നിഖ്ലോനാ ബേ നഖാബ്, സമാനാ കറാബ് ഹേ... പങ്കജ് ഉദാസിന്റെ ശബ്ദത്തിന് ജിദ്ദയിലൊരു പുനർജനി. മൻസൂർ ഫറോഖ് പാടിത്തുടങ്ങി. തണുപ്പ് വീണ് തുടങ്ങുന്ന നഗരത്തിലെ സംഗീതാസ്വാദകരിലത് ഭൂതകാലത്തിന്റെ കുളിരോർമയായി. നാദവിശുദ്ധിയുടെ തെളിമയിൽ ഗുലാം അലിയുടെ ശബ്ദം: ചുപ്കേ, ചുപ്കേ രാത് ദിൻ.., പിന്നാലെ മെഹ്ദി ഹസൻ, തുടർന്ന് ജഗ്ജിത് സിംഗ്, ഉമ്പായി.. മുന്നി ബീഗവും ഷംഷാദ് ബീഗവും റിഹാന സുധീറിന്റെ ശബ്ദത്തിൽ, പ്യാർ ഭരേ, റഫ്ത്ത റഫ്ത്ത, ജൂം കെ ജബ്, ചിട്ടി ആയിഹെ, തേടിയലഞ്ഞു ഞാൻ, പ്രാണസഖീ... തുടങ്ങിയ അനശ്വര ഗാനങ്ങൾക്ക് നാദവിശുദ്ധിയുടെ തെളിമ. മുഹമ്മദ് റഫി, സൈഗാൾ, മുകേഷ്, തലത്ത് മെഹമൂദ്, കിഷോർ കുമാർ, മന്നാഡേ, യേശുദാസ് എന്നിവരുടെ ഗാനങ്ങളും ഷിഫാ ജിദ്ദാ പോളിക്ലിനിക്ക് സ്പോൺസർ ചെയ്ത 'ശാം എ ഗസൽ' സംഗീതരാവിൽ ആലപിക്കപ്പെട്ടു. തബലയിൽ താളപ്പെരുക്കം തീർത്ത് മനാഫ് മാത്തോട്ടവും റിഥം പാഡിൽ സാന്ദ്രതാളം തീർത്ത് ഷാജഹാൻ ബാബുവും സംഗീതരാവ് കൊഴുപ്പിച്ചു.
മൻസൂർ ഫറോഖിനോടൊപ്പം ബൈജു ദാസ്, മാത്യു വർഗീസ്, മുംതാസ് അബ്ദുൾറഹ്മാൻ എന്നിവരും സ്വരരാഗസുധ സൃഷ്ടിച്ചു.
ജിദ്ദാ നാഷനൽ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ വി.പി മുഹമ്മദലി, ശാം എ ഗസൽ ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തെ തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളുടെ സംഘർഷങ്ങളിൽ നിന്നും ഒരൽപം ആശ്വാസമായി മനസിന് കുളിർമയേകാൻ പഴയ ഗാനങ്ങൾ കോർത്തിണക്കികൊണ്ടുള്ള ഗസൽ സംഗീത പരിപാടികൾ ഏറെ ഉപകരിക്കുമെന്നദ്ദേഹം അഭിപ്രായപ്പെട്ടു. മൻസൂർ ഫറോഖിനെ വി.പി മുഹമ്മദലിയും ഷിഫ ജിദ്ദ പോളിക്ലിനിക് മാനേജിങ് ഡയറക്ടർ പി.എ അബ്ദുൾറഹ്മാനും പൊന്നാട അണിയിച്ചു. സംഘാടകരായ കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് പ്രസിഡന്റ് ഹിഫ്സുറഹ്മാൻ അധ്യക്ഷത വഹിച്ചു. മുസാഫിർ, ഡോ. ഇസ്മായിൽ മരിതേരി, കെ.ടി.എ മുനീർ, പി.പി റഹീം, സലാഹ് കാരാടൻ, അബ്ദുൽ മജീദ് നഹ, മോഹൻ ബാലൻ, സി.എം അഹമ്മദ്, കബീർ കൊണ്ടോട്ടി, ഹംസ പൊന്മള, സീതി കൊളക്കാടൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാദിഖലി തുവ്വൂർ സ്വാഗതവും സമദ് കിണാശ്ശേരി നന്ദിയും പറഞ്ഞു. റാഫി ബീമാപ്പള്ളി അവതാരകനായിരുന്നു.
അഷ്റഫ് അൽ അറബി, മജീദ് മൂഴിക്കൽ, അൻസാർ സുധീർ കൊല്ലം, അഡ്വ. ഷംസുദ്ധീൻ, നൗഷാദ്, യൂസുഫ് ഹാജി എന്നിവർ പരിപാടി നിയന്ത്രിച്ചു.






