ചാർകോളിൽ വിടരുന്ന ഛായാചിത്രങ്ങൾ

ചാർകോൾ കൊണ്ട് മനോഹരമായ  ഛായാചിത്രങ്ങളൊരുക്കുന്ന മലയാളി കലാകാരനാണ് സുൽഫിക്കർ പി.എസ്. കഴിഞ്ഞ പത്ത് വർഷത്തോളമായി ഖത്തറിൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുന്ന ഈ തൃശൂർകാരൻ പ്രശസ്തരും അല്ലാത്തവരുമായി നിരവധി പേരുടെ ഛായാചിത്രങ്ങൾ വരച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോയുടെ കൈയൊപ്പോടു കൂടിയ സമ്മാനം ലഭിച്ചതോടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. 
കാൽപന്തു കളിയാരാധകർ കാത്തിരിക്കുന്ന 2022 ഫിഫ ലോക കപ്പിന്റെ കലാശപ്പോരിന് വേദിയാകുന്ന ലുസൈൽ സ്‌റ്റേഡിയത്തിന്റെ ജോലികളിൽ ഭാഗമാവാനവസരം ലഭിച്ച സുൽഫിക്കർ വരച്ച ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോയുടെ ചാർകോൾ ചിത്രമാണ് സമ്മാനത്തിന് കാരണമായത്. 


ചാർകോൾ കലാകാരൻ എന്ന നിലക്ക് പല പ്രധാനികളുടേയും ചിത്രങ്ങൾ വരച്ചിട്ടുണ്ടെങ്കിലും അവർക്കൊന്നും അവ നേരിട്ടെത്തിക്കാൻ കഴിയാറില്ല. എന്നാൽ തന്റെ പ്രോജക്ട് മാനേജർ മുഹന്നദ് ഖൗലിന്റെ സഹായത്തോടെ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസിയിലെ ലീഡ് എൻജിനീയർ തമീം അൽ അബ്ദുവാണ് ചിത്രം ഫിഫ പ്രസിഡന്റിനെത്തിച്ചത്. അതിനെ തുടർന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഒപ്പിട്ട ഫുട്ബോളും പ്രശംസാ പത്രവും ഫിഫയുടെ സമ്മാനവും  സുൽഫിക്കറിനെ തേടിയെത്തിയത്. 
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തമായിരുന്നു അത്.  ആ നിമിഷം എന്നെന്നേക്കുമായി കാത്തുസൂക്ഷിക്കുമെന്നും എല്ലാ ഫുട്‌ബോൾ പ്രേമികൾക്കും പ്രോത്സാഹനത്തിന്റെയും ആദരവിന്റെയും പ്രചോദനത്തിന്റെയും അടയാളമായാണ്  ഇതിനെ കണക്കാക്കുന്നതെന്നും സുൽഫിക്കർ പറഞ്ഞു. കരിയും ഗ്രാഫൈറ്റും ഉപയോഗിച്ച് തീർത്ത ഇൻഫാന്റിനോ പോർട്രെയിറ്റ് പൂർത്തിയാക്കാൻ സുൽഫിക്കറിന്  മണിക്കൂറുകളേ വേണ്ടിവന്നുള്ളൂ.  പാരീസ് സെന്റ് ജെർമെയ്ൻ സൂപ്പർ താരം ലയണൽ മെസ്സി, അമേരിക്കൻ നടൻ ലിയോനാർഡോ ഡി കാപ്രിയോ, കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബർ, മലയാള സിനിമാ താരം ജയസൂര്യ തുടങ്ങിയവരുടെ ഛായാചിത്രങ്ങൾ സുൾഫിക്കർ വരച്ചിട്ടുണ്ട്. ജയസൂര്യയുടെ ചിത്രം സുൽഫിക്കറിന്റെ ഭാര്യ അമല ത്വാഹ നടന് അയച്ചുകൊടുക്കുകയും അദ്ദേഹത്തിന്റെ പ്രത്യേക പ്രശംസ നേടുകയും ചെയ്തു. ഇതുവരെ ഏകദേശം  500 പോർട്രെയിറ്റുകൾ സുൽഫിക്കർ പൂർത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി ഖത്തറിൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുന്ന സുൽഫിക്കർ തന്റെ പാഷനായ പോർട്രെയിറ്റുകൾ വരച്ചാണ് ജീവിതം കൂടുതൽ മനോഹരമാക്കുന്നത്. 


ഖത്തറിൽ പ്രവാസിയായിരുന്ന തൃശൂർ ജില്ലയിലെ തളിക്കുളം സ്വദേശിയായ ഷാഹുൽ ഹമീദിന്റേയും മിസ്രിയയുടേയും രണ്ടാമത്തെ മകനായാണ് സുൽഫിക്കർ ജനിച്ചത്. ചെറുപ്പത്തിലേ വരകളോട് ആഭിമുഖ്യമുണ്ടായിരുന്നു. നാലാം കഌസിൽ പഠിച്ചുകൊണ്ടിരിക്കുന്ന ജഗതി ശ്രീകുമാറിന്റെ മനോഹരമായ ഛായാചിത്രം വരച്ചതും മാതാപിതാക്കൾ പ്രോൽസാഹിപ്പിച്ചതും ഈ കലാകാരന്റെ വളർച്ചയുടെ വിത്തു പാകിയെന്നു വേണം കരുതാൻ.   
വീടിനടുത്തുള്ള നജീബ്, നൗഷാദ് എന്നീ കലാകാരന്മാർ വരക്കുന്ന ജീവൻ തുടിക്കുന്ന ചിത്രങ്ങൾ കൗമാരത്തിന്റെ കൗതുകത്തിൽ നോക്കി നിൽക്കുമായിരുന്നു. അവരുടെ വരകളെക്കുറിച്ചും വരയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമൊക്കെ ചോദിച്ചറിയുമായിരുന്നു. അതായിരിക്കും വരകളിലെ ബാലപാഠമെന്നാണ് സുൽഫിക്കർ കരുതുന്നത്. കൈയിൽ കിട്ടുന്ന പേപ്പറുകളിലും നോട്ടുപുസ്തകങ്ങളിലുമൊക്കെ ഇഷ്ടപ്പെടുന്നവരുടെ ചിത്രങ്ങൾ വരക്കുമായിരുന്നു. 
എടമുട്ടം സ്‌കൂളിൽ പന്ത്രണ്ടാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കേ ഒരു ദിവസം ലാബിൽ വെച്ച് കൂട്ടുകാർ പരീക്ഷണം നടത്തുന്ന ചിത്രം വരച്ചത് ഫിസിക്‌സ് അധ്യാപകൻ കണ്ടതാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവായത്. വാസ്തവത്തിൽ തൊട്ടടുത്ത കുട്ടിയുടെ റെക്കോർഡ് പുസ്തകത്തിലാണ് അന്ന് പടം വരച്ചത്. ഏറെ മനോഹരമായ ആ ചിത്രം ഫിസിക്‌സ് അധ്യാപകൻ  ജയ് കിഷൻ മാഷിന്  ഇഷ്ടപ്പെടുകയും കഌസിൽവെച്ച് അഭിനന്ദിക്കുകയും ചെയ്തത് വലിയ പ്രോൽസാഹനമായി. മാഷിന്റെ ഛായാചിത്രം വരക്കാൻ ഏൽപിച്ചത് സുൽഫിക്കറിന് വലിയ അംഗീകാരമായി. അവിടുന്നങ്ങോട്ട് നിരവധി പേരുടെ ഛായാചിത്രങ്ങൾ ഈ കലാകാരൻ വരച്ചിട്ടുണ്ട്.  പലപ്പോഴും ഓരോ ദിവസം ഓരോരുത്തരുടെ ഫോട്ടോ എന്ന തോതിലൊക്കെ വരക്കുമായിരുന്നു. 


2011 ലാണ് ഖത്തറിലെത്തിയത്. ആദ്യ മൂന്ന് വർഷം ജോലിത്തിരക്കുകൾകാരണം കാര്യമായൊന്നും വരച്ചില്ല. മൂന്ന് വർഷം കഴിഞ്ഞ് താൽക്കാലികമായി ജോലി നഷ്ടപ്പെട്ടപ്പോഴാണ് വരകളിൽ സജീവമായത്. ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചപ്പോൾ നല്ല പ്രതികരണം ലഭിച്ചു. കുറെ ഓർഡറുകളും ലഭിച്ചതിനാൽ ജോലി നഷ്ടപ്പെട്ടതിന്റെ ബുദ്ധിമുട്ടുകളൊന്നും ബാധിച്ചില്ല.
 ഫേസ് ബുിക്കിലെ കതാറ ആർട് എന്ന തന്റെ പേജിലൂടെ ധാരാളമാളുകൾ ചിത്രം വരക്കാനായി സമീപിക്കുന്നുണ്ട്. ഇപ്പോൾ ഛായാചിത്രങ്ങൾക്ക് ധാരാളം  ഓർഡറുകൾ ലഭിക്കുന്നുണ്ട്.  വരകളിൽ നിന്നും ലഭിക്കുന്ന ആത്മസായൂജ്യവും വരുമാനവും തന്റെ പാഷനെ കൂടുതൽ ആകർഷകമാക്കുന്നു.  
ഫാം ഡി കഴിഞ്ഞ അമല ത്വാഹയാണ് സുൽഫിക്കറിന്റെ സഹധർമിണി. തന്റെ ഫോട്ടോകളുടെ ഏറ്റവും വലിയ പ്രോൽസാഹനവും ശക്തി സ്രോതസ്സും അമലയാണ് . വരകളിൽ സജീവമാകാൻ ഏറെ പിന്തുണ നൽകി അവർ എന്നും കൂടെയുണ്ട്. കഥയും കവിതയുമൊക്കെയാണ് അമലയുടെ ഇഷ്ട വിഷയങ്ങളെങ്കിലും ഛായാചിത്രങ്ങളെ തുറന്ന മനസ്സോടെ പ്രോൽസാഹിപ്പിക്കുന്ന ഒരു സഹൃദയയാണവർ. ആദം മുഹമ്മദ് എന്ന മൂന്ന് വയസ്സുകാരൻ  സുൽഫിക്കർ അമല ദമ്പതികളുടെ ഏകമകനാണ്.

Latest News