Sorry, you need to enable JavaScript to visit this website.

ശീതീകരിച്ച മുറിയിൽ തേടിയെത്തും വാർത്ത

ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും മറുനാടൻ തൊഴിലാളികൾ എത്തുന്നതിന് മുമ്പ് തൊട്ടടുത്ത തമിഴകത്തെ വേലക്കാരാണ് കേരളത്തിൽ കഷ്ടപ്പെടാനെത്തിയിരുന്നത്. നാട്ടിലെന്തെങ്കിലും സാധനം കാണാതായാൽ നമ്മൾ ആദ്യം ചെയ്യുക അണ്ണാച്ചികളെ വളഞ്ഞ് ചോദ്യം ചെയ്യുക എന്നതായിരുന്നു. ഈ മനോഭാവത്തിന് ഇപ്പോഴും കാര്യമായ മാറ്റമില്ലെന്നാണ് കിഴക്കമ്പലത്തെ അനുഭവം തെളിയിക്കുന്നത്. 
40 ലക്ഷത്തിലേറെ മലയാളികൾ വിദേശ രാജ്യങ്ങളിലാണ് ജോലി ചെയ്യുന്നത്. ഇതര സംസ്ഥാനങ്ങളിലും ദശലക്ഷക്കണക്കിന് മലയാളികളുണ്ട്. മലയാളികൾ ഉൾപ്പെട്ട ഏതെങ്കിലും സംഭവങ്ങളുടെ പേരിൽ അവർ പണിയെടുക്കുന്ന നാടുകളിൽ മലയാളികളാകെ വിദ്വേഷത്തിനും സംശയത്തിനും ഇരയാകുന്ന സാഹചര്യം ഓർത്ത് നോക്കൂ. അതുപോലെ തന്നെയാണ് സ്വന്തം നാട്ടിൽ കഴിയുന്ന കുടുംബത്തെ പോറ്റാൻ കേരളത്തിൽ പണിയെടുത്ത് ജീവിക്കുന്ന തൊഴിലാളികളുടെ അവസ്ഥയും. ഇതര സംസ്ഥാന തൊഴിലാളികളോട് വംശീയ വിദ്വേഷം പുലർത്തുന്നവരും വളർത്തുന്നവരും കേരളീയരുടെയും ശത്രുക്കളാണ്. കാരണം കേരളം നേടിയെന്ന് അഭിമാനിക്കുന്ന പുരോഗതിയുടെയും നേട്ടങ്ങളുടെയും പിന്നിൽ പല നാടുകളിലേക്കുള്ള കുടിയേറ്റങ്ങൾക്കും പ്രവാസ ജീവിതത്തിനും ഗണ്യമായ പങ്കുണ്ട്. പ്രവാസിയുടെ വിയർപ്പുകൊണ്ട് ജീവിക്കുന്ന നാടാണ് കേരളമെന്ന് പറയാം. സംസ്ഥാന  വരുമാനത്തിൽ 30 ശതമാനവും അന്യ നാടുകളിൽ പണിയെടുക്കുന്ന തൊഴിലാളികളും ബിസിനസുകാരും പ്രൊഫഷണലുകളും അയക്കുന്ന പണമാണ്. ഇന്ത്യയിൽ ഏറ്റവുമധികം പ്രവാസി വരുമാനമുള്ള കേരളത്തിന്റെ വരുമാന പ്രതിസന്ധി  മറികടക്കുന്നതിൽ ഈ പണത്തിനുള്ള പങ്ക് വളരെ വലുതാണ്. കേരളം നേരിട്ട പട്ടിണിയും തൊഴിലില്ലായ്മയും ഒരു പരിധി വരെ മറികടന്നതും അതിലൂടെയാണ്. കഴിഞ്ഞ ക്രിസ്മസ് രാത്രിയിൽ കിഴക്കമ്പലത്തെ കിറ്റക്‌സ് കമ്പനിയിലുണ്ടായ സംഘർഷവും പോലീസിനെതിരെ നടന്ന അക്രമവും ഗൗരവപൂർവം കൈകാര്യം ചെയ്യേണ്ട നിയമ പ്രശ്‌നമാണ്. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാനും അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും കർശന നടപടികൾ ആവശ്യമാണ് എന്നതിൽ തർക്കമില്ല.ഏത് അക്രമങ്ങളിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലും കുറ്റവാളികൾ നിയമപരമായി ശിക്ഷിക്കപ്പെടണം. എന്നാൽ അതിന്റെ പേരിൽ അവർ ഉൾപ്പെട്ട സമൂഹത്തെ അപരവൽക്കരിക്കുകയും അവരോട് വംശീയ വിദ്വേഷം പുലർത്തുകയും ചെയ്യുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതിയുടെ നിഷേധമാണ്. വ്യത്യസ്ത ജന വിഭാഗങ്ങൾ ജീവിക്കുന്ന ഇടങ്ങളിൽ മനുഷ്യർക്കിടയിൽ ഉണ്ടാകേണ്ടത് സാഹോദര്യമാണ്. നിർഭാഗ്യകരമായ ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിന് പുറത്തുനിന്ന് ജോലിക്കെത്തുന്ന അന്തർ സംസ്ഥാന തൊഴിലാളികളെയാകെ കുറ്റവാളികളും കുഴപ്പക്കാരുമായി മുദ്ര കുത്തുന്ന പ്രചാരണങ്ങൾ വീണ്ടും സജീവമായിരിക്കുന്നു.  കിഴക്കമ്പലത്തെ അക്രമങ്ങളെ തുടർന്നും സമാന തരത്തിലാണ് രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളും സോഷ്യൽ മീഡിയ പോരാളികളും അവർക്കെതിരെ വാളോങ്ങിയിരിക്കുന്നത്. സാബു മുതലാളി ചാനലുകളിൽ വന്നിരുന്ന് കിലുക്കത്തിലെ രേവതി സ്‌റ്റൈലിൽ ന്യായീകരിക്കുന്നത് അരോചകമാണെന്നത് വേറെ കാര്യം. 


***  ***  ***

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 24 ന്യൂസിലെ മാധ്യമപ്രവർത്തകൻ ആയിരുന്ന അരുൺ കുമാർ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സ്വർണക്കടത്ത് വിവാദത്തിൽ നിഗൂഢതകൾ ആവർത്തിക്കപ്പെടേണ്ടത് മാധ്യമ വ്യവസായത്തിന്റെ താൽപര്യമായിരുന്നുവെന്നാണ് സിപിഎം വേദിയിൽ അരുൺ കുമാർ പ്രസംഗിച്ചത്. 
നിരന്തരം ഒരു സോഴ്‌സിൽ നിന്നും വാർത്ത ലഭിച്ചുവെന്നും അതിന് പിന്നിൽ അജണ്ട സെറ്റ് ചെയ്യുന്നവരുടെ താൽപര്യങ്ങളുണ്ടായിരുന്നു എന്നും വൈറലാകുന്ന പ്രസംഗ വീഡിയോയിൽ അരുൺ കുമാർ പറയുന്നു. അരുൺ കുമാറിന്റെ പ്രസംഗം മാധ്യമങ്ങളുടെ കുമ്പസാരം എന്ന തരത്തിലാണ് പ്രചരിക്കുന്നത്. ഇതോടെ വിശദീകരണവുമായി അരുൺ കുമാർ രംഗത്ത് വന്നിരിക്കുകയാണ്.  
കോങ്ങാട് നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് 'കുമ്പസാരം' നടത്തി എന്ന മട്ടിലുള്ള ചില പ്രതികരണങ്ങൾ കണ്ടു. പൊതുബോധ നിർമ്മിതിയിൽ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തെ മുൻനിർത്തിയാണ് സംസാരിച്ചത്. ഒരു വാർത്ത വായനക്കാരനിൽ/ പ്രേക്ഷകനിൽ എത്തും മുൻപ് കടന്നു പോകുന്ന ഫിൽട്ടറുകളെ ചോംസ്‌കി അവതരിപ്പിച്ച പ്രൊപ്പഗാൻഡ മോഡലിനെ മുൻനിർത്തി അവതരിപ്പിക്കാനാണ് ശ്രമിച്ചത്. കർഷക സമരം, സ്വർണക്കടത്ത്, ശബരിമല യുവതീ പ്രവേശന വിവാദം എന്നീ മൂന്നു സന്ദർഭങ്ങളിലും ഉടമസ്ഥത, പരസ്യദാതാക്കൾ, ഉറവിട താത്പര്യങ്ങൾ, സമ്മർദ്ദ ശക്തികൾ ,പൊതു ശത്രു തുടങ്ങിയ വ്യത്യസ്ത അനുപാതങ്ങളിൽ എങ്ങനെ അരിപ്പകളായി തീരുന്നു എന്നാണ് വിശദീകരിച്ചത്. ഹേബർ മാസിന്റെ പൊതുമണ്ഡലത്തിലെ ക്രിട്ടിക്കൽ റാഷണാലിറ്റി എങ്ങനെയാണ് സത്യാനന്തര കാലത്ത് പരിവർത്തന വിധേയമായത് എന്നു ചൂണ്ടിക്കാട്ടിയാണ് തുടങ്ങിയത്.


***  ***  ***

അക്രമിക്കപ്പെട്ട പെൺകുട്ടിക്ക് നീതി കിട്ടട്ടെ എന്ന തോന്നലിന്റെ ഭാഗമായാണ് നടിയെ അക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തുവന്നതെന്ന് സംവിധായകൻ ബാലചന്ദ്ര കുമാർ. ദി ന്യൂസ് മിനുട്ടിന് നൽകിയ അഭിമുഖത്തിലായിരുന്നു ബാലചന്ദ്ര കുമാറന്റെ തുറന്നുപറച്ചിൽ. എനിക്കും ഒരു മകളുണ്ട്, ആക്രമിക്കപ്പെട്ട പെൺകുട്ടിക്ക് നീതി കിട്ടണം എന്ന് തോന്നി. പ്രായം കൂടുന്നതിനനുസരിച്ച് തോന്നലുകളുണ്ടാകുമല്ലോ - അദ്ദേഹം പറഞ്ഞു. ചാനലിൽ കാണുന്ന ദിലീപല്ല ശരിക്കും. അദ്ദേഹത്തിന് പിന്നിൽ വലിയൊരു സൈന്യം തന്നെയുണ്ടെന്നും ഭയം കാരണമാണ് ഇതുവരെ ഒന്നും പറയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തോട് ഇനിമുതൽ തീർച്ചയായും സഹകരിക്കും. ആ തീരുമാനം എടുത്തതിന് ശേഷമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. താൻ ഒരിക്കലും ബ്ലാക്ക് മെയിൽ ചെയ്യുകയല്ല. അങ്ങനെ ആരോപിക്കുന്നുണ്ടെങ്കിൽ ദിലീപ് അതിനുള്ള തെളിവ് കൊണ്ടുവരണമെന്നും ബാലചന്ദ്ര കുമാർ വ്യക്തമാക്കി. 'കേസിന്റെ തുടക്കത്തിൽ എന്തുകൊണ്ട് ഒന്നും പറഞ്ഞില്ലാ എന്ന് പലരും എന്നോട് ചോദിച്ചു. അന്ന് എന്റെ മാനസികാവസ്ഥ അങ്ങനെയായിരിക്കാം. 
ദിലീപിന്റെ സെറ്റപ്പുകൾ നന്നായി അറിയുന്നതുകൊണ്ട് എനിക്ക് നല്ല ഭയമുണ്ടായിരുന്നു. കാരണം ചാനലിൽ നമ്മൾ കാണുന്ന ദിലീപല്ല ശരിക്കും. അദ്ദേഹത്തിന് പിന്നിൽ വലിയൊരു സൈന്യം തന്നെയുണ്ട്. അദ്ദേഹത്തിന് ലയൺസ് എന്ന പേരിൽ ഒരു ടീമുണ്ട്. അതിൽ ഒരു പത്തിരുപത്തഞ്ച് മെമ്പർമാരുണ്ട്. നമ്മൾ എന്തെങ്കിലും പറഞ്ഞാൽ നമ്മളെ തൂക്കി കൊണ്ടുപോകും' -ബാലചന്ദ്ര കുമാർ പറഞ്ഞു. 
ആദ്യം ദിലീപിന് ഈ കേസുമായി ബന്ധമില്ലായെന്ന് വിശ്വസിച്ച ഒരാളാണ് താൻ. ദിലീപും അദ്ദേഹത്തിന്റെ കൂടെയുള്ളവരും കുറ്റവാളിയാണെന്ന് മനസ്സിലാക്കുന്നത് പിന്നെയാണ്. ഇതിനെപ്പറ്റി പറയണോ വേണ്ടയോ എന്ന ഭയത്തിലൂന്നിയ ചിന്തയിലാണ് താൻ പിന്നീട് ജീവിച്ചത്. ഭയത്തിൽ നിന്നുണ്ടായ മാറ്റമാണ് ഇപ്പോഴത്തെ ധൈര്യം. കിരീടം സിനിമയിൽ സേതുമാധവനുണ്ടായ മാറ്റത്തിന് സമാനമാണ് ഇപ്പോൾ തന്റെ മാറ്റമെന്നും ബാലചന്ദ്ര കുമാർ കൂട്ടിച്ചേർത്തു. ചാനൽ ചർച്ചകളിൽ തന്നെ അനുകൂലിച്ച് സംസാരിക്കുന്നതിനായി ദിലീപ് പലർക്കും പണം നൽകിയിരുന്നു എന്ന് അദ്ദേഹം പറയുന്നു. താൻ മുഖാന്തരം ഒരു വ്യക്തിയ്ക്ക് പണം വാഗ്ദാനം ചെയ്തിരുന്നു. റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്‌സ് അവറിൽ ആയിരുന്നു ബാലചന്ദ്രകുമാർ ആരോപണം ഉന്നയിച്ചത്.
ബാലചന്ദ്രകുമാറിന്റെ വാക്കുകൾ: ചാനൽ ചർച്ചകളിൽ വരുന്നവർക്ക് ദിലീപ് പണം നൽകിയിട്ടുണ്ട്. അതിൽ ഒരാൾക്ക് പണം ഞാൻ മുഖാന്തരം നൽകാൻ പുള്ളിയുടെ അനിയൻ അയച്ച മെസ്സേജ് എന്റെ കൈവശമുണ്ട്. 10 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു. തിരുവനന്തപുരം നിവാസി ആയതിനാൽ 'ബാലു പണം അയച്ചു കൊടുക്കാം അക്കൗണ്ട് നമ്പർ വാങ്ങി തരൂ' എന്ന് പറഞ്ഞു. 
ചാനൽ ചർച്ചയ്ക്ക് വന്ന മനുഷ്യന്റെ ഭാര്യയുടെ നമ്പറിലേക്ക് അനൂപ് മെസ്സേജ് അയച്ചു. 2017 ഒക്ടോബർ 22ന് ചാനൽ ചർച്ചയ്ക്ക് വന്ന വ്യക്തിയുടെ ഭാര്യ എനിക്ക് ആ മെസ്സേജ് അയച്ചു തന്നു. തങ്ങൾക്ക് ഈ പണം വേണ്ട, ഇഷ്ടം കൊണ്ടാണ് ചാനൽ ചർച്ചയ്ക്ക് പങ്കെടുക്കുന്നത് എന്ന് അവർ മറുപടിയും നൽകിയിരുന്നു. ഞാൻ ഒരു തിരുവനന്തപുരം നിവാസി ആയത് കൊണ്ടാണ് എന്നിലൂടെ പണം നൽകാൻ തീരുമാനിച്ചത്. അത് നടക്കാതെ വന്നപ്പോൾ നേരിട്ടും ശ്രമം നടത്തി. പല തവണ പല ന്യായീകരണ തൊഴിലാളികൾക്ക് ഇവർ പണം നൽകിയിട്ടുണ്ട്.
ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച് കൃത്യം രണ്ട് വർഷം തികഞ്ഞിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ വനിത സിനിമ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി.  'ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് കാൺമാനില്ല' എന്ന  പോസ്റ്ററിനൊപ്പമാണ് സർക്കാർ നിലപാടിനെതിരെ ഡബ്ല്യു.സി.സി രംഗത്ത് എത്തിയത്. നീതിക്ക് വേണ്ടി ഇനിയും എത്ര നാൾ നമ്മൾ കാത്തിരിക്കണം എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റർ ഡബ്ല്യു.സി.സി പുറത്തുവിട്ടത്. 
നേരത്തെ നടി പാർവതി തിരുവോത്തും സമാന വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. 
റിപ്പോർട്ടിൻ മേൽ തുടർനടപടികൾ സ്വീകരിക്കാത്തത് സ്ത്രീകളുടെ സുരക്ഷിതത്വത്തിന് ഒരു പ്രാധാന്യവുമില്ലെന്ന വേദനാജനകമായ ഓർമ്മപ്പെടുത്തലാണെന്നായിരുന്നു പാർവതി പറഞ്ഞത്. 2017 ജൂലൈ മാസത്തിലാണ് സർക്കാർ ഹേമ കമ്മീഷന് രൂപം നൽകിയത്. രണ്ടര വർഷത്തെ തെളിവെടുപ്പിന് ശേഷമാണ് കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. ജസ്റ്റിസ് ഹേമ, നടി ശാരദ, കെ.ബി. വൽസല കുമാരി (റിട്ട. ഐ.എ.എസ്.) എന്നിവരായിരുന്നു കമ്മീഷൻ അംഗങ്ങൾ.സിനിമ രംഗത്ത് ശക്തമായ നിയമ നിർമ്മാണം വേണമെന്ന് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സിനിമയിൽ ലോബി പ്രവർത്തിക്കുന്നുണ്ടെന്നും അവസരങ്ങൾക്കായി കിടപ്പറ പങ്കിടാൻ ചില പുരുഷൻമാർ നിർബന്ധിക്കുന്നുവെന്നും കമ്മീഷന് മൊഴി ലഭിച്ചിരുന്നു.


***  ***  ***

ജോജു ജോർജ് നായകനായ 'മധുരം' എന്ന ചിത്രത്തിൽ ഗുജറാത്തി നായികയായാണ് നടി ശ്രുതി രാമചന്ദ്രൻ എത്തിയത്. ചിക്കൻ ബിരിയാണിയെ സ്‌നേഹിക്കുന്ന കഥാപാത്രത്തിന് വേണ്ടി സെറ്റിൽ ദിവസേന ചിക്കൻ ബിരിയാണി കഴിക്കേണ്ടി വന്ന അനുഭവങ്ങളാണ് ശ്രുതി ഇപ്പോൾ തുറന്നു പറയുന്നത്. സെറ്റിൽ ബിരിയാണി കഴിച്ച് മടുത്തു പോയി എന്നാണ് ശ്രുതി  അഭിമുഖത്തിൽ പറയുന്നത്. ചിക്കൻ ബിരിയാണി ഭയങ്കര ഇഷ്ടമാണ്. 
താൻ ചെന്നൈയിൽ ആയിരുന്നു കുറേക്കാലം. അതുകൊണ്ടു ചെന്നൈ ബിരിയാണി ആണ് കൂടുതൽ ഇഷ്ടം. മധുരത്തിന്റെ സെറ്റിൽ ബിരിയാണി കഴിച്ചു താൻ മടുത്തു പോയിരുന്നു. പത്തു ദിവസം ബിരിയാണി കടയുടെ ഷൂട്ട് ഉണ്ടായിരുന്നു. എത്ര ബിരിയാണി കഴിച്ചു എന്നു പോലും ഓർക്കുന്നില്ല. രാവിലെ ഏഴരയ്ക്ക് തുടങ്ങും ബിരിയാണി തീറ്റ. ആദ്യത്തെ രണ്ടു ദിവസം കഴിക്കാൻ വലിയ താത്പര്യമായിരുന്നു.
പക്ഷേ മൂന്നാമത്തെ ദിവസം മടുത്തു തുടങ്ങി. ആയുർവേദിക് ഡയറ്റ് പിന്തുടർന്നു കൊണ്ടിരുന്ന ആളാണ് താൻ. ആ ശരീരത്തിലേക്ക് ദിവസവും ചിക്കൻ ബിരിയാണി ചെന്ന് തുടങ്ങിയപ്പോൾ വയറിനു അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായി. ബിരിയാണി സൂപ്പർ ആയിരുന്നു.
ജോജു ചേട്ടന്റെ പ്രൊഡക്ഷനിൽ നല്ല ഭക്ഷണമായിരുന്നു എന്ന് എല്ലാവരും പറഞ്ഞു. വേറെ പലതരം ഭക്ഷണങ്ങൾ ഉണ്ടായിരുന്നു. പക്ഷേ എനിക്ക് അതൊന്നും കഴിക്കാൻ പറ്റിയില്ല. ഉച്ചയാകുമ്പോഴേക്കും ബിരിയാണി കഴിച്ച് താൻ ഒരു വഴിയാകും പിന്നെ ഒന്നും കഴിക്കാൻ പറ്റില്ല.

***  ***  ***

2021ലെ വാർത്താ താരമായി മുഖ്യമന്ത്രി പിണറായി വിജയൻ. മീഡിയവൺ ചാനലിന്റെ ഫേസ് ഓഫ് കേരള വോട്ടെടുപ്പിലാണ് പിണറായി വിജയൻ ഒന്നാമതെത്തിയത്. 
2021ൽ വാർത്തകളിൽ നിറഞ്ഞ് നിന്ന മലയാളികളെ ഉൾപ്പെടുത്തിയായിരുന്നു മീഡിയാവണ്ണിന്റെ വോട്ടെടുപ്പ്. 
മുഖ്യമന്ത്രി പിണറായി വിജയൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിലെ അംഗമായ പിആർ ശ്രീജേഷ്, എംജി സർവ്വകലാശാലയിലെ ജാതി വിവേചനത്തിന് എതിരെ സമരം ചെയ്ത ഗവേഷക ദീപ പി മോഹൻ എന്നിവരാണ് അന്തിമ പട്ടികയിൽ ഇടം പിടിച്ചത്. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ആണ് വിജയിയെ പ്രഖ്യാപിച്ചത്. 
 

Latest News