റിയാദ്- വിദേശങ്ങളിലുള്ള ആശ്രിത വിസക്കാരുടെയും ഗാർഹിക തൊഴിലാളികളുടെയും റീ-എൻട്രി വിസ ഓൺലൈൻ വഴി ദീർഘിപ്പിക്കാവുന്നതാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴിയാണ് ഇതിനുള്ള നടപടികൾ പൂർത്തിയാക്കേണ്ടത്. ഗാർഹിക തൊഴിലാളികളുടെ റീ-എൻട്രി ദീർഘിപ്പിക്കാൻ അബ്ശിറിൽ തൊഴിലാളി സേവനങ്ങൾ, സേവനങ്ങൾ, വിസകൾ എന്നിവ യഥാക്രമം തെരഞ്ഞെടുത്താണ് നടപടികൾ പൂർത്തിയാക്കേണ്ടത്.
ആശ്രിതരുടെ റീ-എൻട്രി ദീർഘിപ്പിക്കാൻ അബ്ശിറിൽ കുടുംബാംഗങ്ങളുടെ സേവനങ്ങൾ, സേവനങ്ങൾ, വിസകൾ എന്നിവ തെരഞ്ഞെടുത്ത് നടപടികൾ സ്വീകരിക്കണം. വിദേശങ്ങളിലുള്ള ഗാർഹിക തൊഴിലാളികളുടെയും ആശ്രിതരുടെയും റീ-എൻട്രി ദീർഘിപ്പിക്കാൻ ഇഖാമയിൽ 90 ദിവസമോ അതിൽ കൂടുതലോ കാലാവധി ഉണ്ടായിരിക്കൽ നിർബന്ധമാണ്. ദീർഘിപ്പിക്കുന്ന റീ-എൻട്രി കാലാവധിക്കനുസരിച്ച ഫീസും അടക്കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.






