ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യുന്ന ദാകാർ റാലിയിൽ ഇന്ത്യൻ പതാകയേന്തുന്ന മലയാളി
'ദാകാർ റാലി' യുടെ ആവേശച്ചൂടിലമർന്ന സൗദി അറേബ്യയിലെ മരുനിരകളും മലഞ്ചെരിവുകളും നഗരവീഥികളുമെല്ലാം ലോകത്തിന്റെ വിവിധ ദിക്കുകളിൽ നിന്നെത്തിയ കാറോട്ടക്കാരേയും ബൈക്കോട്ടക്കാരേയും ആഹ്ലാദാഭിമാനത്തോടെ നെഞ്ചേറ്റുകയാണ്. അശ്വവേഗങ്ങളും ഒട്ടകയോട്ടവും കണ്ടു പരിചയിച്ച മരുഭൂമിയിൽ മോട്ടോറിസ്റ്റുകളുടെ മോഹിപ്പിക്കുന്ന വേഗക്കരുത്തിന്റെ പുതിയൊരു ഇതിഹാസം.
പുതുവർഷപ്പുലരിയിൽ തുടക്കമിട്ട റാലിയുടെ ഔപചാരിക ഫ്ളാഗ് ഓഫ് ഇന്ന് ഹായിലിൽ. മൽസരാർഥികൾക്ക് സഹായവുമായി രണ്ടായിരത്തോളം സംഘാടകരും സന്നദ്ധസേവകരും. ഹായിലിൽ നിന്ന് തുടങ്ങി അർധാവിയ, ഖൈസൂമ, ദവാദ്മി, വാദി അൽ ദവാസീർ, ബീശ എന്നീ പ്രദേശങ്ങൾ താണ്ടി ഈ മാസം 14 ന് ജിദ്ദയിൽ സമാപിക്കുന്ന ദാകാർ റാലിയ്ക്ക് ഇത് മൂന്നാം തവണയാണ് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്നത്.

ഹാരിത് 'നോഹ' യുടെ പെട്ടകം
ഹാരിത് നോഹ - പേരിലൊരു മലയാളിത്തമില്ല. പക്ഷേ കേരളം വിട്ടുള്ള കളിയ്ക്ക് ഹാരിത് ഇല്ല. പതിനാലാമത്തെ പിറന്നാളിന് ബാപ്പ സമ്മാനിച്ച മോട്ടോർബൈക്ക്, ഷൊർണൂർ വാടാനംകുർശിക്കടുത്ത കണയം ഗ്രാമത്തിലെ കൊയ്ത്ത് കഴിഞ്ഞ പാടത്തും തൃപ്പറ്റ ക്ഷേത്രപരിസരത്തെ ഊട്ടുപാതകളിലും വേനൽക്കാലത്ത് വരണ്ടുകിടന്ന ഭാരതപ്പുഴയുടെ കരയിലെ മണൽത്തിട്ടുകളിലും ഓടിച്ചുപഠിച്ച ഹാരിതാണ് ഇന്നിപ്പോൾ ബൈക്കോട്ടത്തിൽ ലോകറെക്കാർഡിനായി ഇന്ത്യൻ പതാകയേന്തി സൗദി മരുഭൂമിയിലെത്തിയത്. മുംബൈക്കാരനായ ആശിഷ്‌റാവുവാണ് മറ്റൊരു ഇന്ത്യക്കാരൻ. ആദ്യ ഇരുപതിലെത്തുന്ന പ്രഥമ ഇന്ത്യക്കാരനാവുകയും ചെയ്തു.
ഇത്തവണ സ്‌പെയിനിലും ഫ്രാൻസിലും മൊറോക്കൻ മരുഭൂമിയിലുമായി തീവ്രപരിശീലനത്തിലായിരുന്നു ഹാരിത്. ദാകാർ പോലെയുള്ള സാഹസിക മത്സരങ്ങൾ വിജയിക്കുന്നത് വലിയ നേട്ടമാണ്. അത്രത്തോളം പ്രധാനമാണ് മത്സരം പൂർത്തിയാക്കുന്നതും. ഏതു വളവിലും ചെരിവിലും അപകടം പതിയിരിക്കുന്ന, ടയറുകൾ ഏതു സമയവും കുത്തിക്കീറുകയോ മണലിൽ പുതഞ്ഞുപോവുകയോ ചെയ്യുന്ന റാലി പൂർത്തിയാക്കാനും വേണം കൈയൊതുക്കവും നൈപുണ്യവും. ഏറ്റവും പ്രയാസകരമായ വാഹന മത്സരമാണ് ദാകാർ റാലി. റാലിക്കു മുമ്പ് അധികൃതർ റൂട്ടിനെക്കുറിച്ച് വലുതായൊന്നും വെളിപ്പെടുത്തില്ല.വെളിപ്പെടുത്തുന്ന വിവരങ്ങൾ വായിച്ചുമനസ്സിലാക്കാൻ സമയവുമുണ്ടാവില്ല. കഴിഞ്ഞ വർഷം ഏറ്റവും പ്രയാസകരമായ റൂട്ട്‌റാലിയുടെ രണ്ടാം ദിവസമായിരുന്നുവെന്ന് ഹാരിത് പറഞ്ഞു.
ജിദ്ദയിൽ ഹാരിതിനെ, മാനേജർ പാലക്കാട്ടുകാരി ഹരിതാ പ്രകാശ് വഴി ബന്ധപ്പെട്ടപ്പോൾ സുന്ദരമായ വള്ളുവനാടൻ മലയാളത്തിൽ ഹാരിതിന്റെ സംസാരം. ഷൊർണൂരിനടുത്ത കണയത്തെ കെ.വി മുഹമ്മദ് റാഫിയുടേയും ജർമൻകാരിയായ ഭാര്യ സൂസന്നയുടേയും മകനാണ് ഹാരിത് നോഹ. ഹായിലിലേക്കുള്ള പുറപ്പാടിനിടെ, അദ്ദേഹത്തിന് വിജയാശംസ നേർന്നു. ജിദ്ദയിലുള്ള ബൈക്കോട്ടക്കാരനും മലയാളിയുമായ സുഹൃത്ത് ഹാറൂൺ റഫീഖാണ്, ഹാരിതിന്റെ വിവരം എനിക്കാദ്യം തന്നത്.
യാത്രയുടെ സമാപനദിവസം ജിദ്ദയിലെത്തുമ്പോൾ വീണ്ടും കാണാമെന്ന് പറഞ്ഞാണ് ഹാരിത് പോയത്. കഴിഞ്ഞ തവണ പന്ത്രണ്ടാം സ്ഥാനക്കാരനായി ഫിനിഷ് ചെയ്ത് ഇന്ത്യൻ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. സ്‌പോർട്‌സ് സയൻ ബിരുദധാരിയായ ഹാരിത് മൂന്നാം തവണയാണ് ഇത്തവണ ദാകാറിൽ മാറ്റുരക്കുന്നത്. ഹാരിതിന് മുമ്പ് ദാകാറിൽ ഇന്ത്യക്കാരന്റെ റെക്കോർഡ് സി.എസ്. സന്തോഷിന്റെ പേരിലായിരുന്നു, 2015 ൽ മുപ്പത്താറാം സ്ഥാനം. 2020 ലായിരുന്നു ഹാരിതിന്റെ ദാകാർ അരങ്ങേറ്റം. കന്നിയങ്കത്തിൽ മത്സരം പൂർത്തിയാക്കാനായി. കഴിഞ്ഞ വർഷം ഇന്ത്യൻ റെക്കോർഡിന് ഉടമയാവുകയും ചെയ്തു.
എവറസ്റ്റിലേക്ക് ആരോഹണം നടത്തുന്നയത്രയും ആയാസമേറിയതാണ് മരുഭൂമിയിലൂടെയുള്ള ബൈക്കോട്ടം എന്ന് ഹാരിതിനറിയാം. അത് കൊണ്ടു തന്നെ നിരന്തരമായ അഭ്യാസത്തിലൂടെയാണ്, പുതിയ വെല്ലുവിളി സ്ഥിരോൽസാഹത്തോടെ ഏറ്റെടുത്തതെന്നും ഹാരിത് പറയുന്നു. കഴിഞ്ഞ വർഷം ദാകാർ റാലി കഴിഞ്ഞ് തിരിച്ച് നാട്ടിലെത്തിയപ്പോൾ, ഒരു ഇംഗ്ലീഷ് പത്രം നൽകിയ തലക്കെട്ടായിരുന്നു, ഹാരിത് നോഹയുടെ പെട്ടകം, മരുഭൂമിയിലൂടെ കുതിച്ചുപറന്ന കഥ.

ജർമൻകാരി സൂസന്ന; കേരളത്തിന്റെ മരുമകൾ
ചെറുതുരുത്തിയിലെ കേരള കലാമണ്ഡലത്തിൽ സംഗീതം പഠിക്കാനെത്തിയ ജർമനിയിലെ കൊളോൺ സ്വദേശി സൂസന്ന, മലയാളനാടിന്റെ സ്‌നേഹമേറ്റുവാങ്ങി. കർണാടകസംഗീതം പഠിക്കാനായിരുന്നു എത്തിയത്. ജോൺ ഹിഗിൻസിനെപ്പോലെ, കർണാടക സംഗീതത്തിൽ പേരെടുത്ത വിദേശ ഗായകരെക്കുറിച്ച് കേട്ടറിഞ്ഞ അവരുടെ താൽപര്യം സംഗീതവും നൃത്തവുമായി. കലാമണ്ഡലത്തിലെ ജീവിതം, സഹൃദയായ അവരെ വള്ളുവനാടൻ ജീവിതരീതികളുമായി ഏറെ അടുപ്പിച്ചു. ഷൊർണൂർ മുനിസിപ്പൽ ബസ്സ്റ്റാന്റിനു സമീപം ബേക്കറി നടത്തുകയായിരുന്ന കെ. വി. മുഹമ്മദ് റാഫിയുടെ ജീവിതത്തിലേക്ക് സൂസന്ന കടന്നുവന്നതും യാദൃച്ഛികമായായിരുന്നു. ചെറുതുരുത്തിയിൽനിന്ന് ഷൊർണൂർ ടൗണിലേക്ക് സ്ഥിരമായി ബേക്കറി സാധനങ്ങൾ വാങ്ങാനെത്തിയിരുന്ന സൂസന്നയുടെ ജീവിതത്തിന് മുഹമ്മദ് റാഫിയുടെ പലഹാരങ്ങൾക്കൊപ്പം അദ്ദേഹം നൽകിയ കരുതലും സ്‌നേഹവും മധുരം പകർന്നു. ആ ജർമൻ കലാകാരി, സഹൃദയനും കായികപ്രേമിയുമായ മുഹമ്മദ് റാഫിയുടെ ജീവിതസഖിയായി. ഇരുവരും പിന്നീട് ജർമനിയിലേക്കു പോവുകയും ഏറെക്കാലം കൊളോണിൽ താമസിക്കുകയും ചെയ്തു. ഹാരിത് നോഹയ്ക്ക് രണ്ടുവയസ്സുള്ളപ്പോൾ തിരികെ നാട്ടിലെത്തുകയും കണയം ഗ്രാമത്തിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.
- എന്റെ മമ്മി സംഗീതജ്ഞ മാത്രമല്ല, നല്ലൊരു പെയിന്ററും ഒപ്പം കൃഷിക്കാരിയുമാണ്. വീട്ടുവളപ്പിൽ നിറയെ പച്ചക്കറികളുണ്ട്. ഇപ്പോഴും ഗ്രാമനന്മകൾ മാഞ്ഞിട്ടില്ലാത്ത പ്രദേശമാണ് കണയം. മമ്മിയ്ക്ക് സ്വദേശമായ കൊളോണിനെക്കാൾ ഇഷ്ടം ഷൊർണൂരാണ്- ഹാരിത് പറഞ്ഞു.
റേസിംഗ് സ്‌പോർട്സിനോടുള്ള ഗാഢപ്രണയം
റേസിംഗ് സ്‌പോർട്‌സിനോടുള്ള ബാപ്പയുടെ താൽപര്യമാണ് ഹാരിതിനേയും ഈ രംഗത്തേക്ക് ആകർഷിച്ചത്. കുട്ടിക്കാലത്ത് ബാപ്പ സമ്മാനിച്ചതൊക്കെ റേസിംഗിന്റെ വീഡിയോ കാസറ്റുകളായിരുന്നു. പതിനെട്ടാം വയസ്സിൽ എം.ആർ.എഫ് നാഷനൽ സൂപ്പർ ക്രോസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയതോടെ ഹാരിതിന്റെ കായിക ജീവിതം ശരിക്കും ട്രാക്കിലായി. റേസിംഗ് ട്രാക്കിൽ ചീറിപ്പായുന്ന ബൈക്കുകൾ, ഈ യുവാവിന്റെ ഉള്ളിലെ തീ വീണ്ടും ജ്വലിപ്പിക്കുകയായിരുന്നു. ടി.വി.എസ് റേസിംഗ് ടീമിന്റെ ഭാഗമായി ഏഴു ദേശീയ ചാമ്പ്യൻഷിപ്പുകളിലും ഹാരിത് വിജയിയായി. കൊടൈക്കനാലിലായിരുന്നു ഹാരിതിന്റെ വിദ്യാഭ്യാസം.
2020 ൽ കോവിഡ്കാല പരിമിതികളെ മറികടന്ന് സൗദിയിൽ നടന്ന ദാകാർ റാലിയിൽ പങ്കെടുക്കാൻ സാധിച്ച ഹാരിതിന് സൗദി നിരത്തുകളെക്കുറിച്ച് നല്ല മതിപ്പും പരിചയവുമുള്ളത് ഇത്തവണ തുണയാകുമെന്ന് കരുതാം. എംപ്റ്റിക്വാർട്ടറിലുൾപ്പെടെയുള്ള മണൽക്കാട്ടിലൂടെയുള്ള സാഹസിക സഞ്ചാരം ത്രില്ലടിപ്പിച്ച അനുഭവമായിരുന്നു. പാറക്കെട്ടുകളും ചെങ്കുത്തായ മലനിരകളും നിറഞ്ഞ പാതകളിലൂടെയുള്ള ബൈക്ക് യാത്ര, ഹെലികോപ്റ്ററുകളുടെ നിരന്തരനിരീക്ഷണത്തിലായിരുന്നു. 55 മണിക്കൂർ പിന്നിട്ടപ്പോൾതന്നെ ഇരുപതാം സ്ഥാനത്തേക്ക് കുതിച്ച ഹാരിത്, ഫിനിഷിംഗ് റൗണ്ടിൽ പന്ത്രണ്ടാമതെത്തി.
ആ കുതിപ്പ് നിലനിർത്താൻ സാധിച്ചതാണ് ഇത്തവണയും മൽസരത്തിൽ പങ്കാളിയാകാനുള്ള വഴി തെളിയിച്ചത്. ഇതിനിടെ ബൈക്ക് അപകടത്തിൽപ്പെട്ടതും തെറിച്ചുവീണ ലോഹക്കഷണം തട്ടി ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നതും ബൈക്കോട്ടത്തിലെ കയ്‌പേറിയ ഒരോർമ്മ. ലോകം ശ്രദ്ധിക്കുന്ന ഒരു മൽസരത്തിൽ പങ്കെടുക്കാൻ സാധിച്ചുവെന്നത് തന്നെ വലിയ ഭാഗ്യമായി കരുതുന്നുവെന്നും വിജയത്തിലേക്കുള്ള പ്രകാശവേഗം തന്റെ സ്വപ്‌നമാണെന്നും ഹാരിത്‌നോഹ പറഞ്ഞു.

മൊറോക്കോ റാലിയിലെ ഇന്ത്യൻ താരവും ഹാരിത്
2018 ൽ നടന്ന മൊറോക്കോ റാലിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തതും ഹാരിത് നോഹയായിരുന്നു. ഫോറിൻ ക്ലാസ് കാറ്റഗറിയിൽ എം.ആർ.എഫ് ദേശീയ സൂപ്പർ ക്രോസ് ചാമ്പ്യൻഷിപ്പ് നേടി നാലു വർഷം പിന്നിട്ടപ്പോഴാണ് മൊറോക്കോയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ ഹാരിതിനു സാധിച്ചത്. 2020 ദാകാർ റാലിയിൽ എക്‌സ്പീരിയൻസ് കാറ്റഗറിയിലാണ് മാറ്റുരച്ചത്. ഏകദേശം ഒരു കോടി രൂപയാണ് ഇരുചക്ര വാഹനത്തിന് വില. ഫോർവീലേഴ്‌സിന് പത്തിനും പതിനഞ്ചിനും കോടി ഇടയ്ക്കുള്ള സംഖ്യ വരും. നാട്ടിലായാലും വിദേശത്തായാലും എന്നും കാലത്തെഴുന്നേറ്റ് 200 കിലോമീറ്റർ ബൈക്കോടിച്ച് പരിശീലനം നടത്തുന്ന പതിവ് ഹാരിത് തെറ്റിക്കാറില്ല.
ഓരോ ഘട്ടത്തിലും റേസ് ആരംഭിക്കുന്നതിനു പതിനഞ്ചു മിനുട്ട് മുമ്പ് മൽസരാർഥികൾക്ക് റോഡ്ബുക്ക് കൈമാറും. എല്ലാ വാഹനങ്ങളിലും ഓഡിയോ അലെർട്ട് സംവിധാനം സ്ഥാപിക്കും. അപകടകരമായ സ്ഥലത്തെത്തുമ്പോൾ മുന്നറിയിപ്പ് ലഭിക്കും. ഇരുചക്രവാഹന റേസർമാരും ക്വാഡ് ബൈക്ക് റേസർമാരും എയർബാഗ് ധരിക്കണമെന്നും പരമാവധി ആറ് പിൻചക്രങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദ്ദേശമുണ്ട്. പെട്രോൾ നിറയ്ക്കുമ്പോൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ പാടില്ല. ദാകാർ റാലി ഹായിലിൽ നിന്നു പുറപ്പെട്ട് റിയാദിലെത്തിയാൽ ഒരു വിശ്രമ ദിനത്തിനു ശേഷമാണ് മത്സരം പുനരാരംഭിക്കുക.






