മനോബലത്തിന്റെ നെറ്റിപ്പട്ടം

ബാലുശ്ശേരിക്കടുത്ത തലയാട് കക്കയം റോഡിനു സമീപം താമസിക്കുന്ന ലയജയ്ക്ക് പോളിയോ രോഗം ബാധിച്ച് അരയ്ക്കു താഴെ തളർന്നുപോവുകയായിരുന്നു. വിധിക്കുമുന്നിൽ തോറ്റുകൊടുക്കാനാകാത്ത മനസ്സുമായി അവർ ജീവിതത്തെ നേരിട്ടു.മലമുകളിലെ വീട്ടിൽനിന്നും സ്‌കൂളിലേയ്ക്കുള്ള യാത്ര അസാധ്യമായപ്പോൾ അവൾ അച്ഛനിൽനിന്നും അറിവിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ചു. പിന്നീട് ഏഴാംതരം തുല്യതാ പരീക്ഷയും പാസായി. ജീവിതം ചക്രക്കസേരയിൽ തളച്ചിട്ടതാണെങ്കിലും ഇരുന്നുകൊണ്ടുചെയ്യാവുന്ന എന്തു ജോലിക്കും ലയജ തയ്യാറാണ്. 
 

 

നാം തളർന്നുവീണതോ തകർന്നുപോയതോ അവരറിയേണ്ട. നാം വസന്തത്തെ വരവേൽക്കാനായി പഴയ ഇലകൾ പൊഴിക്കുകയാണെന്ന് അവർ ധരിച്ചുകൊള്ളട്ടെ.. സൂഫിവര്യനായ റൂമിയുടെ വാക്കുകൾ ലയജയുടെ ജീവിതത്തിലും വെളിച്ചം പരത്തുന്നു. ജീവിതത്തിന്റെ നിസ്സഹായാവസ്ഥയിൽനിന്നും ഒരു ഫീനിക്‌സ് പക്ഷിയെപോലെ ഉയർന്നുപറക്കുകയായിരുന്നു ഈ യുവതി.
ഒന്നര വയസ്സിലാണ് വിധി ലയജയോടു ക്രൂരത കാട്ടിയത്. ബാലുശ്ശേരിക്കടുത്ത തലയാട് കക്കയം റോഡിനു സമീപം താമസിക്കുന്ന ലയജയ്ക്ക് പോളിയോ രോഗം ബാധിച്ച് അരയ്ക്കു താഴെ തളർന്നുപോവുകയായിരുന്നു. വിധിക്കുമുന്നിൽ തോറ്റുകൊടുക്കാനാകാത്ത മനസ്സുമായി അവർ ജീവിതത്തെ നേരിട്ടു. മലമുകളിലെ വീട്ടിൽനിന്നും സ്‌കൂളിലേയ്ക്കുള്ള യാത്ര അസാധ്യമായപ്പോൾ അവൾ അച്ഛനിൽനിന്നും അറിവിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ചു. പിന്നീട് ഏഴാംതരം തുല്യതാ പരീക്ഷയും പാസായി.


ജീവിതം ചക്രക്കസേരയിൽ തളച്ചിട്ടതാണെങ്കിലും ഇരുന്നുകൊണ്ടു ചെയ്യാവുന്ന എന്തു ജോലിക്കും ലയജ തയ്യാറാണ്. കുട നിർമ്മാണത്തിലും റെഡിമെയ്ഡ് വസ്ത്രനിർമ്മാണത്തിലുമായിരുന്നു പരീക്ഷണം. ഒടുവിലായി നെറ്റിപ്പട്ട നിർമ്മാണത്തിലെത്തിനിൽക്കുകയാണ് ഈ യുവതി. നെറ്റിപ്പട്ടത്തിന്റെ നിറച്ചാർത്തുകൾ തന്റെ ജീവിതത്തിലും വർണ്ണചാരുതയൊരുക്കുമെന്ന പ്രതീക്ഷയിലാണവർ. വർണ്ണനൂലുകളും മുത്തുകളും കോർത്തിണക്കിയൊരുക്കുന്ന നെറ്റിപ്പട്ടങ്ങൾക്ക് ആവശ്യക്കാരേറെയാണ്.
കോവിഡിന് മുൻപ് വിത്തുപേനയുണ്ടാക്കിയായിരുന്നു ലയജ തന്റെ ജീവിതം നയിച്ചിരുന്നത്. കടലാസുകൊണ്ട് നിർമ്മിക്കുന്ന പേനയിൽ പച്ചക്കറികളുടെയും പൂക്കളുടെയും വിത്തുകൾ നിക്ഷേപിച്ചായിരുന്നു നിർമ്മാണം. ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന ഈ പേനകൾ ഭൂമിയിൽ പുതിയ വസന്തം വിരിയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ലയജ. ചില സ്‌കൂളുകൾ പ്ലാസ്റ്റിക് പേനകൾ ഒഴിവാക്കി വിത്തുപേനകൾ ഉപയോഗിച്ചുതുടങ്ങി. കൂടാതെ സമ്മേളനനഗരികളിലും പഠനകഌസിലുമെല്ലാം വിത്തുപേനയ്ക്ക് ഏറെ ആവശ്യക്കാരുണ്ടായിരുന്നു. എന്നാൽ കോവിഡ് രൂക്ഷമായതോടെ ആവശ്യക്കാരില്ലാതെ നിർമ്മാണം നിർത്തിവയ്‌ക്കേണ്ടിവന്നു.


കുടനിർമ്മാണമായിരുന്നു അടുത്ത വരുമാനമാർഗ്ഗം. തലയാടുള്ള അലിവ് ചാരിറ്റബിൾ ട്രസ്റ്റാണ് കുടനിർമ്മാണത്തിൽ പരിശീലനം നൽകിയത്. കുട നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ അവർ എത്തിച്ചുകൊടുത്തു. നിർമ്മിച്ചവയാകട്ടെ അവർ ഏറ്റെടുത്തു വിൽപന നടത്തുകയായിരുന്നു പതിവ്. ഒരു ദിവസം പന്ത്രണ്ടോളം കുടകൾ നിർമ്മിച്ചിരുന്നു. അല്ലലില്ലാതെ ജീവിതം നയിക്കവേയാണ് ഇവിടെയും കോവിഡ് വില്ലനായത്. 
വിത്തുപേനയും കുടനിർമ്മാണവും കോവിഡ് തളർത്തിയപ്പോൾ കണ്ടെത്തിയ ഉപായമായിരുന്നു റെഡിമെയ്ഡ് വസ്ത്രനിർമ്മാണത്തിലെത്തിച്ചത്. നാട്ടിലെ ഒരു സാമൂഹ്യപ്രവർത്തകൻ ഒരു തയ്യൽമെഷിൻ സമ്മാനിച്ചതോടെ ജീവിതം തയ്ച്ചുകാണിക്കാമെന്നായി. തുണയ്ക്കായി അനുജത്തി ലീനയെയും ഒപ്പംകൂട്ടി. രാജഗിരിക്കാരനായ അവളുടെ ഭർത്താവ് പ്രജീഷ് ഡ്രൈവറാണ്. അദ്ദേഹം കോഴിക്കോട്ടുനിന്നും തുണിത്തരങ്ങൾ വാങ്ങിക്കൊണ്ടുവരും. ഞങ്ങൾ ഇരുവരും ചേർന്ന് തയ്ച്ചുകൊടുക്കും. മാസ്‌കുകൾ നിർമ്മിച്ചുകൊണ്ടായിരുന്നു തുടക്കം. 
പിന്നീട് സ്ത്രീകളുടെ നൈറ്റിയും കുട്ടികളുടെ വസ്ത്രങ്ങളും തയ്ച്ചുതുടങ്ങി. വീട്ടമ്മമാരും കുടുംബശ്രീ പ്രവർത്തകരുമെല്ലാം ആവശ്യക്കാരായെത്തി. കൂടാതെ സോഷ്യൽ മീഡിയയിലൂടെയും അന്വേഷണമെത്തി. ഫേസ് ബുക്കിലൂടെയും വാട്ട്‌സപ്പിലൂടെയും ലഭിക്കുന്ന ഓർഡറുകൾക്കനുസരിച്ച് വസ്ത്രങ്ങൾ തപാലിലൂടെയും കൊറിയർ സർവ്വീസായും അയച്ചുതുടങ്ങി.
റെഡിമെയ്ഡ് വസ്ത്രങ്ങൾ തയ്ക്കുന്നതിനിടെയാണ് നെറ്റിപ്പട്ട നിർമ്മാണത്തിലേയ്ക്കും ചുവടുവച്ചത്. യൂട്യൂബിലൂടെയാണ് നിർമ്മാണവിദ്യ പഠിച്ചത്. പിന്നീട് ഈ രംഗത്തെ പ്രഗത്ഭരുടെ സഹായത്തോടെ കൂടുതൽ കാര്യങ്ങൾ പഠിച്ചെടുത്തു. തൃക്കണ്ണ് വയ്ക്കുക, ഗണപതിക്ക് വയ്ക്കുക തുടങ്ങിയ സങ്കല്പങ്ങളും നെറ്റിപ്പട്ട നിർമ്മാണത്തിലുണ്ട്. ഇവയെല്ലാം നെറ്റിപ്പട്ട നിർമ്മാണരംഗത്തുള്ളവരിൽനിന്നുമാണ്  മനസ്സിലാക്കിയത്. ഇരുപതോളം നെറ്റിപ്പട്ടങ്ങൾ ഇതിനകം നിർമ്മിച്ചുകഴിഞ്ഞു. ആവശ്യക്കാരുടെ ഓർഡറുകൾ അനുസരിച്ചാണ് നെറ്റിപ്പട്ടം നിർമ്മിക്കുന്നത്.  വില നിശ്ചയിക്കുന്നത് വലുപ്പത്തിനനുസരിച്ചാണ്. നിർമ്മാണ സാമഗ്രികൾ നഗരത്തിലെ ഒരു കടയിൽനിന്നും വാങ്ങും. ഓർഡറനുസരിച്ച് ആവശ്യമുള്ള സാധനങ്ങൾ വിളിച്ചുപറയും. അവരത് കൊറിയർ വഴി അയച്ചുതരും.


നെറ്റിപ്പട്ട നിർമ്മാണത്തിൽ ഏറെ കടമ്പകളുണ്ട്. ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ച് വരച്ചെടുക്കുകയാണ് ആദ്യത്തെ ജോലി. ചിലർ അവർക്കാവശ്യമുള്ളതരത്തിൽ വരച്ചുതരും. അതിനനുസരിച്ച് നിർമ്മിച്ചുകൊടുത്താൽ മതി. എങ്കിലും ഏറെ അധ്വാനമുള്ള ജോലിയാണിത്. നല്ല ക്ഷമയും ആവശ്യമാണ്. ഏറെ നേരം ഇരുന്ന് ജോലി ചെയ്യാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് സാവകാശമാണ് ഓരോന്നും നിർമ്മിച്ചെടുക്കുന്നത്. കാലുകൊണ്ട് തയ്യൽ മെഷിൻ ചലിപ്പിക്കാനാവാത്തതിനാൽ കൈകൊണ്ടുതന്നെ കറക്കിവേണം തയ്ക്കാൻ. തയ്യൽസൂചി വിരലിൽ കയറാതെ ശ്രദ്ധിക്കുകയും വേണം.
റബർ ടാപ്പിംഗ് തൊഴിലാളിയായിരുന്ന ശ്രീധരന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ ലീലയുടെയും മൂത്ത മകളാണ് ലയജ. പത്തൊൻപതു വർഷം മുൻപായിരുന്നു അച്ഛന്റെ മരണം. അച്ഛന്റെ മരണശേഷം കുടുംബഭാരം മുഴുവൻ അമ്മയുടെ ചുമലിലായിരുന്നു. അമ്മയെ സഹായിക്കാനായാണ് ഓരോ ജോലികളും ചെയ്തുപോരുന്നത്. 
കുടനിർമ്മാണവും നെറ്റിപ്പട്ട നിർമ്മാണവുമെല്ലാം ഈയൊരു ലക്ഷ്യം മുന്നിൽ കണ്ടായിരുന്നു. നെറ്റിപ്പട്ടങ്ങൾക്കും റെഡിമെയ്ഡ് വസ്ത്രങ്ങൾക്കും കൂടുതൽ ആവശ്യക്കാരെത്തിയാൽ ജീവിതം കൂടുതൽ പ്രകാശപൂർണ്ണമാകുമെന്ന് സ്വപ്‌നം കാണുകയാണ് ഈ യുവതി. ലയജയുടെ ഫോൺ നമ്പർ: 8129377541.
 

Latest News