ചിരട്ടയെ പാഴ്‌വസ്തുവായി കാണുന്നവർ വിനോദിനെ കണ്ടുപഠിക്കണം. ഓരോ ചിരട്ടയും ഓരോ സന്ദേശമാക്കി മാറ്റുകയാണ് ഈ ചെറുപ്പക്കാരൻ. ഉപയോഗശൂന്യമായി കിടക്കുന്ന ചിരട്ട കാണുമ്പോൾ വിനോദിന്റെ മനസ്സിൽ ഓരോ ആശയം മുളപൊട്ടും. പക്ഷികളുടെയും മൃഗങ്ങളുടെയും ശിൽപങ്ങൾ മാത്രമല്ല വിനോദ് കൊത്തിയുണ്ടാക്കുന്നത്. മനുഷ്യമനസ്സിനെ സ്വാധീനിക്കുന്ന സന്ദേശങ്ങളും ഓർമ്മപ്പെടുത്തലുകളുമാണ് ഓരോ ചിരട്ടയിലും വിനോദ് വിരിയിച്ചെടുക്കുന്നത്.
മൂന്നു പതിറ്റാണ്ടിലേറെയായി ചിരട്ടയിൽ കരകൗശല വസ്തുക്കൾ രൂപകല്പന ചെയ്യുകയാണ് പയമ്പ്ര തക്ഷശിലയിൽ വിനോദ്. പയമ്പ്ര സ്‌കൂളിലെ പഠനകാലത്ത് തോന്നിയ ഒരു കൗതുകത്തെ പിന്നീട് ജീവിതത്തിൽ ഒപ്പം കൂട്ടുകയായിരുന്നു. തൊണ്ണൂറുകളിൽ പയമ്പ്ര സ്‌കൂളിലെ കലാവേദി ഒരുക്കിയ പ്രദർശനത്തിൽ വിനോദിന്റെ ചിരട്ട കൊണ്ടുണ്ടാക്കിയ കരകൗശല വസ്തുക്കൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആ പ്രചോദനമായിരുന്നു പിന്നീടുള്ള കരുത്ത്.

മുന്നൂറിലധികം ചിരട്ടശിൽപങ്ങൾ ഇതിനകം നിർമ്മിച്ചുകഴിഞ്ഞു. 1991 ൽ ദേശീയ കരകൗശല വികസന കോർപ്പറേഷൻ ഡൽഹിയിൽ നടത്തിയ കരകൗശല പ്രദർശനത്തിൽ വിനോദ് ഒരുക്കിയ അറിവിന്റെ താക്കോൽ എന്ന ശിൽപം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി അഞ്ചാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സമ്പൂർണ്ണ സാക്ഷരതയിൽ കേരളം കൈവരിച്ച നേട്ടം ഇന്ത്യയൊട്ടാകെ പടരട്ടെ എന്ന സന്ദേശമായിരുന്നു ഈ ശിൽപത്തിലൂടെ വിനോദ് ലക്ഷ്യമാക്കിയത്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന ഗാന്ധിജിയുടെ വചനങ്ങൾ ചിരട്ടയിൽ കൊത്തിയെടുത്ത് പ്രതിമയൊരുക്കിയതും ശ്രദ്ധേയമായിരുന്നു. ഗാന്ധിജിയുടെ നൂറ്റി അൻപതാം ജന്മവാർഷികത്തിന്റെ ഭാഗമായാണ് ഈ ശിൽപമൊരുക്കിയത്. ദിവസവും അഞ്ചു മണിക്കൂർ ചെലവിട്ട് ഒരു മാസംകൊണ്ടാണ് മാനവികതയുടെ പുഞ്ചിരി എന്നു പേരിട്ട ശിൽപം രൂപപ്പെടുത്തിയത്.

അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന പ്ലാസ്റ്റിക്കിനെതിരെയുള്ള സമരപ്രഖ്യാപനമായിരുന്നു സ്വന്തം വീട്ടിൽ ചിരട്ടകൊണ്ടുള്ള ടീപ്പോയി നിർമ്മിച്ചതിലൂടെ വിനോദ് വെളിവാക്കിയത്. ഏഴ് ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നതിനായി ഏഴ് നക്ഷത്ര ആമകളും ഏഴ് മീനുകളും 44 താമരകളും ചിരട്ടയിൽ തീർത്താണ് ഈ ടീപ്പോയി നിർമ്മിച്ചത്. 350 ചിരട്ടകൾ ഉപയോഗിച്ച് ആറുമാസം കൊണ്ടാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കൂടാതെ ലോക സമാധാനത്തിന് ജപ്പാനിലെ ഹിരോഷിമയിൽ തീർത്ത ശിൽപത്തിന്റെ ചിരട്ടയിൽ തീർത്ത രൂപം സ്റ്റാച്യു ഓഫ് സഡാക്കോ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രശസ്ത റഷ്യൻ ശിൽപി ബോറിസ് ഹൈഫന്റെ ശിൽപത്തിന്റെ ചിരട്ടയിൽ തീർത്ത രൂപത്തിന് വർക്കർ ആന്റ് കൊൽക്ക്‌ഹോൾ വുമൺ എന്നാണ് പേരു നൽകിയത്. കൂടാതെ ജലസംരക്ഷണം ആശയമാക്കിയൊരുക്കിയ ജലം സംരക്ഷിക്കൂ, ജീവിതം രക്ഷിക്കൂ, കേരള ടൂറിസവുമായി ബന്ധപ്പെടുത്തിയുള്ള ദൈവത്തിന്റെ സ്വന്തം നാട്, വനനശീകരണത്തിനെതിരെ കൂടെവിടെ, ചുറ്റികയും അരിവാളുമേന്തിയ തൊഴിലാളി തുടങ്ങിയ ശിൽപങ്ങളും വിനോദിന്റെ ശേഖരത്തിലുണ്ട്.

കോവിഡ് മഹാമാരിയെ തുരത്താൻ മുന്നിട്ടിറങ്ങിയ കേരളത്തിലെ മുന്നണിപ്പോരാളികൾക്ക് ആദരമൊരുക്കിക്കൊണ്ടു നിർമ്മിച്ച ശിൽപമാണ് പോയവർഷം വിനോദ് ഒരുക്കിയത്. മഹാമാരിക്കെതിരെ കേരളീയർ പുലർത്തുന്ന ജാഗ്രതയും ഒത്തൊരുമയും പ്രതിരോധവുമാണ് കണ്ണാടിയുടെ പശ്ചാത്തലത്തിലൊരുക്കിയ ശിൽപത്തിലൂടെ വെളിവാക്കിയത്. കേരളത്തിന്റെ ഭൂപടവും അതിന് ചുറ്റും പ്രതിരോധം തീർത്ത കേരളത്തിന്റെ കൈകളും അതിനിടയിലൂടെ കടന്നുകയറാൻ ശ്രമിക്കുന്ന വൈറസുകളുമാണ് ശിൽപത്തിന് വിഷയമാകുന്നത്. ശിൽപത്തിലേയ്ക്കു നോക്കുമ്പോൾ രോഗപ്രതിരോധത്തിന്റെ പങ്ക് ഓർമ്മപ്പെടുത്താനെന്നോണം നമ്മുടെ പ്രതിബിംബവും ദൃശ്യമാകും. 50 സെന്റിമീറ്റർ നീളവും 30 സെന്റിമീറ്റർ വീതിയുമുള്ള കണ്ണാടിയിൽ നിർമ്മിച്ച ശിൽപം അന്നത്തെ കലക്ടർ സാംബശിവറാവു ഓൺലൈനായി ലേലത്തിൽ വിൽക്കുകയായിരുന്നു. ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കു കൈമാറുകയും ചെയ്തു.
ചെറിയ അരവും വീതി കുറഞ്ഞ ഉളിയുമാണ് ശിൽപനിർമ്മാണത്തിനുള്ള ഉപകരണങ്ങൾ. ഏറെ സമയവും അദ്ധ്വാനവും വേണ്ടിവരുന്ന ജോലിയാണിത്. അതുകൊണ്ടുതന്നെ വളരെ ക്ഷമാപൂർവ്വമാണ് ഓരോ ശിൽപവും രൂപപ്പെടുത്തുന്നതെന്ന് വിനോദ് പറയുന്നു. ചിരട്ടയ്ക്കു പുറമെ മുളവേര്, മരം, കൊതുമ്പ്, കളിമണ്ണ് തുടങ്ങിയവും ശിൽപനിർമ്മാണത്തിന് ഉപയോഗിക്കാറുണ്ട്.

കോഴിക്കോട് കലക്ടറേറ്റിൽ ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി നോക്കുന്ന വിനോദ് ജോലി കഴിഞ്ഞുവന്നാൽ അരവും ഉളിയുമെടുത്ത് പണിശാലയിലെത്തും. മനസ്സിൽ ഒരാശയം രൂപപ്പെട്ടുവന്നാൽ അത് പൂർണ്ണമാക്കാതെ പിൻതിരിയില്ല. വിവിധ സ്ഥലങ്ങളിലായി ഇതിനകം പത്തോളം പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്.
കേടുകൂടാതെ ഏറ്റവും കൂടുതൽ കാലം നിലനിൽക്കുന്ന വസ്തുവാണ് ചിരട്ട എന്നതാണ്് ഈ മാധ്യമം തന്റെ കലാസപര്യയ്ക്ക് തിരഞ്ഞെടുക്കാനുള്ള കാരണമെന്ന് വിനോദ് പറയുന്നു. തൊണ്ണൂറുകളിൽ രൂപപ്പെടുത്തിയ ശില്പങ്ങൾ ഇന്നും കേടുകൂടാതെ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർണം കെട്ടിയ ചിരട്ട ഇപ്പോഴുമുണ്ടെന്നത് അതിന് തെളിവായി വിനോദ് പറയുന്നു. ഫംഗസുകൾ ബാധിച്ച്് നശിക്കാത്ത വസ്തുവാണ് ചിരട്ട. വീട്ടിലെ ചിരട്ടകളാണ് കൂടുതലും ഉപയോഗിക്കുന്നത്. വെയിലും മഴയുമേൽക്കാത്തവയാണ് കൂടുതൽ കാലം നിലനിൽക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ചിരട്ടയിൽ ശിൽപങ്ങൾ കൊത്തിയെടുക്കുന്ന ഒട്ടേറെ പേരുണ്ടെങ്കിലും ഇതൊരു ജോലിയായി പലരും അംഗീകരിക്കുന്നില്ല എന്നതാണ് ന്യൂനത. അതുകൊണ്ടുതന്നെ പലരും ഈ മേഖലയിലേയ്ക്ക് കടന്നുവരുന്നില്ല. സ്‌കൂൾ കലോത്സവങ്ങളിൽ പ്രവൃത്തിപരിചയമേളയിൽ ചിരട്ടകൊണ്ടുള്ള വസ്തുക്കൾ ഒരു വിഷയമാണെങ്കിലും ഈ വിഷയത്തെ ആധാരമാക്കി ഒരു പുസ്തകംപോലും നിലവിലില്ല എന്നതാണ് പരിതാപകരം. ഇത്തരം കരകൗശല വസ്തുക്കൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ പരിചയപ്പെടുത്താനുള്ള ഒരു പുസ്തകം പ്രസിദ്ധീകരിക്കുക എന്നതും വിനോദ് ലക്ഷ്യമിടുന്നുണ്ട്.
പ്ലാസ്റ്റിക്ക് രഹിതമാക്കാൻ ചിരട്ടയുടെ ഉപയോഗം വിപുലമാക്കണമെന്നും വിനോദ് പറയുന്നു. ചിരട്ടയ്ക്ക് ആവശ്യക്കാരേറെയാണിപ്പോൾ. ബാംഗ്ലൂരിലെ ചില കമ്പനികൾ ചിരട്ട പൊടിച്ചുണ്ടാക്കുന്ന ഷീറ്റുകൾ നിർമ്മിക്കുന്നതും ചിരട്ടയുടെ ക്ഷാമത്തിന് കാരണമാകുന്നുണ്ട്. ഇത്തരം ഷീറ്റുകൾ കാലാതിവർത്തിയായി നിലകൊള്ളുന്നതാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നിലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ചിരട്ട ശിൽപത്തിലൂടെ റെക്കോഡ് കരസ്ഥമാക്കുക എന്നതാണ് വിനോദിന്റെ ലക്ഷ്യം. ഏറ്റവും ഉയരംകൂടിയ ചിരട്ട ശിൽപം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ.
വിനോദിന്റെ ഈ കലാസപര്യയ്ക്ക് പിന്തുണയുമായി ഭാര്യ സിന്ധുവും മകൻ ആദർശുമുണ്ട്. കുന്ദമംഗലം നവജ്യോതി സ്‌കൂളിലെ അധ്യാപികയായിരുന്നു സിന്ധു.
ആദർശാകട്ടെ പാലക്കാട് ലീഡ് കോളേജിൽ എം.ബി.എ വിദ്യാർഥിയാണ്.






