വാക്മുനകളുടെ ബർസഖ്

ഒരു കഥയോട് ഏതെങ്കിലും തരത്തിലുള്ള സാമ്യത മറ്റൊരു കഥക്ക് ഉണ്ടാവരുതെന്ന വാശി, അനുഭവങ്ങളുടെ മൂർച്ച, യാത്രകളുടെയും സൗഹൃദങ്ങളുടെയും സമ്പന്നത, പറയാനുള്ളത് പറയുമെന്ന ശക്തമായ നിലപാട്... ഇതൊക്കെയും ബർസഖ് എന്ന കഥാസമാഹാരത്തിലെ കഥകളെ ഏറെ മനോഹരമാക്കാൻ സഹായിച്ച ചില ഘടകങ്ങളാണ്.
ആമുഖത്തിൽ തന്നെ കഥാകാരൻ പറഞ്ഞുവെച്ചതു പോലെ, എഴുത്തിൽ അവനവനെത്തന്നെ അനുകരിക്കുന്നത് പോലും പാപമാണെന്ന അദ്ദേഹത്തിന്റെ വിശ്വാസം അപ്പാടെ നടപ്പിലാക്കിയിട്ടുണ്ട് അദ്ദേഹം എന്ന് ഈ കഥാസമാഹാരത്തിലെ കഥകൾ വായിക്കുന്ന ആർക്കും മനസ്സിലാവും. കഥയുടെ ഉള്ളടക്കവും ആഖ്യാനവും മാത്രമല്ല; ആളുകളും സാഹചര്യങ്ങളും രാജ്യവും ഭാഷയും വരെ ഒന്നിൽനിന്നും തികച്ചും വ്യത്യസ്തമാകുന്നുണ്ട് അടുത്തേതിൽ. അത്രയും സമ്പന്നമായ രീതിയിൽ കഥകളെ വ്യത്യസ്തങ്ങളാക്കാൻ അത്രയേറെ അനുഭവങ്ങളുള്ളവർക്കേ സാധിക്കൂ. കാലങ്ങൾ നീണ്ട പ്രവാസം കഥാകാരനെ അതിൽ വല്ലാതെ സഹായിക്കുന്നുണ്ട്. വ്യത്യസ്ത നാടുകളിൽ നിന്നുള്ള മനുഷ്യരുമായുള്ള സഹവാസം അവരുടെ ജീവിതങ്ങളെ കൂടി കഥകളാക്കി വായനക്കാരിലേക്ക് എത്തിക്കുന്നു.ടെറ്റിൽ കഥയായ ബർസഖ് സൗദി പശ്ചാത്തലത്തിലുള്ള കഥയാണ്. മക്കയും ഹറമും ഹജ്ജും ഉംറയും പശ്ചാത്തലമാവുന്ന കഥ. ജീവിതത്തിൽ നിരസിക്കപ്പെട്ട ഏക പ്രാർത്ഥനയുടെ ഉത്തരം മരണത്തോടെ ഖബറിലേക്കിറക്കപ്പെട്ട ഒരു വൃദ്ധയുടെ കഥ, അവരുടെ നെഞ്ചിലേക്ക് അവസാന നിമിഷത്തിൽ പറ്റിച്ചേർന്ന കുഞ്ഞു മയ്യിത്തിന്റെ കഥ. എന്നാൽ കഥ അവിടെ തീരുന്നില്ല; അനപത്യതാ ദുഃഖം പേറുന്ന ആഖ്യാതാവും അദ്ദേഹത്തിന്റെ ഭാര്യയും ഇക്‌സി ക്ലിനിക്കും ആർട്ട് ലാബും എന്നുവേണ്ട; ഒരു ടെസ്റ്റ്യൂബ് പ്രഗ്്‌നൻസിക്കുവേണ്ട ശ്രമങ്ങളേയും എത്ര ശ്രമിച്ചിട്ടും പരാജയപ്പെട്ടു പോകുന്ന ആ പ്രാർത്ഥനയേയുമെല്ലാം ചേരേണ്ട വിധം, ഒട്ടും അലോസരപ്പെടുത്താതെ തന്നെ കഥയിൽ ചേർത്തുവെക്കുന്നുണ്ട്.


തികച്ചും വ്യത്യസ്തമായ മറ്റൊരു കഥയാണ് ഉമാജോ ഉവാസോ. ആഫ്രിക്കൻ രാജ്യമായ കെനിയയിൽ നിന്നും ഷാർജയിലെത്തിയ കഗേരോ എന്ന ചെറുപ്പക്കാരന്റെ കഥ പക്ഷേ കൃത്യമായി രാഷ്ട്രീയം കൈകാര്യം ചെയ്യുന്നു. പൗരത്വബില്ലും പ്രതിഷേധ സമരങ്ങളും ആ സമരങ്ങളിലെ പെൺസാന്നിദ്ധ്യവും വെള്ളക്കാർ സ്വാതന്ത്ര്യാനന്തരം പോലും കെനിയയിൽ കാട്ടിക്കൂട്ടിയ അക്രമങ്ങളിൽ ചിലതുമായി കോർത്തുവെക്കുന്നു. പോരാട്ടം ജീവിതമാക്കേണ്ടി വന്ന ഒരു കൂട്ടം സാംബുരു പെണ്ണുങ്ങൾ തീർത്ത പെൺഗ്രാമവും പെൺകുട്ടികളിലെ ചേലാകർമ്മവും എയ്ഡ്സ് ബാധയോടുള്ള ഭയമെന്ന ബഹിഷ്‌കരണവുമൊക്കെ ലോകത്തിലെവിടെയും പെൺജീവിതങ്ങൾക്ക് യാതനകൾക്ക് പങ്കില്ലെന്നും അവ മറികടക്കാൻ സ്വയം രക്ഷകരാകണമെന്നും മറ്റൊരു രക്ഷകനെയും കാത്തിരിക്കേണ്ടതില്ലെന്നും വ്യക്തമാക്കുന്നു.വിവാഹനാൾ മുതൽ മനസ്സിൽ ഗർഭം ധരിച്ചു പ്രസവിച്ചു മനസ്സിൽ വളർത്തിയ മകളെ വരച്ചുവെക്കുന്ന മറ്റൊരു മനോഹരമായ കഥയാണ് നിഴൽച്ചിത്രങ്ങൾ, അന്നന്നത്തെ അന്നം അന്നന്ന് തേടിയിരുന്നവരെ പൊതിഞ്ഞ ലോക്ഡൗൺ കാലത്തെ പട്ടിണിയുടെ കഥയാണ് അന്നജം. തീർന്നില്ല, പൗരോഹിത്യം പ്രസംഗിച്ചു തള്ളിയ പൊള്ളുകൾക്കും അനപത്യതയുടെ നോവുകൾക്കും ഇടയിൽ വാടിപ്പോകുന്ന പൊക്കിൾക്കൊടിയിലേക്ക് പരന്നൊഴുകുന്ന രക്തം, ഫുട്ബോൾ മോഹം ഉള്ളിൽ നിറച്ച അണ്ടർ-17, എപിജെയെ ഗുരുവായി മനസ്സിൽ സ്വീകരിച്ചവന്റെ ആകാശച്ചിറകുകൾ തുടങ്ങി പത്തു കഥകളുടെ സമാഹാരമാണ് ബർസഖ് എന്ന പുസ്തകം. വെള്ളിയോടൻ എന്ന അനുഗൃഹീത എഴുത്തുകാരന്റെ, 2014 മുതൽ 2021വരെയുള്ള കാലഘട്ടത്തിൽ പലപ്പോഴായി ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട കഥകളുടെ സമാഹാരം. കൈരളി ബുക്‌സ് പുറത്തിറക്കിയ ബർസഖിന്  നൂറ്റിയൻപത് രൂപയാണ് വില.

Latest News