എൺപതുകളുടെ അവസാനത്തോടെയും 1990 കളിലും ഇന്ത്യയിലെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായിരുന്നു, അടുത്ത കാലത്ത് അന്തരിച്ച വിനോദ് ദുവ എന്ന അവതാരകനും പത്രപ്രവർത്തകനും. അദ്ദേഹവും ഇപ്പോൾ ടെലിവിഷൻ ചാനലുകളുടെ ശൃംഖല തന്നെ സ്വന്തമായുളള പ്രണോയ് റോയിയും പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത് 1989 നവംബറിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ ദൂരദർശനിൽ തുടർച്ചയായി മൂന്ന് ദിവസം രാപകൽ സംപ്രേഷണം ചെയ്തതോടെയാണ്.
അക്കാലത്ത് സ്വകാര്യ ടെലിവിഷൻ ചാനലുകൾ ആലോചിക്കാൻ പോലും പറ്റാത്ത സമയമായിരുന്നു. 1989 പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ സംപ്രേഷണം അന്തർദ്ദേശീയ തലത്തിൽ തന്നെ ഏറ്റവും മികച്ചതായി അംഗീകരിക്കപ്പെട്ടു. ആദ്യമായി ദേശീയ പത്രങ്ങൾ ദൂരദർശന്റെ നിലവാരത്തെ പുകഴ്ത്തി. രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുളള കോൺഗ്രസ് മന്ത്രിസഭയുടെ പതനവും , വി.പി.സിങ്ങിന്റെ നേതൃത്വത്തിലുളള ജനതാദൾ കൂട്ടുകക്ഷി മന്ത്രിസഭയുടെ അരങ്ങേറ്റവും ദൂരദർശൻ ഇന്ത്യയിലെ പ്രേക്ഷകരിൽ തത്സമയം എത്തിച്ചു. ഇരുപത് ദശലക്ഷം വീടുകളിൽ, ജനസംഖ്യയുടെ 75 ശതമാനത്തിന് അക്കാലത്ത് ടെലിവിഷൻ ലഭ്യമായിരുന്നു. തെരഞ്ഞെടുപ്പ് സംപ്രേഷണത്തിന്റെ നാളുകളിൽ എല്ലാ വീട്ടുകാരും ആകാംക്ഷാപൂർവ്വം ദൂരദർശൻ കണ്ടു.
1989 ഏപ്രിൽ മാസത്തിൽ തിരുവനന്തപുരം കേന്ദ്രം ഡയറക്ടറുടെ സ്ഥാനത്തുനിന്ന് എന്നെ മാറ്റിയിരുന്നു; ഞാൻ ടെലിവിഷനിൽ ജോലി ചെയ്തിരുന്ന കാലത്ത് മൂന്ന് മാസത്തോളം നീണ്ട അവധി രണ്ട് പ്രാവശ്യമേ എടുക്കാൻ പറ്റിയിരുന്നുളളു: മൂത്തമകൻ ജയദീപിന്റെ പത്തും പന്ത്രണ്ടും ക്ലാസുകളിലെ പരീക്ഷാസമയങ്ങളിൽ! ലീവ് കാലത്തു തന്നെ ഡയറക്ടർ ജനറലായിരുന്ന ശിവ്ശർമ്മ പല തവണ ഫോണിലൂടെയും കത്തുകളിലൂടെയും ലീവ് നീട്ടരുതെന്നും എന്റെ സേവനം ഡൽഹിയിൽ അത്യാവശ്യമാണെന്നും അറിയിച്ചിരുന്നു. കൺട്രോളർ ജോലിയിൽ പ്രവേശിച്ച ഉടനെ എന്നെ അദ്ദേഹം വിളിപ്പിച്ച് സുപ്രധാനമായ കഠിനാധ്വാനം വേണ്ടിവരുന്ന നാല് വിഭാഗങ്ങളുടെ ചുമതലകൾ നല്കി, ഏറ്റവും ബുദ്ധിമുട്ടുളള ഒന്ന് വാർത്താ, സമകാലീന വിഷയങ്ങളും മറ്റൊന്ന് സ്‌പോർട്‌സ്, വേറെയും രണ്ടെണ്ണം കൂടിയുണ്ടായിരുന്നു. ദേശീയതലത്തിൽ ഇവയുടെ ഏകോപനം ഭാരിച്ച ഉത്തരവാദിത്തമുളളതാണ്. അതിനാൽ അക്കാലത്തു തന്നെ അദ്ദേഹത്തിന്റെ അഭിനന്ദനത്തിന് ഞാൻ പാത്രമായിരുന്നു. ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം വിശദീകരിച്ചു: തിരുവനന്തപുരത്ത് നിന്ന് മാറ്റി എന്നെ ദൂരദർശൻ ആസ്ഥാനമായ മണ്ഡി ഹൗസിൽ പിന്നാമ്പുറത്തൊരു മൂലയിൽ ഒതുക്കിയിരുത്താൻ തനിക്ക് നിർദ്ദേശമുണ്ടായിരുന്നെന്നും അദ്ദേഹം പൊട്ടിച്ചിരിച്ചുകൊണ്ടെന്നോട് പറഞ്ഞു. നവംബർ മാസത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. അതിന്റെ സംപ്രേഷണം മികച്ച രീതിയിൽ നടത്തണം. ഇതാ ഈ മിനിട്ടിൽ തന്നെ ജോലി തുടങ്ങണം. ഏത് കാര്യത്തിനും തന്നെ നേരിട്ട് സമീപിക്കാമെന്നും അദ്ദേം ചുമലിൽ തട്ടി പ്രോത്സാഹിപ്പിച്ചു. സാധാരണഗതിയിൽ ഫയലുകൾ അഡീഷണൽ ഡയറക്ടർ ജനറൽമുഖേനയേ അയയ്ക്കാവൂ. തെരഞ്ഞെടുപ്പ് സംപ്രേഷണ ഫയലുകൾ നേരിട്ടയയ്ക്കാം!
തെരഞ്ഞെടുപ്പ് കമ്മീഷനുമായി നിരന്തരം ബന്ധപ്പെടാനും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെ അക്കാലത്ത് നടപ്പിലുണ്ടായിരുന്ന, രാഷ്ട്രീയപ്പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് പ്രക്ഷേപണങ്ങൾ നടത്തുന്നതിനുളള മാർഗനിർദ്ദേശങ്ങൾ നല്കുകയുമായിരുന്നു ആദ്യത്തെ ജോലി.
വാർത്താ-സമകാലീന കാര്യങ്ങളിൽ എനിക്ക് സഹായികളായി രണ്ട് മിടുക്കരായ സഹപ്രവർത്തകരെയും അനുവദിച്ചിരുന്നു: ഡെപ്യൂട്ടി കൺേട്രാളർ രമേഷ് ചന്ദറും അസിസ്റ്റന്റ് കൺട്രോളറായി ധിരഞ്ജൻ മാൾവെയും. ധിരഞ്ജൻ വളരെക്കാലം എന്റെ കൂടെ തുടർച്ചയായി ജോലി ചെയ്തു. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് ടെലിവിഷൻ പരസ്യ വിപണനത്തെക്കുറിച്ച് പഠിച്ചതും അനുഭവത്തിലൂടെ പ്രത്യേകമായി അറിവ് നേടിയതും. ഞാൻ ജോലി തുടങ്ങിയതോടെ ഒരു ഇലക്ഷൻ സെൽ ആരംഭിക്കുകയും പ്രോഗ്രാം വിഭാഗത്തിൽ എന്നെയും എൻജിനീയറിംഗിൽ മണി എന്ന് വിളിച്ചിരുന്ന, ആലപ്പുഴയിൽ വേരുകളുളള സുബ്രഹ്മണ്യൻ എന്ന എൻജിനീയറിംഗ് ഡയറക്ടറേയും ചുമതലയേൽപിച്ചു. എന്നെ സഹായിച്ചിരുന്നത് സമർത്ഥനായ പേഴ്‌സണൽ അസിസ്റ്റന്റ് ജെയിംസായിരുന്നു. പിന്നീട് നഴ്‌സായ ഭാര്യയ്ക്ക് അമേരിക്കയിലെ ഷിക്കാഗോവിൽ ജോലി കിട്ടയിപ്പോൾ ജയിംസും കുടിയേറി, എന്റെ മകന്റെ കൂടെ ഞങ്ങൾ താമസിക്കുമ്പോൾ ജയിംസ് ഷിക്കാഗോയിലെ ഫ്ളാറ്റിൽ കാണാൻ വന്നിരുന്നു
ഇലക്ഷൻ സെല്ലിന്റെ ജോലി ഞങ്ങൾ ഏറ്റെടുത്ത പ്രാഥമിക ഘട്ടത്തിൽ തന്നെ ശിവ് ശർമ്മ എന്നെ വിളിച്ച് അക്കാലത്ത് ദൂരദർശനിൽ 'ലോകം ഈയാഴ്ച' എന്ന ആഴ്ചയിലൊരിക്കൽ അരമണിക്കൂർ സംപ്രേഷണം ചെയ്യുന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്ന പ്രണോയ് റോയ് തെരഞ്ഞെടുപ്പ് സംപ്രേഷണങ്ങൾ അവതരിപ്പിക്കുന്നതിന് ഒട്ടേറെ ആശയങ്ങളുളള വ്യക്തിയാണെന്നും , ആവശ്യമുളള ഘട്ടങ്ങളിൽ ചർച്ചകളിൽ പങ്കെടുപ്പിക്കണമെന്നും നിർദ്ദേശിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ രാജ്യത്തെല്ലായിടത്തും ദൂരദർശൻ കേന്ദ്രങ്ങൾ 'തെരഞ്ഞെടുപ്പ്' പ്രക്ഷേപണാവസ്ഥയിലാണ്.
രാഷ്ട്രീയചായ്‌വ് ഉളളതായി അറിയപ്പെടുന്നവരുടെ സിനിമകളോ സിനിമാഗാനങ്ങളോ പാടില്ല. രാഷ്ട്രീയക്കാരെ, പാർട്ടി രാഷ്ട്രീയ സംപ്രേഷണത്തിലല്ലാതെ സ്‌ക്രീനിൽ കാണിക്കരുത്, പരാതികൾ വന്നാൽ എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങി കേന്ദ്രങ്ങളിലേക്ക് നിർദ്ദേശങ്ങൾ നല്കുകയും അവ പാലിക്കപ്പെടുന്നതിന്റെ റിപ്പോർട്ടുകൾ തേടുകയും വേണം. ദൂരദർശൻ ഭരണകക്ഷിയുടെ ചട്ടുകമാണെന്ന ആരോപണം പ്രബലമായിരുന്നു. (അതങ്ങനെയല്ലാത്ത ഘട്ടം എന്റെ മൂന്ന് ദശാബ്ദക്കാലത്തെ സേവനകാലത്ത് ഒരിക്കലും ഉണ്ടായിട്ടില്ലെന്നത് വേറെ കാര്യം, ഭരിക്കുന്ന കക്ഷി ഏതായാലും!) ഒരു നീണ്ട യജ്ഞമായി തെരഞ്ഞെടുപ്പ് സംപ്രേഷണം കഴിഞ്ഞപ്പോൾ അവസാനത്തെ അതിഥിയായി ഡൽഹി സ്റ്റുഡിയോവിൽ വന്ന മധു ദന്തവാതെ പുറത്തുപോകുമ്പോൾ പറഞ്ഞത്, ''ഇനി നമ്മൾ കാണുമ്പോൾ നിങ്ങൾ സ്വയംഭരണാവകാശത്തിൽ സ്വതന്ത്രമായ മാധ്യമമായിരിക്കും'' എന്നായിരുന്നു. 1990 ൽ പ്രസാർ ഭാരതി നിയമം പാസ്സാക്കുകയും 1997 ൽ നടപ്പിലാക്കുകയും ചെയ്തിട്ടും സ്വയംഭരണാവകാശമെന്നത് വെറും മരീചിക മാത്രം. മാത്രവുമല്ല, അത് വേണ്ടെന്നതിന് ഒരു സമരവും നടന്നു.






