മഴക്കാലമായാൽ പുഴവെള്ളം പൊങ്ങും. വയലിൽനിന്നും പരിസരപ്രദേശങ്ങളിൽനിന്നുമൊഴുകുന്ന മാലിന്യം ചേർന്ന കലക്കവെള്ളമായിരിക്കും ആദ്യജലപ്രവാഹം. കാത്തിരിപ്പിന് സമയമില്ലാതെ നമ്മളതിലേക്കെടുത്തുചാടും. എന്നാൽ, തെളിച്ചത്തിനു കാത്തുനിൽക്കുന്ന ചിലരുണ്ട്. പുഴയാഴം ഒപ്പിയെടുക്കുന്നവർ. അത്തരം കാത്തിരിപ്പിലൂടെ തെളിയുന്ന പുഴയാഴമാണ് ജെഫുജൈലാഫിന്റെ കഥകൾ.
ഒരു കല്ലെടുത്തിട്ടാൽ പ്രത്യേക താളത്തിൽ നീങ്ങുന്ന ഓളത്തിനൊപ്പമോ, കല്ലിനൊപ്പം ആഴത്തിലേക്കോ വായനക്കാർക്കു സൗകര്യപൂർവ്വം സഞ്ചരിക്കാം. കാവ്യദൃശ്യഭാഷകളിൽ സവിശേഷം സ്ഫുടം ചെയ്‌തെടുത്ത, വ്യത്യസ്ത അസ്തിത്വമുള്ള ഏഴ് കഥകളാണ് ജെഫുവിന്റെ 'വെയിൽകല്ലുകളിൽ വേരിറങ്ങുമ്പോൾ' എന്ന ആദ്യ കഥാസമാഹാരത്തിൽ. ഇതിലെ പല കഥകളും ആനുകാലികങ്ങളിലൂടെ അനുവാചകശ്രദ്ധ നേടിയവയാണ്.
ചുറ്റുമുള്ള സാധാരണ കാഴ്ചകളിൽ നിന്ന് തന്നെയാണ് അയാൾ കഥയുടെ അസംസ്‌കൃതവസ്തുക്കൾ ശേഖരിക്കുന്നത്. കഥാപാത്രനിർമ്മിതിയിൽ മനുഷ്യൻ, പ്രകൃതി തുടങ്ങിയ അടിസ്ഥാനലിപിയിൽ നിന്നിറങ്ങി ഗന്ധങ്ങളുടെ മാന്ത്രികത, വ്യത്യസ്ത വിരലുകളിലൂടെയുള്ള നിഗൂഢയാത്ര, മരിച്ചവരിലേക്കു കൂർത്തുനീളുന്ന മഞ്ഞവേരുകൾ ഇങ്ങനെ മരുഭൂമിയിലെ ഒറ്റമരങ്ങൾ പോലെ വേറിട്ട ഭാവനാശൈലിയുടെ പ്രവാഹമാണത്.
'വിരൽ വരകൾ' എന്ന ആദ്യകഥ ഉടലിന്റെ ഉന്മാദങ്ങളെ പ്രകൃതിയിലേക്ക്, മരുക്കാറ്റിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ അതേ ഡെസിബെലിൽ കാഴ്ച നമ്മിലെത്തുന്നു. വിരൽവ്യതിയാനങ്ങൾക്കനുസരിച്ച് മരണദാഹത്തെ ഗണിച്ചെടുക്കാൻ കഴിയുന്ന സൂക്ഷ്മവിദ്യ. സ്വാഗതാഖ്യാനത്തിൽ നീങ്ങുന്ന കഥ, ഒടുവിൽ ഗണിതങ്ങളെല്ലാം നേർരേഖയിലാണെന്നു കാണുമ്പോൾ സ്വന്തം കാൽമുനകൾ പോലും മറച്ചുസൂക്ഷിക്കാനുള്ള ഭ്രാന്തവ്യഗ്രതയിൽ കഥയവസാനിക്കുന്നു.
'വരിയുടഞ്ഞ ഞാവൽമരങ്ങളിൽ' അധിനിവേശത്തിന്റെ ഭാരംപേറുന്ന ഒരു ജനതയുടെ അതിദാരുണ ചിത്രം അനാവരണം ചെയ്യുന്നു. കഥയെ സമകാലികഇന്ത്യയുമായി ചേർത്ത് വായിക്കുമ്പോൾ പൗരത്വസമരത്തിന്റെ അകക്കാമ്പ് എന്തായിരിക്കുമെന്നോർത്ത് നമുക്ക് പൊള്ളിത്തുടങ്ങും. തലമുറയറുക്കുന്നവർക്കെതിരെ നേർത്ത ചുമകൊണ്ട് പോലും പ്രതിഷേധിക്കാൻ കഴിയാത്തവരുടെ ഇടയിലാണ് 'ജീവിക്കണമെനിക്കെ'ന്നുപറയുന്ന പതിനാലുകാരനെ കഥാകൃത്ത് ഉറച്ചപാദത്തിൽ നിർത്തിയിരിക്കുന്നത്. അവന്റെ കൈപിടിച്ച ഏഴുവയസ്സുകാരി കുഞ്ഞുപെങ്ങളിൽ, പതിറ്റാണ്ടുകൾക്ക് മുൻപ് ലോകമനഃസാക്ഷിയെ പിടിച്ചു കുലുക്കിയ ശർബത്ഗുല എന്ന പന്ത്രണ്ടുകാരിയുടെ തീപാറുന്ന പച്ചക്കണ്ണുകൾ ഉണ്ടാവാം.
വ്രണപ്പെട്ട മഞ്ഞണ്ണാനുകൾ അവശേഷിപ്പിച്ച ചെമന്ന ഒറ്റവരയടയാളത്തിലൂടെ വംശത്തിന്റെ മുറിവ് പേറി നീങ്ങുന്ന അഭയാർത്ഥികളെ അത്രമേൽ മിഴിവോടെ വരച്ചു ചേർത്തിരിക്കുന്നു.
വർഷങ്ങളായുള്ള വിദേശവാസത്തിൽ ചിരപരിചിതമായതുകൊണ്ടാവാം പോകാനിടമില്ലാത്തവരുടെ, രാജ്യം നഷ്ടപ്പെട്ടവരുടെ വേദന 'അവിശുദ്ധ രേഖകളിൽ' അതെ ആവൃത്തിയിൽ കലർന്നുകിടപ്പുണ്ട്. വാർധക്യ ഒറ്റപ്പെടൽ, മകൾ നഷ്ടപ്പെട്ട അവസ്ഥ, അഭയാർഥിത്വം ഇങ്ങനെ കഥയിൽ വേദനയുടെ ഒരു തെരുവ് രൂപപ്പെടുന്നു. അവിടെ ഏറ്റവും ക്ഷീണിക്കപ്പെട്ട ഒരാൾക്കൂട്ടമായി അഭയാർഥിത്വം മുഴച്ചുനിൽക്കുന്നു. 'ജീവിതത്തിൽ നിന്നും വീടിറങ്ങിപ്പോയവരെ കണ്ടിട്ടുണ്ടോ സർ?' അധിനിവേശ ശക്തികളാൽ രാജ്യം നഷ്ടപ്പെട്ട ഓരോ വ്യക്തിയും വിഴുങ്ങി നിൽക്കുന്ന ചോദ്യം.
'വയൽ ദൂരത്തിൽ' ഐദുവിന്റെ പ്രകൃതിയായുള്ള പരിണാമം അസാധ്യ കയ്യടക്കത്തോടെയാണ് നീട്ടിവരച്ചത്. കാലത്തിനൽപം മുൻപിലായി, മറ്റൊരു ആവാസവ്യവസ്ഥയിലുള്ള, കടൽ വെള്ളത്തിന്റെ മണമുള്ള, മീനിന്റെ ഭാഷ പറയുന്ന ഐദു.
'ഇറുകുകയും മുറുകുകയും ഒപ്പം അനന്തസൂക്ഷ്മമായി അയയുകയും ചെയ്യുന്ന' പ്രമേയപരിസരങ്ങളിലാണ് ജെഫുവിന്റെ കഥാപ്രതിഭ മേയുന്നതെന്ന് അവതാരികയിൽ പ്രിയ എഴുത്തുകാരൻ പി. ജെ. ജെ ആന്റണി. കാഴ്ചയിൽ, ബിംബങ്ങളിൽ ഭാഷ കൊണ്ട് പടർത്തിവിട്ട പ്രവാഹങ്ങൾ പുസ്തകം വായിച്ചു കഴിയുമ്പോഴേക്കും നമ്മുടെയുള്ളിൽ നിറഞ്ഞിട്ടുണ്ടാവും.
എത്തിപ്പെടുന്നവർക്ക് ഏത് തരത്തിലുള്ള ഭൂപടവും നിർമ്മിക്കാനുതകുന്ന തരത്തിൽ, ചേർത്ത് വച്ചതും ഒഴിച്ചിട്ടതുമായ അനേകം ഇടങ്ങളുള്ള മനോഹരകാവ്യദേശങ്ങളാണ് ഓരോ കഥയും.
വെയിൽകല്ലുകളിൽ
വേരിറങ്ങുമ്പോൾ
സാപിയൻസ് ലിറ്ററേചർ






