എക്‌സിറ്റ് റീ എൻട്രി സൗജന്യ പുതുക്കൽ ആനുകൂല്യം

ചോദ്യം: എന്റെ എക്‌സിറ്റ് റീ എൻട്രി വിസ 2022 ജനുവരി 10ന് അവസാനിക്കും. സൗദി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ ഇഖാമ പുതുക്കൽ, എക്‌സിറ്റ് റീ എൻട്രി ദീർഘിപ്പിച്ചു നൽകൽ ആനുകൂല്യം എനിക്കു ലഭിക്കുമോ? അതോ സ്‌പോൺസറോട് ആവശ്യപ്പെട്ട് കാലാവധി ദീർഘിപ്പിക്കേണ്ടതുണ്ടോ?

ഉത്തരം: സൗദി സർക്കാർ പ്രഖ്യാപന പ്രകാരം നിങ്ങൾ ഈ ആനുകൂല്യത്തിന് അർഹനാണ്. യാത്രാ വിലക്ക് നിയന്ത്രണം നിലവിലുള്ള രാജ്യങ്ങളിലുള്ളവർക്ക് അവരുടെ ഇഖാമ, റീഎൻട്രി വിസ കാലാവധി 2022 ജനുവരി 31 വരെ സൗജന്യമായി ദീർഘിപ്പിച്ചു നൽകും. ഈ ആനുകൂല്യം ഇതിനകം പലർക്കും ലഭിച്ചിട്ടുണ്ട്. അതുപ്രകാരം ജനുവരി 31വരെ നിങ്ങൾക്കും റീ എൻട്രി കാലാവധി സൗജന്യമായി ലഭ്യമാവും. ഇക്കാര്യത്തിൽ സ്‌പോൺസർ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. ജവാസാത്ത്, ഇമിഗ്രേഷൻ സിസ്റ്റം ഓട്ടോമാറ്റിക് ആയി തന്നെ ഇതു നിർവഹിക്കും. ഇതിനായി ജവാസാത്തിനേയോ, മറ്റ് ഏതെങ്കിലും സർക്കാർ ഓഫീസുകളെയോ നേരിട്ടു സമീപിക്കേണ്ടതില്ല. ഓട്ടോമാറ്റിക് ആയി തന്നെ ഇഖാമ കാലാവധിയും എക്‌സിറ്റ് റീ എൻട്രി വിസ കലാവധിയും ജനുവരി 31 വരെ നീട്ടി നൽകുമെന്ന് ജവാസാത്ത് വക്താവ് അറിയിച്ചു. 

ആശ്രിതരില്ലാതെ ഇഖാമ പുതുക്കൽ

ചോദ്യം:  എന്റെ കുടുംബം ഇപ്പോൾ നാട്ടിലാണുള്ളത്.  അവരെ സൗദിയിലേക്ക് തിരിച്ചു കൊണ്ടുവരാതെ തന്നെ ഇഖാമ പുതുക്കാൻ സാധിക്കുമോ. അങ്ങനെ ചെയ്യുമ്പോൾ കുടുംബാംഗങ്ങളുടെ ലെവി അടക്കേണ്ടതുണ്ടോ?

ഉത്തരം: ആശ്രിതരായുള്ള കുടുംബാംഗങ്ങൾ സൗദിക്കു പുറത്തായിരിക്കെ തന്നെ ഇഖാമ പുതുക്കാൻ സാധിക്കും. അതിന് അവർ സൗദിയിൽ ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല. എന്നാൽ ഇഖാമ പുതുക്കുമ്പോൾ കുടുംബാംഗങ്ങളുടെ വിസ നിലനിർത്തേണ്ടതുണ്ടെങ്കിൽ അവരുടെ ലെവി കൂടി അടക്കണം. നിലവിൽ ആശ്രിതരായുള്ള അംഗങ്ങളിൽ ഓരോരുത്തർക്കും പ്രതിമാസം 400 റിയാൽ വീതമാണ് ലെവിയായി നൽകേണ്ടത്. നേരത്തെ ഇത് ഒരു വർഷത്തേക്ക് ഒരുമിച്ച് അടക്കണമായിരുന്നു. എന്നാൽ ഇപ്പോൾ മൂന്നു മാസം, ആറു മാസം, ഒരു വർഷ കാലവധിയിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്ത് ലെവി അടക്കാം. മൂന്നു മാസത്തേക്കാണ് ഇഖാമ പുതുക്കുന്നതെങ്കിൽ ആശ്രിതരുടെ ലെവിയും മൂന്നു മാസത്തേക്കുള്ളത് അടച്ചാൽ മതിയാകും. അതായത് ഒരു വർഷത്തേക്ക് ഒരുമിച്ച് ലെവി തുക അടക്കേണ്ടതില്ല. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവർക്ക് ഇത് ആശ്വാസകരമാണ്. 

നാടുകടത്തപ്പെട്ടവരുടെ സൗദി സന്ദർശനം

ചോദ്യം: നിയമലംഘനത്തിന് പിടിക്കപ്പെട്ട് നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുകയും അവിടെനിന്ന് കയറ്റി അയക്കപ്പെടുകയും ചെയ്ത ആളാണ് ഞാൻ. എനിക്ക് ഉംറ നിർവഹിക്കാനായി സൗദിയിലെത്താൻ കഴിയുമോ?

ഉത്തരം: തീർച്ചയായും സാധിക്കും. സൗദി ഇമിഗ്രേഷൻ നിയമ പ്രകാരം നിയമ ലംഘനത്തിന് പിടിക്കപ്പെട്ട് നാടുകടത്തൽ കേന്ദ്രം (തർഹീൽ) വഴി കയറ്റി അയക്കപ്പെട്ട ഒരാൾക്ക് വീണ്ടും തൊഴിൽ വിസയിൽ രാജ്യത്ത് പ്രവേശിക്കാൻ കഴിയില്ല. കാരണം അവർ ആജീവനാന്തം ബ്ലാക് ലിസ്റ്റിലായിരിക്കും. 
അതുകൊണ്ടു തന്നെ ഇത്തരക്കാർക്ക് തൊഴിൽ വിസ ലഭിക്കില്ല. എന്നാൽ ഹജ്, ഉംറ വിസ ലഭിക്കുന്നതിന് തടസമില്ല. ഹജ് ചെയ്യുന്നതിനും ഉംറ നിർവഹിക്കുന്നതിനും സൗദിയിൽ മറ്റു തീർഥാടകരെ പോലെ അവർക്കും വന്നു പോകാം. 

Latest News