ചോദ്യം: ഫാമിലി എക്സിറ്റ് റീ-എൻട്രി വിസയിൽ നാട്ടിൽ പോയശേഷം മടങ്ങി വരാതെ അത് എങ്ങനെ റദ്ദ് ചെയ്യാനാവും? എന്റെ കുടുംബം ഇപ്പോൾ നാട്ടിലാണുള്ളത്. എക്‌സിറ്റ് റീ എൻട്രിയിലായിരുന്നു പോയത്. എന്നാൽ ഇനി കുടുംബത്തെ മടക്കിക്കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ല. എന്റെ ഇഖാമ പുതുക്കുന്നതിന് ഇത് തടസ്സമാകുമോ?
ഉത്തരം: സൗദി അറേബ്യയിൽ താമസിക്കുന്ന പ്രവാസികൾ രാജ്യത്തെ ഇമിഗ്രേഷൻ നിയമങ്ങൾ പാലിക്കുകയും അതിൽ അറിവ് സമ്പാദിക്കേണ്ടതും ആവശ്യമാണ്. സൗദി അറേബ്യയുടെ ഇമിഗ്രേഷൻ ആന്റ് പാസ്‌പോർട്ട് നിയമപ്രകാരം എക്‌സിറ്റ് റീ എൻട്രി വിസയിൽ സൗദിയിൽനിന്ന് പുറത്തു പോയ ശേഷം അതിനെ ചില നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ഫൈനൽ എക്‌സിറ്റ് വിസയാക്കി മാറ്റാൻ കഴിയില്ല. ആശ്രിതരുടെ സ്‌പോൺസറായ സൗദിയിൽ ജോലി ചെയ്യുന്നയാൾക്ക് അബ്ശിർ അക്കൗണ്ടിലൂടെ ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. അബ്ശിറിലെ തവസുൽ ഓപ്ഷനിൽ അതിനുള്ള മാർഗമുണ്ട്. ഇതിൽ പ്രവേശിച്ച് വിസ റദ്ദാക്കാനാവും. തവസുലിൽ 'ഖുറൂജ് വാ ലം യഊദ്' ഓപ്ഷൻ ക്ലിക് ചെയ്താൽ മതിയാകും. ഇതുകൊണ്ട് അർഥമാക്കുന്നത് എക്‌സിറ്റ് റീ എൻട്രി വിസയിലുള്ള കുടുംബാംഗം ഇനി തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ലെന്നാണ്.
എക്‌സിറ്റ് റീ എൻട്രിയിൽ പോയി തിരിച്ചുവരാതെയും വിസ റദ്ദാക്കാതിരിക്കുകയും ചെയ്തവർക്ക് മൂന്നു വർഷത്തേക്ക് സൗദിയിൽ പ്രവേശിക്കാനാവില്ല. ആശ്രിത വിസയിലുള്ളവർക്കും തൊഴിൽ വസയിലുള്ളവർക്കും ഇതു ബാധകമാണ്. അതിനാൽ ഇക്കാര്യത്തിൽ പ്രവാസികൾ ജാഗ്രത പുലർത്തണം. റീ എൻട്രിയിൽ പോയ ആശ്രിതർ കാലാവധിക്കു ശേഷവും മടങ്ങിവരാതെ നാട്ടിൽ തുടർന്നാൽ അവരുടെ വിസ റദ്ദാക്കാതെ സൗദിക്കകത്തുള്ള ആശ്രിതരുടെ സ്‌പോൺസറായ തൊഴിലാളിക്ക് ഇഖാമ പുതുക്കാനുമാവില്ല.
ഫൈനൽ എക്‌സിറ്റ്
ചോദ്യം: ഫൈനൽ എക്‌സിറ്റ് വിസ അടിച്ച ശേഷം എത്ര ദിവസം സൗദിയിൽ തങ്ങാൻ കഴിയും.
ഉത്തരം: ഫൈനൽ എക്‌സിറ്റ് വിസ അടിച്ച ശേഷം 60 ദിവസം സൗദിയിൽ തങ്ങാൻ കഴിയും. അതിനിടെ വേണമെങ്കിൽ ഫൈനൽ എക്‌സിറ്റ് വിസ റദ്ദാക്കാം. ഫൈനൽ എക്‌സിറ്റ് അടിച്ചയാൾ നിശ്ചിത ദിവസവും കഴിഞ്ഞ് രാജ്യം വിട്ടില്ലെങ്കിൽ പിഴ നൽകേണ്ടി വരും. ആയിരം റിയാലാണ് നിലവിലെ ഫൈൻ.
കോവിഡ് മാസ്‌ക് ഫൈൻ
ചോദ്യം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള മാസ്‌ക് ധരിക്കാത്തതിനാൽ എനിക്ക് ആയിരം റിയാൽ ഫൈൻ ലഭിച്ചിരുന്നു. അതു അടയ്ക്കാതെ ഇഖാമ പുതുക്കാൻ സാധിക്കുമോ?
ഉത്തരം: ഇല്ല. ഏതെങ്കിലും രീതിയിലുള്ള ഫൈൻ അടയ്ക്കാനുണ്ടെങ്കിൽ അത് അടച്ച ശേഷം മാത്രമേ ഇഖാമ പുതുക്കാൻ സാധിക്കൂ. മാസ്‌ക് ധരിക്കാതെ പിടിക്കപ്പെട്ടാൽ ആയിരം റിയലാണ് ഫൈൻ. ഏതെങ്കിലും രീതിയിലുള്ള ഫൈൻ ഉണ്ടെങ്കിൽ അത് അടച്ച ശേഷം മാത്രമേ ലൈസൻസും പുതുക്കാൻ സാധിക്കുകയുള്ളൂ.
സൗദിയിലെ തൊഴിൽ, എമിഗ്രേഷൻ നിയമങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുന്ന പ്രതിവാര പംക്തി.
ചോദ്യങ്ങൾ അയക്കേണ്ടത്:
ഇ-മെയിൽ: [email protected]
വാട്‌സാപ്പ്: +966 53 142 2983






