങ്ങം, പൊന്നിൻ പൂക്കണി, പൊന്നുരുക്കുന്ന വെയിൽ, പൊൻതാമര, പൊൻചന്ദ്രിക, പൊന്നുടയാട, പൊന്നുംവില, പൊൻതാരകം...
കാര്യം കാണാൻ നമ്മളിൽ പലരും പലപ്പോഴും പലതരത്തിലുള്ള ഭംഗിവാക്കുകൾ പറയാറില്ലേ? അവിടെയും പൊന്നിന് ഒഴിച്ചു കൂടാനാവാത്ത ഒരു സ്ഥാനമുണ്ടെന്ന് കാണാം. അതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? 'പൊന്നുങ്കുടത്തിന് പൊട്ടുവേണോ?' എന്ന് ആരെയെങ്കിലും പുകഴ്ത്തി നാം പറയുമ്പോൾ അതിൽ ചുളുവിൽ ചില കാര്യങ്ങൾ സാധിച്ചെടുക്കാനുള്ള ഒരു അടവിന്റെ മണമില്ലേ? 'എന്റെ പൊന്നിൻ കുടമേ' എന്നു ആരെയെങ്കിലും വിളിക്കുമ്പോഴും ഏതോ കാര്യം കാണാനുള്ള തന്ത്രമല്ലേ ഒളിഞ്ഞിരിക്കുന്നത്?
ആലോചിച്ചിട്ടുണ്ടോ...ഞാനും നിങ്ങളും പ്രാർഥിക്കുന്ന വേളയിലും നേർച്ചകൾ നേരുന്ന വേളയിലും പൊന്നിനെ കൂട്ടു പിടിക്കാറുണ്ട്. അറിഞ്ഞായാലും അറിയാതെയായാലും ഇതൊരു സത്യമാണ്. സർവ്വവും ദൈവത്തിലർപ്പിച്ച് 'എന്റെ പൊന്നും കുരിശു മുത്തപ്പാ' അല്ലെങ്കിൽ 'എന്റെ പൊന്നു ദൈവമേ' എന്നു നാം വിളിക്കാറില്ലേ? പ്രാർഥിക്കുന്ന വേളയിലായാൽ പോലും നമുക്ക് പൊന്നിനെ വിട്ട് ഒരു കളിയില്ല എന്നാണിത് തെളിയിക്കുന്നത്.
ഉദ്ദിഷ്ടകാര്യം ശരിയാക്കിത്തന്നാൽ പൊന്നു കൊണ്ടൊരാൾ രൂപം' എന്നു നേർച്ച നേരാറില്ലേ..? പൊൻനാണയം, പൊന്നിൽ തീർത്ത ഓടക്കുഴൽ, പൊന്നുരുളി, പൊന്നുകൊണ്ടു തുലാഭാരം എന്നിങ്ങനെ നമ്മുടെ ആവശ്യങ്ങളുടെ പ്രാധാന്യം അനുസരിച്ച് നേർച്ചകളെ നാം പൊന്നിൽ പൊതിഞ്ഞാണ് സാധാരണയായി അവതരിപ്പിക്കുക. 
'പൊന്നാടയണിയിക്കുക' എന്നു കേട്ടിട്ടില്ലേ? നേട്ടങ്ങൾ എന്തെങ്കിലും ഉണ്ടാക്കിയവരെ പൊതുവേദിയിൽ ആദരിക്കുന്ന വേളയിൽ പുതപ്പിക്കുന്ന മുണ്ടാണിത്. 'പൊന്നാട' എന്നതിൽ പൊന്ന് പേരിൽ മാത്രമേയുള്ളു. ഉപയോഗിക്കുന്നത് പൊന്നിൻ നിറമുള്ള കസവു കരയുള്ള മുണ്ടാണെന്നു മാത്രം. പൊന്നിന്റെ പേരിൽ നടക്കുന്ന ഒരിനം നിയമാനുസൃത കബളിപ്പിക്കലാണിത് എന്നും പറഞ്ഞാലും തെറ്റില്ല.    
നമ്മുടെ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒരവശ്യ വസ്തുവാണ് പൊന്ന് എന്നത് ഇന്ന് അവഗണിക്കാനാവാത്ത സത്യമാണ്. അതുകൊണ്ടു തന്നെ പൊന്നിനെ ചുറ്റിപ്പറ്റി നമുക്കിടയിൽ ചില ശൈലികളും രൂപപ്പെട്ടു വന്നിട്ടുണ്ട്. ഇതാ ചിലത്:
പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്തു കാര്യം..
പൊന്നുണ്ടാക്കുന്ന തട്ടാന്റെ പെണ്ണിന് പൊന്നില്ലാതെ കല്യാണം...
പൊന്നു കൊടുത്ത് പൂടമേടിക്കുക...
നെല്ലളക്കുന്നത് പറകൊണ്ട്, സ്‌നേഹമളക്കുന്നത് പൊൻപറകൊണ്ട്...
പൊന്ന് സത്യമുള്ള ലോഹമാണ്. അതിന് വിശുദ്ധിയും ഐശ്വര്യവും ഏറെയുണ്ട് എന്നു കരുതപ്പെടുന്നു. അതുകൊണ്ടാണ് വിജയദശമി നാളിൽ ആശാൻ കുട്ടികളെ വിരൽ കൊണ്ട് അരിയിൽ എഴുതിക്കുമ്പോൾ ഒപ്പം അവരുടെ നാവിൽ 'പൊൻമോതിരം' കൊണ്ട് കൂടി അക്ഷരങ്ങൾ അടയാളപ്പെടുത്തുന്നത്. നാവിൽ പൊന്നു കൊണ്ട് എഴുതിയാൽ അറിവ് വിളയുമെന്നാണ് വിശ്വാസം.
പൊന്ന് എന്നത് ഒരു വാക്കാണ് എങ്കിലും അതിന് അർഥഭേദങ്ങൾ ഒരുപാടാണ്. സന്ദർഭവും സാഹചര്യവുമനുസരിച്ച് അവ മാറിയും മറിഞ്ഞും വരുന്നതു കാണാം. അത് പൊന്നിന്റെ ഒരു പ്രധാന പ്രത്യേകതയാണ്. 'നിന്റെ നാവ് പൊന്നാകട്ടെ' എന്നൊരു പ്രയോഗമില്ലേ നമ്മുടെ ഇടയിൽ. നൻമയും ശുഭപ്രതീക്ഷയും പകരുന്ന സത്യസന്ധമായ കാര്യങ്ങൾ പറയുമ്പോഴാണ് നമ്മൾ ഒരാളോട് ഇങ്ങനെ പ്രതികരിക്കുക. ഇവിടെ പൊന്ന് നൻമയുടെയും പ്രതീ ക്ഷയുടെയും പ്രതീകമായി മാറുകയാണ്. 
പൊന്നിന് സ്‌നേഹവുമായി വല്ല ബന്ധവുമുണ്ടോ...? പ്രത്യക്ഷത്തിൽ അങ്ങനെ ഒന്നും ഇല്ലെന്ന് തോന്നാം. പക്ഷെ, സൂക്ഷ്മതയോടെ നോക്കുമ്പോ ൾ ഉണ്ട് എന്നു കാണാനും പ്രയാസമില്ല. കാമുകിയെ അല്ലെങ്കിൽ ഭാര്യയെ സ്‌നേഹാധിക്യത്താൽ 'പൊന്നേ' എന്നു നമ്മളിൽ ചിലരെങ്കിലും വിളിക്കാറില്ലേ?(എന്തെങ്കിലും കാര്യ സാധ്യത്തിനാണെങ്കിൽ കൂടി....!) പൊന്നിനോളം വിലയുണ്ട് നിന്നോടുള്ള എന്റെ സ്‌നേഹത്തിന് എന്നു കാണിക്കാനാണിത്. ആ വിളിയിൽ അവൾ വീണിരിക്കും; പത്തു തരം!
'അതയാളുടെ തൊപ്പിയിൽ ഒരു പൊൻതൂവലാണ്' എന്നു പറയാറില്ലേ..? ജോലിയിലിരിക്കെ നാടിനോ സമൂഹത്തിനോ ഏറെ നിർണായകവും പ്രാധാന്യമർഹിക്കുന്നതുമായ കാര്യങ്ങളെന്തെങ്കിലും ചെയ്ത് പേരെടുത്തവരെ അംഗീകാരം കൊണ്ടു പൊതിയുന്ന വേളയിലാണ് പൊന്നിനെ കൂട്ടുപിടിച്ച് ഈ ആലങ്കാരികത പ്രയോഗിച്ചു കാണാറ്.
'പൊൻമുട്ടയിടുന്ന താറാവ് എന്നൊരു പ്രയോഗമില്ലേ...?' ഒരാൾ കുടുംബത്തിനോ നാട്ടിനോ നിരന്തരം സാമ്പത്തിക ഉപാധിയായി തീരുമ്പോൾ അ യാളെ ഉദ്ദേശിച്ചാണ് ഇങ്ങനെ പറയുക. മനുഷ്യന്റെ കരുണയില്ലാത്ത ചൂഷ ണാധിഷ്ഠിത മനോഭാവത്തിന്റെ മകുടോദാഹരണമായും ഈ പ്രയോഗത്തെ ചൂണ്ടിക്കാട്ടാവുന്നതാണ്.
പണ്ട്, നാടുവാഴിത്തം നിലനിന്നിരുന്ന കാലത്ത് 'പൊന്നുതമ്പുരാനെ' എന്നാണ് നാടുവാഴിയെ പ്രജകൾ അഭിസംബോധന ചെയ്തിരുന്നത്. പൊന്നു കൂട്ടി വിളിച്ചില്ലെങ്കിൽ അതൊരു കുറച്ചിലായി കണ്ട് നാടുവാഴികളിൽ പ ലരും അന്നു കോപിച്ചിരുന്നു എന്നുമോർക്കുക. ജൻമിത്തം കൊടികുത്തി വാഴുന്ന കാലത്ത് അടിയാൻമാർ ജൻമിമാരെ പൊന്നുടയതേ, പൊന്നങ്ങൂന്നേ എ ന്നൊക്കെയാണ് വിശേഷിപ്പിച്ചിരുന്നത്. ഇവിടെ, പൊന്ന് ആദരവിന്റെയും ബ ഹുമാനത്തിന്റെയും ഒപ്പം അദൃശ്യമായ ഒരു അധികാര ഭാവത്തിന്റെയും ചി ഹ്നമായി തീരുന്നു.
പൊന്നിന്റെ അർഥ വ്യതിയാനത്തിന് മറ്റൊരുദാഹരണം പറയാം. 'അവ ളുടെ സ്വാഭാവമോ...? അത് പത്തരമാറ്റ് തങ്കമല്ലേ...' എന്നു നാം ചില പെണ്ണുങ്ങളെ കുറിച്ച് പറഞ്ഞു കേൾക്കാറില്ലേ...? പൊന്നിന്റെ പരിശുദ്ധിയാണ് ഇവി ടെ പത്തരമാറ്റ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. പൊന്നുമായി താരതമ്യപ്പെടുത്തുന്നതിലൂടെ ആ പെണ്ണിന്റെ സ്വഭാവം സംശുദ്ധമാണെന്ന് അരക്കിട്ടുറപ്പിക്കുകയാണ് ചെയ്യുന്നത്. നോക്കൂ, എത്ര വേഗത്തിലാണ് പൊന്നിന്റെ അർഥം മാറി മറിഞ്ഞത്....?
'ഇതെന്താടോ...പൊന്നു തൂക്കുന്നതു പോലെയുണ്ടല്ലോ...'എന്നു പറയാറില്ലേ...? ഒരു സാധനം അണുവിട തെറ്റാതെ കണിശതയോടും കൃത്യതയോ ടും അളന്നു മുറിച്ച് തൂക്കുന്ന ആളെ പരിഹസിക്കാനാണ് ഇങ്ങനെ പറയുക. എങ്കിലും അവിടെ പൊന്നിന്റെ അർഥം 'കിറുകൃത്യം' എന്നായി മാറുന്നു.
നിന്നെ ഞാൻ പൊന്നു പോലെ നോക്കാം' എന്നു പറയാറുണ്ട്. അങ്ങനെ പറയുമ്പോൾ കണ്ണിലെ കൃഷ്ണമണി പോലെ തികഞ്ഞ കരുതലോടെ നി ന്നെ ഞാൻ സംരക്ഷിച്ചു കൊള്ളാം എന്ന അർഥമാണ് ഇവിടെ പൊന്നിന്  കൈവരുന്നത്.
അങ്ങനെ പൊന്നിന് എന്തെല്ലാം അർഥങ്ങൾ...! ഭാവങ്ങൾ...! രൂപങ്ങൾ...! വല്ലാത്തൊരു സാധനം തന്നെയാണ് ഈ പൊന്ന്. ആരായാലും അറിയാതെ പറഞ്ഞു പോകും- 'എന്റെ പൊന്നേ...'

Latest News