പ്രകൃതിയെ അതിരറ്റ് സ്‌നേഹിച്ച പി.ടി തോമസ് ചന്ദ്രകളഭം ചാർത്തിയുറങ്ങും മനോഹര തീരത്ത് നിന്ന് വിട വാങ്ങിയതിന്റെ ആഘാതത്തിൽ നിന്ന് മോചിതമാവുന്നതിന് മുമ്പാണ് സഹൃദയരെ വേദനിപ്പിച്ച മറ്റൊരു വേർപാട്. മലയാള സിനിമയ്ക്ക് എന്നും ഒരു പാഠപുസ്തകമായ കെ.എസ് സേതുമാധവൻ. സംവിധായകൻ എന്ന നിലയിൽ മലയാള സിനിമയിൽ ഒട്ടേറെ മാറ്റങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. സിനിമയെ പവിത്രഭൂമിയായി കണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. മുതിർന്ന നടന്മാരോടു പോലും ഇതേക്കുറിച്ച് തുറന്നു പറയാനും തന്റെ ഷൂട്ടിങ് സെറ്റിൽ പവിത്രത സൂക്ഷിക്കാനും എന്നും ശ്രദ്ധിച്ചിരുന്നു. ഇതിന് നിരവധി ഉദാഹരണങ്ങളുമുണ്ട്.
ക്യാമറയ്ക്ക് മുന്നിലിരുന്നു സിഗരറ്റ് വലിക്കുകയായിരുന്ന നസീറിനോടും തിക്കുറിശ്ശിയോടും സേതുമാധവൻ എന്ന യുവസംവിധായകൻ ഒരിക്കൽ പറഞ്ഞു 'ഇതൊരു പരിശുദ്ധസ്ഥലമാണ്. ക്യാമറയ്ക്ക് മുന്നിലിരുന്ന് വൃത്തികെട്ട തമാശകൾ പോലും പറയരുതെന്നാണ് എന്റെ പക്ഷം. പുകവലിക്കണമെന്നുണ്ടെങ്കിൽ നിങ്ങൾക്ക് പുറത്തുപോയി വലിക്കാം' രണ്ടുപേരും ഒരക്ഷരം മിണ്ടാതെ പുറത്തേക്കുപോയത് അനുഭവങ്ങളിൽ ഒന്നുമാത്രം. സമയ കൃത്യതയുടെ പേരിൽ താരരാജാവായിരുന്ന എം.ജി.ആറിനോടു പോലും തന്റെ നിലപാട് കൃത്യമാക്കിയ ആളാണ് കെ.എസ്. 'നാളെ നമതെ'യുടെ ഷൂട്ടിങ് തുടങ്ങുന്ന ദിവസം. രാവിലെ 9 മണിക്കാണ് ഷൂട്ടിങ് തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. പക്ഷേ, 10.45നാണ് എം.ജി.ആർ എത്തിയത്. അടുത്തദിവസവും ഇതാവർത്തിച്ചു. അന്നേരം എം.ജി.ആറിന്റെ മുഖത്തുനോക്കി സേതുമാധവൻ ചോദിച്ചു 'നാളെ നിങ്ങൾ എപ്പോഴാണ് വരിക?' സ്റ്റുഡിയോയിലുണ്ടായിരുന്നവർ ഞെട്ടി. താരരാജാവായ എം.ജി.ആറിനോട് ആരും ഇങ്ങനെ സംസാരിക്കാറില്ല. 'നാളെയും നിങ്ങൾ 10.45നാണ് വരുന്നതെങ്കിൽ എനിക്ക് ഷെഡ്യൂൾ പുനഃക്രമീകരിക്കണം. വെറുതെ സമയം കളയാനാവില്ല'. അടുത്തദിവസം സേതുമാധവൻ 9 മണിക്ക് സ്റ്റുഡിയോയിലെത്തിയപ്പോൾ എം.ജി.ആർ അവിടെ ഹാജരുണ്ടായിരുന്നു; മേയ്ക്കപ്പൊക്കെയിട്ട് ഷൂട്ടിങ് തുടങ്ങാൻ തയ്യാറെടുപ്പോടെ. വിനയത്തോടെ തന്റെ നിലപാടുകളിൽ ഉറച്ചുനിന്നാൽ അതൊരിക്കലും അധികപ്പറ്റാവില്ല എന്നതായിരുന്നു സേതുമാധവന്റെ വിശ്വാസം. അത് തെളിയിക്കുന്നതായിരുന്നു ഇത്തരത്തിലുള്ള ഓരോ അനുഭവങ്ങളും. മലയാളത്തിന് കമൽഹാസനേയും മമ്മൂട്ടിയേയും പരിചയപ്പെടുത്തിയ സേതുമാധവന്റെ ഏറ്റവും മികച്ച ചിത്രമേതെന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ബുദ്ധിമുട്ടാവും. മിക്ക ചിത്രങ്ങളും ഒന്നിനൊന്ന് മികച്ചത്.
*** *** ***
കെ റെയിൽ വന്നാലുള്ള പ്രയോജനത്തെ കുറിച്ച് വിശദീകരിച്ച് നടൻ ഹരീഷ് പേരടി. സർക്കാരിന്റെ കെ റെയിൽ പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധം മാറ്റി സഹകരിക്കാനാണ് താരം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നത്. അടുക്കളയിൽ കല്ലിട്ടാലും ഉമ്മറത്ത് കല്ലിട്ടാലും നഷ്ടപരിഹാരം കൊടുത്തതിനു ശേഷം മാത്രം പദ്ധതി നടപ്പിലാക്കുക എന്നും ഹരീഷ് പേരടി.
ഹരീഷ് പേരടിയുടെ കുറിപ്പ്:
ഞാനിപ്പോൾ കാസർകോട് ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ഇരിക്കുകയാണ്-മറ്റന്നാൾ രാവിലെ എനിക്ക് എറണാകുളത്ത് എത്തണം. ഞാൻ അന്വേഷിച്ചപ്പോൾ ഇവിടെ നിന്ന് ഒരു മണിക്കൂർ ദൂരമുള്ള മംഗലാപുരം എയർപോർട്ടിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാനങ്ങളില്ല. എല്ലാം 6ഉം 9തും മണിക്കൂറുകൾ എടുക്കുന്ന യാത്രകൾ റോഡ് മാർഗം 10 ഉം 12ഉം മണിക്കൂറുകൾ. പിന്നെ ഇവിടെ നിന്ന് രണ്ടര മണിക്കൂർ ദൂരമുള്ള കണ്ണൂർ എയർപോർട്ടിൽ നിന്ന് 8.30ന് ഒരു വിമാനമുണ്ട്. അതിനു വേണ്ടി 10 മണിക്ക് ഷൂട്ടിംഗ് കഴിഞ്ഞെത്തുന്ന ഞാൻ 3.30ന് എഴുന്നേറ്റ് 4.30ന് കാറിൽ കയറണം. ഞാൻ സ്വപ്‌നം കാണുന്ന കെ റെയിൽ ഉണ്ടായിരുന്നെങ്കിൽ എനിക്ക് നന്നായി ഉറങ്ങി എന്റെ സൗകര്യത്തിനനുസരിച്ചുള്ള ഒരു സിൽവർലൈൻ വണ്ടിയിൽ കയറിയാൽ വെറും രണ്ടു മണിക്കൂറുകൾ കൊണ്ട് ഞാൻ എറണാകുളത്ത് എത്തും. ഞാനും ഹാപ്പി എനിക്ക് ടിക്കറ്റെടുത്ത് തരുന്ന പ്രൊഡ്യൂസറും ഹാപ്പി. ഇതാണ് കെ റെയിലിന്റെ പ്രസക്തി. പിന്നെ അടുക്കളയിൽ കല്ലിട്ടാലും ഉമ്മറത്ത് കല്ലിട്ടാലും നഷ്ടപരിഹാരം കൊടുത്തതിനു ശേഷം മാത്രം പദ്ധതി നടപ്പിലാക്കുക. അതിൽ വിട്ടുവീഴ്ച്ചയില്ല. സർക്കാറും ആ ഉറപ്പ് നൽകുന്നുണ്ട്. വികസനത്തോടൊപ്പം കെ റെയിലിൽ പിണറായി സർക്കാറിനോടൊപ്പം- എല്ലാം പറഞ്ഞ് കൊംപ്രമൈസാക്കാം.. ഒന്ന് സഹകരിക്ക്. കേരളം ഒന്ന് രക്ഷപ്പെടട്ടെ മക്കളെ
ഇതേസമയം തന്നെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കെ റെയിലിനോടുള്ള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ എതിർപ്പ് തിരുത്താവുന്നതേയുള്ളുവെന്ന് പറഞ്ഞത്. തൊട്ടടുത്ത ദിവസം കെ റെയിലിനെതിരെ നിലപാട് ശക്തമാക്കി ഇടത് അനുകൂല ജനകീയ ശാസ്ത്ര സംഘടനയായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട്, പാരിസ്ഥിതിക ആഘാത പഠനം, സാമൂഹിക ആഘാത പഠനം എന്നിവ ഒന്നും ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യാതെയാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം കല്ലുകൾ നാട്ടി അതിർത്തി നിർണ്ണയിക്കുന്നത്. ഇത് ജനാധിപത്യ വിരുദ്ധമാണ്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് പരിഷത്ത് പ്രസ്താവനയിൽ വ്യക്തമാക്കി. പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറണമെന്ന് പരിഷത്ത് പ്രസിഡന്റ് ഒ.എം ശങ്കരൻ, ജനറൽ സെക്രട്ടറി പി. ഗോപകുമാർ എന്നിവർ ആവശ്യപ്പെട്ടു.വിദേശ ഏജൻസികളിൽ നിന്ന് വായ്പ കിട്ടാനാണ് തിരക്കിട്ട നീക്കമെന്ന് പരിഷത്ത് ആരോപിച്ചു. നിലവിൽ സിൽവർലൈൻ മുൻഗണന നൽകി പൂർത്തിയാക്കേണ്ട ഒരു പദ്ധതിയല്ല. സമ്പന്ന വിഭാഗങ്ങളുടെ താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്. കെ റെയിൽ സ്‌റ്റേഷനുകൾക്ക് അടുത്തായി ടൗൺഷിപ്പ് സൃഷ്ടിക്കാനാണ് ശ്രമം. ഇതിലെ റിയൽ എസ്‌റ്റേറ്റ് ബിസിനസിൽ നിന്ന് മാത്രം 10,000 കോടിയിലേറെ രൂപ കെ റെയിലിലേക്ക് വരുമാനമായി കണക്കാക്കുന്നുണ്ട്. എന്നാൽ പദ്ധതിയുടെ പരിണത ഫലങ്ങൾ അനുഭവിക്കേണ്ടി വരിക ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളായിരിക്കുമെന്ന് പരിഷത്ത് ചൂണ്ടിക്കാട്ടി. കെ റെയിലിനായി വലിയ മതിലുകളാണ് നിർമ്മിക്കേണ്ടി വരിക. ഇത് പ്രകൃതി വിഭവങ്ങൾക്ക് തന്നെ ദോഷം ചെയ്യും. കേരളത്തിലെ ദുർബലമായ പ്രകൃതിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പരിഷത്ത് വ്യക്തമാക്കി. മണ്ണിന്റെയും മനുഷ്യന്റെയും പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്ന വികസനമാണ് പരിഷത്ത് ലക്ഷ്യമിടുന്നത്. കെ റെയിലിന്റെ മുഴുവൻ രേഖകളും പൊതു ജനങ്ങൾക്ക് മുന്നിൽ സർക്കാർ സമർപ്പിക്കണമെന്ന് പരിഷത്ത് ആവശ്യപ്പെട്ടു.
*** *** ***
കോഴിക്കോട്ടെ ഓട്ടോറിക്ഷകളുടെ മഹത്വം വർണിക്കുകയെന്നത് മാധ്യമ പ്രവർത്തകരുടെ ശീലമായിരുന്നു. മുമ്പേ ഗമിച്ചവർ സൃഷ്ടിച്ച മാതൃക പിൻപറ്റുന്നവരായിരുന്നു ദൃശ്യ മാധ്യമ പ്രവർത്തകരും. പോലീസിനും പത്രക്കാർക്കും മൂല്യശോഷണം സംഭവിച്ചപ്പോൾ ഓട്ടോറിക്ഷക്കാർ മാത്രമെന്തിന് മാറി നിൽക്കണം? വയനാട്ടിലെ മരം മുറി കേസും ജോൺസൺ മാവുങ്കലിന്റെ പുരാവസ്തു കച്ചവടത്തിനും കുട ചൂടുന്ന ജേണലിസ്റ്റുകൾക്ക് ഇത്തരം സില്ലി കേസുകൾ ശ്രദ്ധിക്കാനെവിടെ നേരം? സന്ധ്യയായാൽ യാത്രക്കാരെ ഇന്റർവ്യൂ ചെയ്യുന്നതുൾപ്പെടെ എല്ലാ വൃത്തികേടുകളും
കാണിക്കുന്ന ഓട്ടോക്കാരെ നിയന്ത്രിക്കാൻ ട്രാഫിക് പോലീസിനെ മഷിയിട്ടു നോക്കിയാൽ കാണില്ല. കാൽ നൂറ്റാണ്ടു മുമ്പ് ഇങ്ങനെയൊന്നുമായിരുന്നില്ല സാമൂതിരിയുടെ നഗരം. ഇപ്പോഴും വാഴ്ത്തുപാട്ടുമായി ഏതെങ്കിലും ചാനൽ കുഞ്ഞുങ്ങൾ രംഗത്തെത്തിയാൽ മോഹൻലാൽ സിനിമയിൽ മൊഴിഞ്ഞത് പോലെ ആ പറഞ്ഞവനെ ഇങ്ങ് കൊണ്ടു വാ എന്ന് ആരും പറഞ്ഞു പോകും. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും യൂബർ ടാക്‌സിയുണ്ട്. കോഴിക്കോട്ട് ഇതിനെ ഓടാൻ ഓട്ടോ ചേട്ടന്മാർ സമ്മതിക്കില്ല. പ്രവാസി സംരംഭകർ മാംഗോ കാബ്‌സ് എന്ന പേരിലൊരു ടാക്‌സി സർവീസ് തുടങ്ങിയപ്പോഴും വർഗ ബോധം സടകുടഞ്ഞെഴുന്നേൽക്കുന്നതാണ് കണ്ടത്. മാംഗോ കാബ്‌സുകാർ ജീവനും കൊണ്ട് എറണാകുളത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. യാത്രക്കാരെയടക്കം ഉപദ്രവിച്ചാണ് ആദായകരമായ ഓൺലൈൻ ടാക്‌സി സർവീസുകളെ നിരത്തുകളിൽ നിന്ന് തുരത്തിയത്.
സാദാ ഓട്ടോറിക്ഷകൾക്ക് പുറമേ രണ്ട് അതിഥികൾ കൂടി നഗരവീഥികളിലുണ്ടിപ്പോൾ. പരിസ്ഥിതി സൗഹൃദ വാഹനങ്ങളായ സിഎൻജി (പ്രകൃതി വാതക) ഓട്ടോയും ഇലക്ട്രിക് (വൈദ്യുതി) ഓട്ടോറിക്ഷയും. 4000 പഴയ ഓട്ടോകളുള്ള നഗരത്തിൽ ഇനിയും ഓട്ടോകൾ വേണ്ടതില്ലെന്ന് ചിലർക്കൊക്കെ തോന്നി.
ഇക്കാട്ടിൽ ഞാനല്ലാതെ മറ്റു സിംഹങ്ങളോ എന്ന ലൈനിൽ. അത്തരക്കാർ മൂന്ന് മാസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ പ്രക്ഷോഭ കാഹളത്തിൽ ഉപയോഗിച്ച ശീർഷകമാണ് കോവിഡിന്റെ മറവിൽ കുത്തകകളെ ഒളിച്ചു കടത്താൻ അനുവദിക്കില്ലെന്നത്. അംബാനിയും അദാനിയുമൊന്നുമല്ല കുത്തക, ഗൾഫിലെ പണിയും പോയി ഒരു ലക്ഷം മുടക്കിയും ബാക്കി ചില്ലറ കടവുമായി അന്തരീക്ഷം മലിനീകരിക്കാത്ത ഓട്ടോയുമായി ജീവിത മാർഗം തേടിയവരാണ് പ്രശ്‌നക്കാർ. ഏതായാലും കാമ്പയിൻ ജോറായി മുന്നേറി. വെള്ളിയാഴ്ച രാവിലെ നീല-മഞ്ഞ-പച്ച ഓട്ടോകൾക്ക് പണി കിട്ടി. യാത്രക്കാരെ അസഭ്യം പറഞ്ഞ് പുറത്തിറക്കി തടഞ്ഞു. മാതൃഭൂമി ന്യൂസ് ഈ വിഷയം നന്നായി കവർ ചെയ്തു. വിഷയത്തിന്റെ എല്ലാ വശവും ഭംഗിയായി അവതരിപ്പിച്ചു. മന്ത്രി മുഹമ്മദ് റിയാസിനെയും കലക്ടറേയും ബന്ധപ്പെടാൻ വരെ ശ്രമിച്ചു. പ്രതികരിച്ച പരമ്പരാഗത ഓട്ടോ പക്ഷത്തെ യൂനിയൻ നേതാവിന്റെ വർത്തമാനം ബഹുത് അഛാ. അയാൾ പറയുകയാണ്-സർക്കാരെന്തിനാണ് പല കളറിൽ ഓട്ടോകളിറക്കി ഞങ്ങളെ ഭിന്നിപ്പിക്കാൻ നോക്കുന്നത്?
*** *** ***
തമിഴ് സിനിമ ബ്ലഡ് മണി കേരളത്തിൽ സമൂഹ മാധ്യമങ്ങളിൽ തരംഗമായി. യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങളേയും പിതാവും മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളേയും പ്രതിപാദിക്കുന്ന രംഗമാണ് യൂത്ത് ലീഗിന്റെ സോഷ്യൽ മീഡിയ പേജിൽ ഷെയർ ചെയ്തിരിക്കുന്നത്. കുവൈത്ത് ജയിലിൽ വധശിക്ഷ കാത്ത് കിടന്നിരുന്ന തമിഴ്‌നാട് സ്വദേശിയെ നഷ്ടപരിഹാരം നൽകി രക്ഷിക്കുന്നതും അതിനായി ഒരു മാധ്യമ പ്രവർത്തക നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
യഥാർത്ഥസംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിലെ ഒരു രംഗത്തിലാണ് മുനവ്വറലി തങ്ങളേയും ശിഹാബ് തങ്ങളേയും പരാമർശിക്കുന്നത്. അത്തിമുത്തുവിന്റെ കുടുംബം 30 ലക്ഷം രൂപ നൽകണമായിരുന്നു. എന്നാൽ അഞ്ച് ലക്ഷം രൂപ മാത്രമായിരുന്നു അത്തിമുത്തുവിന്റെ ഭാര്യ മാലതിയ്ക്ക് സംഘടിപ്പിക്കാനായിരുന്നത്. ഇതോടെയാണ് മാലതി സഹായം അഭ്യർത്ഥിച്ച് പാണക്കാട്ടേക്ക് എത്തുന്നത്. മുനവ്വറലി ശിഹാബ് തങ്ങൾ ഇടപെട്ടാണ് 25 ലക്ഷം രൂപ സമാഹരിച്ചത്. മുനവ്വറലി വീട്ടിലെത്തിയാണ് കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് തുക കൈമാറിയത്. അത്തിമുത്തുവിന്റെ കുടുംബത്തിന്റെ നിസ്സഹായാവസ്ഥ പുറത്തെത്തിച്ച മാധ്യമ പ്രവർത്തകയുടെ വേഷം ചെയ്യുന്ന പ്രിയ ഭവാനി ശങ്കർ ഒരു ഓഫീസിലേക്കെത്തുകയും ഇക്കാര്യം അന്വേഷിക്കുകയും ചെയ്യുന്നതാണ് രംഗം.
2017ൽ ആയിരുന്നു മാലതിയ്ക്കും കുടുംബത്തിനും മുനവ്വറലി തങ്ങളുടെ നേതൃത്വത്തിൽ പണം സമാഹരിച്ച് കൊടുത്തത്. ഇതിന് പിന്നാലെ അത്തിമുത്തു ജയിൽ മോചിതനാകുകയായിരുന്നു. സീ5ൽ പുറത്തിറങ്ങിയ ചിത്രം കെ.എം സർജുൻ ആണ് സംവിധാനം ചെയ്തത്.
ഇതൊരു സാധാരണ സംഭവം. എന്നിരുന്നാലും ഇപ്പോഴത്തെ കൂരിരുട്ടിൽ രജത താരകമാണ് ഇത്തരം വാർത്തകൾ.






