Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

1930 കപ്പിലെ കൗതുകം

ചാമ്പ്യന്മാരായ ഉറുഗ്വായ് ടീം

■ ലോകകപ്പ് എന്ന ആശയത്തെ ഫിഫയിലെ അന്നത്തെ 30 അംഗ രാജ്യങ്ങളിൽ ഇരുപത്തഞ്ചും പിന്തുണച്ചു. അഞ്ച് രാജ്യങ്ങളാണ് എതിർത്തത്. അതിലൊന്ന് സ്വീഡനായിരുന്നു. ലോകകപ്പ് യാഥാർഥ്യമായതോടെ അവർ നിലപാട് മാറ്റി. ആദ്യ ലോകകപ്പ് നടത്താൻ മുന്നോട്ടു വന്ന രാജ്യങ്ങളിലൊന്ന് സ്വീഡനായിരുന്നു. 


■ 1924 ലും 1928 ലും ഒളിംപിക് സ്വർണം നേടിയ ഉറുഗ്വായ് ടീമിലെ ഗോളിയായിരുന്നു ആന്ദ്രെ മസാലി. ലോകകപ്പിന് നാലു ദിവസം മുമ്പ് മസാലിയെ ടീമിൽ നിന്ന് പുറത്താക്കി. ടീം ചട്ടം ലംഘിച്ച് രാത്രി കാമുകിയെ കാണാൻ പോയതായിരുന്നു കാരണം. 


■ ലോകകപ്പിലെ ആദ്യ മത്സരം ഫ്രാൻസും മെക്‌സിക്കോയും തമ്മിലായിരുന്നു. പേനറോളിലെ പോസിറ്റോസ് സ്‌റ്റേഡിയത്തിൽ. ജോലിക്കായി എത്തിയ ബ്രിട്ടിഷ് തൊഴിലാളികൾ സ്ഥാപിച്ച ഉറുഗ്വായ് റെയിൽവേ ക്രിക്കറ്റ് ക്ലബ്ബിന്റെ ഗ്രൗണ്ടായിരുന്നു ഇത്. 


■ മെക്‌സിക്കോക്കെതിരായ മത്സരത്തിൽ അർജന്റീന നായകൻ നോളൊ ഫെരേരക്ക് പങ്കെടുക്കാനായില്ല. അദ്ദേഹം നിയമ പരീക്ഷ എഴുതാൻ നാട്ടിൽ പോയതായിരുന്നു. ആ മത്സരത്തിൽ ഗ്വിയർമൊ സ്റ്റബിലെ അർജന്റീനക്കു വേണ്ടി ഹാട്രിക് നേടി. അർജന്റീന ജഴ്‌സിയിൽ സ്റ്റബിലെയുടെ ആദ്യ മത്സരമായിരുന്നു അത്. 


■ ലോകകപ്പിലെ ആദ്യ ഹാട്രിക്കിനുടമ ഗ്വിയർമൊ സ്റ്റബിലെ ആണെന്നായിരുന്നു 2006 വരെ കരുതപ്പെട്ടത്. പിന്നീട് ഫിഫ ആ റെക്കോർഡ് അമേരിക്കയുടെ ബെർട് പെറ്റനോഡിന് നൽകി. പെറ്റനോഡിന്റെ ഒരു ഗോൾ അതുവരെ ടോം ഫ്‌ളോറീസിന്റെ പേരിലായിരുന്നു കുറിക്കപ്പെട്ടിരുന്നത്. 


■ ബ്രസീലിന്റ ക്യാപ്റ്റൻ പെർഗ്വിഞ്ഞൊ ഒന്നാന്തരം അത്‌ലറ്റായിരുന്നു. ബാസ്‌കറ്റ്‌ബോളും  വാട്ടർപോളോയുമൊക്കെ കളിച്ചു. ഒരിക്കൽ ഒരു നീന്തൽ മത്സരത്തിൽ ഫഌമിനൻസ് ക്ലബ്ബിനു വേണ്ടി മത്സരിച്ച ശേഷം അവിടെ നിന്ന് ടാക്‌സിയിൽ സഞ്ചരിച്ച് ക്ലബ്ബിന്റെ ഫുട്‌ബോൾ മത്സരത്തിൽ പങ്കെടുക്കാനെത്തി. 


■ ആ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഏക യൂറോപ്യൻ ടീമായിരുന്നു യൂഗോസ്ലാവ്യ. ടീമിനെ നയിച്ചത് ഇരുപത്തിനാലുകാരൻ മിലൂടിൻ ഇകവോകിച്ചാണ്. രണ്ടാം ലോക യുദ്ധകാലത്ത് ഇകവോകിച്ചിനെ കമ്യൂണിസ്റ്റാണെന്ന് ആരോപിച്ച് നാസികൾ വധിച്ചു. 


■ പ്രഥമ ലോകകപ്പിലെ ഹീറോ ആയിരുന്നു ഉറുഗ്വായുടെ ഹോസെ ലിയാന്ദ്രൊ ആന്ദ്രാദെ. 1994 ൽ ഫ്രാൻസ് ഫുട്‌ബോൾ പ്രസിദ്ധീകരിച്ച ലോകകപ്പിലെ 100 പ്രമുഖ കളിക്കാരിൽ പത്താം സ്ഥാനത്തായിരുന്നു ആന്ദ്രാദെ. യുസേബിയൊ പോലും പിന്നിലായിരുന്നു. ലാറ്റിനമേരിക്കൻ ടീമിൽ ഒരു കറുത്ത വർഗക്കാരന് സ്ഥാനം കിട്ടുകയെന്നതു തന്നെ അക്കാലത്ത് വലിയ സംഭവമായിരുന്നു. ആന്ദ്രാദെ 34 തവണ മാത്രമാണ് ഉറുഗ്വായ്ക്കു കളിച്ചത്. അതിനിടയിൽ രണ്ടു തവണ ഒളിംപിക് സ്വർണം നേടി. ആദ്യ ലോകകപ്പിൽ ചാമ്പ്യനായി. മൂന്നു തവണ കോപ അമേരിക്ക കിരീടം സ്വന്തമാക്കി. ഉറുഗ്വായ് രണ്ടാം തവണ ലോകകപ്പ് നേടിയ 1950 ൽ ആതിഥേയരായ ബ്രസീൽ വിശിഷ്ടാതിഥിയായി അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. അന്ന് ഉറുഗ്വായ് ടീമിൽ ആന്ദ്രാദെയുടെ അനന്തരവൻ വിക്ടർ റോഡ്രിഗസ് കളിച്ചിരുന്നു. പിന്നീട് വിസ്മൃതിയിലേക്ക് പോയ ആന്ദ്രാദെയെ കണ്ടെത്തുന്നത് ഒരു ജർമൻ ജേണലിസ്റ്റാണ്. മോണ്ടിവിഡിയോയിൽ ദരിദ്രനായി ജീവിക്കുകയായിരുന്നു ആന്ദ്രാദെ. 


■ ഫൈനലിൽ ഉറുഗ്വായെ നേരിട്ട ടീമിൽ യുവാൻ എവറിസ്റ്റോയും മാരിയൊ എവറിസ്‌റ്റോയുമുണ്ടായിരുന്നു. ലോകകപ്പ് കളിക്കുന്ന ആദ്യ സഹോദരന്മാരായി ഇവർ. 


■ 1930 ൽ ലോകകപ്പിൽ ഉറുഗ്വായ്ക്കു വേണ്ടി അൽവാരൊ ഗസ്റ്റിഡൊ മത്സരിക്കുന്നതു വീക്ഷിച്ച അനുജൻ ഓസ്‌കർ ഡിയേഗൊ ഗസ്റ്റിഡൊ 37 വർഷത്തിനു ശേഷം ഉറുഗ്വായുടെ പ്രസിഡന്റായി. പക്ഷേ അത് കാണാൻ അൽവാരൊ ഉണ്ടായിരുന്നില്ല. പത്തു വർഷം മുമ്പ് അൽവാരൊ മരണപ്പെട്ടിരുന്നു. 


■ ഉറുഗ്വായ് കോച്ച് സുപ്പിചിയുടെ പ്രായം വെറും 31 ആയിരുന്നു. ഫൈനലിലെ എതിരാളി അർജന്റീനയുടെ കോച്ച് യുവാൻ ജോസെ ട്രാമുറ്റളോയുടേത് ഇരുപത്തേഴും. മൊത്തം 58. 1998 ലെ ലോകകപ്പിൽ ഫൈനൽ കളിച്ച ബ്രസീലിന്റെയും ഫ്രാൻസിന്റെയും കോച്ചുമാരായ അയ്‌മെ ജാക്വെയുടെയും മാരിയൊ സഗാലോയുടെയും മൊത്തം പ്രായം 122 ആയിരുന്നു. 

Latest News